പോർട്ട് ബ്ലൈർ എയർപോർട്ടിൽ കാൽ കുത്തിയ ഉടൻ സന്തോഷം കൊണ്ട് ഭാര്യയെ കെട്ടിപ്പിടിച്ചു പോയി..അത്രമേൽ ആഗ്രഹിച്ചതായിരുന്നു ഈ നിമിഷം.കഴിഞ്ഞ ഡിസംബർ മാസം കണ്മുന്നിൽ വീശി അടിച്ച വർധ ചുഴലിക്കാറ്റിൽ ഇല്ലാതായ ആ സ്വപ്നം മൂന്നു മാസങ്ങൾക്കിപ്പുറം സത്യമായിരുന്നു. അന്ന് ചെന്നൈ എയർപോർട്ടിൽ പുറത്തിറങ്ങാൻ പറ്റാതെ നേരാംവണ്ണം ഭക്ഷണം കിട്ടാതെ ഒരു ദിവസം കുടുങ്ങി കിടന്നപ്പോഴും ഇനി എപ്പോഴാ ആ സുന്ദരഭൂമി കാണാൻ പറ്റുക എന്നതായിരുന്നു ഞങ്ങളെ കുത്തിനോവിച്ച ചിന്ത.
മലയാളി ആയ രാജേട്ടൻ നടത്തുന്ന ഹോട്ടൽ ഗാലക്സിയിൽ ആയിരുന്നു പോർട്ട് ബ്ലെയറിൽ ഞങ്ങളുടെ താമസം. നേരിട്ട് വിളിച്ചു പറഞ്ഞോ goibibo വഴിയോ റൂം ബുക്ക് ചെയ്യാം.. അടുത്ത് തന്നെ മലയാളിയായ ഫാമിലി നടത്തുന്ന ചെറിയ ഹോട്ടലും ഉണ്ട്. നല്ല ഭക്ഷണം.. പോർട്ട് ബ്ലെയറിലെ പ്രധാന കാഴ്ച ആയ സെല്ലുലാർ ജയിലിനെ പറ്റി ഒരുപാട് പോസ്റ്റുകൾ ഇവിടെ തന്നെ വന്നിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളെ തടവിൽ പാർപ്പിക്കുന്നതിനായി ബ്രിട്ടീഷുകാർ 1906-ൽ -പണി കഴിപ്പിച്ച ജയിലാണ് സെല്ലുലാർ ജയിൽ അഥവാ കാലാപാനി. ലാലേട്ടന്റെ കാലാപാനി സിനിമ മുഴുവൻ മനസ്സിലേക്ക് വന്നു അവിടെ നിന്ന് ആ ജയിൽ കാണുമ്പോൾ.

തൊട്ടടുത്തായി രാജീവ് ഗാന്ധി വാട്ടർ സ്പോർട്സ് കോംപ്ലക്സ്..ആൻഡമാനിൽ വരുന്ന എല്ലാര്ക്കും ഉപാരപ്രദമായ വിവരങ്ങൾ സഹിതം നല്ല രീതിയിൽ maintain ചെയ്ത സാമുദ്രിക മ്യൂസിയം. ഏഷ്യയിലെ ഏറ്റവും പഴയ സോ മിൽ ആയ ചാത്തം സോ മിൽ , വൈകുന്നേരം ജെറ്റ് സ്കൈ മുതലായ വാട്ടർ സ്പോർട്സ് ആക്ടിവിറ്റീസ് ചെയ്യാൻ പറ്റുന്ന അത്രയ്ക്ക് ആകര്ഷകമല്ലാത്ത വളരെ തിരക്ക് കൂടിയ കോർബിൻസ് കോവ് ബീച്ച് മുതലായവ കൂടി സന്ദർശിച്ചു ഒന്നാം ദിനം ഞങ്ങൾ നിറുത്തി.
പ്രധാനപ്പെട്ട ഒരു കാര്യം എന്താന്ന് വച്ചാൽ ഇവിടെ നാലര ആകുമ്പോഴേക്കും നേരം പുലരും. വൈകുന്നേരം അഞ്ചു മണി ആകുമ്പോഴേക്കും നേരം ഇരുട്ടുകയും ചെയ്യും. പിറ്റേ ദിവസം രാവിലെ ഏഴു മുപ്പത്തിന്റെ ഫെറിയിൽ നീൽ ദ്വീപിലേക്ക് യാത്ര തുടങ്ങി. നീൽ , ഹാവലോക് ഇത് രണ്ടും ആണ് പോർട്ട് ബ്ലെയറിൽ നിന്നും എളുപ്പം എത്തി ചേരാൻ പറ്റുന്ന രണ്ടു ദ്വീപുകൾ..

ഗവണ്മെന്റ് ഫെറി അതല്ലേൽ പ്രൈവറ്റ് ഫെറി ഈ രണ്ടു മാർഗം മാത്രം..ടിക്കറ്റുകള്‍ ഓഫ് സീസൺ ആണേൽ കിട്ടാൻ ബുദ്ദിമുട്ടില്ല..ഗവണ്മെന്റ് ഫെറി ടിക്കറ്റുകള്‍ ഓൺലൈൻ കിട്ടില്ല. സീസൺ ടൈമിൽ ഏതെങ്കിലും ഏജൻസി വഴി ടിക്കറ്റ്സ് ബുക്ക് ചെയ്യുക മാത്രമേ രക്ഷ ഉള്ളൂ..
നീൽ ഐലൻഡ് എത്തുമ്പോഴേക്ക് തന്നെ കടൽ നീല നിറം ആയി തുടങ്ങി. എവിടെ നോക്കി ഫോട്ടോ പിടിച്ചാലും അതൊരു വാൾ പേപ്പർ ക്വാളിറ്റി . നീലിൽ പ്രധാനമായും അഞ്ചു ബീച്ചുകൾ ആണുള്ളത്. ഞങ്ങൾ ഹോട്ടൽ ഗ്രീൻ ഐലൻഡിൽ(ഫാമിലി ആയി ഏത് റിസോർട്ടിലും ധൈര്യമായി താമസിക്കാം, നല്ല ക്ലീൻ റൂംസ് ആയിരുന്നു..) ചെക്കിൻ ചെയ്തു കറങ്ങാൻ ഇറങ്ങി. ആദ്യം തന്നെ കോറൽ ബീച്ചിലേക് വച്ച് പിടിച്ചു. പ്രശസ്തമായ നാച്ചുറൽ ബ്രിഡ്ജ് കാണാനാണ് ഇറങ്ങിയതെങ്കിലും കണ്ട കാഴ്ചകൾ വിവരിക്കാൻ പറ്റാത്തത്ര മനോഹരമായിരുന്നു..
ഒരുപാട് ഡെഡ് കോറൽസ്..ചെറിയ ചെറിയ കുഴികളിൽ നിറയെ പല വർണങ്ങളിൽ ഉള്ള മീനുകൾ, എവിടേക്ക് തിരിഞ്ഞാലും പുതിയ കാഴ്ചകൾ..മതി വരുവോളം ആസ്വദിച്ചു ആൻഡമാൻ സ്‌പെഷ്യൽ മിക്സഡ് ഫ്രൂട്സും (ഒരു പാട് പഴ വർഗങ്ങൾ കഷ്ണങ്ങളായി മുറിച്ചു തരും..ഒരു പ്ലാറ്റിന് 60 രൂപ..വയർ നിറയ്ക്കാൻ ധാരാളം) കഴിച്ചു നേരെ റാം നഗർ ബീച്ചിലേക് ..അവിടെയും ഞങ്ങൾ മാത്രം..ഒഴുക്കില്ലാത്ത വെള്ളം ഒരുപാട് ദൂരത്തേക് പരന്നു കിടക്കുന്നു..അഞ്ചു മിനിറ്റ് നേരത്തെ സ്‌കൂട്ടി യാത്രക്ക് ശേഷം സീതപൂർ ബീച്ചിലെത്തി..നല്ല മണലും ഉയരമുള്ള പാറകളും(അതോ കോറൽസോ..അറിയില്ല) കുറച്ചു കൂടെ മുന്നോട്ട് ചെറിയൊരു നാച്ചുറൽ ഭിത്തി അള്ളിപ്പിടിച്ചു ഹിപ്പി വിദേശികളുടെ കൂടാരം ഒളിഞ്ഞു നോക്കിയതും ചേർത്ത് ഒരടിപൊളി രണ്ടു മണിക്കൂർ..

ഭരത്പൂർ ബീച്ച് ജെട്ടിയുടെ അടുത്താണ്..പല വിധത്തിൽ ഉള്ള വാട്ടർ ആക്ടിവിറ്റീസ് ഇവിടെ നടക്കുന്നുണ്ട്.. രാവിലെ ഏഴു മുപ്പത് മുതൽ വൈകുന്നേരം മൂന്നു മുപ്പത് വരെ..അത് കൊണ്ട് തന്നെ അത്യാവശ്യം ആൾകാർ ഇവിടെ ഉണ്ടാകും.ലക്ഷ്മൺപൂർ ബീച്ചിലെ വെള്ള മണലിൽ കുത്തിയിരുന്ന് നല്ലൊരു അസ്തമായവും കണ്ടു റൂമിലേക്ക് മടങ്ങി..
പിറ്റേന്ന് അതി രാവിലെ എഴുന്നേറ്റു സീതപൂർ ബീച്ചിൽ പോയി ഉദയവും കണ്ടു നീൽ മനസ്സിലെ പെർമനന്റ് സ്റ്റോറജിലേക് മൂവ് ചെയ്തു.. പത്തു മണിക്കുള്ള ഫെറിയിൽ ഹാവെലോക്ക് ദ്വീപിലേക്ക് യാത്ര ചെയ്യുമ്പോൾ മനസ്സിൽ ഒരേ ഒരു ചിന്ത മാത്രം…സ്കൂബ ഡൈവിംഗ്… ഒന്നാമത്തെ ദിവസം orient legend resort ,രണ്ടാമത്തെ ദിവസം പാനോ ഇക്കോ റിസോർട് ..രണ്ടും ബീച്ച് സൈഡിൽ തന്നെ..സ്കൂട്ടിയിൽ ആദ്യം പോയത് കാലപത്തർ ബീച്ചിലേക്ക്..നല്ല അടിപൊളി റോഡ്..ഐ മീൻ സീനറി..റോഡ് കുണ്ടും കുഴിയും തന്നെ..ബീച്ച് ആണേൽ വെള്ളത്തിലിറങ്ങാൻ മടിക്കുന്നവർ പോലും ഇറങ്ങാൻ കൊതിക്കും വിധം സുന്ദരി. മുട്ടോളം വെള്ളത്തിൽ കോറൽസും അതിനു ചുറ്റും മീനുകളും..ആൾക്കാരും കുറവ്..

അവിടെ നിന്നും രാധനാഗർ ബീച്ചിലേക്ക്..പത്തു വർഷം മുന്നേ ടൈം മാഗസിൻ ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചിനുള്ള അവാർഡ് കൊടുത്തിട്ടുണ്ട്..പക്ഷെ ആൾക്കാർ കൂടിയത് കൊണ്ടാകാം ഞങ്ങൾക്കിഷ്ടമായില്ല..ഗോവൻ ബീച്ചുകളിൽ കാണുന്നത് പോലെ നിറയെ ആൾക്കാർ,,,ബീച്ചിലേക്ക് ഇറങ്ങുന്ന ഭാഗങ്ങളിൽ ഉള്ള പടുകൂറ്റൻ മരങ്ങൾ ഒരു വ്യത്യസ്ത കാഴ്ച ആയിരുന്നു..റൂം വിജയനഗർ ബീച്ചിനോട് ചേർന്നാണ്..രാത്രി സമയത്തും പിറ്റേന്ന് രാവിലത്തെ സൂര്യോദയ സമയത്തും വിജയനഗർ ബീച്ച് വിസ്മയ ലോകം തന്നെ ആയിരുന്നു..ജെട്ടിയോട് ചേർന്ന് കിടക്കുന്ന ഗോവിന്ദ് നഗർ ബീച്ചിന്റെ തുടർച്ച ആണ് വിജയനഗർ ബീച്ച്..അതിന്റെ തുടർച്ച ആയി കാലാപത്ഥർ ബീച്ചും..

അങ്ങനെ കാത്തു കാത്തു നിന്ന സമയം വന്നെത്തി.. സ്കൂബ ലവ്, സ്കൂബ ഡൈവിംഗ് ട്രെയിനിങ് സെക്ഷനിനിൽ ഹൃദയമിടിപ്പ് പുറത്തു കേൾക്കാമായിരുന്നു..കടലിനടിയിലെ മായാലോകം കൈ എത്തി പിടിക്കാവുന്ന ദൂരത്തിൽ.. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത ആർക്കും ചെയ്യാൻ പറ്റാവുന്നതാണ് സ്കൂബ ഡൈവിംഗ്.. തുടക്കക്കാർക്ക് discover scuba എന്ന പ്രോഗ്രാം വഴി 12 മീറ്റർ ആഴം വരെ പോകാം..നീന്തൽ അറിഞ്ഞിട്ടും കാര്യമില്ല..നമ്മുടെ ഡൈവ് മാസ്റ്റർ നമ്മളെ കൊണ്ട് പൊക്കോളും..യു ജസ്റ്റ് റിലാക്സ് ആൻഡ് എന്ജോയ് ദി അണ്ടർ വാട്ടർ വേൾഡ്..
നീന്തൽ അറിയാവുന്നർക്കു 4 മുതൽ 7 ദിവസം വരെ ഉള്ള കോഴ്സ് കമ്പ്ലീറ്റ് ചെയ്തു ലൈസൻസ് എടുക്കാം..ലോകത്തു എവിടെയും ഈ ലൈസൻസ് കാണിച്ചു നിങ്ങൾക്ക് fun dive ചെയ്യാം..മുപ്പത് മീറ്റർ ആഴം വരെ.. ഓരോ മീറ്റർ കഴിയുമ്പോഴും ചെവിയിൽ നല്ല പോലെ പ്രഷർ അനുഭവപ്പെടും. ഈക്വലൈസ് (മൂക്ക് അമർത്തിപ്പിടിച്ചു ശക്ത മായി ശ്വാസം വിടുക..ചെവിയിലൂടെ ശ്വാസം പുറത്തേക്ക് പോകുമ്പോൾ നോർമൽ ആകും ) method use ചെയ്തു എളുപ്പത്തിൽ ഈ അവസ്ഥ ഇല്ലാതാക്കാം..കടലിനടിയിൽ കണ്ട കാഴ്ചകൾ എങ്ങനാ നിങ്ങളോട് പറയുക..പവിഴ പുറ്റുകളും മീനുകളും വേറെയും എന്തൊക്കെയെല്ലോ വിചിത്രമായ കാഴ്ചകളും..നാല്പത്തി അഞ്ചു മിനിറ്റ് സ്വർഗം കാണുകയായിരുന്നു..സ്കൂബ കഴിഞ്ഞു ബോട്ടിൽ ഇരിക്കുമ്പോൾ എന്തെല്ലാം വിസ്മയങ്ങൾ ആണ് ഈ പ്രകൃതി നമുക്ക് വേണ്ടി ഒരുക്കി വച്ചതെന്ന് ഓർത്തു പോകും..കുറച്ചൂടെ സമയം ചെയ്യണം പക്ഷെ 45 മിനുട്സ് സ്റ്റാൻഡേർഡ് ടൈം ആണ്..സാരമില്ല..നാളെ ഒന്നൂടെ ഉണ്ടല്ലോ എന്ന ആശ്വാസത്തിൽ റൂമിലേക്ക്..

ഇന്ന് സ്കൂബ ചെയ്യുന്നത് ocean tribe ടീമിനോടൊപ്പം ആണ്..ഇന്നലെ ചെയ്തു..സൂപ്പർ ആയിരുന്നു എന്ന ഡയലോഗ് അവർ ഞങ്ങൾക്ക് best ഡൈവിംഗ് ലൊക്കേഷൻ കാട്ടിത്തരും എന്ന ഉറപ്പുള്ളത് കൊണ്ട് പറഞ്ഞതാ (കോമ്പറ്റിഷൻ ..കോമ്പറ്റിഷൻ ).. പ്രതീക്ഷ പോലെ തന്നെ..നടുക്കടലിൽ ..ഇന്നലത്തേക്കാൾ നല്ല രീതിയിൽ..കൂടുതൽ സമയം..വീണ്ടും കടലിനടിയിലെ വർണ ലോകത്തേക്ക്.. ജീവിതത്തിൽ ഒരിക്കലെങ്കിലും ചെയ്യേണ്ട കാര്യം തന്നെയാണ് സ്കൂബ..
ഒന്നാമത്തേതിന് 4000 രൂപയും രണ്ടാമത്തേതിന് 3000 രൂപയും ചിലവായി ഒരാൾക്ക്..ഇവിടത്തെ best ടീം dive india (oldest also ) ആൻഡ് barefoot സ്കൂബയും ആണ്..ബട്ട് ചിലവ് ഇത്തിരി കൂടും.
അടുത്തത് എലഫന്റാ ബീച്ച് ആണ്..രാധനാഗർ ബീച്ചിലേക്ക് പോകുന്ന വഴിയിൽ ഇവിടേക്കുള്ള ട്രെക്ക് പോയിന്റ് തുടങ്ങുന്നു… 1 .8 കിലോമീറ്റര് ദൂരമുള്ള മോഡറേറ്റ് ലെവൽ ട്രെക്കിങ്ങ്..ബോട്ട് വഴിയും എത്താം,,,ബട്ട് യു ഷുഡ് വാക്..അതാണ് രസം..കൊടുംകാട്ടിലൂടെ നടന്നു തളർന്നു കിതച്ചു അവസാനം കണ്ണഞ്ചിപ്പിക്കുന്ന ബീച്ച് കാണുമ്പോ കിട്ടുന്ന സന്തോഷം അത് വേറെ തന്നെയാണ്..ബനാന ബോട്ട് റൈഡ് ആൻഡ് ഗ്ലാസ് ബോട്ടം റൈഡ് (ബോട്ടിൽ താഴെ മാഗ്നിഫൈഡ് ഗ്ലാസ് വച്ചിട്ടുണ്ടാകും..കോറൽസ് ആൻഡ് മറൈൻ ലൈഫ് അടിപൊളി ആയി കാണാം..) ഇവിടെ ഉണ്ട്..സ്‌നോർക്കലിംഗ് ഇല്ല..വൈകുന്നേരം മൂന്നു മാണിയുടെ ഫെറിയിൽ തിരിച്ചു പോർട്ട് ബ്ലെയറിലേക്.
നാളെ ചിഡിയാതപ്പു ആണ്..അതിനോട് ചേർന്നുള്ള മുണ്ട പഹാദ് ബീച്ചും..പിന്നെ ഒരു സർപ്രൈസും ..സാധാരണ ആൾക്കാർ സൂര്യാസ്തമയ സമയത്താണ് മുണ്ടപ്പഹാദ് (munda pahad ) സന്ദർശിക്കുക..ഞങ്ങൾ രാവിലെ 8 മണിക്ക് അവിടെ എത്തി..ഒരു കായൽ പോലെ തോന്നിപോയി കടൽ..അടുത്തുള്ള rutland ദ്വീപിലെ മലകൾക്കിടയിൽ വിശാലമായി പരന്നു കിടക്കുന്ന നീലപ്പരവതാനി..ബട്ട് ഇതല്ല..ഇതുക്കും മേലെ..അതായത് സൗത്ത് മോസ്റ്റ് ടിപ്പ് ഓഫ് പോർട്ട് ബ്ലെയർ..ഇവിടെ നിന്നും കാട്ടിലൂടെ രണ്ടു കിലോമീറ്റര് നടക്കണം..ഇവിടെ എത്തുന്ന സഞ്ചാരികൾ പലരും ഒഴിവാക്കുന്ന നടത്തം..ധാരാളം വെള്ളവും എടുത്ത് ഞങ്ങൾ കാട് കയറി..ലൈറ്റ് house കഴിഞ്ഞു ചെടികളെ വകഞ്ഞു മാറ്റി നോക്കിയപ്പോൾ ആൻഡമാൻ യാത്രക്ക് ഇതിലും നല്ലയൊരു എൻഡിങ് ഇല്ല എന്ന് മനസ്സിലായി..ഒരു മുനമ്പ്..മൂന്നു വശത്തും കടൽ..ആ മുനമ്പിലേക്ക് കാലൊന്നു തെറ്റിയാൽ പൊടി പോലും കിട്ടാത്ത വിധത്തിൽ ആർത്തിരമ്പുന്ന കടലിനു മുകളിൽ ഉള്ള ചെറിയൊരു നേർത്തൊരു വഴി..രണ്ടും കൽപ്പിച്ചു നടന്നു..എന്റെ പെണ്ണിന്റെ കൈയും പിടിച്ചു.
വിവരണം – സിജിന്‍ സുരേന്ദ്രന്‍ (സഞ്ചാരി).
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog