ഇരുപത് കോടി മുടക്കി ഒരു കാര്‍ വാങ്ങുക, പിന്നെ ആ കാറിന് 25 കോടി രൂപ ചെലവഴിച്ച് ചായം പൂശുക, അതിനുള്ള പെയിന്റ് ചന്ദ്രനില്‍ നിന്നും കൊണ്ടു വരിക, കേള്‍ക്കുമ്പോള്‍ ഒരു സിനിമ കഥയാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. കഥയല്ല കാര്യമാണ്. കാര്‍ പ്രേമിയായ ക്രിസ് സിംഗ് എന്ന ഇന്ത്യന്‍ വംശന്റെ ക്രിയകളാണ് ഇത്. കാറുകളോടുള്ള കമ്പത്തിലെന്നും ദുബായ് ഷേഖുമാരുടെ മുഖ്യ എതിരാളിയാണ് ഈ ഫ്ളോറിഡക്കാരന് വ്യവസായി. ലോകത്ത് ആകെയുള്ള മൂന്ന് ലംബോര്‍ഗിനി വെനെനോകളില്‍ ഒന്നിന്റെ ഉടമ ക്രിസ് സിംഗാണ്. തീര്‍ന്നില്ല, ലോകത്താകെ ഒന്നു മാത്രമുള്ള കൊനിഗ്സെഗ് അഗേറ എക്സ്എസും ഇദ്ദേഹത്തിന്റെ ഗാരേജിലാണ്.
ഇതില്‍ നിന്നും തന്നെ ആശാന്റെ കാര്‍ പ്രേമം ഊഹിക്കാന്‍ കഴിയും. ഇപ്പോള്‍ ക്രിസ് സിംഗ് സ്വന്തമാക്കിയിരിക്കുന്നത് ആസ്റ്റണ്‍ മാര്ട്ടിന് വാല്ക്കിരിയാണ്. അതെല്ല വിശേഷം, 20 കോടി മുടക്കി കാര്‍ വാങ്ങിയിട്ട് അതിന് 25 കോടി മുടക്കി ചായം പൂശാനൊരുങ്ങുകയാണ് ഇയാള്‍. അത്ഭുതം തീര്‍ന്നില്ല, കാര്‍ പെയിന്റ് എത്തുന്നത് അങ്ങ് ചന്ദ്രനില്‍ നിന്നും. ചന്ദ്രനില്‍ അതിന് പെയിന്റ് കടയുണ്ടോ എന്ത് മണ്ടത്തരമാണ് പറയുന്നതെന്ന് തോന്നിയേക്കാം. കേട്ടത് ശരിയായാണ്. ചന്ദ്രനിലുള്ള പാറപ്പൊടി ചേര്‍ത്ത പെയിന്റാണ് ക്രിസ് സിംഗിന്റെ ആവശ്യപ്രകാരം ഒരുങ്ങുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെ ക്രിസ് സിംഗ് തന്നെയാണ് വാല്‍ക്കിറിയ്ക്കായി തയ്യാറാക്കുന്ന വിശിഷ്ട പെയിന്റിനെ കുറിച്ച് ലോകത്തോട് പറഞ്ഞതും. ‘ചന്ദ്രനില്‍ കാറോടിക്കുന്ന ആദ്യ വ്യക്തിയാകണമെന്നാണ് ആഗ്രഹം. എന്നാല്‍ ശാസ്ത്രം അതിന് അനുവദിക്കില്ല. ഗുരുത്വാകര്‍ഷണമാണ് ഇതിനു തടസ്സമെന്ന് ശാസ്ത്രലോകം പറയുന്നു. പക്ഷെ ചന്ദ്രനെ ഇങ്ങു ഭൂമിയിലേക്ക് കൊണ്ടുവരുന്നതിന് യാതൊരു തടസ്സവുമില്ലല്ലോ.’ ചന്ദ്രനിലുള്ള പാറ പണം കൊടുത്തു വാങ്ങിയെന്നും വാല്‍ക്കിറിയ്ക്കായി ഒരുങ്ങുന്ന കറോസറി ലൂണാര്‍ റെഡ് പെയിന്റില്‍ ഉപയോഗിക്കുന്ന മുഖ്യചേരുവ ഈ പാറയാണെന്നും ക്രിസ് സിംഗ് ഇന്‍സ്റ്റഗ്രമില്‍ കുറിച്ചു.
ഹൈബ്രിഡ് സംവിധാനത്തില്‍ ഊന്നിയ 6.5 ലിറ്റര്‍ വി12 എഞ്ചിനിലാണ് ആസ്റ്റണ്‍ മാര്ട്ടിന് വാല്ക്കിറിയുടെ ഒരുക്കം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ആസ്റ്റണ്‍ മാര്ട്ടിന് വാല്‍ക്കിറിയ്ക്ക് പത്തു സെക്കന്റുകള്‍ മാത്രം മതി.
Source – https://southlive.in/business/automobile/indian-millionaire-is-painting-his-rs-20-crore-aston-martin-with-real-moon-dust-worth-25-crore/