‘ജനഗണമന’യും ‘വന്ദേമാതര’വും : ചരിത്രവും വ്യത്യാസങ്ങളും…

ജനഗണമന ഭാരതത്തിന്റെ ദേശീയഗാനമാണ്‌. സാഹിത്യത്തിന്‌ നോബൽ സമ്മാനർഹനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ്‌ പിന്നീട് ദേശീയഗാനമായി ഇന്ത്യൻ ജനത സ്വീകരിച്ചത്. ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌.

1911, ഡിസംബർ 27 നു,‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിലായിരുന്നു രവീന്ദ്രനാഥ ടാഗോർ ജനഗണമന ആദ്യമായി ആലപിച്ചത്.ബംഗാളിയിൽ രചിച്ച ആ ഗാനത്തിന് ‘ഭാഗ്യവിധാതാ’ എന്നാണ് ആദ്യം പേരിട്ടിരുന്നത്. ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ സംഗീതം നൽകിയ ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. 1912 ജനുവരിയില്‍ തത്വബോധി എന്ന പത്രികയിലാണ് ഭാരത് വിധാത എന്ന ശീര്‍ഷകത്തില്‍ ഈ ഗാനം ആദ്യം പ്രസിദ്ധീകൃതമായത്. (തത്വബോധിനി പത്രികയുടെ പത്രാധിപര്‍ രവീന്ദ്രനാഥ ടാഗോര്‍ ആയിരുന്നു) ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യവാഹകരായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഈ ഗാനം ദേശീയഗാനമായി അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ പാർലമെന്റിൽ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനവരി 24നാണ്. ഈ ദിവസമാണ് ‘ജനഗണമന ‘ ദേശീയഗാനമായി അംഗീകരിച്ചത്. ആദ്യ ഖണ്ഡികയാണ് ജനഗണമന.

മലയാള പരിഭാഷ: സർവ്വ ജനങ്ങളുടെയും മനസ്സിന്റെ അധിപനും നായകനുമായവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് ജയിച്ചാലും. പഞ്ചാബ്, സിന്ധ് , ഗുജറാത്ത്, മഹാരാഷ്ട്ര, ദ്രാവിഡം, ഒറീസ്സ, ബംഗാൾ, എന്നീ പ്രദേശങ്ങളും വിന്ധ്യൻ, ഹിമാലയം എന്നീ കൊടുമുടികളും, യമുനാ, ഗംഗാ എന്നീ നദികളും സമുദ്രത്തിൽ അലയടിച്ചുയരുന്ന തിരമാലകളും അവിടത്തെ ശുഭ നാമം കേട്ടുണർന്നു അവിടത്തെ ശുഭാശിസ്സുകൾ പ്രാർഥിക്കുന്നു; അവിടത്തെ ശുഭഗീതങ്ങൾ ആലപിക്കുന്നു. സർവ്വ ജനങ്ങൾക്കും മംഗളം നല്കുന്നവനെ, ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

കോൺഗ്രസ്സ് സമ്മേളനത്തിൽ ആദ്യമായി ടാഗോറിന്റെ കവിത ആലപിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ബ്രിട്ടനിലെ ജോർജ്ജ് അഞ്ചാമൻ രാജാവിനു് സ്വീകരണം നൽകിയത്. ഈ ഒരു കാരണം കൊണ്ടുതന്നെ പലരും ഗാനത്തിൽ ദൈവമെന്നു് വിവക്ഷിച്ചിരിക്കുന്നത് ജോർജ്ജ് രാജാവിനെയാണെന്നു് കരുതിപ്പോന്നിരുന്നു.[2] പിന്നീട് ടാഗോറിന്റെ തന്നെ വിശദീകരണത്തിൽ അദ്ദേഹം “വിധാതാവായി” കരുതുന്നത് ദൈവത്തിനെ തന്നെയാണെന്നു് വ്യക്ത്യമാക്കുകയുണ്ടായി. അല്ലെങ്കിൽ തന്നെയും ബ്രിട്ടീഷ് രാജാവ് സമ്മാനിക്കുകയുണ്ടായ “പ്രഭു” പദവി തന്നെ നിരാകരിച്ച ടാഗോർ എന്ന ദേശീയവാദിയിൽ നിന്നു് ജോർജ്ജ് അഞ്ചാമനെ പ്രകീർത്തിച്ചുകൊണ്ടൊരു ഗാനം ഉണ്ടാവുകയില്ലെന്നു് ഭൂരിപക്ഷവും വിശ്വസിച്ചുപോന്നിരുന്നു.

2005 -ൽ ദേശീയഗാനത്തിൽ “സിന്ധ്” എന്ന പദം ഉപയോഗിക്കുന്നതിലുള്ള അനൌചിത്യം ചൂണ്ടിക്കാണിച്ചുകൊണ്ട് വിവാദങ്ങൾ ഉണ്ടായിരുന്നു. 1947 -ൽ തന്നെ ഭാരതത്തിൽ നിന്നു് വേർപ്പെട്ടുപോയ പാകിസ്താൻ എന്ന രാജ്യത്തിലെ ഒരു പ്രവിശ്യയാണു് സിന്ധ് എന്ന കാരണമായിരുന്നു വിവാദമൂലം. സിന്ധ് എന്ന പദത്തിനു പകരം കാശ്മീർ എന്നോ മറ്റൊരു പദമോ ഉപയോഗിക്കണമെന്ന് ഇതു സംബന്ധിച്ച് സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്ന പൊതുതാൽപര്യ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സിന്ധ് എന്ന പദം സൂചിപ്പിക്കുന്നത് സിന്ധുനദീതട സംസ്കൃതിയെയും, സിന്ധികൾ എന്ന ജനവിഭാഗത്തെയും ആണെന്നായിരുന്നു വിവാദത്തിൽ താല്പര്യമില്ലാതിരുന്ന ഒരു വിഭാഗം കരുതിപ്പോന്നിരുന്നത്. പിന്നീട് ഇന്ത്യൻ സുപ്രീം കോടതി തന്നെ ദേശീയഗാനത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നും സിന്ധ് എന്നതു സൂചിപ്പിക്കുന്നത് ഒരു സംസ്കാരത്തേയാണെന്നും അതല്ലാതെ ഒരു പ്രവിശ്യയെ അല്ലെന്നും അഭിപ്രായപ്പെടുകയുണ്ടായി.

ഔദ്യോഗികമായി നിഴ്ചയിച്ചിട്ടുള്ള രീതിയില്‍ ദേശീയഗാനം ആലപിക്കണമെന്നും ആലാപനവേളയില്‍ അതിനു സാക്ഷ്യം വഹിക്കുന്നവരെല്ലാം ദേശത്തോടുളള ആദരസൂചകമായി എഴുന്നേറ്റു നില്‍ക്കണമെന്നും വ്യവസ്ഥയുണ്ട്. സ്വാതന്ത്ര്യദിനം, റിപ്പബ്ളിക് ദിനം എന്നിവ ആഘോഷിക്കുന്പോഴും മറ്റ് ഔദ്യോഗിക ചടങ്ങുകളുടെ ആരംഭത്തിലും ചില നിശ്ഛിത ചടങ്ങുകളുടെ അന്ത്യത്തിലും ദേശീയഗാനം ആലപിക്കണമെന്നു ചട്ടമുണ്ട്. വിദേശ ഭരണാധികാരികള്‍ ഭാരതം സന്ദര്‍ശിക്കുന്പോഴുള്ള ചടങ്ങുകളിലും ഭാരതം വിദേശരാജ്യങ്ങളില്‍ വച്ച് ഔദ്യോഗികമായി പങ്കെടുക്കുന്ന ചടങ്ങുകളിലും ബന്ധപ്പെട്ട രണ്ടു രാജ്യത്തിന്‍റെയും ദേശീയഗാനങ്ങള്‍ ആലപിക്കണമെന്നാണ് വ്യവസ്ഥ. അന്തര്‍ദേശീയ കലാ, കായിക മേളകളിലും മറ്റും ഓരോ രാജ്യത്തിന്‍റെയും പ്രതിനിധികള്‍ സമ്മാനിതരാവുന്പോള്‍ അതതു രാജ്യത്തിന്‍റെ ദേശീയഗാനം ആലപിക്കുന്ന സന്പ്രദായം അന്തര്‍ദേശീയമായി അംഗീകരിച്ചിട്ടുണ്ട്.

വന്ദേമാതരം : ഭാരതത്തിന്റെ ദേശീയഗാനമായ ജനഗണമനയുടെ തുല്യപ്രാധാന്യമുള്ള ദേശീയഗീതമാണ്‌ (National Song) വന്ദേമാതരം. എന്നാൽ ദേശീയഗാനമായ ജനഗണമനയുടെ ഔദ്യോഗികപരിവേഷം ഇതിനില്ല. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തന്റെ ഊർജ്ജ സ്രോതസ്സായിരുന്നു ഈ ഗാനം. പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി ആണ് ഇതിന്റെ രചയിതാവ്. ബംഗാളിയിലാണ് ഇത് രചിച്ചിരിക്കുന്നതെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം വേണ്ടുവോളമുണ്ട്. ഭാരതാംബയെ സ്തുതിക്കുന്ന ഗീതമായാണ് ഇതിന്റെ രചന. ദേശ് എന്ന രാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

1876 ൽ ബങ്കിം ചന്ദ്ര ചാറ്റർജി ബ്രിട്ടീഷുകാർക്കു കീഴിൽ ജോലി ചെയ്യുമ്പോഴാണ് ഈ ഗാനം എഴുതിയത്. 1870-കളിൽ, ബ്രിട്ടീഷ് രാജ്ഞിയെ സ്തുതിക്കുന്ന “ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ” എന്ന ഗാനം എല്ലാവരും നിർബന്ധമായും ആലപിക്കണമെന്ന ബ്രിട്ടീഷ് നിബന്ധനയോടുള്ള പ്രതിഷേധമായാണ് ഈ ഗാനം രചിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. 1882-ൽ പുറത്തുവന്ന ആനന്ദമഠമെന്ന പുസ്തകത്തിലാണ് ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പിന്നീട്, ജദുനാഥ് ഭട്ടാചാര്യ ഈ ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചു.

സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിയുള്ള തീക്ഷ്ണമായ ശബ്ദമായി വന്ദേമാതരം മാറി. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായ റാലികളിലും പ്രകടനങ്ങളിലും “വന്ദേമാതരം” മുഴക്കിക്കൊണ്ടാണ് ജനങ്ങൾ ദേശസ്നേഹം പ്രകടിപ്പിച്ചത്. അങ്ങനെ ഇന്ത്യൻ സ്വാതന്ത്രത്തിന്റെയും ദേശിയ ഐക്യത്തിന്റെയും പ്രതീകമായി വന്ദേമാതരം മാറി. ഇതിൽ വിളറി പൂണ്ട ബ്രിട്ടീഷ് ഭരണകൂടം വന്ദേമാതരം പരസ്യമായി ആലപിക്കുന്നത് ഒരിടയ്ക്ക് നിരോധിച്ചു. നിരവധി സ്വാതന്ത്രസമരസേനാനികൾ ഈ കുറ്റത്തിന് തുറങ്കിലടയ്ക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസിൻ്റെ  1896-ലെ കൊൽക്കത്ത സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ ഗാനമാലപിച്ചു. ഒരു രാഷ്ട്രീയ പൊതുവേദിയിൽ വന്ദേമാതരം ആലപിക്കപ്പെട്ട ആദ്യത്തെ സന്ദർഭമായിരുന്നു ഇത്.

വന്ദേമാതരം എന്ന ഗാനം ഏതൊരു ഭാരതീയന്‍റേയും ആത്മാഭിമാനത്തെ തൊട്ടുണര്‍ത്തുന്ന വീര ദേശഭക്തി ഗാനമാണ്. കുറേ കാലഘട്ടത്തേക്കെങ്കിലും വന്ദേമാതരം ഇന്ത്യയുടെ ദേശീയഗാനമായാണ് കരുതപ്പെട്ടിരുന്നത്. ഭാരതത്തെ മാതാവായി കണക്കാക്കി പൂജിക്കുന്നു എന്ന കാരണത്താൽ ചിലർ ഇത് ഉൾക്കൊള്ളാൻ വിസമ്മതിച്ചിരുന്നു. എന്തൊക്കെ പറഞ്ഞാല്‍ പോലും ഏശാത്ത വിധം അത് ഓരോ ഭാരതീയന്‍റേയും മനസില്‍ ഉറച്ചുകഴിഞ്ഞു. വന്ദേമാതരം ആകാശവാണിയിലൂടെ നാമെന്നും കേള്‍ക്കുന്നു. ആര്‍ക്കും അതില്‍ ഒരു പരാതിയുമില്ല. കേരളത്തിന്‍റെ വീരപുത്രന്‍ വക്കം അബ്ദുള്‍ ഖാദര്‍,ബിട്ടീഷുകാര്‍ തൂക്കിലേറ്റുമ്പോള്‍ വന്ദേ മാതരം എന്നുരുവിട്ടായിരുന്നു മരണം വരിച്ചത്. ആരിഫ് മുഹമ്മദ് ഖാന്‍ വന്ദേമാതരത്തിന് ഉര്‍ദ്ദുവില്‍ പരിഭാഷ ചമയ്ക്കുന്നു. ആര്‍ക്കും അതില്‍ പരിഭവമില്ല.പിന്നീട് എ.ആര്‍.റഹ് മാന്‍ വന്ദേമാതരം തന്‍റെ ശൈലിയില്‍ പുനരവതരിപ്പിച്ചപ്പോള്‍ രാജ്യം അതേറ്റുവാങ്ങി. ജാതിമത ഭേദമില്ലാതെ എല്ലാവരും അത് ഏറ്റുപാടി.

രാജ്യത്തിന്‍റെ ഐക്യത്തെ ഊട്ടിയുറപ്പിക്കുന്ന ഒരു ദേശഭക്തി ഗാനമെന്ന നിലയില്‍ വന്ദേമാതരം എന്നും നമ്മുടെയുള്ളിൽ നിലനിൽക്കും.

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply