ആലപ്പുഴ ∙ ട്രെയിനുകൾ റദ്ദാക്കിയതും ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ വൈകിവരുന്നതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ആലപ്പുഴയിൽ നിന്നു പുറപ്പെടുന്ന ധൻബാദ് എക്സ്പ്രസാണു രണ്ടാഴ്ചയായി വൈകി ഓടുന്നത്. ആലപ്പുഴയിൽ നിന്ന് 5.55 നു പുറപ്പെടേണ്ട ധൻബാദ് എക്സ്പ്രസ് 90 മിനിറ്റ് വൈകി 7.25നാണു പോകുന്നത്. ഇത് ആലപ്പുഴ, ചേർത്തല ഭാഗങ്ങളിലെ സ്ഥിരം യാത്രക്കാർക്കു വലിയ ദുരിതമാകുന്നു. ജോലി സ്ഥലങ്ങളിലേക്കും മറ്റും നിത്യേന യാത്ര ചെയ്യുന്നവർക്കു പകരം പോകാൻ വേറെ ട്രെയിൻ ഇല്ല. ഈ ട്രെയിൻ ജനുവരി ഒന്നു മുതൽ കൃത്യസമയം പാലിക്കുമെന്നും സേലം സ്റ്റേഷനിലെ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതാണ് ട്രെയിനുകളുടെ പുനഃക്രമീകരണത്തിനു കാരണമെന്നുമാണു റെയിൽവേ അധികാരികളുടെ മറുപടി.
എറണാകുളം–കായംകുളം പാസഞ്ചർ റദ്ദാക്കിയതും യാത്രക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്. ആലപ്പുഴ നിന്നു 10നു പുറപ്പെട്ടു കായംകുളത്ത് 12നു എത്തി ഉച്ചയ്ക്ക് ഒന്നിന് കായംകുളത്തു നിന്നു തിരിച്ച് 3.20 ന് എറണാകുളത്തെത്തുന്നതുമായ എറണാകുളം–കായംകുളം പാസഞ്ചറിനെ ആശ്രയിക്കുന്നത് ആയിരക്കണക്കിന് യാത്രക്കാരാണ്. വൈകിയോടും പാസഞ്ചർ കായംകുളത്തു നിന്നു രാവിലെ ആലപ്പുഴ വഴി എറണാകുളത്തിനു പുറപ്പെടുന്ന പാസഞ്ചർ ട്രെയിൻ വൈകുന്നതാണു യാത്രക്കാരുടെ പ്രതിഷേധത്തിനു കാരണം. കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളിലുള്ള യാത്രക്കാർ കായംകുളത്ത് എത്തിയ ശേഷം ആലപ്പുഴ ഭാഗത്തേക്ക് എത്താൻ ആശ്രയിക്കുന്നതു പാസഞ്ചറിനെയാണ്.
ഇതു വൈകുന്നതോടെ ജീവനക്കാരടക്കമുള്ളവർ ബുദ്ധിമുട്ടിലാകും. ഇന്നലെ രാവിലെ അര മണിക്കൂറിലേറെ താമസിച്ചാണു കായംകുളത്തു നിന്ന് പാസഞ്ചർ പുറപ്പെട്ടത്. രാവിലെ ആലപ്പുഴയിൽ നിന്നു തിരിച്ച് 7.30നു കായംകുളത്ത് എത്തിയ ശേഷം എട്ടരയോടെയാണ് എറണാകുളത്തിനു പുറപ്പെടുന്നത്. ഇന്നലെ രാവിലെ ആലപ്പുഴയിൽ നിന്നു പാസഞ്ചർ കായംകുളത്ത് എത്തിയത് എട്ടരയ്ക്കാണ്. തിരിച്ച് ഒൻപതു മണിക്കു ശേഷമാണ് എറണാകുളത്തിനു പുറപ്പെട്ടത്. ശബരിമല സ്പെഷൽ ട്രെയിനുകൾ കോട്ടയം വഴി ഒരു മണിക്കൂർ ഇടവിട്ട് ഉള്ളതിനാൽ യാത്രക്കാർക്കു ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല.
Source – http://localnews.manoramaonline.com/alappuzha/local-news/2017/12/16/man-alp-train-delay-16.html