രക്തദാതാവ് അരികിലുണ്ട്, കണ്ടെത്താം ഫെയ്‌സ്ബുക്കിലൂടെ…

രക്തം അത്യാവശ്യമായി വരുന്ന സാഹചര്യത്തില്‍ ഏതൊക്കെ വഴിയിലൂടെ ശ്രമിച്ചാലും കൃത്യസമയത്ത് ലഭിക്കാതെ വന്നാലോ? അത്തരത്തിലൊരു അനുഭവത്തില്‍ നിന്നുമാണ് രക്തദാതാവിനെ എളുപ്പത്തില്‍ കണ്ടത്താന്‍ ഫെയ്‌സ്ബുക്കുമായി എന്തുകൊണ്ട് ബന്ധിപ്പിച്ചുകൂടാ എന്ന ആശയം അജീഷ് ലാല്‍ എന്ന തിരുവനന്തപുരംകാരന്റെ മനസില്‍ ഉദിച്ചത്. മൂന്ന് വര്‍ഷത്തോളമാണ് അജീഷ് അതിന് വേണ്ടി ശ്രമിച്ചത്. ഒടുവില്‍ അജീഷിന്റെ പരിശ്രമം വിജയം കാണുകയും ചെയ്തു. രക്തദാതാക്കളെ എളുപ്പത്തില്‍ കണ്ടെത്താന്‍ ഫെയ്‌സ്ബുക്കില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പ്രത്യേകം ഫീച്ചര്‍ നിലവില്‍ വന്നു.

അജീഷ് ലാല്‍

രക്തദാനത്തിന് താല്‍പര്യമുള്ളവര്‍ക്ക് സൈന്‍ അപ് ചെയ്ത് അംഗമാകാം എന്നതാണ് പുതിയ ഫീച്ചര്‍ മുന്നോട്ടുവെയ്ക്കുന്നത്. രക്തഗ്രൂപ്പ്, മുന്‍പ് രക്തം ദാനം ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ രേഖപ്പെടുത്തണം. ഈ വിവരങ്ങള്‍ ‘ഒണ്‍ലി മി’ എന്ന സംവിധാനത്തിലൂടെ സ്വകാര്യമാക്കിവെയ്ക്കാവുന്നതാണ്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ടൈംലൈനില്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സാധിക്കും.

 

 

2014 ലാണ് ഫെയ്‌സ്ബുക്കില്‍ ‘ബ്ലഡ് ഗ്രൂപ്പ് ഒപ്ഷന്‍’ എന്ന ആശയം രൂപപ്പെട്ടതെന്ന് അജീഷ് പറയുന്നു. ഇതിന് വേണ്ടി IncludeBloodgroupOptioninFacebook എന്ന പേരില്‍ ഒരു ഹാഷ് ടാഗ് ക്യാമ്പെയ്ന്‍ ആരംഭിച്ചു. നിരവധി സുഹൃത്തുക്കള്‍ പിന്തുണയുമായി എത്തി. ആശയത്തെ അവര്‍ ഏറ്റെടുക്കുകയായിരുന്നു. തന്റെ ആശയം നടപ്പിലാക്കുന്ന കാര്യത്തെക്കുറിച്ച് ഫെയ്‌സ്ബുക്കിന് തന്നെ സന്ദേശം അയച്ചിരുന്നുവെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ലെന്ന് അജീഷ് പറയുന്നു. സ്ഥാപകന്‍ മാര്‍ക്ക് സുക്കെര്‍ബെര്‍ഗിന് മെസേജ് അയച്ചു. മറുപടിയുണ്ടായില്ല. അദ്ദേഹം ഇടുന്ന പോസ്റ്റുകള്‍ക്ക് IncludeBloodgroupOptioninFacebook എന്ന ഹാഷ് ടാഗ് കമന്റായി ചേര്‍ത്തു. വൈകാതെ കമന്റുകള്‍ ഇടാന്‍ സാധിക്കാത്ത വിധത്തില്‍ ഫെയ്‌സ്ബുക്ക് സ്പാം ചെയ്‌തെന്നും അജീഷ് പറയുന്നു.

 

ദിവസം ഒരു കമന്റ് ഇടാന്‍ സാധിക്കുന്ന വിധത്തിലെത്തിയപ്പോള്‍ വീണ്ടും ഇതേ ആവശ്യം ഉന്നയിച്ചു. സുക്കെര്‍ബെര്‍ഗ് ഫെയ്‌സ്ബുക്കില്‍ ആക്ടീവാകുന്ന സമയത്തെല്ലാം ഇക്കാര്യം പറഞ്ഞുകൊണ്ടിരുന്നു. മെസേജ് കാണുന്നുണ്ടായിരുന്നുവെങ്കിലും മറുപടി പറയാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഒരിക്കല്‍ പത്തുകമന്റുകള്‍ വരെ ഇട്ടപ്പോള്‍ മറ്റുള്ളവരും ഇത് ശ്രദ്ധിച്ചുതുടങ്ങി. ആശയത്തെ പിന്തുണച്ച് പലരും രംഗത്തെത്തി. ഒപ്ഷന്‍ വരുന്നതിന് മൂന്ന് ദിവസം മുന്‍പ് സുക്കെര്‍ബെര്‍ഗിന്റെ പഴയ ചിത്രങ്ങള്‍ കുത്തിപ്പൊക്കിയിരുന്നു. ചിത്രങ്ങള്‍ക്ക് താഴെ അതേ ഹാഷ് ടാഗ് തന്നെ കമന്റായി ചേര്‍ക്കുകയായിരുന്നുവെന്നും അജീഷ് പറഞ്ഞു. നിരവധിയാളുകളുടെ പിന്തുണയും സഹകരണവുമാണ് തന്റെ ആശയത്തിന് ജീവന്‍ നല്‍കിയതെന്നും അജീഷ് കൂട്ടിച്ചേര്‍ത്തു.

Source – http://www.reporterlive.com/2017/10/03/428852.html

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply