കൊറോണ എന്നു കേൾക്കുമ്പോൾ എല്ലാവരിലും വൈറസ് ഭീതിയായിരിക്കും ഉണ്ടാകുക. എന്നാൽ ആ പേരിൽ ഒരു ബസ് ഉള്ള കാര്യം അധികമാർക്കും അറിയില്ല. കൊറോണ എന്ന വാക്ക് 2019 അവസാനത്തോടെയാണ് ഭീകരമായതെങ്കിൽ, കൊറോണ എന്ന ബസ് അതിനും മുന്നേ നമുക്കിടയിലുണ്ട്. നമ്മളിൽ ചിലരെങ്കിലും ഈ ബസ്സുകൾ നേരിൽ കണ്ടിട്ടുമുണ്ടാകും. ആ കൊറോണ ബസ്സിനെക്കുറിച്ചാണ് ഇനി പറയുവാൻ പോകുന്നത്.
ചെസിസ് ഇല്ലാതെ എല്ലാ കാര്യങ്ങളും ബോഡിയിൽ ക്രമീകരിച്ചിരിക്കുന്ന ഒരു ബസ് മോഡലാണ് കൊറോണ. ഇത്തരത്തിലുള്ള സവിശേഷതയ്ക്ക് മോണോകോക്ക് എന്നാണു പറയുന്നത്. ഈ സവിശേഷതയുള്ള കൊറോണ ബസ്സുകളിലെ യാത്രക്കാർക്ക് മറ്റുള്ള ലക്ഷ്വറി ബസ്സുകളിൽ സഞ്ചരിക്കുന്നതിനേക്കാൾ യാത്രാസുഖം ലഭിക്കും എന്നാണു പറയപ്പെടുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ പരീക്ഷിച്ചു വിജയിച്ചവയാണ് മോണോകോക്ക് ബസ്സുകൾ.
തെലങ്കാനയിലെ ഡെക്കാൻ ഓട്ടോ ആണ് കൊറോണ മോഡൽ ബസ്സുകൾ ഉല്പാദിപ്പിക്കുന്നത്. ലോ-ഫ്ലോർ സിറ്റി ബസ്, സീറ്റർ, സ്ലീപ്പർ
തുടങ്ങിയ മോഡലുകൾ ഇവർ പുറത്തിറക്കുന്നുണ്ടെങ്കിലും സ്ലീപ്പർ മോഡലുകൾക്ക് ആണ് കൂടുതൽ ഡിമാൻഡ്. 44 സീറ്റർ ബസും 30 ബെർത്ത് ഉള്ള സ്ലീപ്പർ ബസും കൊറോണ വേരിയന്റിൽ ലഭ്യമാണ്. 230 HP കുമ്മിൻസ് എൻജിൻ ഉപയോഗിച്ചിരിക്കുന്ന റിയർ എൻജിൻ 12 മീറ്റർ ബസുകൾ ആണ് നിലവിൽ ലഭ്യമായിരിക്കുന്നവ. കൊറോണ പുറത്തിറക്കുന്ന ബസ്സുകളിൽ ഓട്ടോമാറ്റിക് മോഡലുകളും മാനുവൽ മോഡലുകളും ഉണ്ട്.
കർണാടക ആർടിസി, APSRTC തുടങ്ങി പർവീൺ പോലുള്ള ചില ഇന്റർസ്റ്റേറ്റ് പ്രൈവറ്റ് കോൺട്രാക്ട് കാരിയേജ് ഓപ്പറേറ്റർമാരുമൊക്കെ കൊറോണ ബസ്സുകൾ സർവ്വീസുകൾക്കായി ഉപയോഗിക്കുന്നുണ്ട്.75 ലക്ഷത്തിലധികം രൂപയാണ് ഇത്തരം ബസ്സുകളുടെ വില. ഒരു കാര്യം കൂടി… കൊറോണ ബസ്സിനെ പേടിക്കേണ്ട, പക്ഷേ കൊറോണ വൈറസിനെ പേടിച്ചേ പറ്റൂ.
വിവരങ്ങൾക്ക് കടപ്പാട് – ബസ് കേരള, വിവിധ ഓൺലൈൻ സൈറ്റുകൾ.