കോടികള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങിയ ശാസ്താംകോട്ട കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ് സ്വകാര്യബസ്സുകള്‍ കയ്യടക്കി. കെഎസ്ആര്‍ടിസി ബസ്സുകള്‍ കയറാത്തതിനെ തുടര്‍ന്നാണ് സ്വകാര്യ ബസ്സുകള്‍ പാര്‍ക്കിംഗ് സ്ഥലമായി സ്റ്റാന്റ് ഉപയോഗിക്കുന്നത്.
ഒന്നരക്കോടി രൂപ മുടക്കി 15 വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയതാണ് ശാസ്താംകോട്ട കെഎസ്ആര്‍ടിസി ഡിപ്പോ. പിന്നീട് ഗ്യാരേജിനായി മണ്ണെണ്ണമുക്കിന് സമീപം താലൂക്കിലെ ഏഴ് പഞ്ചായത്തുകള്‍ചേര്‍ന്ന് ഒരു കോടി രൂപ മുടക്കി സ്ഥലവും കെട്ടിടവും നിര്‍മിച്ചു. തുടക്കത്തില്‍ ചില കെഎസ്ആര്‍ടിസി ബസ്സുകള്‍ കയറി ഇറങ്ങുകയും ഇവിടെ നിന്നും ചില സര്‍വീസുകള്‍ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഘട്ടംഘട്ടമായി സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനം നിലച്ചു.

ഇതിനിടെ നാട്ടുകാരുടെ പരാതിയെ തുര്‍ന്ന് ജനപ്രതിനിധികള്‍ കെഎസ്ആര്‍ടിസി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും മാസം 30 ലക്ഷം രൂപ ഡിപ്പോ പ്രവര്‍ത്തിക്കാന്‍ ചിലവാകുമെന്ന തടസവാദം ഉന്നയിച്ച് പിന്തിരിഞ്ഞു. ഓപ്പറേറ്റിങ് സെന്റര്‍ ആയി തുടങ്ങാനുള്ള അഭ്യര്‍ത്ഥനയും അധികൃതര്‍ ചെവിക്കൊണ്ടില്ല.
ഇതേ തുടര്‍ന്നാണ് ശാസ്താംകോട്ട മാര്‍ക്കറ്റിന്റെ പടിഞ്ഞാറ് ഭാഗത്ത് 70 സെന്റ് സ്ഥലം വരുന്ന കെഎസ്ആര്‍ടിസി ഡിപ്പോ സ്വകാര്യ ബസുകള്‍ കയ്യടക്കിയത്. കൂടാതെ നിരവധി സ്വകാര്യ വാഹനങ്ങളും ആശുപത്രിയിലെ ആംബുലന്‍സും അടക്കം പാര്‍ക്ക് ചെയ്യുന്നതും ഇവിടെയാണ്.
കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്റെ കെടുകാര്യസ്ഥതയുടെ സ്മാരകമായാണ് സ്റ്റാന്‍ഡിനെ ജനം കാണുന്നത്. കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായാല്‍ സ്റ്റാന്‍ഡ് യാത്രക്കാര്‍ക്ക് ഉപകാരമാകും. എല്ലാ ബസുകളും കയറുന്ന ഒരു പൊതു ബസ് സ്റ്റാന്റാക്കി ഡിപ്പോയെ മാറ്റണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
അപ്പോഴും കോടികള്‍ മുടക്കി മുഴുവന്‍ കോണ്‍ക്രീറ്റ് ചെയ്ത ഗ്യാരേജിന്റെ സ്ഥലം എന്ത് ചെയ്യും എന്ന ചോദ്യം ബാക്കിനില്‍ക്കുകയാണ്.
News – http://www.janmabhumidaily.com/news747032
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog