കല്യാണമണ്ഡപത്തിലേക്കുള്ള യാത്രയില്‍ വഴിയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയാലുള്ള അവസ്ഥയെക്കുറിച്ച് ആലോചിക്കുക തന്നെ ടെന്‍ഷന്‍ കൂട്ടുന്ന കാര്യമാണ്. അതു കൊച്ചിയില്‍ ആണെങ്കിലോ?; പിന്നെ പറയുകയും വേണ്ട. കൊച്ചിയിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ.
കൊച്ചി മെട്രോ വന്നതില്‍ പിന്നെയാണ് കുരുക്കിന് ചെറിയൊരു ആശ്വാസമായത്. ട്രാഫിക് ബ്ലോക്കിന് പരിഹാരമായത് മാത്രമല്ല, കല്യാണ ദിവസം ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ വരന് തുണയായി മാറിയിരിക്കുകയാണ് നമ്മുടെ മെട്രോ. ഡിസംബര്‍ 23നായിരുന്നു രഞ്ജിത്ത് കുമാറിന്റെയും ധന്യയുടെയും വിവാഹം.
എറണാകുളം രാജാജി റോഡിലുള്ള ഗംഗോത്രി കല്യാണമണ്ഡപത്തിലായിരുന്നു താലികെട്ട് നിശ്ചയിച്ചിരുന്നത്. രഞ്ജിത്തും കൂട്ടരും പാലക്കാട് നിന്ന് രാവിലെ ആറു മണിയ്ക്കു തന്നെ യാത്ര തിരിച്ചു. 11 മണിയോടെ കൊച്ചിയിലെത്താമെന്നായിരുന്നു കണക്കുകൂട്ടല്‍. വിചാരിച്ചതിലും നേരത്തെ എത്താമെന്നും മണ്ഡപത്തിലെത്തി ഒന്നു ഫ്രഷാകാമെന്നൊക്കെയായിരുന്നു വിചാരിച്ചത്. എന്നാല്‍ ചാലക്കുടിയെത്തിയപ്പോള്‍ പണി പാളി. രൂക്ഷമായ ഗതാഗതക്കുരുക്ക്. അങ്കമാലി വരെ സ്ഥിതി തുടര്‍ന്നു. മണി പതിനൊന്നായി. മണ്ഡപത്തില്‍ നിന്നും ബന്ധുക്കളുടെ നിരന്തരമായ ഫോണ്‍ വിളികളെത്തി.
കൊച്ചിയിലെത്താന്‍ ഒരു ബദല്‍ മാര്‍ഗം കണ്ടേ തീരൂ. അങ്ങനെയാണ് കൊച്ചി മെട്രോ ചിന്തയിലേക്കു വരുന്നത്. ഒരു കണക്കിനു ആലുവയിലെത്തി. മെട്രോ സ്റ്റേഷനിലേക്ക് കയറി. നീണ്ട ക്യൂ ഉണ്ടായിരുന്നു. ഇന്നു തന്റെ കല്യാണമാണെന്നു അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി ടിക്കറ്റെടുത്തു.
സ്റ്റേഷനകത്തു വച്ചു തന്നെ വസ്ത്രം മാറി. ട്രെയിനില്‍ കയറി. വളരെ പെട്ടെന്നു തന്നെ മണ്ഡപത്തിലെത്തി. മിനിറ്റുകള്‍ക്കുള്ളില്‍ താലികെട്ടും മറ്റു ചടങ്ങുകളും പൂര്‍ത്തിയാക്കാനായതായി രഞ്ജിത്ത് പറഞ്ഞു. ഇവരുടെ അനുഭവം പറയുന്ന വിഡിയോ കെഎംആര്‍എല്‍ അധികൃതര്‍ കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
We weren’t exaggerating when we said Kochi Mtero touches lives എന്നായിരുന്നു കൊച്ചി മെട്രോ അധികൃതര്‍ വിഡിയോയില്‍ കുറിച്ചത്.
Source – http://www.evartha.in/2017/12/31/metro-kallyanam.html