അതെ മഞ്ഞു മൂടിയ ദ്രാവിഡ മണ്ണിലേക്ക് ആണ് ഈ യാത്ര. .നിരവധി സിനിമകളിലുടെ ഒരിക്കലെങ്കിലും കൊടൈക്കനാല്‍ കാണാത്തവര്‍ ഉണ്ടാകില്ല. കുത്തനെ ഉള്ള ചെരിവില്‍ ആകാശം മുട്ടി നില്ക്കുന്ന പൈന്‍ മരങ്ങള്‍. അവക്കിടയിലുടെ താഴോട്ടിറങ്ങി വരുന്ന മഞ്ഞിന്റെ നനുത്ത ആവരണം. മനോഹരമായ തടാകങ്ങള്‍ അതിലുടെ ബോട്ട് സവാരി നടത്തുന്നവര്‍. നീണ്ടു കിടക്കുന്ന പുല്‍ത്തകിടികള്‍ . തൊപ്പിയും കോട്ടും ധരിച്ചു നടക്കുന്ന സഞ്ചാരികള്‍..
പൂജയുടെ അവധിയും ഞായറും ഗാന്ധി ജയന്തിയും ഒരുമിച്ചു വന്നപ്പോള്‍ കിട്ടിയ 4 ദിവസത്തെ അവധി യില്‍ ഞങ്ങള്‍ കൊടൈക്കനാല്‍ പോകാന്‍ തീരുമാനിച്ചു. കാക്കനാട് നിന്നും ഞായര്‍ രാവിലെ 5.30 നു ഞങ്ങള്‍ യാത്ര ആരംഭിച്ചു.


ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ കാക്കനാട് ഇന്ഫോപര്ക്കില് ജോലി ചെയ്യുന്ന കുറച്ചു സുഹൃത്തുക്കള്‍. റൂം ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്തിരുന്നു. കാക്കനാട് നിന്നും കൊടൈക്കനാല്‍ വരെ ഉള്ള 270 km ഏകദേശം 7 മണിക്കൂര്‍ കൊണ്ട് എത്തും എന്ന് ഗൂഗിള്‍ മാപ്സ് ല്‍ കണ്ടത് വിശ്വസിച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു.
ഇടുക്കി – തേനി വഴി ആയിരുന്നു അങ്ങോട്ടുള്ള യാത്ര. പൂപ്പാറ മുതല്‍ തേനി വരെ ഉള്ള ഹെയര്‍ പിന് വളവുകള്‍ നന്നായി ആസ്വദിച്ചു തന്നെ യാത്ര ചെയ്യാം. 12 മണിക്ക് തേനിയില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചു ഞങ്ങള്‍ ചുരം കയറിത്തുടങ്ങി. മുകളിലോട്ടു പോകുന്തോറും കോടമഞ്ഞ് കൂടി കൂടി വരുന്നുണ്ടായിരുന്നു. എല്ലാവരെയും മഞ്ഞു പുതച്ചു സ്വീകരിക്കുന്ന കൊടൈക്കനാല്‍ ഞങ്ങള്‍ക്കും സമാനമായ രീതിയില്‍ തന്നെ സ്വാഗതമോതി. മഞ്ഞളാര്‍ ഡാം വ്യൂ എത്തിയപ്പോള്‍ ഞങ്ങള്‍ പുറത്തിറങ്ങി.

താഴെ ഡാം അതിനപ്പുറം മലനിരകള്‍ക്കിടയിലുടെ താഴോട്ടു പതിക്കുന്ന വെള്ളച്ചാട്ടം. ഒരു 10 മിനിറ്റ് മാത്രം അവിടെ ചെലവഴിച്ചു ഞങ്ങള്‍ silver cascade waterfalls ലേക്ക് തിരിച്ചു. നാട്ടിലെ അതിരപ്പിള്ളി പോലുള്ള വെള്ളച്ചാട്ടം കണ്ട മലയാളികള്‍ക്ക് silver cascade waterfalls കാണുമ്പോള്‍ പ്രത്യേകിച്ച് യാതൊരു ആകര്‍ഷണീയതയും തോന്നാന്‍ വഴിയില്ല. മെയിന്‍ റോഡ് നോട് ചേര്‍ന്ന് നില്ക്കുന്ന വെള്ളച്ചാട്ടത്തില്‍ കുളിക്കുന്ന നിരവധി പേര് അവിടെ ഉണ്ടായിരുന്നു.
വെള്ളച്ചാട്ടതോട് ചേര്‍ന്ന് പഴങ്ങളും ബാഗുകളും മറ്റു കരകൌശല വസ്തുക്കളും വില്‍ക്കുന്ന കുറെ കച്ചവടക്കാര്‍. യാത്രക്കിടയില്‍ ഓറഞ്ച് ചായം പൂശിയ പോലെ തിളങ്ങുന്ന കാരറ്റ് വില്ക്കുന്നവരെയും കാട്ടുതേന്‍ വില്ക്കുന്നവരെയും കാണാമായിരുന്നു. ഞങ്ങള്‍ എത്തുമ്പോഴേക്കും മനുഷ്യനിര്‍മ്മിതമായ കൊടൈക്കനാല്‍ തടാകം സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരുന്നു കുതിരസവാരിയും ബോട്ടിങ്ങും സൈക്ലിംഗ് ഒകെ ആയി നിരവധി പേര്.

മഞ്ഞു പുതപ്പിനുള്ളില്‍ കൂടി ഇടയ്ക്കു മാത്രം ഭൂമിയെ ഒളിഞ്ഞു നോക്കിക്കൊണ്ടിരുന്ന സൂര്യന് പതുക്കെ ചന്ദ്രന് വഴിമാറി കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ നേരത്തെ ബുക്ക് ചെയ്ത റൂമിലേക്ക് നീങ്ങി തുടങ്ങിയിരുന്നു. കാലത്ത് കോടയുടെ തണുപ്പും കട്ടന്‍ ചായയുടെ ചൂടും ആസ്വദിച്ചു കൊണ്ട് കുറച്ചു നേരം പുറത്തോട്ടു നോക്കി നിന്നു. നോക്കെത്താ ദൂരത്തോളം പച്ച പുതച്ച കുന്നിന് ചെരിവുകള്‍. പൈന്‍ മരങ്ങള്‍ക്കിടയിലുടെ അലസമായി കടന്നു വരുന്ന സൂര്യ രശ്മികള്‍.
ഇവിടെ വെച്ച് ഷൂട്ട് ചെയ്ത ‘Welcome To Kodaikkanal’ സിനിമയിലെ ബിച്ചു തിരുമലയുടെ വരികള്‍ അറിയാതെ ചുണ്ടില്‍ എത്തി. “സ്വയം മറന്നുവോ.. പ്രിയംകരങ്ങളേ..” കാഴ്ചയുടെ വസന്തം സമ്മാനിക്കുന്നതോടോപ്പം തന്നെ, മഞ്ഞും മനസ്സും മണ്ണും സംഗമിക്കുന്ന ഭൂമി. മലയോരവിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പണ്ട് മുതല്ക്കു തന്നെ മുന്‍പന്തിയില്‍ നില്ക്കുന്ന പ്രദേശമാണ് കൊടൈക്കനാല്‍.
പഴനിമലയുടെ തെക്കേ അറ്റം ആണ് കൊടൈക്കനാല്‍. പഴനി യില്‍ നിന്നും 65 km ആണ് ഇവിടേക്കുള്ള ദൂരം. നീലക്കുറിഞ്ഞി പൂക്കുന്ന അപൂര്‍വ്വം സ്ഥലങ്ങളില്‍ ഒന്നാണ് ഇത്. വെള്ളച്ചാട്ടങ്ങള്‍, വ്യൂ പോയിന്റുകള്‍, തടാകങ്ങള്‍, പുല്‍ത്തകിടികള്‍, പൈന്‍ മരതോട്ടങ്ങള് അങ്ങനെ നിരവധി കാഴ്ചകള്‍ ആണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
ഇവിടെ ഒക്കെ വുത്യസ്തമായ കാഴ്ചകള്‍ ആണെങ്കിലും,നമുക്ക് എല്ലായിടത്തും ആസ്വാദ്യകരമായി തോന്നുന്നത് ഒന്ന് തന്നെ ആണ്. ഇവിടത്തെ കോടമഞ്ഞും തണുപ്പും. പഴനി – പൊള്ളാച്ചി – പാലക്കാട് വഴി ആണ് തിരിച്ചു പോകുന്നത്. പോകുന്നതിനു മുന്‍പ് എല്ലാരും ഹോം മെയ്ഡ് ചോക്ലേറ്റ് വാങ്ങി. ഹോം മെയ്ഡ് ചോക്ലേറ്റ് വില്‍ക്കുന്ന നിരവധി കടകള്‍ ഇവിടെ ഉണ്ട്.
കോടമഞ്ഞിന്റെ തണുപ്പില്‍ നിന്നും ഓഫിസിലെ എസി യുടെ തണുപ്പിലേക്ക് മടക്കയാത്ര തുടങ്ങുമ്പോള്‍ പ്രകൃതി കനിഞ്ഞു നല്കിയ ഈ മഞ്ഞും തണുപ്പും അത് കൊണ്ടുള്ള ടൂറിസവും ഉപജീവന മാര്‍ഗമാക്കിയ പ്രദേശവാസികള്‍ ഞങ്ങളെ നോക്കി പറയുന്നുണ്ടായിരുന്നു.
”നന്ദി വീണ്ടും വരിക.”
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog