വിവരണം – ശ്രീഹരി (FB Link – https://www.facebook.com/sreehari.sreevallabhan ).
തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ യാത്രികരുടെ കണ്ണിലുണ്ണിയായ, പോക്കറ്റ് കാലിയാക്കാത്തവനും സർവോപരി യാത്ര ചെയ്യാൻ പ്രചോദനം തരുന്നവനുമായ നമ്മുടെ എയർ ഏഷ്യ വിമാനത്തിന്റെ ഓഫറിൽ ആകൃഷ്ടനായി, മുന്നും പിന്നും നോക്കാതെ 3 ദിവസം കണക്കാക്കി മക്കാവു ടിക്കറ്റ് ബുക്ക് ചെയ്തു. ആകെ ഒന്നറിയാം, ചൈനയുടെ അധീനതയിലുള്ള കുഞ്ഞ് രാജ്യമാണ്, ഇന്ത്യക്കാർക്ക് വിസ ഫ്രീ ആണവിടെ..
പിന്നീടാണ് തൊട്ടടുത്തുള്ള ഹോങ്കോങ്ങിലേക്കും പോകാനുള്ള സാധ്യതയെപ്പറ്റി ചിന്തിച്ചത്. മക്കാവു ആണെങ്കിൽ ഒരു ദിവസം കൊണ്ട് കണ്ടു തീർക്കാനുള്ളതേ ഉള്ളുതാനും. എന്നാപ്പിന്നെ അങ്ങനെയാവട്ടേന്ന് വെച്ചു, ഒരു ദിവസം മക്കാവുവിലും രണ്ട് ദിവസം ഹോങ്കോങ്ങിലും.
വളരെ വിദഗ്ധമായ പ്ലാനുകളുടെ രൂപരേഖയും തയാറാക്കി ബാക്ക്പാക്കർ സെറ്റപ്പിൽ ബാങ്കോക്കിൽ നിന്നും യാത്ര തിരിച്ചു (തായ്ലൻഡിലെ എണ്ണംപറഞ്ഞ മലയാളികളിൽ ഒരുവനാണ് ഈ എളിയ യാത്രികൻ).
എയർ ഏഷ്യ തുടങ്ങിവെച്ച മഹാനുഭാവന് നല്ലതു വരുത്തണേ ഭഗവാനേ എന്ന് പ്രാർത്ഥിച്ച് അക്ഷമനായി ഫ്ലൈറ്റിലിരുന്നു. രണ്ടര മണിക്കൂർ പറന്ന വിമാനം മക്കാവു സമയം രാത്രി പത്തോടെ കടലിൽ ഇറക്കി. പേടിക്കേണ്ട, കടലിലേക്ക് മാറിയാണ് പ്രസ്തുത മക്കാവു എയർപോർട്ടിന്റെ റൺവേ ഉള്ളത്. ആകെ കുഞ്ഞ് രാജ്യമായതിനാൽ കരയിൽ സ്ഥലം കളയേണ്ടെന്ന് വെച്ചായിരിക്കും. തത്തിക്കളിച്ച് റൺവേയിൽനിന്നും വിമാനം എയർപോർട്ടിൽ കൊണ്ട് സൈഡാക്കി.
വിസ ഫ്രീ ആണെന്നുകരുതി നേരെ ചാടി പുറത്തിറങ്ങാമെന്ന് കരുതേണ്ട. പ്രത്യേകം റൂമിൽ കൊണ്ടുപോയി എവിടുന്ന് വന്നു, എന്തിനു വന്നു, എപ്പം പോവും, കൈയിലെ പൈസേടെ കണക്ക്, ഹോട്ടൽ ബുക്കിംഗ് എവിടെ തുടങ്ങി ചോദ്യങ്ങളുടെ ശരമെയ്തു. മിന്നാരം സിനിമയിലെ ഡയലോഗ് പറയാനാണ് തോന്നിയത്, “ലാസർ, തായ്ലന്റീന്ന്, മക്കാവു കാണണം, ഒരു കാപ്പി കുടിക്കണം, പോണം” അന്വേഷണങ്ങൾക്കൊടുവിൽ കുഴപ്പക്കാരല്ലെന്ന് മനസിലായി ചെറിയൊരു സ്ലിപ് തന്ന് അവരുടെ പ്രവിശ്യയിലേക്ക് ഇറക്കിവിട്ടു. 30 ദിവസം അവിടെക്കിടന്ന് കുത്തിമറിയാനുള്ള രേഖയാണ് ആ സ്ലിപ്. ഇതല്ലാതെ പാസ്സ്പോർട്ടിൽ എന്റർ ചെയ്യുന്ന പരിപാടി ഒന്നുമില്ല.
അധികം തിരക്കൊന്നുമില്ലാത്ത ചെറിയ എയർപോർട്ടാണ് മക്കാവ്ലേത്. ടൂറിസ്റ്റ് സിംകാർഡ് വേണ്ടവർക്ക് തുച്ഛമായ പൈസ ഇട്ടാൽ അൺലിമിറ്റഡ് ഇന്റർനെറ്റ് എല്ലാമുൾപ്പെടെ സിം കിട്ടുന്ന മെഷീൻ ഉണ്ട് എയർപോർട്ടിൽതന്നെ. പൊതുസ്ഥലങ്ങളിലെല്ലാം ഫ്രീ വൈഫൈ ഉള്ളതിനാൽ സിമ്മിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.
മക്കാവുവിന്റെ കറൻസി ‘പാട്ടാക്ക’ ആണ്. എങ്കിലും ഹോങ്കോങ് ഡോളർ വ്യാപകമായിത്തന്നെ ഉപയോഗിക്കാൻ കഴിയും. ചെറിയ കടകളിലും മറ്റും ബാക്കി തരുന്നത് ചിലപ്പോൾ മക്കാവു കറൻസി ആയിരിക്കും. രണ്ടും തമ്മിലുള്ള മൂല്യം നേരിയ വ്യത്യാസമേ ഉള്ളു. പക്ഷെ തിരിച്ച് ഹോങ്കോങ്ങിൽ മക്കാവു കറൻസി ഉപയോഗിക്കാൻ സാധിക്കില്ല.
ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പൊതുഗതാഗതം മാത്രമേ ഉപയോഗിക്കൂ എന്ന് ശപഥം ചെയ്താണ് പോയത്. എയർപോർട്ടിൽനിന്നും ഹോട്ടലിലേക്കുള്ള ബസ് എല്ലാം മുൻകൂട്ടി നോക്കി മനസിലാക്കി വെച്ചിരുന്നു. ഇതുകൂടാതെ ഒരു സേഫ്റ്റിക്ക് ടൂറിസ്റ്റ് ഹെൽപ് ഡെസ്കിലിരുന്ന പെൺകുട്ടിയോട് ഇറങ്ങേണ്ട സ്റ്റോപ്പ് ചൈനീസ് ഭാഷയിൽ എഴുതിയും വാങ്ങി.
എയർപോർട്ടിന് തോട്ടുവെളിയിലുള്ള ബസ് സ്റ്റോപ്പിൽ നിന്നും ബസ് കയറി ഹോട്ടലിലെത്തി.
ഒരുവിധം ആൾക്കാരൊക്കെ ഇംഗ്ലീഷ് പറയും എന്നതിനാൽ കാര്യമായി ബുദ്ധിമുട്ടേണ്ടി വന്നില്ല. എങ്കിലും ബസിലും കടകളിലുമൊക്കെ നന്നായി ബുദ്ധിമുട്ടും. റൂമിലെത്തി രാത്രി ഭക്ഷണം കഴിക്കാൻ പോയ കടയിൽ ചൈനീസ് ഭാഷ, മൊബൈലിൽ ഉൾപ്പെടെ ട്രാൻസ്ലേറ്റ് ചെയ്ത് അവിടെയുള്ളവർക്ക് മൊത്തം പ്രാന്തായി. അവസാനം വല്ല വിധേനയും എന്തൊക്കെയാണെന്ന് മനസിലാക്കി ഓർഡർ ചെയ്ത്, നല്ല അടിപൊളി ഫുഡായിരുന്നു..
മക്കാവു, തൈപ്പ, കൊളോൺ എന്നീ മൂന്നു ചെറുദ്വീപുകൾ ചേർന്നതാണ് മക്കാവു. ഈ മൂന്നും പാലം മുഖേന ബന്ധിക്കപ്പെട്ടിരിക്കുന്നു. വെറും 5 ലക്ഷം മാത്രം ജനസംഖ്യയുള്ള മക്കാവു, ലോകത്തിലെ നാലാമത്തെ ചെറിയ രാജ്യമാണ്. രാത്രിയിൽ ആളും ബഹളവുമൊന്നുമില്ലാത്ത പാവം മക്കാവു. ചൂതാട്ടത്തിനു പേര് കേട്ട രാജ്യത്ത് ബഹളങ്ങളെല്ലാം കാസിനോകളുടെ ഉള്ളിലാണ്. രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ലക്ഷങ്ങൾ മറിയുന്ന ഇടങ്ങൾ. സെക്കൻഡുകൾ കൊണ്ട് ലക്ഷങ്ങൾ കൈയിൽ വരികയും പോവുകയും ചെയ്യുന്ന കാഴ്ചകൾ കാണാം അവിടെ.
പിറ്റേന്ന് രാവിലെതന്നെ ഒരുങ്ങിയിറങ്ങി. റൂമിനടുത്ത് തന്നെയുള്ള ‘റൂയിൻസ് ഓഫ് സെന്റ് പോൾ’ എന്ന പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച ഒരു പള്ളിയുടെ ശേഷിപ്പ് കാണാൻ പോയി. മക്കാവുവിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണിത്. കാലത്തെത്തന്നെ ചെന്നതിനാൽ പള്ളിയും അതിനടുത്തൊരു മ്യൂസിയവും ഒന്നും തുറന്നിരുന്നില്ല, ആയതിനാൽ അകത്തേക്ക് കയറിയില്ല. അടുത്ത് തന്നെ ‘സെനാഡോ സ്ക്വയർ’ എന്ന സ്ഥലവും കണ്ടു. പണ്ടുകാലത്തെ തനതായ ചൈനീസ് ശൈലിയിലുള്ള ബഹുനില കെട്ടിടങ്ങളും അതിനിടയിലൂടെ കല്ലുകൾ പാകിയ നൊസ്റ്റാൾജിക് നടവഴിയുമാണ് ഇവിടുത്തെ പ്രത്യേകത.
അടുത്തത് പ്രധാന സംഭവമായ മക്കാവു ടവറിലേക്കാണ്. വഴിയിൽ കണ്ട ഒരു കടയിൽ കയറി അധികം പരീക്ഷണത്തിന് മുതിരാതെ ബ്രെഡ് ടോസ്റ്റ് ശാപ്പിട്ടു. കടയിലെ ആളോട് തന്നെ ചോദിച്ച് മക്കാവു ടവറിലേക്കുള്ള ബസ് ഏതെന്ന് മനസിലാക്കി അടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നു. അതാത് സ്റ്റോപ്പിൽ വരുന്ന ബസ് നമ്പറുകളും അവ പോകുന്ന സ്റ്റോപ്പുകളും വിശദമായി എല്ലാ സ്റ്റോപ്പിലും എഴുതി വെച്ചിട്ടുണ്ടാകും. പക്ഷെ പോകേണ്ട സ്ഥലത്തെ സ്റ്റോപ്പിന്റെ പേര് നമുക്കറിയില്ലലോ, അതുകൊണ്ട് ചോദിക്കാതെ തരമില്ല. ഇങ്ങനെ ചോദിച്ച് പറഞ്ഞ് തെണ്ടിത്തിരിഞ്ഞ് പോകുന്ന സുഖമൊന്നും ടാക്സിയിൽ പോയാൽ കിട്ടൂല, മാത്രമല്ല കീശ കാലിയാവുകയുമില്ല.
എല്ലാവരുടെയും കൈയിൽ ഇലക്ട്രോണിക് കാർഡാണുള്ളത്. ബസിലേക്ക് കയറുമ്പോൾ ഡ്രൈവറിനടുത്തുള്ള മെഷീനിൽ കാണിച്ചാൽ പൈസ കട്ടാവും. ഇതില്ലാത്തവർക്ക് പൈസ നിക്ഷേപിക്കാൻ അടുത്ത് തന്നെ ഒരു ബോക്സും ഉണ്ട്. പക്ഷെ നാട്ടിലെപോലെ ബാക്കി ഒരു രൂപയ്ക്ക് അടികൂടുന്ന പരിപാടി ഒന്നും നടക്കില്ല, ഡിസ്പ്ലേയിൽ കാണിച്ചിരിക്കുന്ന പൈസ ചില്ലറയായിത്തന്നെ ഇട്ടില്ലെങ്കിൽ ബാക്കി കിട്ടില്ല. ചില്ലറ ഇല്ലാതെ വന്നപ്പോൾ യാത്രക്കാരുടെ കൈയിൽ നിന്നും ചേഞ്ച് വാങ്ങിയതും, “പോട്ട് പുല്ല്” എന്ന് പറഞ്ഞ് കൂടുതൽ പൈസ ഇട്ടതും ഈയവസരത്തിൽ സ്മരിക്കുന്നു.
ബസ്സിറങ്ങി നേരെ മക്കാവു ടവറിലേക്ക് കയറി. ടിക്കറ്റെടുത്ത് 61ആം നിലയിലെത്തി. അവിടെയാണ് 360° ഒബ്സെർവഷൻ ഡെസ്ക് ഉള്ളത്. മക്കാവു മുഴുവനായും, ചൈനയുടെ കുറച്ച് ഭാഗങ്ങളും ഇവിടെ നിന്നാൽ കാണാം. സാഹസിക വിനോദമായ ബംഗി ജമ്പ് (കയറിൽ തൂങ്ങി ചാട്ടം) , പിന്നെ കയറുമായി ബന്ധിപ്പിച്ച് ടവറിനു ചുറ്റും നടക്കാനുമെല്ലാം അവസരമുണ്ട്.
ജീവനിൽ കൊതിയുള്ളതിനാൽ അതിനൊന്നും മെനക്കെട്ടില്ല. ഈപറഞ്ഞതിനെല്ലാം മതിയായ സുരക്ഷ ഉണ്ടെങ്കിലും പേടിച്ച് അറ്റാക്ക് വന്ന് ചത്താൽ ആര് സമാധാനം പറയും… മക്കാവു ടവറിനു ഏറ്റവും താഴത്തെ നിലയിൽ ഷോപ്പിങ്ങും, ഫുഡ് ഷോപ്പുകളുമെല്ലാമുണ്ട്. അവിടെ നിന്നും ഉച്ചഭക്ഷണവും കഴിച്ചു.
അങ്ങനെ മക്കാവുവിലെ പ്രധാന സംഭവങ്ങൾ കവർ ചെയ്ത് കഴിഞ്ഞു. ഇനി ഏതെങ്കിലുമൊരു കാസിനോ സന്ദർശനം കൂടി നടത്തിയാൽ പൂർത്തിയായി. അത്യാവശ്യം മുന്തിയ കാസിനോകളിൽ നിന്നും മക്കാവു ടവർ, എയർപോർട്ട്, ഫെറി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് ഫ്രീ ഷട്ടിൽ ബസ്സുണ്ട്, അതും ഫ്രീ വൈഫൈ ഉൾപ്പെടെ. നഗരക്കാഴ്ചകളും, രണ്ടു കരകളെ ബന്ധിപ്പിക്കുന്ന വമ്പൻ പാലവുമെല്ലാമടക്കം ഒരു രാജ്യത്തിന്റെ ഒട്ടുമുക്കാൽ കാഴ്ചകളും ഫ്രീയായി ആസ്വദിക്കാൻ ഇതുപോലെ സൗകര്യം വേറെ എവിടെയുണ്ട്…
ഒരു ടിപ്പ് പറയാം ; ഈ മക്കാവു ടവറിൽനിന്നും എയർപോർട്ടിലേക്കോ ഫെറിയിലേക്കോ ആണ് പോകേണ്ടതെന്ന് വെക്കുക, നമ്മൾ മക്കാവു ടവറിൽനിന്നും ഷട്ടിൽ ബസ്സിൽ കയറി കാസിനോയിലെത്തുന്നു, അവിടുന്ന് എയർപോട്ടിലേക്കോ ഫെറിയിലേക്കോ ഉള്ള ഷട്ടിൽ ബസിൽ മാറികയറി അവിടെയുമെത്തുന്നു, സിമ്പിൾ. കാസിനോയുടെ അടുത്തെവിടെയേലും റൂം ബുക്ക് ചെയ്യുകയാണെങ്കിൽ അവിടേക്കുള്ള പോക്കുവരവും ഫ്രീ. അല്ലപിന്നെ, നമ്മളോടാ കളി.. ;). കാസിനോക്കാരെങ്ങാനും ഈ വിവരണം വായിച്ചാൽ ഇതോടെ ഈ പരിപാടി നിർത്തും.
എന്തുകൊണ്ടാണ് ഇങ്ങനെ ഫ്രീ സേവനം കൊടുക്കുന്നതെന്ന് കാസിനോയുടെ ഉള്ളിൽ കേറിയാൽ മനസിലാവും.. ചൂതാട്ടത്തിന്റെ സാഗരമാണവിടെ. 100 കണക്കിന് ടേബിളുകളിൽ 24 മണിക്കൂറും ചൂതാട്ടം നടന്നുകൊണ്ടിരിക്കുന്നു. അവര് നമ്മളെ മാടി വിളിക്കും, പക്ഷെ മൈൻഡ് ചെയ്യരുത്. ഇതിലും വലിയ ‘ഏണീം പാമ്പു’മൊക്കെ കളിച്ചിട്ടുണ്ടെന്ന ഭാവത്തിൽ സ്ഥലം കാലിയാക്കിക്കോണം, ഇല്ലെങ്കിൽ പൈസ പോകുന്ന വഴിയറിയില്ല.
കാസിനോയുടെ ഏറ്റവും താഴത്തെ നിലയിൽ കയറിയപ്പോഴുള്ള കാഴ്ചയാണ് ഇപ്പൊ പറഞ്ഞത്. മുകളിലേക്കുള്ള നിലകളിൽക്കൂടി കയറി ബാക്കികൂടി കാണാനുള്ള ത്രാണിയില്ലാത്തതിനാൽ പതിയെ അവിടുന്ന് വലിഞ്ഞു. കാസിനോയിൽ നിന്നും നമ്മുടെ മുത്തായ ഫ്രീ ഷട്ടിൽ ബസ്സിൽ കയറി മക്കാവു ഫെറിയിലേക്ക്.
മക്കാവുവിൽ നിന്നും കടലിലൂടെ കൃത്യം ഒരു മണിക്കൂർ സഞ്ചരിച്ചാൽ ഹോങ്കോങിലെത്താം. ഓരോ അര മണിക്കൂർ ഇടവിട്ടു ഫെറി സർവീസ് ഉണ്ട്. ഇതുകൂടാതെ ഇമ്മിണി വല്യ ആൾക്കാർക്കൊക്കെ വെറും 10 മിനിറ്റ് കൊണ്ട് എത്താൻ ഹെലികോപ്റ്റർ സർവീസും ലഭ്യമാണ്.
ഇമ്മിഗ്രേഷൻ എല്ലാം ഉൾപ്പെടെ എയർപോർട്ട് സെറ്റപ്പ് തന്നെയാണ് ഫെറിയിലും. റിട്ടേൺ അടക്കമുള്ള ടിക്കറ്റ് എടുത്ത് പോർട്ടിലേക്ക് നടന്നു, കാരണം തിരിച്ചുള്ള ഫ്ലൈറ്റ് മക്കാവുവിൽ നിന്ന് തന്നെയാണല്ലോ.. ശെരിക്കും ഹോങ്കോങ് കാണാനെത്തുന്ന ആളുകൾ ഒരു ദിവസത്തേക്ക് മക്കാവുവിലേക്ക് വന്ന് ചിലവഴിച്ച് പോവുകയാണ് പതിവ്, ഇതിപ്പോ നേരെ തിരിച്ച് ചെയ്യാൻ കാരണം എയർ ഏഷ്യ ഓഫർ മക്കാവുവിലേക്ക് കിട്ടിയതുകൊണ്ടാണ്. എങ്ങനെയായാലും രണ്ടു സ്ഥലവും കാണണം അത്രേയുള്ളൂ.
‘Cotai water jet ‘ എന്ന യമണ്ടൻ ബോട്ട്, ഒരു കുഞ്ഞ് കപ്പൽ എന്നുതന്നെ വേണമെങ്കിൽ വിശേഷിപ്പിക്കാം. പേരിലുള്ള ജെറ്റ് അന്വർത്ഥമാക്കുംവിധം അസാമാന്യ വേഗത്തിലാണ് ഇത് കടലിലൂടെ കുതിക്കുന്നത്. കടൽ പ്രഷുബ്ധമാണെങ്കിൽ ഫ്ലൈറ്റിലെപ്പോലെ അനൗൺസ്മെന്റ് വരും, അപ്പൊ സീറ്റ് ബെൽറ്റ് ഒക്കെയിട്ട് മിടുക്കനായിട്ടിരിക്കണം. എന്തായാലും പുതിയൊരു അനുഭവമായിരുന്നു വാട്ടർജെറ്റ്…
മക്കാവുവിൽനിന്നും പാവപ്പെട്ടവനെയും വഹിച്ചുകൊണ്ടുള്ള വാട്ടർ ജെറ്റ് ഹോങ്കോങ് തീരത്തണഞ്ഞു.. ഇന്ത്യക്കാർക്ക് വിസ ഫ്രീ ആയിരുന്നു ഹോങ്കോങ്ങിൽ. പക്ഷെ ഞാനൊക്കെ അവിടെ കാലുകുത്തി തിരിച്ച് പോന്നതിന്റെ പിറ്റേന്ന് അവന്മാര് വിസ നിയമം മാറ്റി. ഞാൻ മനസാ വാചാ കർമണാ ഒന്നും അവിടെ ചെയ്തിട്ടില്ല. പക്ഷെ ആരും നിരാശരാവണ്ട, സംഗതി വളരെ ലളിതമാണ്, ഇനിമുതൽ ഓൺലൈൻ രജിസ്റ്റർ കൂടി ചെയ്ത് വേണം പോകാൻ അത്രേയുള്ളു. വിസ ഫ്രീ തന്നെയാണ്. കൂടുതൽ വിവരങ്ങൾ ഇതിലുണ്ട്. http://www.immd.gov.hk/…/pre-arrival_registration_for_india…
ഇന്ത്യക്കാരുടെ കുടിയേറ്റം വളരെ കൂടുതലായതിനാൽ നമ്മളെ കീറിമുറിച്ച് പരിശോധിച്ച് ഇന്റർവ്യൂ ഒക്കെ നടത്തിയേ അങ്ങോട്ടേക്ക് കയറ്റൂ. വേറെ ഏതെങ്കിലും രാജ്യത്തുനിന്നും ആണ് പോകുന്നതെങ്കിൽ ജോലി ചെയ്യുന്നതിന്റെ എന്തെങ്കിലും പ്രൂഫ് കൊണ്ടുപോയാൽ നന്നായിരിക്കും. കാരണം നമ്മൾ തിരിച്ചു പോകാതിരിക്കുമോ എന്നാണ് അവർക്ക് പേടി.
അങ്ങനെ ഒരു മൾട്ടി നാഷണൽ കമ്പനീൽ ജോലി കിട്ടാൻ പാകത്തിനുള്ള ഇന്റർവ്യൂവും കഴിഞ്ഞ് ഹോങ്കോങ്ങിന്റെ മണ്ണിൽ കാലുകുത്തി. മക്കാവുവിലെ മാതിരി സ്ലിപ് മാത്രമാണ് ഇവിടെയും തരുന്നത്. 14 ദിവസമാണ് നമുക്ക് ഇവിടെ നിൽക്കാനുള്ള കാലാവധി. ഹോങ്കോങ്ങിലെ പൊതുഗതാഗതസൗകര്യം വളരെ മികച്ചതാണ്. MTR എന്നറിയപ്പെടുന്ന അണ്ടർഗ്രൗണ്ട് മെട്രോ ആണ് ഇതിൽ എടുത്ത് പറയേണ്ടത്. സിറ്റി ബസ്സുകളും മോശമൊന്നുമല്ല. എയർപോർട്ട്, ഫെറി തുടങ്ങിയവയെല്ലാംതന്നെ ബന്ധിപ്പിച്ചിട്ടുള്ള വളരെ വിപുലമായ മെട്രോയിൽ പൊതുവെ നല്ല തിരക്കും ആണ്.
ഹോങ്കോങ്ങിലെത്തുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് Octopus എന്ന കാർഡ്. മെട്രോ, ബസ്, ടാക്സി അങ്ങനെ ഒരുമാതിരി എല്ലായിടത്തും ഇത് ഉപയോഗിക്കാൻ പറ്റും. ആവശ്യമുള്ളത് റീചാർജ് ചെയ്താൽ കാർഡ് തിരിച്ച് കൊടുക്കുമ്പോൾ ബാക്കിയുള്ള പൈസ കിട്ടും. വളരെ സൗകര്യപ്രദമാണിത്. അപ്പൊ നിങ്ങള് വിചാരിക്കും ഞാൻ ഇതൊക്കെയെടുത്ത് വമ്പൻ സെറ്റപ്പിലാ പോയതെന്ന്. അല്ല. 2 ദിവസമേ ഉള്ളതുകൊണ്ടും പിന്നെ ഇതില്ലാതെയും ഹോങ്കോങ്ങിൽ കറങ്ങാം എന്ന് തെളിയിക്കുന്നതിനും വേണ്ടി ‘ഒക്റ്റോപ്പസ് കാർഡ്’ എടുക്കാനൊന്നും മെനക്കെട്ടില്ല. പിന്നെ പാവപ്പെട്ടവർക്കും ജീവിക്കണ്ടേ ഇവിടെ.. 😉 .
ആയതിനാൽ മെട്രോ ടിക്കറ്റ് സ്റ്റേഷനിലുള്ള മെഷീനിൽനിന്നും; ബസ്, ട്രാം തുടങ്ങിയവ മക്കാവുവിലെപ്പോലെതന്നെ കയറുമ്പോൾ ബോക്സിൽ നിക്ഷേപിച്ചും കാര്യങ്ങൾക്ക് ഒരു തീരുമാനമാക്കി.
മാപ്പിൽ നോക്കി ഒരു മെട്രോ സ്റ്റേഷന്റെ അടുത്തുള്ള റൂം തപ്പിപിടിച്ചാണ് ബുക്ക് ചെയ്തത്. ഇതുകൂടാതെ പോകേണ്ട സ്ഥലങ്ങളുടെയൊക്കെ അടുത്തുള്ള മെട്രോ സ്റ്റേഷനുകളും മുൻകൂട്ടി നോക്കിവെച്ചിരുന്നു. മെട്രോയിൽ കയറി റൂമിലെത്തി. ഹോങ്കോങ്ങിൽ ചീപ്പായിട്ടുള്ള റൂം ബുക്ക് ചെയ്യുന്നവർ ശ്രെദ്ധിക്കേണ്ടത്, ഒരു കട്ടിൽ ഇട്ടുകഴിഞ്ഞാൽപിന്നെ നിന്നിട്ട് തിരിയാൻ പോലും പാടുപെടുന്നത്ര ഇടുങ്ങിയ മുറികളാണ് കുറഞ്ഞ പൈസയ്ക്ക് കിട്ടുന്ന മിക്കവയും. പക്ഷെ യാത്രയോട് ഇത്രയേറെ അഭിനിവേശമുള്ള എന്നെപോലുള്ളവർക്ക് , കടത്തിണ്ണ ആയാലും മതി എന്നൊന്നും ഞാൻ പറയില്ല; കിടക്കാനൊരു കട്ടിലും ഒരു കുഞ്ഞ് ബാത്റൂമും ഉണ്ടെങ്കിൽ സംഗതി ഉഷാറായി. അതുകൊണ്ട് എനിക്ക് യാതൊരു പരാതിയുമില്ല.
രാത്രികാഴ്ചകൾ ആസ്വദിക്കാൻ ഹോങ്കോങ് തെരുവുവീഥികളിലേക്ക് ഇറങ്ങി. എന്താ പറയാ, പണ്ട് കളിച്ച ഏതോ കമ്പ്യൂട്ടർ ഗെയിമിലെ സിറ്റിയിലെത്തിയ പ്രതീതി. എന്നെ ഏറ്റവും ആകർഷിച്ചത് അവിടുത്തെ ടാക്സികളാണ്. പഴയ വണ്ടികൾ മാത്രമാണ് ടാക്സി ആയിട്ടുള്ളത്, അത് നല്ല വെൽ മെയിന്റയിൻ ചെയ്ത് കുട്ടപ്പനാക്കി കൊണ്ടുനടക്കുന്നു. അടുത്തടുത്തുള്ള ജംഗ്ഷനുകൾ, തിരക്കുപിടിച്ച് നടന്നുപോകുന്ന ആളുകൾ, നിരനിരയായി പോകുന്ന ടാക്സികൾ, ചിലയിടത്തെല്ലാം കയറ്റിറക്കങ്ങൾ ; മൊത്തത്തിൽ ഹോങ്കോങ് നമ്മളെ വല്ലാതെ കൊതിപ്പിക്കും.
പിന്നെ നമ്മുടെ സന്തോഷ് ജോർജേട്ടന്റെ ഡയലോഗ് പോലെത്തന്നെ “അംബരചുംബികളായ കെട്ടിടങ്ങൾ എന്നെ ഘടാതാകർഷിച്ചു”. ഉള്ള കെട്ടിടങ്ങളെല്ലാം മാനംമുട്ടെ പണിത് വെച്ചിരിക്കുന്നു. അവസാനം അംബരവും കെട്ടിടങ്ങളുമായുള്ള ചുംബനം നോക്കി നോക്കി കഴുത്തുളുക്കിന്ന് പറഞ്ഞാൽ മതിയെല്ലോ. രാത്രിയിൽ അധികം തിരിഞ്ഞ്കളിക്കാതെ തിരിച്ച് റൂമിലെത്തി ഉറങ്ങി.
പിറ്റേന്ന് രാവിലെതന്നെ നേരം വെളുത്തതിനാൽ കുളിച്ച് റെഡിയായി ഇറങ്ങി. ഹോങ്കോങ്ങിലെ പ്രധാന ടൂറിസ്റ്റ് ആകർഷണമായ കേബിൾ കാർ സവാരിക്കാണ് ആദ്യം പോകുന്നത്. ചിന്നിച്ചിതറിയ ദ്വീപുകൾ കൂടിച്ചേർന്ന ഹോങ്കോങ്ങിൽ സിറ്റിയിൽനിന്നും കുറച്ച്മാറി മറ്റൊരു ദ്വീപിന്റെ അങ്ങേയറ്റത്താണ് ‘Nongping 360’ എന്ന കേബിൾ കാർ സർവീസ് ഉള്ളത്. ഹോങ്കോങ് എയർപോർട്ടിന് അടുത്തുതന്നെയാണിത്. നഗരത്തിരക്കിൽനിന്നും മുക്കാൽ മണിക്കൂറോളം മെട്രോയിൽ സഞ്ചരിച്ച് അവിടേക്കെത്തി. കടലിനടിയിലൂടെ ടണൽ നിർമിച്ച് റോഡും, മെട്രോയുമെല്ലാം കടന്നുപോകുന്നുണ്ട് ഹോങ്കോങ്ങിൽ.
മെട്രോ സ്റ്റേഷന്റെ അടുത്ത് തന്നെയാണ് കേബിൾ കാർ തുടങ്ങുന്ന സ്ഥലവും. രാവിലെതന്നെ നീണ്ട ക്യൂ ആയിരുന്നു ടിക്കറ്റ് എടുക്കാൻ. കടലിന്റെ ഒരു ഭാഗവും ക്രോസ്സ് ചെയ്ത് അപ്പുറത്തുള്ള കുന്നുകൾ നിറഞ്ഞ ബാക്കിയിടവുമെല്ലാമായി 6 കിലോമീറ്ററോളം അവിസ്മരണീയമായ യാത്രയാണ് കേബിൾ കാറിലേത്. താഴത്തെ പ്രതലവും ഗ്ലാസ്സിനാൽ ഉള്ള ക്രിസ്റ്റൽ ക്യാബിൻ ടിക്കറ്റ് എടുക്കുകയാണെങ്കിൽ കേബിൾ കാർ യാത്ര മികച്ച ഒരനുഭൂതിയാക്കിത്തീർക്കാം.
ഉള്ളിലെവിടെയോ ഒരു ചെറിയേ പേടിയുണ്ടായിരുന്നു. പപ്പു ചേട്ടൻ പറഞ്ഞത് പോലെ “ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാൽ ഞമ്മളും കേബിൾ കാറും തവിടുപൊടി”. പക്ഷെ പേടി പുറത്ത് കാണിക്കാൻ പാടില്ലല്ലോ.. കേബിൾ കാർ കടന്നുപോകുന്ന കുന്നുകളിലൂടെയെല്ലാം ട്രെക്കിങ്ങ് ചെയ്ത് പോകാനുള്ള നടപ്പാതയുണ്ട്. ഇക്കണ്ട കുന്നെല്ലാം കേറിയിറങ്ങി കഷ്ടപ്പെട്ട് നടന്നുപോകുന്നവർക്ക് പത്തടി നടക്കാൻപോലും മടിയുള്ള എന്റെ വക ഒരു ലോഡ് പുച്ഛം ഇട്ടുകൊടുത്തു.
കേബിൾ കാർ അവസാനിക്കുന്നിടത്ത് നൊങ്പോങ് വില്ലേജ്, ബിഗ് ബുദ്ധ എന്നിവ കണ്ട് കുറച്ച് നേരം ചിലവഴിച്ചു. ഉച്ചഭക്ഷണവും അവിടെനിന്നുതന്നെ കഴിച്ചു. തിരിച്ച് വീണ്ടും കേബിൾ കാറിൽ ഞാണിന്മേൽക്കളി നടത്തി തുടങ്ങിയ സ്ഥലത്തെത്തി. കേബിൾ കാറിൽ ഇരുന്നുകൊണ്ട് ഹോങ്കോങ് എയർപോർട്ട് മുഴുവനായും കാണാൻ സാധിക്കും. ‘World’s most amazing cable car experience’ എന്ന അവരുടെ വാക്യം അക്ഷരംപ്രതി ശെരിയാണെന്ന് ഞാനെവിടെയും സമ്മതിക്കും.
സിറ്റിയിൽനിന്നും ഇങ്ങോട്ടേക്ക് ഇരുട്ടുമൂടിയ തുരങ്കത്തിലൂടെ മെട്രോയിൽ വന്ന ദൂരം തിരിച്ച് ബസിൽ പോകാം എന്നെടുത്ത തീരുമാനം എന്റെ ജീവിതത്തിലെ നല്ലൊരു തീരുമാനമായി കണക്കാക്കപ്പെടും. കാരണം ഈ ഒരു മണിക്കൂർ യാത്രയിൽ ഹോങ്കോങ്ങിന്റെ കാഴ്ചകൾ ആവോളം ആസ്വദിക്കാം. രണ്ടുനില ബസിന്റെ മുകളിൽ ഇരുന്നുകൊണ്ട് നഗരത്തിരക്കിൽനിന്നും വിട്ടുനിൽക്കുന്ന ഹോങ്കോങ്ങിന്റെ ചിത്രവും, വലിയ മല തുരന്നും, കടലിനടിയിലൂടെയുമെല്ലാമുള്ള ടണലുകൾ, ഹാർബർ, അംബരചുംബികൾ എല്ലാം കണ്ട് ഹോങ്കോങ് സെൻട്രലിൽ എത്തി. അപ്പോഴേക്കും വൈകിട്ടായിരുന്നു.
‘വിക്ടോറിയ പീക്’ എന്ന ഹോങ്കോങ്ങിലെ ഏറ്റവും ഉയർന്ന പോയിന്റിലേക്കാണ് ഇനി പോകുന്നത്. ‘പീക് ട്രാം’ എന്ന തീർച്ചയായും കേറിയിരിക്കേണ്ട മറ്റൊരു സംഭവത്തിലാണ് പോകുന്നത്. നമ്മുടെ ഊട്ടി ട്രെയിൻ പോലെ പൽചക്രം ഉപയോഗിച്ച് കുത്തനെയുള്ള കയറ്റം കയറുന്ന ടെക്നോളജിയാണിത്. വിക്ടോറിയ പീക്കിന്റെ മുകളിൽ നിന്നുള്ള ഹോങ്കോങ്ങിന്റെ കാഴ്ച…..
“എന്റെ സാറേ…., പിന്നെ ചുറ്റുമുള്ളതൊന്നും കാണൂല്ല”. സന്ധ്യക്ക് മുൻപ് അവിടെയെത്തിയതിനാൽ ഹോങ്കോങ് സിറ്റിയുടെ പകൽക്കാഴ്ചയും രാത്രികാഴ്ചയും കാണാനുള്ള മഹാഭാഗ്യം കിട്ടി. രണ്ടും ഒന്നിനൊന്നു മനസിന് കുളിർമയേകുന്നതാണ്. അന്നത്തെ പരിപാടികൾക്ക് തിരശീലയിട്ട് തിരിച്ച് റൂമിലെത്തി.
പിറ്റേന്ന് ഒരുദിവസംകൂടി ബാക്കിയുണ്ട്. സിറ്റി ടൂർ ആണ് ഉദ്ദേശിക്കുന്നത്. ഹോങ്കോങ്ങിലെ ക്ളീഷേ ടൂറിസ്റ്റ് സ്ഥലങ്ങളായ ഡിസ്നി വേൾഡ്, ഓഷ്യൻ പാർക്ക് എന്നിവിടങ്ങളിലൊന്നും പോകാൻ താല്പര്യമില്ലാരുന്നു. അതൊക്കെ ഫാമിലിയായിട്ട് പോകുമ്പോ പിള്ളേരെ പറ്റിക്കാനുള്ള വീഗാലാൻഡ് പോലത്തെ സ്ഥലങ്ങളാണ്, മാത്രമല്ല ഒരു മുഴുവൻ ദിവസം ചെലവഴിക്കേണ്ട ഇടങ്ങളുമാണ്. സമയവും താല്പര്യമുവുള്ളവർക്ക് പോകുന്നതിൽ തെറ്റൊന്നുമില്ല.
ഇതുവരെ മെട്രോയിലോ ബസിലോ പോയിരുന്ന ഹോങ്കോങ് സെൻട്രലിലേക്ക്, കടത്ത് വഴി പോകാനൊരു പൂതി. റൂമിൽനിന്നും പത്ത് മിനിറ്റ് നടന്നാൽ എത്തുന്ന വിക്ടോറിയ ഹാർബറിൽ ചെന്നു. അവിടുത്തെ സ്റ്റാർ ഫെറിയിൽനിന്നും ബോട്ട് കയറി സെൻട്രലിലെത്തി.
ഓപ്പൺ ബസ് ടൂറിനു പേരുകേട്ട ബിഗ്ബസ് എന്ന കമ്പനിയെ, 200 നു മുകളിൽ ഹോങ്കോങ് ഡോളർ ആകുമെന്ന് പറഞ്ഞതിനാൽ ഒഴിവാക്കി നടന്നകന്നപ്പോൾ ദൈവദൂതനെപ്പോലെ മറ്റൊരു ബസ് വന്നു, വെറും 66 ഡോളറിനു സിറ്റി ടൂർ. ഗവൺമെന്റിന്റെ വണ്ടിയാണോയെന്ന് എനിക്കറിയില്ല, മുകൾഭാഗം തുറന്ന ബസിൽ ഞാനും വാർദ്ധക്യത്തോടടുക്കുന്ന ചുറുചുറുക്കുള്ള രണ്ട് സായിപ്പന്മാരും മാത്രം.
എന്തായാലും പിന്നീടുള്ള രണ്ട് മണിക്കൂർ ശ്രീനിവാസന്റെ “ബ്രേക്കെവിടെ , ക്ലച്ചെവിടെ” സീൻ ആണ് നടന്നത്. അങ്ങോട്ടോടുന്നു, ഇങ്ങോട്ടോടുന്നു, എന്തൊക്കെയാ കാണേണ്ടതെന്ന് തീരുമാനിക്കാൻപോലും പറ്റാത്ത അവസ്ഥ. അത്രയ്ക്കു മനോഹരമായ കാഴ്ചകളാണ് ചുറ്റിനും.
ഡിസംബർ മാസം ആയതിനാൽ നട്ടുച്ചയ്ക്കും ഒട്ടും വെയിൽ ഇല്ലാത്ത നല്ല തണുത്ത കാലാവസ്ഥ ആയിരുന്നു. സിറ്റി ടൂർ നടത്തി തിരിച്ചെത്തി.
തലേദിവസംതന്നെ തീരുമാനിച്ചുറപ്പിച്ചതാണ് പീക് ട്രാമിന് പകരം ബസ്സിൽ വിക്ടോറിയ പീക് വരെ വെറുതേ ഒരു സവാരി നടത്തണമെന്ന്. ഇടുങ്ങിയ വഴികളോടുകൂടിയ ഹൈറേഞ്ചിലൂടെ അങ്ങനെയൊരു ബസ് യാത്ര നടത്തിയില്ലാരുന്നെങ്കിൽ ഹോങ്കോങ് സിറ്റിയുടെ ഫെന്റാസ്റ്റിക്, ബോംബ്ളാസ്റ്റിക്, ജിംനാസ്റ്റിക് ആയ മറ്റൊരു കാഴ്ചയും അതിന്റെ ഫോട്ടോയുമൊന്നും കിട്ടുമായിരുന്നില്ല.
അതുംകഴിഞ്ഞ് വീണ്ടും സെൻട്രലിൽ തിരിച്ചെത്തി. റോഡിൽത്തന്നെ റെയിലിൽകൂടി ഓടുന്ന ട്രാം ആണ് ഹോങ്കോങ്ങിലെ മറ്റൊരു ആകർഷണം. സോപ്പുപെട്ടി കണക്കെ അധികം വേഗതയില്ലാതെ ഉറുമ്പിൻകൂട്ടത്തെപ്പോലെ വരിവരിയായി പോകുന്ന ട്രാമിലും ഒരു സവാരി നടത്തി. ട്രാമിന്റെ മുകൾനിലയിൽ ഏറ്റവും മുൻപിലിരുന്ന് നഗരക്കാഴ്ചകൾ കണ്ടുകൊണ്ടുള്ള യാത്ര പുതിയൊരു തൊട്ടറിവായിരുന്നു. വളരെ തുച്ഛമായ പൈസയേ ട്രാം യാത്രയ്ക് വേണ്ടൂ.
‘വാൻ ചായ്’ എന്ന പ്രശസ്തമായ മാർക്കറ്റിന്റെയടുത്ത് ഇറങ്ങി അവിടെയൊക്കെ ഒന്ന് ചുറ്റിയടിച്ചു. ചെറുകിട കച്ചവടങ്ങൾ ധാരാളമുണ്ടിവിടെ.
അതിനുശേഷം റോഡിലൂടെ ഒരു പദയാത്ര നടത്തി. നമ്മുടെ ഒരുവിഭാഗം ന്യൂ ജനറേഷൻ മലയാളികൾക്ക് ഇംഗ്ലീഷ് പ്രാവീണ്യം നേടിക്കൊടുക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ഫിലിപ്പീൻ പെൺകൊടികൾ കുടുംബം പുലർത്തുന്നതിനുവേണ്ടി ധാരാളമായി ഇവിടെ വന്നു ജോലി ചെയ്യുന്നുണ്ട്. ഹോങ്കോങ്ങിലെ ആളുകൾക്കും അത്യാവശ്യം നല്ലരീതിയിൽ ഇംഗ്ലീഷൊക്കെ അറിയാം. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഭാഷയാകുന്ന സാഗരത്തിൽ അറ്റ്ലീസ്റ്റ് ചൂണ്ടയെങ്കിലും ഇടുന്ന ഏതൊരാൾക്കും ധൈര്യമായി ഹോങ്കോങ്ങിൽ പോകാം.
തിരിച്ചുപോരാൻ ഒട്ടും മനസുണ്ടായിരുന്നില്ലെങ്കിലും ഹോങ്കോങ്ങിലെ രണ്ട് ദിവസത്തെ കിടു ട്രിപ്പിനുശേഷം തിരിച്ച് വാട്ടർജെറ്റിൽ കയറി മക്കാവുവിലെത്തി, അവിടുന്ന് നേരെ വാസസ്ഥലമായ തായ്ലന്റിലേക്ക് പറന്നു.
സംഭവബഹുലമായ മക്കാവു-ഹോങ്കോങ് ചരിതം ഇവിടെ അവസാനിക്കുന്നു. ക്ഷമയോടെ വായിച്ച ഏവർക്കും നന്ദി.