തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി എംപാനല്‍ ജീവനക്കാരുടെ ദിവസ വേതനത്തില്‍ 40 രൂപയുടെ വര്‍ധന. കെ.എസ്.ആര്.ടി.സിയുടെ രക്ഷയ്ക്കായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 20ന് കെ.എസ്.ആര്.ടി.ഇ.എ നടത്തിയ പണിമുടക്കില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിളിച്ച യോഗത്തിലാണ് തീരുമാനം.
എംപാനല്‍ ജീവനക്കാരുടെ പുതുക്കിയ വേതനം, ബ്രാക്കറ്റില്‍ പഴയ വേതനം: കണ്ടക്ടര്‍ 400 (360), ്രെഡെവര്‍ 420 (380), സി.എല്‍.ആര്. 350 (310).
എംപാനല്‍ ജീവനക്കാരുടെ വേതനത്തില്‍ വര്‍ധന വരുത്തിയതല്ലാതെ സംഘടനകള്‍ ഉന്നയിച്ച മറ്റാവശ്യങ്ങളൊന്നും യോഗത്തില്‍ അംഗീകരിക്കാന്‍ സര്‍ക്കാരും മാനേജുമെന്റും തയ്യാറായില്ല. കെ.എസ്.ആര്.ടി.സിയെ സംരക്ഷിക്കാന്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ പ്രക്ഷോഭം കൂടതല്‍ ശക്തമാക്കുമെന്നു സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് എംപ്ലോയീസ് അസോസിയേഷന് (കെ.എസ്.ആര്.ടി.ഇ.എ.) ഭാരവാഹികള്‍ ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു.
അനിശ്ചിതകാല പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങളില്‍നിന്ന് പിന്മാറില്ലെന്നും അറിയിച്ചു. മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചര്‍ച്ചയില്‍ വൈക്കം വിശ്വന്, സി.കെ. ഹരികൃഷ്ണന്, ടി.ദിലീപ്കുമാര്, എ. മസ്താന് ഖാന് (കെ.എസ്.ആര്.ടി.ഇ.എ.), ആര്. ശശിധരന്, ആര്. അയ്യപ്പന്, രഘുകുമാര്‍ (ടി.ഡി.എഫ്.) എന്നിവരും മാനേജ്മെന്റിന്‍െ പ്രതിനിധീകരിച്ച് എം.ഡി: ആന്റണി ചാക്കോ, ജനറല്‍ മാനേജര്‍ സുധാകരന് എന്നിവരും പങ്കെടുത്തു.
News: Mangalam