ഗൾഫിൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ ഒരുപാട് ആഗ്രഹിച്ചതാണ് ഭാര്യയുടെ കൂടെ ഒരു ഊട്ടി യാത്ര അതും ബുള്ളറ്റിൽ.അങ്ങനെ കുറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ നാട്ടിലെത്തി. ഊട്ടി ട്രിപ്പിന് മുൻപ് വയനാട്ടിൽ നിന്നും കണ്ണൂർ വരെ ഭാര്യയുടെ കൂടെ ബുള്ളറ്റിൽ പോയി. അതോടുകൂടി ഭാര്യയുടെ ബുള്ളറ്റ് പ്രേമം തീർന്നു. നല്ലതുപോലെ ക്ഷീണിച്ചു.
പിന്നെയാണ് സ്കൂട്ടറിൽ ഊട്ടി വരെ പോകാൻ തീരുമാനിച്ചത്. സുൽത്താൻ ബത്തേരിയിൽ നിന്നും 100km ഉണ്ട് ഊട്ടിക്ക്. സ്കൂട്ടർ യാത്രയെ കുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ എല്ലാരും നിരുത്സാഹപ്പെടുത്തി. സ്കൂട്ടർ (yamaha ray z )രണ്ടാളുടെയും ഭാരം വഹിച്ചു ഊട്ടി ചുരം കേറില്ല എന്ന് എല്ലാവരും പറഞ്ഞു. പിന്നെ ആരോടും ചർച്ച ചെയ്യാൻ നിന്നില്ല പോകാൻ തന്നെ തീരുമാനിച്ചു.
പിറ്റേന്ന് രാവിലെ 7 മണിക്ക് തന്നെ വീട്ടിൽ നിന്നും പുറപ്പെട്ടു. പെട്രോൾ പമ്പിൽ പോയി ഫുൾ ടാങ്ക് നിറച്ചു. പിന്നെ ബത്തേരി ഗൂഡല്ലൂർ ഊട്ടി റോഡ് പിടിച്ചു. നല്ല തണുത്ത കാറ്റ് വീശി അടിച്ചു കൊണ്ടിരുന്നു. നല്ല മൂടൽ മഞ്ഞ്. ഗൂഡല്ലൂർ ടൗൺ കഴിഞ്ഞ് ഊട്ടി റോഡിൽ കേറി. പിന്നെ ചുരം കയറാൻ തുടങ്ങി. നല്ല തിരക്കുണ്ടായിരുന്നു. കൂടുതലും കേരള രജിസ്റ്റേഷൻ വണ്ടികൾ. ചിലരെല്ലാം ആശ്ചര്യത്തോടെ നോക്കി.
കുറെ നേരത്തെ യാത്രക്കൊടുവിൽ യൂക്കാലിപ്റ്സ് മരങ്ങൾ കൂടി നിക്കുന്ന സ്ഥലത്തെത്തി. സ്കൂട്ടർ നിർത്തി കുറച്ചു നേരം വിശ്രമിച്ചു. മരങ്ങൾ തിങ്ങി നിറഞ്ഞതിനാൽ വെളിച്ചം കുറഞ്ഞപോലെ തോന്നി. കാറ്റിനെല്ലാം യൂക്കാലിപ്റ്സ് മണം. കുറെ പേർ വാഹനം നിർത്തി ഫോട്ടോസ് എടുക്കുന്നുണ്ടായിരുന്നു. ചിലർ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു.ഭക്ഷണം കഴിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങൾ വഴിയിൽ ഉപേക്ഷിച്ചു കണ്ടപ്പോൾ അല്പം വിഷമം തോന്നി. വീണ്ടും യാത്ര തുടർന്നു. കുറച്ചു അകലെ ഒരു വ്യൂ പോയിന്റ് കാണാൻ പോയി. വെളുത്ത പഞ്ഞി കെട്ടുപോലത്തെ മേഘങ്ങൾ.പച്ച വിരിച്ച മലനിരകൾ വീണ്ടും യാത്ര തുടർന്നു.
നന്നായി വിശക്കാൻ തുടങ്ങി. വഴിയിൽ കണ്ട തട്ടുകടയിൽ നിന്നും ചൂട് ചായയും മുളക് ബജ്ജിയും പരിപ്പുവടയും കഴിച്ചു. ഊട്ടിയിലെ പ്രകൃതി പോലെ മനോഹരമാണ് ഇവിടത്തെ മുളക് ബജിയും. നല്ല രുചി. പിന്നെയും യാത്ര തുടർന്നു. വഴിയിലെല്ലാം നല്ല ഫ്രഷ് ക്യാരറ്റും പുഴുങ്ങിയ ആവി പറക്കുന്ന ചോളവും വിൽക്കാൻ വെച്ചിരിക്കുന്നു. പ്രായമായ സ്ത്രീകൾ ആണ് കച്ചവക്കാർ. വഴിയിൽ നിന്നും കുറച്ചു അകലെയായി ക്യാരറ്റ് കൃഷി ചെയ്യുന്ന സ്ഥലങ്ങളും ഉണ്ട്.
പോകുന്ന വഴിയിൽ ഒരു വൃദ്ധനായ സായിപ്പ് വളരെ ആയാസ പെട്ടു സൈക്കിൾ ചവിട്ടി വരുന്നത് കണ്ടു. പിന്നെ ഒരു ബോട്ട് ഹൌസ് കണ്ടു. ബോട്ട് ഹൌസിലേക്കുള്ള വഴിയെല്ലാം വളരെ മോശം. ബോട്ട് ഹൌസ് കണ്ട് വീണ്ടും യാത്ര തുടർന്നു. ബോട്ടിങ്ങിനു നിന്നില്ല. ഒരു ദിവസത്തെ യാത്രയാണ് പ്ലാൻ ചെയ്തത്. വൈകുന്നേരം ആവുമ്പഴേക്കും വീട്ടിലെത്തണം. ഊട്ടി എത്താറായപ്പോൾ പുൽമേടുകളിൽ കുതിരകൾ മേഞ്ഞു നടക്കുന്ന കാഴ്ചകള് കണ്ടുതുടങ്ങി.
അങ്ങനെ ഞങ്ങള് ഊട്ടി ടൗണിൽ എത്തി. ഭക്ഷണം കഴിച്ചു. കുറച്ചു സമയം കറങ്ങിയശേഷം (ഉച്ചക്ക് ശേഷം) ഞങ്ങള് ഊട്ടി ചുരമിറങ്ങി. അപ്പോഴും ആ സായിപ്പ് സൈക്കിൾ ചവിട്ടി കൊണ്ടിരിക്കുകയായിരുന്നു. ഊട്ടി ചുരം ഇറങ്ങുമ്പോൾ ഇനിയും ഒരുപാടു തവണ സ്കൂട്ടറിൽ ഊട്ടിയിൽ വരണം എന്ന് മനസ്സിൽ ഉറപ്പിച്ചു. ഇനി വരുമ്പോൾ 2 ദിവസം ഊട്ടിയിൽ താമസിക്കണം. ഒരു ദിവസത്തെ ഈ ഊട്ടി യാത്ര കൊണ്ട് സ്കൂട്ടറിലും അത്യാവശ്യം യാത്ര പോകാം എന്ന് ബോധ്യപ്പെട്ടു.
വിവരണം – Jineesh Puramana Viswanathan.