ബസ് കണ്ടക്ടര്‍ ജോലി വളരെ എളുപ്പം ആണെന്നാണ് മിക്കയാളുകളുടെയും വിചാരം. എന്നാല്‍ ആ ജോലി ചെയ്യുന്നവര്‍ക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്. കാരണം ഒരു ബസില്‍ കയറുന്ന യാത്രക്കാരുടെ സ്വഭാവം പലതരത്തില്‍ ആയിരിക്കും. ചിലര്‍ വളരെ മാന്യന്മാര് ആയിരിക്കും, മറ്റു ചിലര്‍ പരമ ബോറും. ഇങ്ങനെയുള്ള എല്ലാവരെയും ക്ഷമയോടെ ഏകോപിപ്പിച്ചു ടിക്കെറ്റ് എടുപ്പിച്ച് കൊണ്ടുപോകലാണ് ബസ് കണ്ടക്ടറുടെ പ്രധാന പണി.
കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരുടെ കാര്യം ഒന്നാലോചിച്ചുനോക്കൂ. പറയുമ്പോള്‍ സര്‍ക്കാര്‍ ജോലിയൊക്കെത്തന്നെയാണ്. പക്ഷെ മര്യാദയ്ക്ക് ശമ്പളവും കിട്ടുന്നില്ല.. യാത്രക്കാരുടെ ചീത്തകള്‍ വേറെയും.. ഒപ്പം ഇന്‍സ്പെക്ടര്‍മാര്‍ കയറിയാലുള്ള ടെന്‍ഷന്‍ വേറെ. ഇത്രയും പ്രശ്നങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ജോലിചെയ്യുന്ന ഇവരെ സമ്മതിക്കണം എന്നു പറയാനേ ഇപ്പോള്‍ കഴിയൂ.
ദിവസേന ഡ്യൂട്ടിക്കിടയില്‍ ഇവരൊക്കെ പലതരം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. കുറ്റം യാത്രക്കാരുടെ പക്കല്‍ ആണെങ്കിലും പഴികേള്‍ക്കുന്നത് കണ്ടക്ടര്‍ ആയിരിക്കും. അത്തരത്തില്‍ ഉണ്ടായ ഒരു പ്രശ്നത്തെക്കുറിച്ച് ഈയിടെ ഫേസ്ബുക്കില്‍ അഭിലാഷ് നായര്‍ എന്ന കൊല്ലം സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ വീഡിയോ സഹിതം ഒരു പോസ്റ്റ് ഇടുകയുണ്ടായി. ആ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ഇനി നമുക്ക് അഭിലാഷിന്റെ പോസ്റ്റ് ഒന്ന് നോക്കാം.
“ഇത് ഇന്ന് കൊട്ടിയം – അഞ്ചൽ റൂട്ടിലെ RSM 103 നമ്പർ ബസിൽ ഓയൂരിൽ നിന്നും കയറിയ ആളാണ്. 20 രൂപ തന്ന് 12 രൂപയുടെ ടിക്കറ്റ് ചോദിച്ചു. ഞാൻ ഇത്തിക്കര ടിക്കറ്റ് നൽകി. ടിക്കറ്റ് ‘വിശദമായി പഠിച്ച് ‘ കഴിഞ്ഞപ്പോഴാണ്, അങ്ങോട്ട് പോയ ജന്റമല്ല, ഇത് ഓർഡിനറിയാണെന്ന് പിടികിട്ടിയത്.ഉടൻ പത്ത് രൂപ ടിക്കറ്റ് വേണമെന്നായി. വഴക്കൊഴിവാക്കാൻ ഞാൻ പത്ത് രൂപ തിരികെ നൽകി. പക്ഷേ അത് പോരാ, പത്ത് രൂപ ടിക്കറ്റും നൽകണം, ഓർഡിനറി യാണെന്ന് പറയാത്തതിന് കണ്ടക്ടർ മാപ്പും പറയണം. ഇല്ലെങ്കിൽ ആദിച്ചനല്ലൂർ നിന്നും പോകാൻ പറ്റില്ല. തുടർന്നുള്ള ആ മഹാന്റെ പ്രകടനങ്ങളാണിത്. ഞങ്ങൾ ചെയ്യുന്ന തെറ്റുകൾക്ക് ഞങ്ങളെ ശിക്ഷിക്കുക. നിങ്ങളുടെ അബദ്ധങ്ങൾക്കും ഞങ്ങളീ തെറി വിളി കേൾക്കണോ? ഞങ്ങളും നിങ്ങളെപ്പോലുള്ള മനുഷ്യരാണെന്ന് ഒരു നിമിഷം ചിന്തിച്ചു കൂടേ…??
കണ്ടില്ലേ? യാത്രക്കാരന് തെറ്റുപറ്റിയിട്ടും ബാക്കി തുക മടക്കിക്കൊടുക്കുവാന്‍ ഈ കണ്ടക്ടര്‍ സന്മനസ്സു കാണിച്ചു. പക്ഷെ അപ്പോഴും ആ യാത്രക്കാരന് സംതൃപ്തി ആയില്ല പോലും. പന്ത്രണ്ടു രൂപയുടെ ടിക്കറ്റ് ആദ്യമേ കൊടുത്തതാണ്. അതില്‍ പത്തു രൂപ കിഴിച്ച് ബാക്കി കൊടുക്കുകയും ചെയ്തു. എന്നിട്ടും വീണ്ടും പുതിയ ടിക്കറ്റ് വേണമത്രേ. കെഎസ്ആര്‍ടിസിയില്‍ ഒരു തവണ ഇഷ്യൂ ചെയ്ത ടിക്കറ്റ് മാറ്റിക്കൊടുക്കുവാന്‍ കണ്ടക്ടര്‍മാര്‍ക്ക് അനുമതിയില്ല എന്ന് മിക്കവര്‍ക്കും അറിയാവുന്ന കാര്യമാണ്.
പ്രസ്തുത യാത്രക്കാരന് ആവശ്യപ്പെട്ടതുപോലെ വീണ്ടും പത്തുരൂപയുടെ പുതിയ ടിക്കറ്റ് നല്കുകയാണെങ്കില് കണ്ടക്ടര്‍ക്ക് ആദ്യത്തെ 12 രൂപ ടിക്കറ്റ് പിന്നീട് ഉപയോഗിക്കാനാകില്ല. ഫലമോ, വൈകീട്ട് ട്രിപ്പ് കഴിഞ്ഞ് കളക്ഷന്‍ കൊടുക്കുമ്പോള്‍ ആ പാവത്തിന്റെ കയ്യില്‍ നിന്നും പണം വെക്കേണ്ടി വരും. ഇതൊക്കെ ആര്‍ക്ക് അറിയണം? എല്ലാവര്ക്കും കെഎസ്ആര്‍ടിസി ജീവനക്കാരെ ഒന്നടങ്കം തെറിപറയാന്‍ അല്ലെ നേരമുള്ളൂ. ഒന്നോര്‍ക്കുക.. ഇവരും മനുഷ്യരാണ്. തെറ്റു ചെയ്യുന്നവര്‍ ഉണ്ടാകാം. എന്നുവെച്ച് എല്ലാവരെയും അതേപോലെ കാണരുത്.