കെ.എസ്.ആര്.ടി.സിയില്‍ യൂനിഫോം പരിഷ്കരണത്തിന് അംഗീകാരം നല്കി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിറക്കി. കെ.എസ്.ആര്.ടി.സി എം.ഡിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നേരത്തേ യൂനിഫോം പരിഷ്കരണം നടപ്പിലാക്കിയത്. എം.ഡിയുടെ തീരുമാനത്തിന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഐ.ജി ശ്രീലേഖ അംഗീകാരം നല്‍കിയിരുന്നില്ല. ഐ.ജി ശ്രീലേഖ മൂന്നുമാസത്തെ പരിശീലനത്തിനായി പോയതിനെ തുടര്‍ന്ന് ചുമതലയേറ്റ ടോമിന് തച്ചങ്കരിയാണ് പരിഷ്കരണത്തിന് അംഗീകാരം നല്കി ഉത്തരവിറക്കിയത്.

കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ യൂനിഫോം മാറ്റുന്ന കാര്യത്തില്‍ ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ആന്റണി ചാക്കോയാണ് തീരുമാനമെടുത്തത്. പിന്നീടാണ് മാറ്റത്തിന് അനുമതിതേടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറെ സമീപിച്ചത്. മുന്‍കൂട്ടി ആലോചിക്കാതെ ഏകപക്ഷീയമായി കെ.എസ്.ആര്.ടി.സി തീരുമാനമെടുത്തതിനാല്‍ അംഗീകരിക്കാനാകില്ലെന്നായിരുന്നു ഐ.ജി ശ്രീലേഖയുടെ നിലപാട്. പുരുഷന്മാരായ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും കടും നീല പാന്റ്സും ആകാശ നീല ഷര്‍ട്ടും സ്ത്രീകള്‍ക്ക് ഇതേ നിറത്തിലുള്ള ചുരിദാറുമാണ് യൂനിഫോമാക്കിയിരുന്നത്. സ്റ്റേഷന് മാസ്റ്റര്‍മാര്‍ക്കും വെഹിക്കിള്‍ സൂപ്പര്‍വൈസര്‍മാര്‍ക്കും ക്രീം നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റ്സുമാണ് യൂനിഫോം.
News: Suprabhatham
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog