ആദ്യമായി ഗോവയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഒരു അമ്പരപ്പായിരിക്കും. എന്ത് ചെയ്യണം, എന്ത് കാണണം, എവിടെ പോകണം, എവിടെ നല്ല ഭക്ഷണം കിട്ടും അങ്ങനെ നിരവധി ചോദ്യങ്ങള്‍ വേറെയും ഉണ്ടാകും. കാരണം ഗോവ എന്നാല്‍ വലിയ വിശാലയമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്, എത്ര പോയാലും കണ്ടു തീരാത്ത കാഴ്ചകളാണ് ഗോവയുടെ പ്രത്യേകത.
ഒക്ടോബർ മുതൽ ജനുവരി വരെയാണ് ഗോവയിലെ ടൂറിസ്റ്റ് സീസൺ. മേക് മൈ ട്രിപ്പ് പോലുള്ള സൈറ്റുകൾ വഴി തിരഞ്ഞാൽ നിങ്ങളുടെ പോക്കറ്റിനിണങ്ങുന്ന ഹോട്ടൽ തിരഞ്ഞെടുക്കാം. ക്യാഷ് ബാക് ഓഫറുകളും ലഭിക്കും. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ ചെലവിൽ താമസിക്കാൻ ലോഡ്ജുകളും ഹോസ്റ്റലുകളും ലഭ്യമാണ്.
ഗോവയിലേക്ക് എത്താൻ ചെലവ് കുറഞ്ഞ മാർഗം ട്രെയിനാണ്. എറണാകുളത്തു നിന്നും ഗോവ വഴി പോകുന്ന പ്രതിദിന- പ്രതിവാര തീവണ്ടികളുണ്ട്. 500-700 രൂപ നിരക്കിൽ സ്ലീപ്പർ ടിക്കറ്റ് ലഭിക്കും. വളരെ മനോഹരങ്ങളായ കാഴ്ചകളാണ് ഈ ട്രെയിന്‍ യാത്രയില്‍ നിങ്ങളെ കാത്തിരിക്കുന്നത്. മഡ്ഗാവ് ആണ് ഇറങ്ങേണ്ട സ്റ്റേഷൻ. ഇവിടെ നിന്നും നോർത്ത് ഗോവയിലേക്ക് പത്തറുപത് കിലോമീറ്ററുകളുണ്ട്. റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നും കദംബ ബസ് സ്റ്റാൻഡിലേക്ക് ലോക്കൽ ബസ് ലഭിക്കും. കദംബയിൽ നിന്നും പനാജിയിലേക്ക് ബസ് പിടിക്കാം. ഏകദേശം ഒരുമണിക്കൂർ യാത്രയുണ്ട്. പനാജിയിൽ നിന്നും നോർത്ത് ഗോവയിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് ധാരാളം ലോക്കൽ ബസുകൾ ഉണ്ട്. വീണ്ടും ഒരുമണിക്കൂർ യാത്ര. ചുരുക്കത്തിൽ നൂറു രൂപയ്ക്ക് ഹോട്ടലിൽ എത്താം. ഇതേ ദൂരം കാറിലാണെങ്കിൽ മിനിമം 3000 രൂപയെങ്കിലുമാകും. അതുപോലെ തന്നെ കാറില്‍ പോകുന്നവര്‍ക്ക് വഴിനീളെ പോലീസുകാര്‍ക്ക് കൈപ്പടി കൊടുക്കുകയും വേണം.
ഗോവയിലേക്ക് പോകാന്‍ നിങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഗോവയില്‍ ചെലവിടണം. അല്ലാത്ത യാത്ര ഒട്ടും ആസ്വാദ്യകരമായിരിക്കില്ല. ഗോവയുടെ തലസ്ഥാനമായ പനജിയില്‍ തന്നെ ആദ്യം ദിവസം ചെലവിടാന്‍ തെരഞ്ഞെടുക്കുന്നതിന് പിന്നില്‍ നിരവധി കാര്യങ്ങളുണ്ട്. ഗോവയുടെ തലസ്ഥാനമായ പനജി ചെറിയ ഒരു ടൗണ്‍ ആണ്.
ഗോവയില്‍ ചെന്നാല്‍ അവിടം ചുറ്റിക്കറങ്ങാൻ ഏറ്റവും ചെലവ് കുറഞ്ഞ മാർഗം സ്കൂട്ടർ വാടകയ്ക്കെടുക്കുകയാണ്. ഒരു ദിവസം 250 മുതൽ 300 രൂപ വരെ വാടകയുള്ള ഇത് വളരെ ലാഭകരവും സൗകര്യപ്രദവുമാണ്. ബീച്ചുകൾ പലതും ഉൾപ്രദേശങ്ങളിലായതിനാൽ നമുക്ക് നമ്മുടെ സൗകര്യത്തിന് ഏതുസമയത്തും അനായാസം എത്തിച്ചേരാനാകും. വൈകുന്നേരങ്ങളിൽ ഗോവയിൽ ഗതാഗതക്കുരുക്ക് പതിവാണ്. ഇതിലൂടെ യാത്ര ചെയ്യാനും സ്കൂട്ടർ സൗകര്യപ്രദമാണ്. വിദേശികള്‍ അടക്കമുള്ള സഞ്ചാരികള്‍ സ്കൂട്ടറുകള് തിരഞ്ഞെടുക്കുന്നതും ഇതുകൊണ്ടു തന്നെയാണ്. യൂബർ പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കാർ യാത്ര അൽപം ചെലവേറിയതാണ്. ഗ്രൂപ്പായി സഞ്ചരിക്കുന്നവർക്ക് കാർ വാടകയ്ക്ക് എടുക്കുന്നതാണ് ലാഭകരം.
പനജിയില്‍ നഗര പ്രദക്ഷിണം നടത്തിയതിന് ശേഷം അടുത്ത യാത്ര ഓള്‍ഡ് ഗോവയിലേക്ക് നടത്താം. ഗോവയുടെ ക്ലാസിക്ക് കാലത്തിലേക്കുള്ള തിരികെ സഞ്ചാരം കൂടിയാണ് ഓള്‍ഡ് ഗോവയിലൂടെയുള്ള യാത്ര. ഓള്‍ഡ് ഗോവയിലെ പ്രധാനപ്പെട്ട ഒരു ബസിലിക്കയാണ് ബസിലിക്ക ഓഫ് ബോം ജീസസ്. മതപ്രചരണത്തിന് ഇന്ത്യയില്‍ എത്തിയ ഫ്രാന്‍സീസ് സേവിയര്‍ പുണ്യവാളന്റെ മൃതശരീരം സൂക്ഷിച്ച് വച്ചിരിക്കുന്നത് ഈ ബസിലിക്കയിലാണ്.
ബസിലിക്ക ഓഫ് ബോം ജീസസില്‍ നിന്ന് ഒരു കല്ലേറ് ദൂരം അകലെയായാണ് സേ കത്തീഡ്രല്‍ എന്ന ദേവാലയം സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കത്തീഡ്രല്‍ ആയാണ് ഈ കത്തീഡ്രല്‍ അറിയപ്പെടുന്നത്. കാതറിന് പുണ്യവതിയുടെ നാമത്തിലാണ് ഈ കത്തീഡ്രല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഓള്‍ഡ് ഗോവയില്‍ നിന്ന് വൈകുന്നേരം മണ്ഡോവിയിലേക്ക് യാത്ര പോകാം. മാണ്ഡോവി നദിയിലെ ക്രൂയിസുകളില്‍ കാസിനോ കളിക്കാനും ഡിന്നര്‍ കഴിക്കാനും ഇവിടെ വരുന്ന സഞ്ചാരികള്‍ മറക്കാറില്ല.
മാണ്ഡോവില് നിന്ന് ഇനി പനജിയില്‍ പോയി രാപ്പാര്‍ക്കാം. അതിനായി നേരത്തെ തന്നെ ഹോട്ടല്‍ ബുക്ക് ചെയ്യണം. പനജിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയായാണ് അഗോഡ കോട്ട സ്ഥിതി ചെയ്യുന്നത്.അഗോഡ കോട്ട സന്ദര്‍ശിച്ചു കഴിഞ്ഞാല്‍ പിന്നെ പോകാന്‍ പറ്റിയ സ്ഥലം ബാഗ ബീച്ചാണ്. അഗോഡയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായാണ് ബാഗ ബീച്ച് സ്ഥിതി ചെയ്യുന്നത്.വടക്കന്‍ ഗോവയിലെ പ്രശസ്തമായ ബീച്ചുകളായ കണ്ടോലിം, ബാഗ ബീച്ചുകള്‍ക്കിടയിലായാണ് കലാന്‍ഗുട്ട് ബീച്ച് സ്ഥിതി ചെയ്യുന്നത്. ഏഴ് കിലോമീറ്റര്‍ വ്യാപ്തിയുണ്ട് കലാന്‍ഗുട്ട് ബീച്ചിന്.
ഗോവയെ സഞ്ചാരികള്‍ രണ്ടായി തരം തിരിച്ചിട്ടുണ്ട്. നോര്‍ത്ത് ഗോവയും സൗത്ത് ഗോവയും .സൗത്ത് ഗോവയിലെ പ്രമുഖ ബീച്ചാണ് കോള്‍വ ബീച്ച്. പനജിയില്‍ നിന്ന് ഏകദേശം ഒന്നര മണിക്കൂര്‍ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാന്‍. ഇവിടേയ്ക്കുള്ള യാത്ര വളരെ സുന്ദരമാണ്. വളരെ ശാന്തമായ ബീച്ചാണ് കോള്‍വ ബീച്ച്.
മദ്യപിക്കുന്നവർക്ക് സ്വർഗമാണ് ഗോവ. ഫെനിയാണ് ഗോവക്കാരുടെ പുണ്യതീർത്ഥം. കശുവണ്ടിപ്പഴം ഇട്ടുവാറ്റിയ ഫെനി, നാളികേരം കൊണ്ടുള്ള ഫെനി..ഇങ്ങനെ തിരഞ്ഞെടുക്കാൻ നിരവധി ബ്രാൻഡുകൾ, വിവിധതരം പാനീയങ്ങൾ. ടാക്സ് കുറവായതു കൊണ്ട് വിലയും തുച്ഛമാണ്. പ്രധാന റോഡുകളിലും ബീച്ചുകളിലുമെല്ലാം ചെറിയ കുടിലുകളിൽ മദ്യവില്പന പൊടിപൊടിക്കുന്നു.
ഗോവയിൽ എത്തിയാൽ ഒരു മസാജും, ടാറ്റൂവും മസ്റ്റാണ്! മസാജ്, സ്പാ പോലുള്ള സുഖചികിത്സകൾ വാഗ്ദാനം ചെയ്യുന്ന നിരവധി പാർലറുകളും ടാറ്റൂ പാർലറുകളും ഇവിടെയൊരു കുടിൽവ്യവസായം പോലെ വഴിയോരങ്ങളിൽ നിരന്നുകാണാം. നിയർബൈ.കോം പോലുള്ള സൈറ്റുകൾ വഴി ബുക് ചെയ്താൽ കുറഞ്ഞ നിരക്കിൽ മസാജ് സേവങ്ങൾ ലഭ്യമാകും. ക്യാഷ്ബാക് പോയിന്റുകൾ കൊണ്ട് വീണ്ടും മറ്റു സേവനങ്ങൾ വാങ്ങുകയുമാകാം.
ഇതൊക്കെ കേട്ടപ്പോള്‍ ഒന്ന് ഗോവയില്‍ പോകണം എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ ബാഗ് പാക്ക് ചെയ്തോളൂ…
കടപ്പാട് – Manorama Online, Daily Hunt, East Cost.