ആ ചിത്രം വരച്ചതാര് ? 20 വർഷമായി ഉത്തരം കിട്ടാത്ത ചോദ്യം..

ആ ചിത്രം വരച്ചതാര് ? ഇരുപതുവര്‍ഷം മുമ്പ് ഉയര്‍ന്ന ആ ചോദ്യത്തിന് ഇന്നും ഉത്തരമില്ല. ഓസ്‌ട്രേലിയന്‍ സൈന്യം നിരോധിത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്ത് 20 വര്‍ഷം മുമ്പാണ് ആ കൂറ്റന്‍ ചിത്രം പ്രത്യക്ഷപ്പെടുന്നത്. മാറീ മാന്‍, സ്റ്റുവാര്‍ട്‌സ് ജയന്റ് എന്നെല്ലാം പ്രശസ്തമായ ഈ ചിത്രത്തിനു നാലു കിലോമീറ്ററിലേറെയാണു നീളം. ബൂമറാങ് എറിയാന്‍ നില്‍ക്കുന്ന ഗോത്രവിഭാഗക്കാരനെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിനു പിന്നില്‍ ആരാണു പ്രവര്‍ത്തിച്ചതെന്നത് ഇന്നും രഹസ്യം. ജിയോഗ്ലിഫ് എന്നാണ് ഇത്തരം ചിത്രങ്ങള്‍ അറിയപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇവ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ഏറ്റവും വലിയ രണ്ടാമത്തെ ചിത്രമാണ് ഓസ്‌ട്രേലിയയിലുള്ളത്.

സെന്‍ട്രല്‍ സൗത്ത് ഓസ്‌ട്രേലിയയിലെ മാറീ ടൗണിനു പടിഞ്ഞാറാണ് ഈ ചിത്രം കണ്ടെത്തിയത്. അതിനാലാണു മാറീ മാന്‍ എന്ന പേരിട്ടതും. 4.2 കിലോമീറ്റര്‍ വരും ഇതിന്റെ ആകെ നീളം, വ്യാസമാകട്ടെ 28 കിലോമീറ്ററും. ആരാണ് ഇത്രയും കൃത്യമായി, അതും ഇത്രയേറെ വലുപ്പത്തില്‍ ചിത്രം വരച്ചതെന്ന സംശയത്തിനുള്ള ഉത്തരം സര്‍ക്കാര്‍ തലത്തില്‍ വരെ തേടിയിട്ടുണ്ട്. അതിനിടെയാണ് ഓസ്‌ട്രേലിയന്‍ ബിസിനസുകാരനായ ഡിക്ക് സ്മിത്ത് രംഗത്തെത്തിയത്. മാറീ മാനിന്റെ രഹസ്യം കണ്ടെത്തുന്നവര്‍ക്ക് 5000 ഡോളര്‍(ഏകദേശം മൂന്നേകാല്‍ ലക്ഷം രൂപ)യാണ് ഇദ്ദേഹത്തിന്റെ വാഗ്ദാനം. ഒരു റേഡിയോ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റേതൊരു ആളെപ്പോലെയും ഇക്കാര്യത്തില്‍ താനും ആകാംക്ഷയോടെയാണിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രണ്ടു വര്‍ഷത്തോളം ഇതിന്റെ രഹസ്യം തേടിയലഞ്ഞു. ഒടുവില്‍ തോല്‍വി സമ്മതിച്ചാണ് ഇപ്പോള്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഒരു കാര്യത്തില്‍ അദ്ദേഹത്തിന് ഉറപ്പുണ്ട്. ആ ജിയോഗ്ലിഫിനു പിന്നില്‍ പ്രവര്‍ത്തിച്ചതു മനുഷ്യര്‍ തന്നെയാണ്. അന്യഗ്രഹജീവികള്‍ക്ക് ഒരിക്കലും അതു സാധ്യമാകില്ല. എന്നാല്‍ ലോകത്ത് പലരും വിശ്വസിക്കുന്നത് മാറീ മാനിനു പിന്നില്‍ അന്യഗ്രഹത്തില്‍ നിന്നെത്തിയവരാണെന്നാണ്. തങ്ങളുടെ വംശത്തിലെ ഒരംഗത്തിന്റെ പകര്‍പ്പാണ് അവര്‍ ചിത്രമാക്കി പകര്‍ത്തിവച്ചതെന്നും അവര്‍ പറയുന്നു.

എന്നാല്‍ അന്യഗ്രഹ ജീവി കഥകളെ പൊളിക്കുന്ന പല തെളിവുകളും ചിത്രത്തിനടുത്ത് നിന്ന് ലഭിച്ചിരുന്നു. ഒരു കൂട്ടം അമേരിക്കക്കാരുടെ സൃഷ്ടിയാണിതെന്ന വാദത്തിന് വാദത്തിനാണ് ഏറ്റവുമധികം പിന്തുണ ലഭിച്ചത്. ഒറ്റയ്ക്ക് ഒരാള്‍ക്ക് ഇത്തരത്തിലും തികച്ചും പ്രഫഷണലായ ഒരു ചിത്രം തയാറാക്കാനാകില്ല. അതും ഒരു നിരോധിത മേഖലയില്‍. മൂന്നോ നാലോ പേരുണ്ടായിരുന്നിരിക്കണം. മാത്രവുമല്ല ഒരാഴ്ചയോളം പണിയെടുത്താല്‍ മാത്രമേ ആ മരുപ്രദേശത്ത് ഇത്തരമൊരു ചിത്രം വരച്ചെടുക്കാന്‍ ആവുകയുള്ളൂ. അതും ആകാശത്തു നിന്നു പോലും കൃത്യമായി കാണാവുന്ന വിധത്തില്‍ വിദഗ്ധമായി.

ചിത്രത്തിനു സമീപത്തു നിന്നു ലഭിച്ച ഒരു ഫലകത്തില്‍ അമേരിക്കന്‍ പതാകയുണ്ടായിരുന്നതായാണ് ഇതിനു പിന്നില്‍ അവിടെ നിന്നുള്ളവരാണെന്ന സംശയം ശക്തമാക്കിയത്. മാത്രവുമല്ല, മാറീ മാന്‍ വരച്ചെടുക്കുന്ന സമയത്ത് ഓസ്‌ട്രേലിയയിലെ പല മാധ്യമ സ്ഥാപനങ്ങളിലേക്കും ഫാക്‌സുകള്‍ വന്നിരുന്നു. ‘ലോകത്തിലെ ഏറ്റവും വലിയ ആര്‍ട് വര്‍ക് ഒരുക്കിക്കഴിഞ്ഞു’ എന്നായിരുന്നു സന്ദേശം. ഇതെഴുതിയതിലെ അമേരിക്കന്‍ ഭാഷാസ്വാധീനമാണ് സംശയം ശക്തമാക്കാനുള്ള മറ്റൊരു കാരണം. ആകാശത്തു നിന്നും കാണാവുന്ന ഒരു ചിത്രം വരയ്ക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച പ്രശസ്ത ചിത്രകാരന്‍ ബാര്‍ഡിയസ് ഗോള്‍ഡ്‌ബെര്‍ഗാണ് ഇതിനു പിന്നിലെന്നും പറയപ്പെടുന്നുണ്ട്.

ആരായാലും വേണ്ടില്ല രഹസ്യത്തിന്റെ ചുരുളഴിക്കണമെന്നേ ഡിക് സ്മിത്ത് ആവശ്യപ്പെടുന്നുള്ളൂ.ഏതു തരത്തിലാണെങ്കിലും ഇതിന്റെ രഹസ്യം അറിഞ്ഞാല്‍ അക്കാര്യം ജനങ്ങളെ അറിയിക്കും. പക്ഷേ തനിക്കു നല്‍കുന്ന വിവരം രഹസ്യമായി സൂക്ഷിക്കാന്‍ അവര്‍ ആവശ്യപ്പെട്ടാല്‍ അക്കാര്യവും തനിക്ക് സമ്മതമെന്ന് ഡിക് സ്മിത്ത് പറയുന്നു. പണത്തിന് ആവശ്യമുള്ള ആരെങ്കിലും ഈ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

കടപ്പാട് – ചുരുളഴിയാത്ത രഹസ്യങ്ങൾ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply