പത്തനംതിട്ട ∙ കെയുആർടിസിയുടെ ലോഫ്ലോർ എസി വോൾവോ ബസിന്റെ വശത്തെ കണ്ണാടി (റിയർവ്യു മിറർ) പൊട്ടിയാൽ ഇനി കട്ടപ്പുറത്താകില്ല. കെഎസ്ആർടിസി ഡിപ്പോയിലെ രണ്ടാം ഗ്രേഡ് മെക്കാനിക് ഹരിപ്പാട് അകംകുടി ആശാരിപറമ്പിൽ പി. രമേശിന്റെ കരവിരുതിൽ രൂപകൽപന ചെയ്ത കണ്ണാടി വിജയം കണ്ടു. ഓട്ടത്തിനിടെ കണ്ണാടി സ്ഥാപിച്ച പൈപ്പ് ഒടിഞ്ഞു താഴെവീണ് നശിക്കുന്നതു പതിവാണ്. വോൾവോ കമ്പനിയുടെ റിയർവ്യു മിററിന് 25,000 രൂപയാണ്.

ഇതു കാരണം സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും എസി വോൾവോ ബസുകൾ കട്ടപ്പുറത്തുണ്ട്. പത്തനംതിട്ട– എറണാകുളം, പത്തനംതിട്ട– തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തിവന്ന ജെഎൻ 342–ാം നമ്പർ ബസിന്റെ കണ്ണാടി തകർന്ന് ഏതാനും ദിവസം കട്ടപ്പുറത്തായി. ഇതു ശരിയാക്കണമെങ്കിൽ ബസ് എറണാകുളത്ത് എത്തിക്കണം. പ്രതിദിനം 30,000 മുതൽ 35,000 രൂപ വരെ വരുമാനമുള്ള സർവീസാണിത്. ഒരു കോടിയിൽ അധികം വില വരുന്ന ബസിന്റെ വശത്തെ കണ്ണാടി പൊട്ടി കട്ടപ്പുറത്തായത് രമേശിനെ ഏറെ സങ്കടപ്പെടുത്തി.
ഇതേ തുടർന്നാണ് തന്റെ കഴിവുകൾ പ്രയോജനപ്പെടുത്തി സ്വന്തമായി റിയർവ്യു മിറർ രൂപകൽപന ചെയ്യാൻ മുന്നിട്ടിറങ്ങിയത്. 650 രൂപയുടെ ചെലവേ ആയുള്ളു. ജോലി സമയം കഴിഞ്ഞ് മൂന്നു ദിവസം കൊണ്ട് പണി പൂർത്തിയാക്കി ജെഎൻ 342–ാം നമ്പർ വോൾവോ ബസിൽ സ്ഥാപിച്ചു. ഡ്രൈവർമാർ പരീക്ഷണ അടിസ്ഥാനത്തിൽ ഓടിച്ചു നോക്കി. അനുയോജ്യമാണെന്നു കണ്ടു. എങ്കിലും ഡ്രൈവർമാർക്ക് സംശയം. ഓട്ടത്തിൽ ഒടിഞ്ഞു താഴെ വീഴുമോ എന്ന്. ഒന്നര ഇഞ്ചിന്റെ പൈപ്പിലാണ് കണ്ണാടി സ്ഥാപിച്ചിരുന്നത്.
രമേശ് കണ്ണാടിയുടെ പൈപ്പിൽ തൂങ്ങിനിന്ന് പൊട്ടില്ലെന്നു തെളിയിച്ചുകൊടുത്തു. 80 കിലോ ഭാരമുണ്ടായിട്ടും പൈപ്പ് വളഞ്ഞതു പോലുമില്ല. ഇപ്പോൾ മൂന്നുമാസമായി ഈ കണ്ണാടിയുമായാണ് ജെഎൻ 342 വോൾവോ സർവീസ് നടത്തുന്നത്. ഇതുവരെ ഒരു കുഴപ്പവുമില്ല. 25,000 രൂപ മുടക്കേണ്ട സ്ഥാനത്താണ് 650 രൂപയുടെ കണ്ണാടി സർവീസിന് പ്രയോജനപ്പെടുന്നത്.
ഡിടിഒ എസ്.കെ. സുരേഷ് കുമാർ, ഡിപ്പോ എൻജിനീയർ ഷമീർ എന്നിവർ രമേശിനെ പൊന്നാട അണിയിച്ച് ആദരിക്കാനും മറന്നില്ല. നേരത്തെ ബസുകളുടെ പണിക്ക് ആവശ്യമുള്ള ജാക്കി സ്വന്തമായി രൂപകൽപന ചെയ്തു നിർമിച്ചിട്ടുണ്ട്. പത്തനംതിട്ടക്കു പുറമേ റാന്നി, കോന്നി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിലും ഈ ജാക്കി ഉപയോഗിച്ചാണ് പണി ചെയ്യുന്നത്.
News: ManoramaOnline
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog