ഹൈറേഞ്ചില്‍ നിന്നുള്ള രാത്രികാല ബസ് സര്‍വ്വീസുകളിലും അന്തര്‍സംസ്ഥാന സര്‍വ്വീസുകളിലും മദ്യം, കഞ്ചാവ്, ചന്ദനം, സുഗന്ധവ്യഞ്ജനങ്ങളായ ഏലം, കുരുമുളക്, മല്ലി മുളക് എന്നിവയും മറ്റ് നികുതിദായകമായ വസ്തുക്കളും കടത്തുന്നത് വ്യാപകമായിരിക്കുകയാണ്. നെടുംകണ്ടം, കട്ടപ്പന, കുമളി, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നും തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ പട്ടണങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയിലും ബാംഗ്ലൂര്‍, കമ്പം, തേനി തുടങ്ങി സ്ഥലങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് യാത്രാബസുകളും കേന്ദ്രീകരിച്ചാണ് കള്ളക്കടത്ത് വ്യാപകമായി നടക്കുന്നത്.
അന്യസംസ്ഥാനങ്ങളില്‍ നിന്നും കുമളി, നെടുംകണ്ടം, മൂന്നാര്‍ എന്നിവിടങ്ങളിലേക്കെത്തുന്ന ബസുകള്‍ വഴിയും കഞ്ചാവും, ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയും വ്യാപകമായി നികുതി വെട്ടിച്ച് വ്യാപകമായി കടത്തിക്കൊണ്ടുവരികയാണ്. കെഎസ്ആര്‍ടിസിയിലെ ചില ജീവനക്കാരുടെ ഒത്താശയോടുകൂടി നടത്തുന്ന ഈ കള്ളക്കടത്തിന് വാണിജ്യ വില്‍പ്പന നികുതി ഉദ്യോഗസ്ഥരുടെ മൗനാനുവാദവും ഉണ്ട്.

കുമളി, കമ്പംമെട്ട് തുടങ്ങി അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ വേണ്ടത്ര പരിശോധനകള്‍ ഇല്ലാത്തതും ദേശീയ അന്തര്‍ദേശീയ സംസ്ഥാന പാതകളില്‍ പൊലീസിന്റെയും എക്സൈസിന്റെയും പരിശോധനകള്‍ കര്‍ശനമല്ല എന്നുള്ളതാണ് ഈ അനധികൃത കടത്തിന് മുഖ്യ കാരണം. ബസുകളിലെ കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും കാര്യമായ കൈമടക്ക് നല്‍കിയാണ് യാത്രക്കാര്‍ക്ക് അസൗകര്യമായ പല വസ്തുക്കളും ബസിനുള്ളില്‍ കുത്തിനിറച്ച് കടത്തുന്നത്.

യാത്രക്കാര്‍ക്ക് അസൗകര്യമായ യാതൊരു വസ്തുവും ബസിനുള്ളില്‍ വച്ച് കൊണ്ടുപോകുവാന്‍ പാടില്ലായെന്നും വലിയ സാധനങ്ങള്‍ ബസിന് മുകളില്‍ കയറ്റിയെ കൊണ്ടുപോകാവു എന്നും കെഎസ്ആര്‍ടിസി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഹൈറേഞ്ച് ലോറേഞ്ച് മേഖലയില്‍ നിന്നുള്ള ബസ് ജീവനക്കാര്‍ ഇത് പാലിക്കുന്നില്ല.
കഴിഞ്ഞ ദിവസം രാത്രി നെടുംകണ്ടത്തുനിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന കെഎസ്ആര്‍ടിസി ബസില്‍ മല്ലി മുളക് നിറച്ച ചാക്കുകള്‍ കയറ്റിയതിനെത്തുടര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ക്ക് അസഹ്യമായ ഗന്ധം അനുഭവപ്പെടുകയും കണ്ണിനും മുഖത്തിനും പുകച്ചില്‍ ഉണ്ടാവുകയും ചെയ്തു. ഇതേക്കുറിച്ച് കണ്ടക്ടറോട് പരാതിപ്പെട്ടപ്പോള്‍ അപമര്യാതയായാണ് പെരുമാറിയത്. തമിഴ്നാട് അതിര്‍ത്തി ചെക്കുപോസ്റ്റുകളായ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാര്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയെന്ന് അവകാശവാദം സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കി രാത്രികാലങ്ങളില്‍ ബസിനുള്ളില്‍ നടത്തുന്ന അനധികൃത കള്ളക്കടത്തും മറ്റും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
Source – http://www.kvartha.com/2018/01/excise-and-police-inspection-smuggling.html
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog