നമുക്കൊരുമിച്ച് ഒരു ദിവസം ഒരു കാട് കയറണം. ഒരു 2 ദിവസത്തെ യാത്ര. കാടിൻ്റെ ഇങ്ങേ അറ്റo മുതൽ അങ്ങേ അറ്റം വരെയുള്ള യാത്ര? ഒരിക്കൽ പ്രിയ സുഹ്യത്ത് അജോ ജോർജ് എന്നോട് പറഞ്ഞ വാക്കുകളാണിത് .അദ്ദേഹം എന്നോട് പറഞ്ഞ വഴി ,പൂയംകുട്ടിയിൽ നിന്നും കടത്ത് കടന്ന് കല്ലേലി മേട് ,മണികണ്ഠൻ ചാൽ വഴി ആ കാടിൻ്റെ അങ്ങേ അറ്റത്തേക്ക്…
ഇതേ വനത്തിൽ മറ്റൊരു പാതയിലൂടെ ഞാൻ മണികണ്oൻ ചാൽ പോയിട്ടുണ്ടെങ്കിലും , പല കാട്ടുപാ തയിലൂടേയുo ഇവിടം ഞാൻ അകത്ത് കയറിയിട്ടുണ്ടെങ്കിലും തന്നെ ,ഇദ്ദേഹം പറഞ്ഞ വഴി ഞാൻ പോയിട്ടില്ലായിരുന്നു. അങ്ങിനെ ഒരു ദീർഘദൂര യാത്രക്ക് പൈസയില്ലാതെ വീട്ടിൽ ചൊറി കുത്തി ഇരുന്നപ്പോഴാണ് ,കല്ലേലി മേട് മനസിലേക്ക് തെളിഞ്ഞു വന്നത്. അജോ യുടെ കൂടെ പോകുന്നതിന് മുൻപ് ആ വഴിയൊക്കെ ഒന്നു പഠിച്ച് വെക്കാമെന്ന് കരുതി ഞാനും എൻ്റെ സുഹൃത്ത് അഖിൽ രാജ് മൊത്ത് ബൈക്കുമായി പൂയം കുട്ടിയിലേക്ക് യാത്ര തിരിച്ചു .
അവിടുന്ന് കടത്ത് കടന്ന് വേണം കാട് കയറാൻ .യന്ത്രമില്ലാത്ത ഒരു ജങ്കാർ സർവീസ് ഞങ്ങൾ അവിടെ കണ്ടു. പുഴക്ക് ഒരു 100 മീറ്റർ വീതി കാണും .ഞങ്ങൾ ചെന്നപ്പോഴേക്കും അക്കരെ നിന്നും ആ ജങ്കാറിൽ, ഒരു ജീപ്പും ,രണ്ട് 2 വീലറും ,കുറെ ആളുകളേയും കയറ്റി ഒരു നരുന്ത് പോലോത്ത മനുഷ്യൻ മുളക്ക് കുത്തി ഇക്കരെക്ക് വരികയാണ്.
സ്വന്തമായി വള്ളവും വലയും ഞങൾക്ക് ആലുവയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ തവണ ഇടമലയാർ ഡാം തുറന്ന് വിട്ടപ്പോൾ ആലുവയിൽ ഭൂരിഭാഗം താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി .ആ മലവെള്ളപാച്ചിലിൽ ഞങ്ങളുടെ വളളവും വലയും കൊച്ചിക്കായലിലേക്ക് യാത്ര പോയി . ഒരു 4 ആളെയും കയറ്റി ആ വഞ്ചി ഒന്നു അക്കരെ കടത്തുമ്പോഴേക്കും സത്യം പറഞ്ഞ അവശതയായിട്ടുണ്ടാവും .അപ്പോഴാണ് ഒരു മനുഷ്യൻ ജീപ്പും ,ബൈക്കും, കുറെ ആൾക്കാരെയും ഒക്കെ കയറ്റി മുളയ്ക്ക് കുത്തി വരുന്നത് .അയാളുടെ ഒരു തുഴച്ചിലും ,പാർക്കിങ്ങും ഒക്കെ കണ്ടപ്പോൾ സത്യം പറഞ്ഞ അസൂയ തോന്നി.
അങ്ങിനെ ഞങ്ങൾ ൈബക്ക് ജങ്കാറിൽ കയറ്റി .അക്കരെ എത്തി ഞങ്ങൾ കാട്ടുപാതയിലേക്ക് കയറി പറ്റി. ഈറ്റക്കാടുകളാൽ സമ്യദ്ധമായ മണികണ്oൻ ചാൽ… ചീയപ്പാറ വെള്ളച്ചാട്ടത്തേക്കാൾ ഉയരത്തിൽ നിന്നും വെള്ളം താഴോട്ട് പതിക്കുന്ന സ്വാമിക്കുത്ത് വെള്ളച്ചാട്ടം. ഘോരവനത്തിലെ കാട്ടു ഗ്രാമങ്ങളായ കല്ലേലി മേടും ,കുഞ്ചിപ്പാറയും
ഇവിടം അതാണ് … വനത്തേയും വന്യമൃഗങളെയും നേരിട്ടറിയാൻ കാട്ടുപാതയിലൂടെ ഒരു ( offroad ) യാത്ര.
പൂയംകുട്ടിയിൽ നിന്നും ബ്ലാവന കടത്തു കടന്ന് ,ഞാനും അഖിലും കല്ലേലി മേടിലേക്കുള്ള വഴിയിൽ കയറി .റോഡിൻ്റെ കുറച്ച് ഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ട് .പിന്നെ യങ്ങോട് ഓഫ് റോഡും. വഴിയിലെങ്ങും മണ്ണിലുറച്ചിട്ടില്ലാത്ത വലിയ വലിയ പാറക്കല്ലുകൾ .ഇരുചക്രവാഹനത്തിനു സഞ്ചരിക്കാൻ അത്യധികം ബുദ്ധിമുട്ട് നേരിടേണ്ടി വന്ന കാട്ടുപാത .വഴിയിലെങ്ങും അധികം പഴക്കമില്ലാത്ത ആന പിണ്ഡങ്ങൾ .
കുറെ ദൂരം മുന്നോട്ട് പോയപ്പോൾ ഏതാനും സ്ത്രീകൾ വഴിയുടെ ഇരുവശവുമുള്ള കുറ്റിച്ചെടികളെ യെല്ലാം വെട്ടി മാറ്റി അവിടം വെളുപ്പിക്കുന്നു .വയസായ സ്ത്രീകളും ,ചെറുപ്പക്കാരികളും ,തള്ളയും ,പുളളയും ഒക്കെ ആ കൂട്ടത്തിലുണ്ട്. ഏതോ ഒരു തള്ളയുടെ ഏതോ ഒരു സുന്ദരിയായ പുളളയെ ഞാനൊന്ന് വെറുതെ നോക്കിയതാ…, വണ്ടിയുടെ നിയന്ത്രണം വിട്ടു പ്രതീക്ഷിക്കാത്ത ഒരുവലിയ പാറക്കഷണത്തിൻ്റെ മുകളിലേക്ക് ചക്രം കയറി പോയി .ഞൊടിയിടയിൽ മറിഞ്ഞു വീഴാതിരിക്കാനുള്ള ശ്രമത്തിനിടയിൽ എൻ്റെ ഇടത്തേ കാലിനു പരിക്കേറ്റു. കാല് നിലത്തു കുത്താൻ പറ്റാത്ത അവസ്ഥ .പിന്നീടങ്ങോട്ടുള്ള കപ്പിത്താൻ്റെ ജോലി അഖിൽ രാജ് ഏറ്റെടുത്തു.
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ പട്ടികവർഗ പഞ്ചായത്തായ കുട്ടമ്പുഴയിലെ ആദിവാസി കോളനികളാണ് കല്ലേലി മേടും ,കുഞ്ചിപ്പാറയും. കാട്ടിലൂടെ ഒരു 8 കി.മി ഓളം സഞ്ചരിച്ചപ്പോഴേക്കും കല്ലേലി മേട് എന്ന കൊച്ചു കാട്ടു ഗ്രാമത്തിലെത്തി. ഒരു വലിയ പല ചരക്ക് കടയും ,ചെറിയ ഒരു ചായക്കടയും അവിടെ ഞങ്ങൾ കണ്ടു. കുറെ വൃദ്ധരായ ആളുകൾ അവിടുത്തെ കടത്തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു. കുറെ നേരം ഞങ്ങൾ അവരുമായി കുശലം പറഞ്ഞു .ശേഷം അവരോട് യാത്ര പറഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു .. സ്വാമി കുത്ത് വെള്ളച്ചാട്ടത്തിലേക്ക്.
സ്വാമി കുത്തിലേക്കുള്ള വഴിയിൽ കുണ്ടും ,കുഴിയും കുറച്ച് കുറഞ്ഞതുപോലെ തോന്നി ,പക് ഷെ ഇവിടം കാടിൻ്റെ ആ ഒരു ഭീകരത കൂടുതലാണ്. സൂര്യകിരണങ്ങളെ ഈറ്റക്കാടുകളാൽ വഴിത്താരകളിലെങ്ങും മൂടപ്പെട്ടുകിടക്കുന്നു .ഒരു ചെറിയ പുഴ മുറിച്ച് കടന്നു വേണം വെള്ളച്ചാട്ടത്തിലെത്താൻ .ഒരടിയോളം വെള്ളം പുഴയിലൂടെ ഒഴുകുന്നുണ്ടായിരുന്നു. മഴക്കാലത്ത് ഈ പുഴ മുറിച്ച് കടന്ന് വെള്ളച്ചാട്ടത്തിലെത്തുക അസാധ്യമാണ്.
പുഴയെ മുറിച്ച് കടന്ന് മുന്നോട്ട് പോകുന്തോറും സ്വാമി കുത്ത് വെള്ളച്ചാട്ടത്തിൻ്റെ അലയൊലികൾ കാതിലേക്ക് പതിയെ പതിയെ അടുക്കാൻ തുടങ്ങി. ഇവിടം ആരെയും ഭയപ്പെടുത്തുന്ന കാട് തന്നെയാണ് .എത്ര ധൈര്യമുള്ളവരും ഈ ഭാഗത്ത് എത്തുമ്പോൾ സത്യം പറഞ്ഞാൽ ഒന്നും പേടിക്കും .ഒന്നര കി.മി ഓളം മുന്നോട്ട് പോയപ്പേഴേക്കും ഞങ്ങൾ വെള്ളച്ചാട്ടത്തിലെത്തി .
ഉൾക്കാടിൻ്റെ ഉള്ളറയിൽ ഒളിഞ്ഞു കിടക്കുകയാണ് ഈ വെള്ളച്ചാട്ടം .സാധാരണ ഒരു വെള്ളച്ചാട്ടം നാം കാണുക അതിൻ്റെ താഴെ നിന്നായിരിക്കും .പക്ഷ ഈ വെള്ളച്ചാട്ടം നാം കാണുക അതിൻ്റെ മുകളിൽ നിന്നാണ്. ചീയപ്പാറ വെള്ളച്ചാട്ടത്തേക്കാൾ ഉയരത്തിൽ നിന്നു മാണ് വെള്ളം ഇവിടെ താഴോട്ട് പതിക്കുന്നത്. അവിടുത്തെ മലമടക്കുകളിൽ പിടിച്ച് പിടിച്ച് കുറച്ച് ഭാഗം ഞങ്ങൾ താഴോട്ട് ഇറങ്ങി .നല്ല ഒരു കുളിയും പാസാക്കി .അവിടുന്ന് വണ്ടിയെടുത്ത് മണികണ്ഠൻ ചാൽ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി.
പക്ഷെ വഴിയിൽ മരം ഒടിഞ്ഞു കിടന്നതിനാൽ അങ്ങോട്ട് പോകാൻ കഴിയാതെ ഞങ്ങൾ വണ്ടി തിരിച്ച് കുഞ്ചിപ്പാറ ആദിവാസി കോളനിയിലേക്ക് യാത്ര തിരിച്ചു . വഴിയിൽ വച്ച് എൻ്റെ കാലിനേറ്റ പരിക്ക് കൂടി കൂടി അവസാനം നടക്കാൻ പറ്റാത്ത അവസ്ഥയായി റോഡാണെങ്കിൽ വളരെ വളരെ മോശമായി കൊണ്ടിരുന്നു. ഒരാൾ വണ്ടി ഓടിക്കുകയും ,മറ്റേ ആൾ നടക്കുകയും വേണം .എന്നെ കൊണ്ട് വണ്ടി ഓടിക്കാനും നടക്കാനും പറ്റാത്ത അവസ്ഥയായി. ഒടുവിൽ ഈ യാത്രയും മുഴുവിക്കാനായില്ല. ഒടുവിൽ ഞങ്ങൾ വണ്ടി തിരിച്ചു.
സമയം വൈകിട്ട് 6 മണിയോടെ തിരിച്ച് ഞങ്ങൾ ബ്ലാവന കടത്തിലെത്തി.കടത്തുകാരൻ ഞങ്ങളെ നോക്കി നിൽപ്പുണ്ടായിരുന്നു. എത്രയും വേഗം ആലുവയിൽ ഹോസ്പിറ്റലിലെത്തി കാലിന് എക്സറെ എടുത്തു നോക്കി .എല്ലൊന്നും ഒടിഞ്ഞിട്ടില്ല .ഒന്ന് മടങ്ങിയതാണ് .അങ്ങിനെ ഒരാഴ്ച്ചത്തെ പണി പോയി കിട്ടി.
കടപ്പാട് – സക്കീര് വഴേലിപറമ്പില്.