ഞാൻ വരണ കാലത്ത് ആകെ മൂന്ന് ബസ്സാണ് കൊടുങ്ങല്ലൂര്നിന്ന്ചേറ്റുവവരെ ഓടിയിരുന്നത്. ബാലകൃഷ്ണ കമ്പനിയുടെ നമ്പ്യാർ സർവ്വീസ്. അന്ന് കൊടുങ്ങല്ലൂര്‍ വാഹനമായിട്ട് പറയാവുന്നത് മണപ്പാടന്റെ ഫിയറ്റ് കാർ, പി.കെഅബ്ദുൾ ഖാദറിന്റെ ഹെറാൾഡ്, പുത്തൻകാട്ടിൽ മാമുദു ന്റെ (മുടിയനായ പുത്രൻ) ബുള്ളറ്റ് ,കറപ്പനാശാന്റെ കറക്കി സ്റ്റാർട്ടാക്കണ ഒര് കാറും.പിന്നെയാണ് കരിക്കുളംകാരെ ഐഷ, റഹ് മത്ത്, യുണൈറ്റഡ് മണപ്പാടന്റെ എഫ് എം.എസ്സ്. എന്നീ ബസ്സൊക്കെ ഓടി തുടങ്ങിയത്.
ചെറുപുഞ്ചിരിയോടെ മുഷിഞ്ഞ ബനിയന്റ മുകളിലൂടെ വയറ് തടവികൊണ്ട് തൃശൂർ ചേറൂര് ചാത്തന്നൂർ ഉണ്ണിയുടെയും, നാരായണിയുടെയും പത്ത് മക്കളിൽ മൂന്നാമനായ വിജയനെന്ന കൊടുങ്ങല്ലൂരിന്റെ സ്വന്തം ടയർവിജയൻ പറഞ്ഞ് തുടങ്ങി. 1958-ൽ പതിനാലാമത്തെ വയസിൽ ജോലി തേടി വീടുവിട്ടിറങ്ങുമ്പോൾ നാല് സഹോദരിമാരടങ്ങുന്ന കുടുംബത്തിന്റെ പ്രാരാബ്ധങ്ങളുടെ കനവുംപേറിയാണ് ഈ അഞ്ചാംക്ലാസുകാരൻ ജീവിതം തുടങ്ങുന്നത്.
ചുമട്ട്തൊഴിലാളികളും, കയർ തൊഴിലാളികളും, റിക്ഷ വലിക്കാരും വള്ളം കുത്തുകാരും. മത്സ്യ തൊഴിലാളികളും കൈക്കോട്ടുപണിക്കാർക്കുമിടയിൽ വേറിട്ട പണിക്കാരനായ് വിജയൻ മാറി. 1958-ൽ കൊടുങ്ങല്ലൂരിന്റ ജീവിത പശ്ചാത്തലം പൊതുവേ പിന്നോക്കാവസ്ഥയിലായിരുന്നു. രണ്ടണകൂലിക്ക് ടയർ നിറക്കലും. ടയർ തുന്നലും ,കാറ്റടിക്കലും തുടർന്നുള്ള പണികളും ചെയ്ത് ജീവിതം തുടങ്ങിയ വിജയൻ ആദ്യം കൊടുങ്ങല്ലൂർ കിഴക്കേനടയിലും പിന്നീട് ചന്തപ്പുരയിലും (പമ്പിരിക്കുന്ന സ്ഥലം) പണി ചെയ്ത് പോന്നു.
ഒരണ കൊടുത്താൽ കൊള്ളിക്കറത്തയുടെ കടേന്ന് ഊണ് കഴിക്കാം. വല്ല കാലത്തും വട്ടപ്പറമ്പൻ കുട്ടി സായ് വിന്റെ ജമീല ടാക്കീസിന്ന് ഒരു സിനിമ ഇതൊക്കെയാണ് നമ്മടെ സന്തോഷങ്ങള്‍ . കുറുകിയതും ആകാര വടിവുള്ളതുമായ വിജയൻ ഷർട്ടും മുണ്ടും ധരിച്ച് കൊടുങ്ങല്ലൂർകാര് ഇതുവരെ കണ്ടിട്ടില്ല. പണ്ടുമുതലേ ഒരു കാക്കി ട്രൗസറും ,കളറ് ബനിയനും മാത്രം ധരിക്കുന്ന വിജയൻനാട്ടുകർക്കിടയിൽ കൗതുകമായിരുന്നു.
ഇരുപത്തിയാറമത്തെ വയസിൽ അവിചാരിതമായ് ആശുപത്രിയിൽ വെച്ച് കണ്ടുമുട്ടിയ പെൺകുട്ടിയെ (തട്ടാര് ചക്കിമകൾ ജാനകിയെ) തന്റെ ഇഷ്ടമറിയിച്ച് ജീവിത സഖിയാക്കി. ഊഷ്മളമായ ദാമ്പത്യം ഇവർക്ക് രണ്ട് മക്കളെ നൽകി. ഉണ്ണികൃഷ്ണൻ, ഹരീഷ്. ഇരുവരും വിവാഹിതർ. മേത്തല വടശ്ശേരി കോളണിയിലെ മൂന്ന്സെന്റ് പുരയിടത്തിൽ ഈ എഴുപതുകാരൻ ഇന്ന് സന്തോഷത്തോടെ കഴിയുന്നു .
വിജയേട്ടന്റെ രാഷ്ട്രീയം ഏതെന്ന് ചോദിച്ചപ്പോൾ എന്റെ തൊഴിലാണ് എന്റെ രാഷ്ട്രീയപ്രവർത്തനമെന്നും ജീവിതത്തിൽ ഇന്നുവരെയും ഒന്നിനും ഒരു കണക്കു വെക്കാതെ ജീവിക്കാൻ കഴിഞ്ഞു എന്നതാണ് എന്റെ സന്തോഷമെന്നും പറഞ്ഞു. അമ്പത് വർഷത്തോളമടുക്കുന്ന തന്റെ തൊഴിൽ ജീവിതം ഇന്നും മുറതെറ്റാതെ മുന്നോട്ട് പോകുന്നു. ചന്തപ്പുര വടക്ക് വശത്തുള്ള തന്റെ ഒറ്റമുറി പീടികയിൽ പ്രായം മറന്ന ഊർജസ്വലതയോടെ ജീവിതമെന്ന ചക്രത്തെ ചെത്തിമിനുക്കി കൊണ്ടേയിരിക്കുന്നു. കൊടുങ്ങല്ലൂരിന്റെ സ്വന്തം ടയർ വിജയൻ..
കടപ്പാട് – Kodungallur news live.