ഒരുപാട് നാളായി ആഗ്രഹിച്ച യാത്രയായിരുന്നു ജാനകിയുടെ ചാരത്തേക്ക്.. സോളോ യാത്രയിൽ നിന്ന് അപ്രതീക്ഷിതമായി ഏറെ പ്രിയപ്പെട്ടവരോടൊപ്പം ഈ യാത്രയും അനുഭവമാക്കിയപ്പോൾ കണ്ട കാഴ്ചകളെ പോലെ തന്നെ മനോഹരമായിരുന്നു യാത്രാ ഓർമ്മകളും. കോഴിക്കോട് -പേരാമ്പ്ര – കടിയങ്ങാട് – പെരുവണ്ണാമൂഴി ഡാം റൂട്ടിലൂടെ 50 കിലോമീറ്റർ സഞ്ചരിച്ച് കുറ്റ്യാടി പുഴക്ക് കുറുകെയുള്ള 100 മീറ്റർ നീളമുള്ള ചവറമ്മുഴി പാലത്തിലൂടെ മുന്നോട്ട് വന്നാൽ ഇവിടെയെത്താം. രാവിലെ 10 മുതൽ വൈകീട്ട് 5 വരെ പ്രവേശനമുള്ള ഇവിടെ 30 രൂപ പ്രവേശന ഫീസും ( കുട്ടികൾക്ക് 15 ) കൊടുത്ത് പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഊളിയിടുന്നതോടെ കാടിന്റെ മനം മയക്കും ഗന്ധം സിരകളെ ഉത്തേജിപ്പിക്കും. കരിയിലകളാൽ നിലം കറുപ്പിച്ച കല്ലുകൾ പാകിയ കാനന പാതയിലൂടെ കാത് കൂർപ്പിച്ച് നടന്നാൽ കിളികളുടെ സംഗീതവും , കാടിന്റെ ഈണവും ആസ്വദിക്കാം.

ഇടത് ഭാഗത്തായി ഇടതൂർന്ന കാടിന്റെ ചില വിടവുകളിലൂടെ കുറ്റ്യാടി പുഴയുടെ ഭംഗിയും കണ്ണിൽ ആനന്ദം തെളിയിക്കും. വെള്ളം കുറവായ ഈ സമയത്തും കാതിൽ അരുവിയുടെ നിശബ്ദത സഞ്ചാരം ചെറുതായി കേൾക്കുന്നുണ്ട്. കുളി കഴിഞ്ഞ് പോകുന്നവരെയും , കുളിക്കാൻ പോകുന്നവരെയും ഇടക്കിടെ കാണാമായിരുന്നു.
അവസാനമില്ലാത്ത വഴികൾ പല ദിശയിലേക്കും നീണ്ട് പോകുന്നുണ്ട്. വൻ മരങ്ങളും ചില്ലകളും വഴികൾക്ക് തടസ്സം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കാടിന്റെ മനോഹാരിതക്ക് അത് ഒന്നുകൂടെ മാറ്റ് കൂട്ടുന്നുണ്ട്. ചില സ്ഥലങ്ങളിൽ സൂചനാ ബോർഡുകൾ കണ്ടെങ്കിലും സൗഹൃദം കൊണ്ട് വെട്ടിയൊരുക്കിയ പാതയിലൂടെ കാടിന്റെ നിശബ്ദതയെ കീറിമുറിച്ച് സ്വല്പം സ്വാർത്ഥത കാണിച്ച് ആ സമയം ഞങ്ങളുടേതാക്കി.

കാടിന്റെ ഉള്ളിലായി സ്ഥിതിചെയ്യുന്ന ഒരു അമ്പലവും കണ്ട് ‘വനപാത ‘ എന്ന് കാണിച്ച വഴിയിലൂടെ കുറച്ച് നടന്ന് സമയക്കുറവ് മൂലം പെട്ടെന്ന് തന്നെ തിരിച്ച് നടന്നു. സഞ്ചാരികൾക്ക് വിശ്രമിക്കാനും , ക്ഷീണമാകറ്റാനും ചെറിയ ഒരു കട ഉണ്ട് അതിനുള്ളിൽ.. സങ്കടം എന്ന് പറയാലോ.. അത് കാരണം അവിടെ പ്ലാസ്റ്റിക് കവറുകൾ നിറഞ്ഞിട്ടുണ്ട്.
ശാന്തമായി കല്ലുകളോട് തല്ല്കൂടി ഒഴുകിപോകുന്ന കുറ്റ്യാടി പുഴയാണ് മനസ്സിനെയും , ശരീരത്തിനെയും തണുപ്പിക്കാൻ ഈ കാട്ടിലുള്ളത്. ഇപ്പോൾ വെള്ളം കുറവായതിനാലാവാം , രൗദ്ര ഭാവം കൈവന്നിട്ടില്ല. വെള്ളത്തിന് തണുപ്പ് കുറവാണെങ്കിലും അവിടെ അതിൽ ചാടി കുളിക്കുന്നവരെ കണ്ടാൽ അറിയാം അതിൽ എത്ര കിടന്നാലും മതിവരില്ല എന്നത്. വലിയ പാറക്കെട്ടുകളും , കല്ലുകളും നിറഞ്ഞ ഇവിടം ചില സ്ഥലങ്ങളിൽ വലിയ കുഴികളും ഉണ്ട്.
യാത്രകൾ ഒന്നുകൊണ്ട് മാത്രം , ഒന്നുകൂടി പറഞ്ഞാൽ പ്രകൃതിയോടൊപ്പമുള്ള സഞ്ചാരം ഒന്നുകൊണ്ട് മാത്രം ഒന്നായ ഞങ്ങളിലെ ഓരോ സന്തോഷവും , ദുഖവും എല്ലാം യാത്രകളാണ്.. ഇന്നത്തെ ദിവസത്തിന്റെ സന്തോഷം ജാനകിക്കാട്ടിലെ സൗന്ദര്യത്തിന് പകരം കൊടുത്ത് കണ്ട കാഴ്ചകളും , അനുഭവിച്ച കാര്യങ്ങളുമായി ഓർമ്മകൾ തിരയടിക്കുന്ന ഞങ്ങളുടെ സ്വന്തം കോഴിക്കോട് ബീച്ചിലേക്ക് യാത്ര തിരിക്കുമ്പോൾ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് ഒരാൾ കൂടി സ്ഥാനം പിടിച്ചിരുന്നു… ജാനകി എന്ന കൊച്ചു സുന്ദരി.
ശ്രദ്ധിക്കുക :- പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളും ഒരു കാരണവശാലും അവിടെ ഉപേക്ഷിക്കാതിരിക്കുക.. (വിവരണം – നൌഫല് കാരാട്ട്).
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog