അഗുംബെയിലെ ആത്മാക്കൾ…

വിവരണം -Hashim Shuhad.

മംഗലാപുരത്തു നിന്ന് അഗുംബെയിലേക്ക് ബസ് കയറുമ്പോൾ എന്തൊക്കെയോ വീർപ്പുമുട്ടലുകൾ ആയിരുന്നു. അതിന്റെ കാരണം ഇപ്പോഴും എനിക്ക് പിടികിട്ടിയിട്ടില്ല.കൂടെ കോഴിക്കോട്ടുകാരൻ ഷിജു കെ ലാൽ കൂളിംഗ് ഗ്ലാസ് വെച്ചു അരികെ ഉറങ്ങുന്നു.മൂപ്പരുടെ ചെറിയ കൂർക്കംവലി എന്റെ പുറത്തെ കാഴ്ചകൾക്ക് പശ്ചാത്തല സംഗീതം നൽകി.ബസിലെ ചില ആളുകൾ ഞങ്ങളെ തുറിച്ചു നോക്കുന്നത് പോലെ എനിക്കനുഭവപ്പെട്ടു.ചിലപ്പോൾ കൂളിംഗ് ഗ്ലാസ് വെച്ച് കൂർക്കം വലിക്കുന്ന ഷിജു കെ ലാലിൻറെ സ്റ്റൈലിൽ ആകൃഷ്ടരായിട്ടായിരിക്കാം.ചുരം കയറി ഞങ്ങൾ അഗുംബെയിൽ എത്തി.ഇറങ്ങിയപ്പോൾ തന്നെ മനോഹരമായ ഒരു ഗ്രാമീണ സൗന്ദര്യം എനിക്കനുഭവപ്പെട്ടു.

ഒരു ചെറിയ നടത്തത്തിൽ കൂടെ വന്ന രണ്ട് പേരെ പരിചയപെട്ടു.കണ്ണൂരുകാരി ദീപയും എറണാകുളത്തു നിന്ന് അജയും. ദീപ ചേച്ചിയെ ചാർലിയിലെ പാർവതിയെ പോലെ തോന്നിപ്പിച്ചു.രണ്ടു കാലിലും ഒരേ ചെരുപ്പ് തന്നെ ആണോ എന്ന ആകാംക്ഷയിൽ ആദ്യം തന്നെ ഞാൻ ചേച്ചിയുടെ ചെരുപ്പിലേക്ക് ആണ് നോക്കിയത് .ചുരുണ്ട മുടിയും ഗ്ലാസും വെച്ച മറ്റൊരു പാർവതി തന്നെ.അജയെ കണ്ടപ്പോൾ ഒരു ഭീകര ലുക്ക് തോന്നിയെങ്കിലും പാവമാണെന്നു മനസ്സിലായി (അത്ര പാവം ഒന്നും അല്ല ). കൂടെ വേറൊരു മഹാൻ കൂടി ഉണ്ട് മനീക് പൗലോസ്. അദ്ദേഹത്തെ പിന്നെ നേരത്തെ തന്നെ അറിയാമായിരുന്നു(ശാന്തൻ എന്നു തോന്നിപ്പിക്കുന്ന ഭീകരൻ).

ശേഷം വാൻ വന്നു. ലക്ഷ്യം എത്തുന്നത് വരെ അസാധ്യ തള്ളലുകൾ തുടങ്ങി.മനീക് ഭായുടെയും ദീപ ചേച്ചിയുടെയും ഇടക്ക് അജയ് ഒരു പാവം പേടമാൻ ആയ കാഴ്ച്ച.ഷിജു കെ ലാൽ കൂളിംഗ് ഗ്ലാസ് ഊരാതെ തന്നെ വാനിന്റെ മുമ്പിലിരുന്നു തള്ളാൻ ശ്രമിച്ചെങ്കിലും രണ്ട് ഭീകരരുടെ മുൻപിൽ പരാജയപെട്ടു.രാത്രി ആയപ്പോഴേക്കും സുരേഷ് രവിയും എത്തി .പിന്നീട് ഒരു തള്ളൽ മഹാമഹം ആയിരുന്നു. രാത്രി 12 മണി ആയപ്പോയേക്കും ഞാനും ഷിജു k ലാലും സുരേഷ് രവിയും പിന്നെ മനീക് ഭായിയും അഗുംബെ ഗ്രാമത്തിലൂടെ രാത്രി നടത്തം ആരംഭിച്ചു.
തികച്ചും വിജനമായ ഗ്രാമത്തിലൂടെ ഞങ്ങൾ മെല്ലെ നീങ്ങി.പുരോഗമനപരമായ ജീവിതവും നല്ല ജോലിയും ലക്ഷ്യം കണ്ടു എത്രയോ ആളുകൾ അഗുംബെയിൽ നിന്ന് പട്ടണങ്ങളിലേക്ക് കുടിയേറിപോയിട്ടുണ്ട് .അവരുടെ അനാഥമായ നിരവധി വീടുകൾ അഗുംബെയിൽ കാണാം. പല വീടുകളും പുറത്തുനിന്ന് പൂട്ടിയിട്ടുണ്ടെങ്കിലും അകത്തുനിന്ന് പല ശബ്ദങ്ങളും എനിക്ക് കേൾക്കുന്നത് പോലെ തോന്നി.

എല്ലായിടത്തും പട്ടികൾ ഉണ്ട്. പക്ഷെ അവയൊന്നും കുരക്കുന്നേ ഇല്ല എന്നു ഞാൻ മനസ്സിലാക്കി. ഒരു പക്ഷേ പണ്ട് ഇവിടെ ജീവിച്ചു പോയവരുടെ ആത്മാക്കൾ ആവാം പട്ടികളായി അഗുംബെയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. കൂടെയുള്ളവർ എന്തൊക്കെയോ സംസാരിച്ചു നടക്കുന്നുണ്ട്. പക്ഷെ എന്റെ കാതിൽ അഗുംബെയുടെ നിഗൂഢമായ നിലവിളികളാണ് അലയടിച്ചു കൊണ്ടിരുന്നത്.അഗുംബെയും മഴയും തമ്മിലുള്ള ബന്ധം ദൃഢമാണ്. മഴക്കാലത്തു അഗുംബെ കൂടുതൽ മനോഹരി ആയി മാറാറുണ്ട്. നടത്തം തേപ്പുപാലത്തിൽ എത്തി. ആ പാലത്തിന് പല കഥകളും പറയാനുണ്ട് (തേപ്പ് കഥകൾ).

രാവിലെ തന്നെ ഷിജു കെ ലാൽ സൂര്യോദയം കാണാനായി തട്ടിയുണർത്തി. നടത്തം ആരംഭിച്ചു.നല്ല തണുപ്പ് അനുഭവപെട്ടു. കരിന്തണ്ടനുമായി (സുരേഷിന്റെ ബൈക്കിനു അവൻ നൽകിയിരിക്കുന്ന പേര്) അഗുംബെയിലെ ഗ്രാമവീഥികളിലൂടെ ഒരു റൈഡ് അടിച്ചു. ഞങ്ങൾ എവിടെപ്പോയാലും ഒരു ചെറിയ പട്ടി ഞങ്ങളെ പിന്തുടർന്നുകൊണ്ടേ ഇരുന്നു. ആരുടെയോ ആത്മാവ് പിന്തുടരുന്ന പോലെ എനിക്കനുഭവപ്പെട്ടു. അതൊന്നും ചെയ്യില്ലെന്ന് ഷിജുവേട്ടൻ പറഞ്ഞു(മൂപ്പർക്ക് അറിയില്ലല്ലോ അതൊരു ആത്മാവ് ആണെന്ന് ).

കുടുലുതീർത്ഥ വെള്ളച്ചാട്ടം ആയിരുന്നു ഞങ്ങളുടെ അവസാന ലക്ഷ്യം.ഒരാൾ അയാളുടെ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും കണ്ടിരിക്കേണ്ട മനോഹരമായ കാഴ്ചയാണത്. വെള്ളച്ചാട്ടത്തിലെ കുളിയും കഴിഞ്ഞു ഞങ്ങൾ താമസസ്ഥലത്തു തിരിച്ചെത്തി. മനീക് ഭായിയും ദീപ ചേച്ചിയും മടങ്ങി. ഞാനും ഷിജുവേട്ടനും സുരേഷേട്ടനും മാത്രമായി .ആകാശത്തിന്റെ നിറം കണ്ടപ്പോൾ അസ്തമയം കാണാനായി ഞങ്ങൾ ഞങ്ങൾ മൂന്നുപേരും കരിംതണ്ടനിൽ ചീറി പാഞ്ഞു പോയി നോക്കിയെങ്കിലും അസ്തമയത്തിന് പകരം പോലീസിനെ കണ്ട് മടങ്ങി.
ഷിജുവേട്ടൻ നാളെ പോയാൽ പോരെ എന്ന് ചോദിച്ചു. പക്ഷെ രാത്രിയിലെ അഗുംബെയെ എനിക്ക് ഭയം ആയിരുന്നു.

സുരേഷേട്ടൻ റൂമിലെ ഫാനിന്റെ സ്വിച്ച്‌ ഓഫ് ആക്കിയിട്ടും വെറുതെ കറങ്ങുന്ന ഫാൻ എന്നെ കൂടുതൽ പരിഭ്രാന്തനാക്കി. ലൈറ്റ് മിന്നിക്കൊണ്ടേയിരിക്കുന്നു. വോൾട്ടജ് ഇല്ലാത്തതു കൊണ്ടാണെന്നു സുരേഷേട്ടൻ പറഞ്ഞെങ്കിലും എന്നിലെന്തൊക്കെയോ അസ്വസ്ഥകൾ ഉണ്ടാക്കി. നമുക്ക് തിരിച്ചു പോവാമെന്നു ഞാൻ ഷിജുവേട്ടനെ അറിയിച്ചു. ബാഗുമായി പുറത്തിറങ്ങിയപ്പോഴും അഗുംബെയിൽ നിറയെ ആത്മാക്കളെ ഞാൻ കണ്ടു. അവർ കുരയ്ക്കുന്നതെ ഉണ്ടായിരുന്നില്ല. ബസിൽ കയറി അവസാനമായി പിറകോട്ട് നോക്കിയപ്പോഴും ആ വീടുകൾക്കുള്ളിൽ ഞാൻ നിലവിളി ശബ്ദങ്ങൾ കേട്ടുകൊണ്ടേ ഇരുന്നു…..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply