ലൈൻ ബസ്; പത്മിനിബസും ചുറ്റുമുള്ള കുറെ മനുഷ്യരും

എഴുത്ത് – നിഖിൽ എബ്രഹാം (ബസ് കേരള).

കുട്ടികാലത്ത് വല്യപ്പൻ പറഞ്ഞുകേട്ട ചില ബസ് കഥകൾ ഉണ്ട്. അതിൽ ഒന്നായിരുന്നു അത്യാവശ്യം പത്രാസ് ഒക്കെ കാണിച്ചു നടക്കുന്ന സ്വകാര്യ ബസ് ജീവനക്കാർ. കാലം ഇതൊന്നുമല്ല മലബാർ കുടിയേറ്റത്തിന്റെ ദുരിതങ്ങളുടെ ആദ്യ നാളുകൾ ആണ്. കമ്പനിബസ് യുഗം ആയതു കൊണ്ട് ആകാം ഇങ്ങനെ ഒക്കെ. അതായത് ബസുകൾ വളരെ കുറച്ചു മാത്രം ഓടുന്ന ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തു മാത്രം അതിൽ കോഴിക്കോട് നിന്നും തലശ്ശേരി നിന്നും വായനാട്ടിലേക്കും മറ്റു കുടിയേറ്റ മേഖലകളിലേക്കും ഒക്കെ ആളുകൾ യാത്ര ചെയ്യാൻ ന്നു. ഈ ബസിൽ ടിക്കറ്റ് കിട്ടാൻ കണ്ടക്ടർ നോട്‌ റിക്വസ്റ്റ് ചെയ്യുന്ന യാത്രക്കാരന്റെ കഥ ഒക്കെ കേട്ടപ്പോൾ അന്നത്തെ ബാല്യ മനസ്സിൽ അത്ഭുതം ആണ് വിരിഞ്ഞത്. ബസുകളോട് ഉള്ള പ്രണയത്തിന്റെ ആദ്യ വിത്തുകൾ വിതച്ചതിൽ കുടിയേറ്റ കർഷകനും ചെറിയ ഒരു വാഹനപ്രേമിയും ആയ പാപ്പച്ചൻ എന്ന എന്റെ വല്യപ്പനും ഒരു പങ്കുണ്ട്.

അന്നത്തെ കഥകളിൽ കേട്ട അത്രയും ഒന്നും ഇല്ലെങ്കിൽ കൂടി അതിനോട് അടുത്ത് നിൽക്കുന്ന രീതിയിൽ വസ്ത്രധാരണവും പത്രാസും ഒക്കെയുള്ള ഒരു ബസ് ജീവനക്കരന്റെ കഥ പറഞ്ഞ സിനിമ ആണ് ലൈൻ ബസ്. ഇന്നത്തെ കാലം അല്ല, ഏകദേശം അൻപതു വർഷം പിന്നിൽ ആണ് കഥ നടക്കുന്നത്. വീതി കുറഞ്ഞ ടാർ റോഡുകളിൽ കൂടിയും ചെമ്മൺ പാതകളിൽ കൂടിയും ചുരുക്കം വാഹനങ്ങൾ മാത്രം സർവീസ് നടത്തുന്ന കാലം… അന്ന് ബസ് ജീവനക്കാർക്ക് സമൂഹത്തിൽ ഇന്നത്തേതിലും വലിയ മതിപ്പ് ആണ്. കോട്ടയത്ത്‌ നിന്ന് ഒരു ഉൾഗ്രാമത്തിലേക്ക് സർവീസ് നടത്തുന്ന പത്മിനി എന്ന ബസിന്റെ മേൽനോട്ടക്കാരൻ ആണ് ഗോപി എന്ന യുവാവ്. അയാൾ കോളേജ് ൽ ഒക്കെ പഠിച്ച എന്നാൽ പണം ഇല്ലാത്തതിനാൽ പഠനം ഉപേക്ഷിച്ച ഒരു വ്യക്തി ആണ്.

ഗോപിയുടെ ഒരു ബസ് ദിനത്തിൽ ആണ് സിനിമ ആരംഭിക്കുന്നത്. അന്ന് രാവിലെ കോട്ടയതേക്കുള്ള ട്രിപ്പിൽ സരസമ്മ എന്നൊരു യുവതിയും അവളുടെ അച്ഛൻ ഗോവിന്ദ പിള്ളയും ഉണ്ടായിരുന്നു. സരസമ്മ കോളേജിൽ ചേരാൻ പോകുക ആണ്. സരസമ്മയുടെ അച്ഛനോ സരസമ്മയോ പട്ടണം കണ്ടിട്ടില്ല. ടൗണിൽ എത്തിയ അവരെ കോളേജിൽ കൊണ്ട് എത്തിക്കുന്ന കടമ വരെ ഗോപിയുടേത് ആയി. അയാൾ അത് ഭംഗിയായി നിർവഹിക്കുകയും ചെയ്തു. സരസമ്മ രാവിലെയും വൈകിട്ടും പത്മിനി ബസിൽ ആണ് കോളേജിൽ പോയി വരുന്നത്.

സരസമ്മ അത് വരെ കണ്ട നാട്ടിൻ പുറത്തു നിന്ന് വ്യത്യസ്ഥമാണ് കോളേജ്. പലരും പല തരക്കാർ ആണ്, പരിഷ്കാരികൾ ആണ്. ആദ്യദിനങ്ങളിൽ സരസമ്മ നേരിടുന്നത് അവരുടെ പഴഞ്ചൻ രീതി കൊണ്ട് ഉള്ള അപമാനങ്ങൾ ആണ്. എന്നാൽ ഗോപിയുടെ നിർദേശം ഒക്കെ പാലിച്ചു അവളുടെ വീട്ടുകാർ അല്പം അണിഞ്ഞൊരുങ്ങി നടക്കാൻ അവൾക്കും അനുവാദം കൊടുത്തു. ഗോപിക്ക് അവളെ വിവാഹം കഴിക്കണം എന്നുണ്ട്. വീട്ടുകാർക്കും എതിർപ്പില്ല. അയാൾ ആണ് സരസമ്മയെ വേണ്ട ഉപദേശങ്ങൾ നൽകി മുൻപോട്ടു നയിക്കുന്നതും.

പതുക്കെ സുന്ദരിയും നല്ലൊരു ഗായികയും ആയ സരസമ്മ കോളേജിൽ സ്വീകാര്യയായി മാറി. കോളേജിൽ പഠിക്കുന്ന ഒരു യുവാവ് ആണ് ചന്ദ്രസേനൻ. വലിയ പണക്കാരൻ ആയ ഒരു ജഡ്ജിയുടെ മകൻ ആയ ചന്ദ്രസേനൻ വഷളനാണ്. കോളേജിൽ വച്ചു പല സ്ത്രീകളോടും അയാൾ മോശമായി പെരുമാറിയിട്ടുമുണ്ട്. അയാൾക് സരസമ്മയോടും താല്പര്യം തോന്നുന്നു. ഇതിന്റെ പേരിൽ അയാൾ അവൾക്കു ഒരു പ്രേമലേഖനം കൊടുത്തു. അബദ്ധവച്ചാൽ ആ കത്തു ഗോപിയുടെ കൈയിൽ എത്തി. ഗോപി ഇത് പ്രിൻസിപ്പലിന് റിപ്പോർട്ട്‌ ചെയ്തു. മുൻപേ നോട്ടപ്പുള്ളി ആയ ചന്ദ്രസേനൻ അങ്ങനെ കോളേജിൽ നിന്ന് പുറത്തു ആയി. സരസമ്മയുടെ പേരിൽ അയാളും ഗോപിയും ആയി സംഘട്ടനം വരെ എത്തി കാര്യങ്ങൾ

സരസമ്മയുടെ ചേട്ടൻ പട്ടാളത്തിൽ ആണ്. എന്നാൽ ഒരു യുദ്ധത്തിൽ അയാൾ മരണപ്പെട്ടു. പണം ഇല്ലാത്തതിനാൽ പഠനം മുടങ്ങി. ഇതിനിടയിൽ സമൂഹത്തിൽ ഉന്നതനായ ചന്ദ്രസേനൻ ആയി തല്ലുണ്ടായതിന്റെ പേരിൽ പത്മിനി ബസിലെ ഗോപിയുടെ ജോലിയും നഷ്ടപ്പെട്ടു. സരസമ്മക്ക് മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ വീട്ടുകാരുടെ നിർബന്ധം പ്രകാരം ചന്ദ്രസേനന്റെ കമ്പനിയിൽ തന്നെ ജോലിക്ക് പോകേണ്ടതായും വന്നു. ഡ്രൈവിംഗ് വശം ഉള്ള ഗോപി ആകട്ടെ ഒരു ടാക്സി കാർ സംഘടിപ്പിച്ചു അതിൽ ആണ് ജോലി.

ചന്ദ്രസേനൻ സരസമ്മയെ മദ്യ ലഹരിയിൽ എന്ന പോലെ നശിപ്പിക്കുന്നു, എങ്കിലും അയാൾ അവളെ വിവാഹം കഴിച്ചു കൊള്ളാം എന്നു വാക്കു കൊടുക്കുന്നുണ്ട്. പക്ഷെ പാലിക്കുന്നില്ല. അവരെ പറ്റി മഞ്ഞപത്രങ്ങളിൽ വാർത്തയും വന്നു. അവസാനം സരസമ്മയുടെ അനിയത്തിയുടെ നേരെ പോലും ചന്ദ്രഹാസൻറെ കരങ്ങൾ നീളുന്ന അവസ്ഥ വരെ ഉണ്ടായി. വിവരങ്ങൾ അറിഞ്ഞു അയാളുടെ സങ്കേതത്തിൽ എത്തിയ ഗോപിയും ചന്ദ്രസേനനും തമ്മിൽ ഉണ്ടായ സംഘട്ടനത്തിൽ ചന്ദ്രസേനൻ കൊല്ലപ്പെടുന്നു. ഗോപിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു.

മുട്ടത്തു വർക്കി എഴുതിയ കഥയെ ആസ്പദമാക്കി SL പുരം സദാനന്ദൻ ആണ് തിരക്കഥ രചിച്ചിരിക്കുന്നത് ലൈൻ ബസ് എന്ന സിനിമക്ക്, സംവിധാനം : K S സേതു മാധവൻ. സിനിമയിൽ ഗോപി ആയി വേഷം ഇട്ടത് അനുഗ്രഹീത നടൻ മധു, നായിക സരസമ്മയുടെ വേഷത്തിൽ ജയഭാരതി, ചന്ദ്രസേനൻ ആയി K.P ഉമ്മർ, സരസമ്മയുടെ അച്ഛൻ ആയി അടൂർ ഭാസിയും അമ്മയായി മീനകുമാരിയും. ബസിലെ കണ്ടക്ടർ ആയി ആലമൂടനും ഉണ്ട്.

മലയാളത്തിൽ ബസ് ഉൾപ്പെട്ട ഒരു കഥ പ്രമേയം ആയി വന്നതിൽ ആദ്യകാലത്തെ ഒരു സിനിമ (1971) (ഒരു പക്ഷെ രണ്ടാമത്തെ സിനിമ) എന്നത്തിനപ്പുറം സവിശേഷതകൾ ഒന്നും ലൈൻ ബസ് എന്ന ചിത്രത്തിന് ഉള്ളതായി തോന്നിയില്ല. എന്നാൽ ബസ് വ്യവസായമോ ബസ് ജീവിതങ്ങളോ ഒന്നുമായി നേരിട്ട് ബന്ധങ്ങൾ ഉള്ള ചിത്രവും അല്ല. ബസ് സർവീസ് നടത്തിപ്പിന്റെ ചില രംഗങ്ങൾ ഉണ്ട്.. അത്ര തന്നെ. മുട്ടത്തു വർക്കിയുടെ അല്പം പൈങ്കിളിയായ കഥകളിൽ പെട്ട ഒന്നിന്റെ ചലച്ചിത്ര ആവിഷ്കാരം ആണെന്നു പറയാം.

നായകനും നായികയും നായികയുടെ അച്ഛനും കൂട്ടുകാരികളും ഒരു വില്ലനും ഒക്കെ ഉള്ള കഥയെ ഗ്രാമത്തിലേക്ക് ഉള്ള ബസിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചു എന്നത് മാത്രമാണ് എടുത്തു പറയേണ്ട ഘടകം. പിന്നെ KS സേതുമാധവന്റെ കാലഹരണം വരാത്ത സംവിധാനമികവും. അനാവശ്യ കോമഡികളും മറ്റും സിനിമയിൽ തീരെ ഇല്ല. കഥാഗതിയിൽ അത്ര ഉചിതം അല്ലാതെ കയറി വരുന്ന ചില ഗാനങ്ങൾ ഉണ്ടെന്ന് പറയാതിരിക്കാനും വയ്യ. കഥാപാത്രനിർമിതി പലപ്പോഴും പൂർണം അല്ലെന്നു ഒരു സംശയം ഉണ്ട് താനും.

പേര് സൂചിപ്പിക്കുന്ന പോലെ സിനിമ മുഴുവൻ പല പല പഴയകാല ബസുകൾ നിറഞ്ഞു നിൽക്കുന്ന ഒന്നു അല്ല ലൈൻ ബസ്. കഥ നടക്കുന്നത് ഗ്രാമത്തിലേക്ക് ഉള്ള ബസിന്റെ പശ്ചാത്തലം ആയതു കൊണ്ട് പത്മിനി (KLA 1469) എന്ന ഒരു ബസ് മാത്രം നല്ല വിശദമായി സിനിമയിൽ ഉണ്ട്. അത് ഫാർഗോ കമ്പനി ഇറക്കിയ ഒരു നീളം കുറഞ്ഞ ബസ് ആണ്. യാത്രക്കാർക്ക് കയറാൻ നടുക്ക് ഒരു വാതിൽ മാത്രം ആണ് ഈ ബസിന് ഉള്ളത്. ബസിനു അകത്തു ഒരു വശത്തു മാത്രം ആണ് ഇന്നത്തെ രീതിയിൽ ഉള്ള സീറ്റുകൾ. മറുവശം ബെഞ്ച് പോലെ ആണ് ഇരിപ്പടം. പിറകിൽ ഒരു ലൈറ്റ് മാത്രം.

ഇതൊക്കെ ഏകദേശം വൃത്തി ആയി തന്നെ സിനിമയിൽ കാണാൻ പറ്റും. അതല്ലാതെ കാര്യമായി വാഹനങ്ങളോ മറ്റോ ഈ സിനിമയിൽ ഇല്ല. പിന്നെ എതിരെ ഒരിടത്തു ഒരു KSRTC ബസ് വരുന്നുണ്ട്. അതിനൊക്കെ അപ്പുറം ബസിലെ ജീവനക്കരന്റെയും യാത്രകാരിയുടെയും പ്രണയകഥ പറഞ്ഞ ഒരു സാധാരണ സിനിമ മാത്രം ആണ് ലൈൻ ബസ്. പലയിടത്തും ബസ് എന്ന തൊഴിലിടം വരുന്നുണ്ട് എന്നു മാത്രം.

NB: പത്മിനി ബസിനു അകത്തു കണ്ട ലൈറ്റ്കൾ എന്നെ അത്ഭുതപ്പെടുത്തി. ഇന്നും വിപണിയിൽ ഉള്ള, വൃത്താകൃതിയിൽ ഉള്ള വെളുത്ത ലാമ്പുകൾ. ശരിക്കും ബസ് മേഖലയിൽ ഇത്രയും കാലം ഉപയോഗിക്കപ്പെട്ട വിളക്ക് വേറൊന്നും കാണില്ല. കാലത്തെ അതിജീവിച്ച ഡിസൈൻ.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply