ഒഴിവു ദിവസങ്ങളിൽ വെറുതെ ഇരിക്കുമ്പം തോന്നാറുണ്ടോ അടുത്തെവിടെയെങ്കിലും പോയാലോ എന്ന്, ചെറിയൊരു റിഫ്രഷ്മെന്റ് വേണമെന്ന്. എങ്കിൽ അതിനു പറ്റിയ സ്ഥലമാണ് ഏഴാറ്റുമുഖം അഥവാ പ്രകൃതി ഗ്രാമം. രാവിലെ പോയി അടിച്ചുപൊളിക്കാനും അങ്ങ് ദൂരെ മലമടക്കുകളിൽ നിന്നൊഴുകി വരുന്ന ഔഷധഗുണമുള്ള വെള്ളത്തിലൊന്ന് നീരാടി വൈകുന്നേരത്തോടെ തിരിച്ചു വരാനും കഴിയുന്ന ഒരിടം. ഒരു പക്ഷേ നിങ്ങളിൽ പലരും പോയിട്ടുമുണ്ടാകും.

നമ്മുടെ ചാലക്കുടിപ്പുഴക്ക് കുറുകെ ഇരുഭാഗത്തുമായി നിർമിച്ചിരിക്കുന്ന തടയണയാണ്, ഒരു വശം തുമ്പൂർമുഴി ഡാമും ഉദ്യാനവും – മറുവശം ഏഴാറ്റുമുഖവും. തുമ്പൂർമുഴി തൃശൂർ ജില്ലയിലാണെങ്കിൽ ഏഴാറ്റുമുഖം എറണാംകുളം ജില്ലയാണ്. രണ്ടിനെയും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നത് ആടിയുലയുന്ന ഒരു തൂക്കുപാലവും.

150 -ൽ പരം വ്യത്യസ്തങ്ങളായ ശലഭങ്ങളുള്ള ബട്ടർഫ്ളൈ ഗാർഡനും മനോഹരമായ പാർക്കുമാണ് ഒരു വശത്തെങ്കിൽ, മറുവശം വെള്ളക്കെട്ടുകളും തിങ്ങി നിറഞ്ഞ മരങ്ങളും അവക്കുമുകളിലെ ഏറുമാടങ്ങളും പാറക്കൂട്ടങ്ങളെ തഴുകി ഒഴുകുന്ന പുഴയുമാണ് നിങ്ങളെ സ്വാഗതം ചെയ്യുന്നത്.
ചാലക്കുടിയിൽ നിന്നും അതിരപ്പള്ളി റൂട്ടിൽ ഏകദേശം 22 കിലോമീറ്ററാണ് ഏഴാറ്റുമുഖത്തേക്കുള്ളത്. വിനോദസഞ്ചാരത്തിനു വേണ്ടത്ര പ്രാധാന്യം കൊടുക്കാത്ത നമ്മുടെ അശ്രദ്ധമൂലം തന്നെയാവാം മരമുകളിലെ ഏറുമാടങ്ങൾ നശിച്ചു തുടങ്ങിയിട്ടുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം ലഭിക്കും. പെയ്ഡ് & പാർക്കിങ് സൗകര്യങ്ങളുണ്ട്. വെള്ളമൊഴുകുന്ന പാറക്കൂട്ടങ്ങൾക്ക് മുകളിൽ നിൽക്കുമ്പോൾ വഴുതി വീഴാതെ സൂക്ഷിക്കേണ്ടതാണ്. പലയിടത്തും ‘ചതികൾ’ ഒളിഞ്ഞു കിടപ്പുണ്ട്. ആർച്ച് ഡാം പോലെ കെട്ടി നിർത്തിയ, ഷവർ പോലെ വീഴുന്ന വെള്ളത്തിനടിയിൽ കുളിക്കാനും കളിക്കാനും സൗകര്യമുണ്ട്.

അതുപോലെ തുമ്പൂർമുഴി ഉദ്യാനം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കാനും ആസ്വദിക്കാനും ഇവിടത്തെ ഒരുദിവസം ഓർമ്മയിൽ സൂക്ഷിക്കാനും ധാരാളമുണ്ട്. പാർക്കിലേക്ക് പ്രവേശന ഫീസുണ്ട്. സമയം വൈകുന്നേരം 5 മണിവരെ.
ഇവിടെ ഒരു ചെറിയ പാര്‍ക്കും കുടുംബശ്രീ നടത്തുന്ന ലഘു ഭക്ഷണശാലയും ഉണ്ട്.
വിവരണം – Danish Riyas (www.facebook.com/TravelBookOfficial), ചിതങ്ങള്‍ – Babish, Danish Riyas.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog