കഴിഞ്ഞ ആറു വർഷമായി തുടർച്ചയായി എല്ലാ വർഷവും വിദേശ യാത്രകൾ ചെയ്തിരുന്നു.കഴിഞ്ഞ വര്ഷത്തോടുകൂടി അതിനു ഫുൾ സ്റ്റോപ്പ് ഇടാൻ വിവിധ കോണുകളിൽ നിന്നും സമ്മർദ്ദം വളരെ അധികം വർദ്ധിച്ചു . ഇപ്പോൾ ഒരു യാത്ര ചെയ്യാൻ വേണ്ട പണമോ സമയമോ അല്ല ടെൻഷൻ പല ഭാഗത്തു നിന്നുള്ള നെറ്റി ചുളിക്കലുകളാണ്. ഇതൊക്കെ താണ്ടി ഒരു സ്ഥലത്തു എത്തുക എന്നത് ഓരോ വർഷവും വളരെ ബുദ്ധിമുട്ടുള്ളതായി മാറി . അങ്ങനെ കഷ്ടപ്പെട്ട് കഴിഞ്ഞ വർഷവും രണ്ടു വിദേശ യാത്രകൾ ചെയ്തു passport മടക്കി ഭാര്യക്കു കൊടുത്തു. ഇനിയൊരു യാത്ര വീടൊക്കെ വെച്ച് എല്ലാം ഭദ്രമായിട്ടു മതി എന്ന് തീരുമാനിച്ചു.
2018 എത്തി ഓൺലൈൻ ന്യൂസിൽ എവിടെയോ റഷ്യയിലെ വിന്ററിന്റെ കാഠിന്യത്തെ കുറിച്ച് വായിച്ചു. ചില ചിത്രങ്ങളും കണ്ടു. കൊള്ളാം നല്ല രസമായിരിക്കും മഞ്ഞു പെയ്യുന്ന റഷ്യയെ കാണാൻ എന്ന് മനസ്സിൽ ചിന്തിച്ചു. ഇല്ല ഇനി യാത്രയില്ല. നേരെ ഓഫീസിലേക്ക് വെച്ച് പിടിച്ചു. അന്ന് എന്തോ ആവശ്യത്തിന് ചേട്ടന്റെ ഓഫീസിൽ പോയപ്പോൾ അവിടെ മുട്ടൻ ചർച്ച നടക്കുന്നു. ചേട്ടനും കൂട്ടുകാരും കൂടി മാർച്ചിൽ 6 ദിവസത്തെ റഷ്യൻ ട്രിപ്പിന്റെ ചർച്ച. കമ്പ്യൂട്ടർ ടേബിളിൽ അവരുടെ പാസ്സ്പോർട്ടോക്കെ വിസയ്ക്ക് കൊടുക്കാനായി കൂട്ടി വെച്ചിരിക്കുന്നു.Passport കണ്ണിൽ കണ്ടപ്പോൾ മനസിലേക്കു നെടുമ്പാശേരി എയർപോർട്ടും ട്രാൻസിറ്റിനായി ഉള്ള വെയ്റ്റിംഗും, ബോര്ഡിങ് പാസ്സും ഒക്കെ മനസ്സിൽ ഓടാൻ തുടങ്ങി.
പിന്നെ അവരുടെ ചർച്ചയിലെ റഷ്യ, റഷ്യ എന്ന വാക്ക് രാവിലത്തെ ഓൺലൈൻ ന്യൂസിൽ കണ്ട മഞ്ഞു പെയ്യുന്ന റഷ്യൻ നഗരവും എന്റെ മനസിലേക്കു ഓടിയെത്തി. വേറൊന്നും ചിന്തിച്ചില്ല, ആരെ കുറിച്ചും ഓർത്തില്ല തീരുമാനിച്ചു എനിക്കും വേണം റഷ്യൻ വിസ. അങ്ങനെ അവരിൽ നിന്നും കിട്ടിയ ഇൻഫർമേഷൻ വെച്ച് നേരെ കാക്കനാടുള്ള ഏജൻസിയെ സമീപിച്ചു റഷ്യൻ വിസയ്ക്കായി. റഷ്യൻ വിസയ്ക്ക് അവിടെ നിന്നും ഇൻവിറ്റേഷൻ ആവശ്യമാണ്. കാക്കനാട് ചെമ്പുമുക്കിലുള്ള ഈ ഏജൻസി exclusive ആയി റഷ്യൻ വിസ മാത്രമേ ചെയ്യുന്നുള്ളു. Rs 6500 ആണ് ചെലവ്. നമ്മുടെ പാസ്സ്പോര്ട്ടും ഒരു ഫോട്ടോയും പോവേണ്ട ഡേറ്റും കൊടുത്താൽ വിസ റെഡി.
ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും കെയ്റോ എന്ന് പറഞ്ഞിട്ടു റഷ്യ ആണല്ലോ ഇതെന്ന്. Flight മാറിയിട്ടില്ല. എന്റെ വിദേശ യാത്രകൾ എല്ലാം കുറഞ്ഞത് 10 ദിവസമാണ് പ്ലാൻ ചെയ്യാറ്. റഷ്യയിൽ കാണാൻ രണ്ടു സിറ്റികളാണ് ഉള്ളത് പ്രധാനമായും 1. മോസ്കോ 2. St പീറ്റേഴ്സ്ബർഗ്. ഇവ രണ്ടും കൂടി 3 ദിവസം വെച്ച് 6 ദിവസമേ ആകുന്നുള്ളു. വേറെ ഒരു രാജ്യം കൂടി ക്ലബ് ചെയ്താലോ എന്ന ചിന്ത തുടങ്ങി. ഇനിയൊരു വിദേശ യാത്രയ്ക്ക് അടുത്തൊന്നും സ്കോപ്പ് ഇല്ല. ചരിത്രം ഇഷ്ടപ്പെട്ടിരുന്ന എനിക്ക് ചെറുപ്പം മുതലേ പോയിരിക്കും എന്ന് ഉറപ്പിച്ചിരുന്ന സ്ഥലമാണ് ഈജിപ്ത്. എന്നിട്ടും ആറു വർഷമായി യൂറോപ് അടക്കം വിദേശത്തു ട്രിപ്പ് പോയ ഞാൻ ഈജിപ്ത് പോകാഞ്ഞത് വേറൊന്നും കൊണ്ടല്ല ഈജിപ്ത് – ഇസ്രായേൽ- ജോർദാൻ ഒറ്റ ട്രിപ്പ് ആയി പോകാനായി മാറ്റി വെച്ചിരിക്കുകയായിരുന്നു. എവിടെയും പോകുന്നപോലെ ഇസ്രായേലിലേക്ക് ഒറ്റയ്ക്കു പോകാൻ സാധിക്കാത്തതിനാൽ ഏതെങ്കിലും ഗ്രൂപ്പുമായി പോകാം എന്ന് തീരുമാനിച്ചിരിക്കുവായിരുന്നു. ഈ റഷ്യൻ ട്രിപ്പ് കഴിഞ്ഞാൽ ഒരു യാത്ര പോകൽ എന്റെ അവസ്ഥ വെച്ച് വളരെ ബുദ്ധിമുട്ടായതിനാലും ഈജിപ്തിലെ കെയ്റോ വഴി റഷ്യ പോകാം എന്ന് തീരുമാനം എടുത്തു.ഈജിപ്ത് വിസയ്ക്കായി സാധാരണ schengen വിസയ്ക്ക് കൊടുക്കുന്നത് പോലെയുള്ള documents കൊടുക്കണം. ബാങ്കിൽ 1 ലക്ഷം രൂപ കാണിക്കേണ്ടതായും ഉണ്ട്. ഏജൻസി ചാർജ് അടക്കം 2900 രൂപയാണ് വിസ ഫീ.
ഒരാഴ്ചക്കുള്ളിൽ തന്നെ വിസ കിട്ടി. പിന്നെ തലങ്ങും വിലങ്ങും flight search ആയിരുന്നു. കൊച്ചിയിൽ നിന്നും കെയ്റോ അവിടെ 3 ദിവസം നിന്നതിനു ശേഷം മോസ്കോ. ശരിക്കും കൊച്ചിയിൽ നിന്നും മോസ്കോ പോയി വരാൻ വിമാന ചാർജ് 35000 നു താഴെ ആണ്. കൊച്ചിയിൽ നിന്നും ഡൽഹി പോയാൽ direct flight കിട്ടും. കെയ്റോ ഉള്ളതിനാൽ ഇത് നടക്കില്ല ഫ്ലൈ ദുബായിയും air അറേബിയയും ഒക്കെ എല്ലാം കൂടി 40000 ത്തിൽ ഓഫർ കിട്ടി. പക്ഷെ ഞാൻ അതൊന്നും എടുത്തില്ല കാരണം ഇത്തരം budget ഫ്ലൈറ്റുകളിൽ മുൻപ് പോയ പരിചയം തന്നെ.എന്തായാലും ഇതുകഴിഞ്ഞാൽ അടുത്തൊന്നും വിദേശയാത്രയില്ല അത് കൊണ്ട് കെയ്റോ to മോസ്കോ emirates തന്നെ എടുത്തു.അതിൽ ദുബായ് ട്രാൻസിറ്റ് ഉണ്ട് അവിടെ നിന്നും മോസ്കോവിലെക് a 380 ആണ്. അതാണ് എന്നെ emirates ആകർഷിച്ചത്. A380 യുടെ വിശേഷം റഷ്യയിൽ പറയാം. കൊച്ചിയിൽ നിന്നും കയ്റോവിലേക്കു എന്റെ ടൈമിങ്ങിൽ emirates ഇല്ലാത്തതിനാൽ കുവൈറ്റ് airways എടുത്തു. അതിനാൽ എല്ലാം കൂടി flight യാത്ര മാത്രം Rs 50000 ത്തിനടുത്തായി. ഈ flight ചാർജ് ആണ് മൊത്തം budget പൊളിച്ചത്.
മാർച്ച് 23 നു രാവിലെ 5 മണിക്കായിരുന്നു ഫ്ലൈറ്റ്. ഒന്നര മാസം കാത്തിരുന്നു ഈ ട്രിപ്പിന് വേണ്ടി എന്നുള്ളതിനാൽ എയർപോർട്ടിൽ എത്താൻ ആവേശമായിരുന്നു. അത്കൊണ്ട് 5 മണികത്തെ ഫ്ലൈറ്റിനു രാത്രി 12 മണിക് തന്നെ എത്തി. കുറച്ചു wait ചെയ്തു 4 മണിക്കൂർ മുൻപേ check in ചെയ്യാൻ സാധിച്ചു.ചില ഡെബിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ എയർപോർട്ട് ലോഞ്ചിൽ free ആയി ഫുഡും അടിക്കാം നന്നായി വിശ്രമിക്കുകയും ചെയ്യാം. നേരെ ലോഞ്ചിൽ കയറി ഭൃഷ്ടനാം ഫുഡടിച്ചു. ഇനിയും രണ്ടു മണിക്കൂർ ഉണ്ട് ഫ്ലൈറ്റിനു. ഞാൻ ലോഞ്ചിലെ സ്മോക്കിങ് റൂമിലെ സോഫയിൽ കയറി കിടന്നു. പിന്നെ ഫോണിന്റെ ബെൽ കേട്ടാണ് ഉണർന്നത്.ഫോൺ എടുക്കാൻ കഴിഞ്ഞില്ല. സമയം നോക്കുമ്പോൾ 5:05. പടച്ചോനെ എന്റെ ഫ്ലൈറ്റ് പോയി. ഞാൻ ഉള്ളതൊക്കെ എടുത്തോണ്ട് ഓടി. പിന്നെയും ഫോൺ അടിക്കുന്നു. ഞാൻ എടുക്കുമ്പോൾ കുറെ പേർ എന്നെ അന്വേഷിച്ചു നടക്കുവാന് ഫ്ലൈറ്റിന്റെ സമയം കഴിഞ്ഞു നിങ്ങൾ എവിടെയാണ് എന്ന ചോദ്യം. സാറേ വണ്ടി വിടല്ലേ ഞാൻ എത്തി ഉറങ്ങി പോയി.. ഞാൻ ഗേറ്റിൽ എത്തുമ്പോൾ കുറെ പേർ എന്നെയും നോക്കി നിക്കുവാന്.അതിലൊരാൾ ബോര്ഡിങ് പാസ്സ് വാങ്ങി നല്ലൊരു കുത്തു കുത്തി. ആ കുത്തിൽ എല്ലാം എനിക്ക് മനസിലായി. നേരെ ഞാൻ ഫ്ലൈറ്റിൽ കയറി സീറ്റിൽ ഇരിക്കേണ്ട താമസം ഫ്ലൈറ്റ് വിട്ടു. നേരെ കുവൈറ്റ് അവിടെ നിന്നും രണ്ടു മണിക്കൂർ ട്രാൻസിറ്റിനു ശേഷം കെയ്റോ.
ഉച്ചയ്ക്ക് 12 മണിക്ക് തന്നെ കെയ്റോ വിമാനത്താവളത്തിൽ ഇറങ്ങി. ഇന്നും നാളെയും മറ്റന്നാളും ആണ് ഞാൻ കയ്റോവിൽ ഉള്ളത്. മറ്റെന്നാൾ പുലർച്ചെ 1 മണിക്ക് തിരിക്കും. കൃത്യമായി പറഞ്ഞാൽ രണ്ടര ദിവസം.ഇമ്മിഗ്രേഷൻ ഒക്കെ smooth ആയിരുന്നു. എയർപോർട്ടിൽ വെച്ച് തന്നെ ഒരു ടൂർ ഏജൻസിയുടെ എക്സിക്യൂട്ടീവ് എന്നെ മുട്ടി. ഇവിടെ വരുന്നതിനു മുൻപ് തന്നെ ഈ യാത്ര പലരും വേണ്ട എന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തിയതാണ്. ഒട്ടും safe അല്ലാത്ത സിറ്റിയാണ് കെയ്റോ മുഴുവൻ പറ്റിക്കലുകളും തട്ടിക്കലുകളുമാണ് എന്നൊക്കെ പറഞ്ഞു. അത് കൊണ്ട് ഞാൻ വിമാനം കയറുന്നതിനു മുൻപേ 10 ദിവസത്തെ travel ഇൻഷുറൻസ് എടുത്തു വെച്ചിരുന്നു. പിന്നെ കാതും കണ്ണും കുറച്ചു കൂടി sharp ആക്കി. Tourist ഏജൻസി എന്നെ ആനയിച്ചു അവരുടെ എയർപോർട്ടിൽ ഉള്ള ക്യാബിനിൽ കൊണ്ട് പോയി ഇരുത്തി. Wifi ഒക്കെ തന്നു. ഓരോ ടൂറുകളും പരിചയപ്പെടുത്തി. എയർപോർട്ടിൽ നിന്നും എന്ത് വാങ്ങിയാലും വില കൂടുതലാവുമല്ലോ. അത്പോലെ ആയിരുന്നു ഓരോ ടൂറുകളുടെയും ചാർജ്. നേരത്തെ തന്നെ tripadvisor നോക്കി ഓരോ ടൂറുകൾക്കും ഉള്ള വിലനിലവാരം അറിഞ്ഞു വെച്ചത് കൊണ്ട് അവരുടെ വലയിൽ ഞാൻ വീണില്ല.
ഇന്നിനി പ്രതേകിച്ചു പ്ലാൻ ഇല്ല ഹോട്ടലിൽ പോയി വിശ്രമിക്കാൻ പോകുകയാണ് എന്ന് പറഞ്ഞു തടി തപ്പി. പക്ഷെ അവർ വിട്ടില്ല നൈൽ ക്രൂയിസ് പരിപാടിയെങ്കിലും ഇന്ന് ചെയ്യണം. ഹോട്ടലിലേക്കുള്ള ട്രാൻഫർ അടക്കം ഒരു ചാർജ് പറഞ്ഞു ഞാൻ നോക്കിയപ്പോൾ കൊള്ളാം. ഞാൻ അത് മാത്രം അവരിൽ നിന്നും എടുത്തു. ഇത് കൊള്ളാം എങ്കിൽ ബാക്കി ഉള്ളതും തരം എന്ന് പറഞ്ഞു. അതുകൊണ്ടാണോ എന്നറിയില്ല നല്ലൊരു കാറിൽ തന്നെ എന്നെ ഹോട്ടലിൽ എത്തിച്ചു. വൈകിട്ട് 6 മണിക്ക് റെഡിയായി ഇരിക്കാൻ പറഞ്ഞു ഡ്രൈവർ പോയി. ഏകദേശം ഒരു മണിക്കൂർ എടുത്തു എയർപോർട്ടിൽ നിന്നും ഹോട്ടലിൽ എത്താൻ. വഴിയോര കാഴ്ചകൾ ഒക്കെ നിരാശ ആയിരുന്നു. ആകെ അഴുക്കു പിടിച്ച സിറ്റി. ചില ഇടത്തൊക്കെ കുറെ ആൾ താമസമില്ലാത്ത പ്രേതഭവനങ്ങൾ.പക്ഷെ സിറ്റി സെന്റർ എത്തുന്നതോടു കൂടി കെയ്റോയുടെ ഭാവം മാറി. ഒരു പൗരാണികത ഫീൽ ചെയ്തു തുടങ്ങി . മുസ്ലിം പള്ളിയുടെയും ക്രിസ്ത്യൻ ചർച്ചകളുടെയും മിനാരങ്ങൾ അടുത്തടുത്തായി നില്കുന്നത് എനിക്ക് കൗതുകം ഉണ്ടാക്കി. marriot, four seasonu.kempensky പോലുള്ള അത്യാഢംബര ഹോട്ടലുകൾ കണ്ടു തുടങ്ങി. നാട്ടിൽ നിന്നും കേട്ടപോലെയല്ല കെയ്റോ സിറ്റി എന്ന് മനസിലായി തുടങ്ങി. വെള്ളി ആഴ്ച ആയിട്ട് കൂടി റോഡിൽ നല്ല തിരക്ക്.വഴിയിൽ president ആയ സീസിയുടെ പടവും ഈജിപ്ത്യന് ഫുട്ബോളർ ആയ മുഹമ്മദ് സലയുടെ ചിത്രവും എനിക്ക് പരിചിതമായിരുന്നു. മുല്ലപ്പൂ വിപ്ലവത്തിന്റെ പ്രഭവ കേന്ദ്രമായ തഹ്രീർ സ്ക്വാറിനു അടുത്തായിരുന്നു എന്റെ ഹോട്ടൽ.
ഹോട്ടലിൽ checkin ചെയ്തു ഒന്നുറങ്ങി. വൈകിട്ട് 6 മണിയായപ്പോൾ റിസപ്ഷനിൽ നിന്നും call വന്നു നൈൽ ക്രൂയിസിനു കൊണ്ട് പോകാൻ ആളെത്തി. കൊള്ളാം നല്ല ഏജൻസി. നൈൽ ക്രൂയിസ് എന്നാൽ നൈൽ നദിയിലൂടെ ഒരു വലിയ ക്രൂയിസ് ബോട്ടിൽ യാത്ര. മാത്രമല്ല ഡിന്നറും മറ്റു traditional കലാപരിപാടികളും. ശരിക്കും ഈ നൈൽ നദി എന്റെ ഹോട്ടലിനു മുൻപിൽ തന്നെയാണ്. പക്ഷെ ക്രൂയിസ് തുടങ്ങുന്നത് പല പല ജെട്ടികളിൽ നിന്നാണ്. എന്നെ കൂട്ടി കൊണ്ട് പോകാൻ വന്ന ഡ്രൈവർക്കു സ്ഥലം അത്ര പരിചതമല്ല എന്ന് യാത്ര തുടങ്ങിയപ്പോൾ തന്നെ മനസിലായി. എല്ലാ ജംഗ്ഷനിലും നിറുത്തി വഴി ചോദിക്കലായിരുന്നു. 7:30 മണിക്കാണ് ക്രൂയിസ് timing. ഹോട്ടലിൽ നിന്നും 6:00 മണിക്ക് തുടങ്ങിയ യാത്ര അവസാനിച്ചത് 7:40 നു ആണ്. എന്നെ ഫുൾ കെയ്റോ സിറ്റി ചുറ്റി കാണിച്ചു അയാൾ. പല സ്ഥലങ്ങളും ഞാൻ 3 തവണ കണ്ടു. അവസാനം അയാൾ എന്നെ ക്രൂയിസ് ബോട്ടിനു മുൻപിൽ എത്തിച്ചു.
അയാൾ എന്നെയും കൊണ്ട് ക്രൂയിസ് ബോട്ടിന്റെ ജെട്ടിയിൽ എത്തിയതും അത് പുറപ്പെട്ടിരുന്നു. പിന്നെ ഡ്രൈവർ അറബിയിൽ കുറെ നേരം ക്ഷമ ചോദിക്കുകയായിരുന്നു. ടൂർ ഏജൻസിക്കാർ അത് തന്നെ എന്റെ ഫോണിൽ വിളിച്ചു ഇംഗ്ലീഷിൽ തർജ്ജിമ ചെയ്തു ക്ഷമ ചോദിച്ചു. അവർ തന്നെ 10 മണിക്കുള്ള വേറൊരു ക്രൂയിസ് അറേഞ്ച് ചെയ്തു തന്നു. രണ്ടു മണിക്കൂർ കട്ട post. പക്ഷെ ഞാൻ പോയ സമയത്തെ കാലാവസ്ഥ വളരെ തണുപ്പുള്ളതായിരുന്നു . നല്ല തണുപ്പ്. നൈൽ നദിക്കരയിൽ തണുത്തു വിറച്ചാണ് രണ്ടു മണിക്കൂർ തള്ളി നീക്കിയത്. പക്ഷെ കാഴ്ചകൾ വളരെ ഭംഗിയുള്ളതും. ശരിക്കും പാരീസിന്റെ ആഫ്രിക്കൻ version ആണ് കെയ്റോ. വളരെ റൊമാന്റിക് ആണ് നൈൽ നദിയിലൂടെ ഉള്ള യാത്ര. ക്രൂയിസിന് അകത്തു ബെല്ലി ഡാൻസും ടാനുറ ഷോ പോലുള്ള tradtional കല പരിപാടികൾ ആ യാത്ര ഹൃദ്യമാക്കി. പിന്നെ എടുത്തു പറയേണ്ടത് ഡിന്നർ ബുഫേയാണ്. Middle ഈസ്റ്റിലെ sweets കഴിച്ചവർക്കറിയാം kunafa പോലുള്ള വിഭവങ്ങൾ. കൂടാതെ പല തരം മാംസ വിഭവങ്ങൾ. എല്ലാം കൊണ്ടും കയ്റോവിലെ എന്റെ ആദ്യ രാത്രി സൂപ്പർ ഹിറ്റ്.. (തുടരും).
വിവരണം – സിറാജ് ബിന് അബ്ദുല് മജീദ്.