ഇമോഷണലി അറ്റാച്ഡ് ആയ ജീവനില്ലാത്ത മൂന്നേ മൂന്ന് സാധനങ്ങളെ എന്റെ ലൈഫിൽ ഉള്ളൂ… മഴ, കാട് പിന്നെ എന്റെ വണ്ടി. ഇതിന്റെ കൂടെ ഒരു അവധിദിനം കൂടി കിട്ടിയപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല റൈഡ് mode ഓൺ. എവിടെപോവും എന്ന് കലുഷിതമായി ചിന്തിച്ചിരിക്കുമ്പോൾ ആണ് പണ്ട് പ്ലാൻ ചെയ്ത വാല്പാറ, മലക്കപ്പാറ, പൊള്ളാച്ചി ഓർമ വന്നത്. പക്ഷെ ഈ കൊടും വേനലിൽ കാടിന്റെ ഭംഗി ഒക്കെ പോയി, മഴക്കാലത്തു പോയാൽ മതി എന്ന് കൂട്ടുകാര് പറഞ്ഞത് ഓർമവന്നു. അപ്പൊ അത് drop.
പിന്നെ ചുമ്മാ ഗൂഗിൾ മാപ്പിൽ കാടിന്റെ ലൊക്കേഷൻ ഒക്കെ നോക്കി പോയി പോയി കർണാടക എത്തിയപ്പോൾ ആണ് കാടിന്റെ നടുക്ക് ഒരു അമ്പലം എന്റെ വീക്ഷണകോണകത്തിൽ സ്ഥാനം പിടിച്ചത്… ഹിമവദ് ഗോപാലസ്വാമി ടെംപിൾ. റൂട്ട് നോക്കിയപ്പോൾ വഴിക്കടവ് -അമരമ്പലം വൈൽഡ് ലൈഫ് sanctuary കയറി മുതുമല ടൈഗർ റിസേർവ്- ബന്ദിപ്പൂർ ടൈഗർ റിസേർവ് ഒക്കെ കവർ ചെയ്യുന്ന, തമിഴ് നാട് – കർണാടക ബോര്ഡറില് ഉള്ള ഒരു അമ്പലം.
പിന്നെ ഒന്നും നോക്കീല, മെയ് ദിനം ആയിട്ടു കിട്ടിയ ലീവ് ഇങ്ങനെ പൊളിക്കാം എന്നു കരുതി. ഈ പ്ലാനിങ് ഒക്കെ നടക്കുന്നത് 30 ആം തിയതി ആണ്, അതും ഈവെനിംഗ്.
വണ്ടിയെടുത്തു നേരെ മുഹമ്മദ് കാക്കാന്റെ വർക്ക് ഷോപ്പിലേക്ക്. ബ്രേക്ക്, ക്ലച്ച്, ചെയിൻ എല്ലാം റെഡി ആക്കി. ഞാനൊരു സ്ഥിരം കസ്റ്റമർ ആയതോണ്ട് കാക്ക പൈസ ഒന്നും വാങ്ങിച്ചില്ല. അവിടെന്നു നേരെ പെട്രോൾ പമ്പിൽ പോയി ഓയിലും മാറ്റി ഒരു 300 രൂപയ്ക്കു പെട്രോൾ അടിച്ചു.
ഇനിയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ടാസ്ക്, അമ്മേനെ പറഞ്ഞ് സമ്മതിപ്പിക്കൽ. വീട്ടിലെത്തി, “അമ്മച്ചി… അമ്മച്ചീടെ പൊന്നുമോൻ നാളെ ഒരു ട്രിപ്പ് പോവാണ് ” പിന്നെ കേട്ടത് ആകാശവാണി കോഴിക്കോട് നിലയത്തിൽ നിന്നുള്ള നിർത്താതെ ഉള്ള സംപ്രേഷണം ആയിരുന്നു. അവസാനം ഭക്തിയിൽ തന്നെ കേറിപ്പിടിച്ചു. “അമ്മാ… ഞാൻ പോണത് അടിച്ചു പൊളിക്കനല്ല, കർണാടകയിൽ ഉള്ള അതിപുരാതനമായ അമ്പലത്തിലേക്കാ. പ്രാർത്ഥിച്ചാൽ അത് നടത്തിത്തരുന്ന ഉഗ്രപ്രതാപിയായ പ്രതിഷ്ഠ ആണ്. ഈശ്വരാ.. ഭഗവാനെ.. രക്ഷിക്കണേ… ”
ദർബാർ രാഗത്തിൽ അടിച്ച ആ ഡയലോഗിൽ അമ്മ ഫ്ലാറ്റ്. ഒറ്റക്കാണ് പോവുന്നത് എന്നു അറിഞ്ഞാൽ വീണ്ടും റേഡിയോ ഓൺ ആവാൻ ചാൻസ് ഉള്ളത് കൊണ്ട് ഒപ്പം കൂട്ടുകാർ ഉണ്ടെന്ന് പറഞ്ഞു. അച്ഛൻ പിന്നെ കൂൾ ആണ്. എവിടെക്കാ, എങ്ങനാ, എപ്പോ വരും എന്നൊക്കെ ചോദിച്ചു സമ്മതിച്ചു. അങ്ങനെ നാളത്തെ റൈഡും സ്വപ്നം കണ്ടു കിടന്നുറങ്ങി.
പിറ്റേദിവസം രാവിലെ 6 മണിക്ക് എഴുന്നേറ്റു. മഴ ചെറുതായിട്ട് ചാറുന്നുണ്ട്. അടിപൊളി… നല്ല മൂഡ്. പണികൾ എല്ലാം പെട്ടെന്ന് തീർത്തു ഒരു കട്ടനും രണ്ടു ചൂട് ദോശേം കഴിച്ചു 7 മണിക്ക് ഇറങ്ങി കോട്ടക്കലിൽ നിന്ന് ഏകദേശം 155 കിലോമീറ്റർ ഉണ്ട് അങ്ങട്ട്. മഞ്ചേരി – നിലമ്പൂർ – വഴിക്കടവ് – അമരമ്പലം വൈൽഡ് ലൈഫ് sanctuary – ഗുഡല്ലൂർ – മുതുമല ടൈഗർ റിസേർവ് വഴി ആണ് റൂട്ട്. റൈഡിങ് ജാക്കറ്റ്, ഓഫ് റോഡ് ഹെൽമെറ്റ് തുടങ്ങി ഫുൾ സെറ്റപ്പിൽ ആണ് യാത്ര. ഹെഡ്സെറ്റിൽ നേരിയ ശബ്ദത്തിൽ പാട്ടുകളും പ്ലേ ആവുന്നുണ്ട്. അങ്ങനെ റൈഡ് തുടങ്ങി.
കറക്റ്റ് സമയത്താണ് ഇറങ്ങിയത്. പിള്ളേരൊക്കെ ട്യൂഷൻ പോവുന്ന ടൈം. നയനമനോഹരമായ കാഴ്ചകൾ ഒക്കെ കണ്ട് ഞാനും എന്റെ പുള്ളുട്ടനും അങ്ങനെ യാത്ര തുടർന്നു. മഴ മലപ്പുറത്തെ നല്ലോണം തണുപ്പിച്ചിട്ടുണ്ട്. നല്ല സുഖമുള്ള കാലാവസ്ഥ. നിലമ്പൂർ തേക്കിൻ കാടും കനോലി പ്ലോട്ടും ഒക്കെ കഴിഞ്ഞ് കുറച്ചെത്തിയപ്പോൾ വിശപ്പിന്റെ വിളി തുടങ്ങി. ഒരു വെജ് ഹോട്ടലിൽ കേറി നെയ്റോസ്റ്റ് തട്ടി. വീണ്ടും യാത്ര തുടങ്ങി.
പട്ടണപ്രദേശങ്ങളിൽ ഒക്കെ കഴിവതും വേഗത്തിൽ ആണ് പോയത്. നമ്മുടെ ലക്ഷ്യം കാടും ആ പച്ചപ്പും മൃഗങ്ങളും ഒക്കെ ആണല്ലോ… അങ്ങനെ പോണവഴിക്ക് വഴിക്കടവ് എത്തുന്ന മുന്നേ ഒരു പെട്രോൾ പമ്പിൽ ഒരു സുന്ദരിക്കുട്ടി പെട്രോൾ അടിച്ചു കൊടുക്കുന്നത് കണ്ടു. എന്തോ… എന്റെ വണ്ടി പെട്ടെന്ന് പമ്പിലേക്ക് തിരിഞ്ഞു. ഒരു 200 രൂപയ്ക്കു പെട്രോൾ അടിച്ചു. ആ കുട്ടിക്ക് എന്റെ പ്രായമേ കാണൂ… നല്ല സുന്ദരി… വീട്ടിലെ പ്രാരാബ്ദം കാരണം ആവും ഇവിടെ ജോലിക്ക് വരുന്നേ. എന്തായാലും ഒരു ചിരി പാസ്സാക്കിയിട്ട് ഞാൻ വീണ്ടും യാത്ര തുടർന്നു.
വഴിക്കടവ് ചുരം മുതലാണ് റൈഡിങ് ഹരം പിടിച്ചു തുടങ്ങിയത്. കാടും മലയും ചുരവും വളവുകളും കൂടാതെ ഹെഡ്സെറ്റിൽ hardwel കൂടെ ആയപ്പോൾ പിന്നെ ഒന്നും പറയാനില്ല. ചുരത്തിൽ റോഡ് ഒക്കെ ചിലയിടങ്ങളിൽ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്, വേനൽ കാരണം പച്ചപ്പിനു ഒരു കോട്ടം വന്നിട്ടുണ്ട്.
അമരമ്പലം കഴിഞ്ഞ് തമിഴ് നാട്ടിലേക്കു പ്രവേശിച്ചു. എവിടെയും എന്നെ ചെക്ക് ചെയ്തില്ല. മുതുമല ടൈഗർ റിസേർവിലേക്ക് പ്രവേശിച്ചപ്പോൾ ആണ് കാടിന്റെ മാജിക് തുടങ്ങിയത്. ഫ്രഷ് എയർ… ശരിക്കും നിങ്ങൾക്ക് വെത്യാസം മനസ്സിലാവും. ഹെൽമെറ്റ് ഊരിവെച്ചു കാടിന്റെ നാടുവിൽകൂടെ യാത്ര തുടർന്നു.
മാൻ, കാട്ടുപോത്ത്, മയിൽ, തുടങ്ങിയ വന്യമൃഗങ്ങളെ ധാരാളം കണ്ടു. പക്ഷെ ഞാൻ ആഗ്രഹിച്ചത് കാട് ഇളക്കി മറിച്ചു വരുന്ന കാട്ടാനക്കൂട്ടത്തെ ആയിരുന്നു. പക്ഷെ ആനപോയിട്ട് ഒരു കുഴിയാനയെ പോലും എനിക്ക് മുതുമലയിൽ കാണാൻ കഴിഞ്ഞില്ല. പക്ഷെ ഒട്ടും നിരാശ തോന്നിയില്ല, മാനും മയിലും കാട്ടുപോത്തും ഒക്കെ ഒരുക്കിയ കാഴ്ച്ചകൾ മനോഹരമായിരുന്നു. കൂടാതെ കൂറ്റൻ മുളക്കാടുകളും വൻമരങ്ങളും തന്ന ഫീൽ ഒന്ന് വേറെ തന്നെ ആയിരുന്നു. തേപ്പേക്കാട് കഴിഞ്ഞ് കർണാടക തമിഴ്നാട് ചെക്ക്പോസ്റ്റ് എത്തി. അവിടേം എന്നെ ചെക്ക് ചെയ്തില്ല. അല്ലേലും എന്നെ പോലുള്ള മാന്യന്മാരെ അവർക്ക് ചെക്ക് ചെയ്യാൻ തോന്നുമോ.. ഹുഹുഹു.
ഞാനെന്റെ ലക്ഷ്യസ്ഥാനത്തോട് അടുക്കാറായി. ചെക്ക്പോസ്റ്റ് കഴിഞ്ഞിട്ട് കുറച്ചൂടെ മുന്നോട്ടു പോയാൽ ശ്രീ ഹങ്ങളാ എന്ന ഗ്രാമം വരും. അവിടെന്നു നേരെ ലെഫ്റ്റ്. പിന്നീടുള്ള യാത്ര മുഴുവൻ കർണാടകയിലെ കൃഷി ഗ്രാമങ്ങളിലൂടെ ആണ്. കണ്ണിനും മനസ്സിനും കുളിർമ കിട്ടിയ ഒരു യാത്ര തന്നെ ആയിരുന്നു അത്. നോക്കെത്താ ദൂരത്തോളം കൃഷിയിടങ്ങൾ, തൊട്ടടുത്ത് കൊടും കാട്, കാലി മേച്ചു നടക്കുന്ന കൊച്ചു പയ്യന്മാർ മുതൽ 90 കഴിഞ്ഞ അപ്പൂപ്പന്മാർ വരെ. വടിയും തോളിലിട്ട് പൈക്കളെ മേച്ചു നടക്കുന്ന അവർ എന്നെ പണ്ടെങ്ങോ ദൂരദർശനിൽ കണ്ട കൃഷ്ണന്റെ സീരിയൽ ഓർമിപ്പിച്ചു. ഒന്ന് മുതൽ നൂറുകണക്കിന് പശുക്കളെ വരെ മേയ്ക്കുന്ന ആളുകളെ അവിടെ കണ്ടു. പശു വളർത്തലും നെല്ല്, ചോളം, റാഗി തുടങ്ങിയ കൃഷിയും ആണ് ഇവിടത്തെ ഗ്രാമീണരുടെ പ്രധാന വരുമാനം.
ഇവിടെ ഞാൻ കണ്ട ഒരു പ്രത്യേകത എന്താണെന്നുവച്ചാൽ ആ ഗ്രാമത്തിൽ ഒരിടത്തും ഞാൻ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂട്ടി ഇട്ടിരിക്കുന്നതോ ചപ്പുചവറുകൾ പരന്നുകിടക്കുന്നതോ കണ്ടില്ല. നീറ്റ് ആൻഡ് ക്ലീൻ. വായുവിൽ ഉള്ള കൂടുതൽ ഓക്സിജൻ നമ്മുടെ ശ്വാസകോശം തണുപ്പിക്കുന്നത് വളരെ വെക്തമായി മനസ്സിലാവും.
ഞാൻ അങ്ങനെ ക്ഷേത്രത്തിലേക്ക് പോവുന്ന സ്റ്റാർട്ടിങ് പോയിന്റിൽ എത്തി. അപ്പൊ തന്നെ അമ്മ വിളിച്ചു. എത്തിയോ എന്നൊക്കെ ചോദിച്ചു അവസാനം “വിഷ്ണു എവടെ ” ന്ന് ചോദിച്ചു, അമ്മയുടെ അറിവിൽ ഞാൻ കൂട്ടുകാരുടെ ഒപ്പം ആണല്ലോ… അവൻ അപ്പുറത്താണെന്നു പറഞ്ഞപ്പോൾ ഫോൺ കൊടുക്കാൻ പറഞ്ഞു…ഞാൻ പെട്ടു. “എനിക്കറിയാം… നീ ഒറ്റക്കാണല്ലേ.. ഇങ്ങട്ട് വാ ബാക്കി അപ്പൊ പറഞ്ഞ് തരാം ” എന്ന സ്ഥിരം ഡയലോഗ്. പിന്നെ ഓരോന്ന് പറഞ്ഞു ഒരു വിധത്തിൽ തണുപ്പിച്ചു.
മലയുടെ മുകളിലേക്ക് പ്രൈവറ്റ് വാഹനങ്ങൾക്ക് പ്രവേശനം ഇല്ല. കർണാടക സർക്കാരിന്റെ ഷട്ടിൽ സർവീസ് ആണ് സഞ്ചാരികളെ അമ്പലനടയിൽ എത്തിക്കുന്നത്. ചെക്ക്പോസ്റ്റ് പോലെ ഒരു ഗേറ്റ് ഉണ്ട് അവിടെ നിന്നാണ് ബസ് സർവീസ് ആരംഭിക്കുന്നത്. Que നിൽക്കുന്ന മുറക്ക് ബസിൽ കയറാം. 20 രൂപ ടിക്കറ്റ് എടുത്തു ബസ് യാത്ര ആരംഭിച്ചു. കുറച്ച് മലയാളി ഫാമിലി ഉണ്ടായിരുന്നു. ഒരു കുടുംബത്തെ പരിചയപ്പെട്ടു. ഒരു തക്കുടു മണി കുഞ്ഞാവ ഉണ്ട് അവർക്ക്. ഒരു കാന്താരി.
ഗോപാലസ്വാമി ക്ഷേത്രത്തിനെ പറ്റി പറയുവാണേൽ സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1400 അടി മുകളിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബന്ദിപ്പൂർ നാഷണൽ പാർക്കിന്റെ പരിധിയിൽ പെട്ട ബെട്ട മലനിരകളിൽ ആണ് ക്ഷേത്ര സ്ഥാനം. ബന്ദിപ്പൂർ നാഷണൽ പാർക്കിന്റെ ഏറ്റവും ഉയരം കൂടിയ സ്ഥലവും ഇതുതന്നെ. AD 1315 ൽ രാജാവായിരുന്ന ചോള ബല്ലാല എന്ന രാജാവാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചിട്ടുള്ളത്. അതിനു ശേഷം മൈസൂർ രാജകുടുംബം ഈ ക്ഷേത്രത്തെ പരിപാലിച്ചു പോന്നു. ക്ഷേത്രത്തിന്റെ ഒരു വശത്ത് വിശാലമായ പുൽമേടും മറുവശത്തു കടുവയും പുലിയും കാണപ്പെടുന്ന കാടും ആണ്. ആന, മാൻ, മുയൽ, പുലി, തുടങ്ങി ഒരുപാട് വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമാണ് ക്ഷേത്രപരിസരം. ലോർഡ് കൃഷ്ണ ആണ് ആരാധന മൂർത്തി. കോവിൽ പൂർണമായും കരിങ്കല്ലിൽ തീർത്തതാണ്. സ്ഥിരം ആനകളുടെ താവളം ആയതുകൊണ്ട് രാവിലേ 8.30 മുതൽ വൈകുന്നേരം 4.30 വരെ മാത്രമേ പ്രവേശനം ഉള്ളൂ.
അങ്ങനെ അമ്പലനടയിൽ എത്തി. മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ കൊണ്ട് സമ്പന്നം ആണ് അവിടം. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കാടും മലനിരകളും ഒരുവശത്ത്, മറുവശത്ത് വിശാലമായ പുൽമേടും അവിടെ മേയുന്ന കാട്ടുപോത്തുകളും മാനുകളും… പ്ലാസ്റ്റിക് മാലിന്യം ഒരു തരിപോലും കണികാണാൻ കിട്ടില്ല. പ്ലാസ്റ്റിക് ഫ്രീ ഏരിയ ആണ്. അമ്പലത്തിനകത്തേക്ക് കേറാൻ ഒരു വലിയ que രൂപപ്പെട്ടു. അങ്ങനെ കുറച്ച് അധികം സമയത്തെ കാത്തിരിപ്പിന് ശേഷം കോവിലിനുള്ളിൽ കയറാൻ പറ്റി. ഇവിടെ എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച മറ്റൊരു കാര്യം പണക്കൊതിയന്മാർ അല്ലാത്ത പൂജാരികൾ ആണ്.
മധുര, പഴനി ഒക്കെ പോയവർക്ക് അറിയാം, നമ്മളോട് ദക്ഷിണ ചോദിച്ചു വാങ്ങുന്ന ടീം ആണ് അവിടെ മിക്കതും. എന്നാൽ ഇവിടെ ദക്ഷിണ വാക്കുന്നുണ്ടോ എന്നുപോലും നോക്കാതെ, വരുന്ന എല്ലാവരുടെയും പേരും നാളും ചോദിച്ചു പൂജ ചെയ്ത ശേഷം ഓരോരുത്തരുടെയും തലയിൽ കൈ വച്ച് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു പൂജ ചെയ്തു അവസാനം മന്ത്രോച്ചാരണം ആവാഹിച്ചു ഒരു മഞ്ഞച്ചരടും കെട്ടിത്തന്നിട്ടേ അവർ വിടൂ… അതിപ്പോ നിങ്ങൾ 1000 രൂപ ദക്ഷിണ കൊടുത്തവനായാലും ഒന്നും കൊടുക്കാത്തവൻ ആയാലും ഒരുപോലെയെ പരിഗണിക്കൂ. പ്രാർത്ഥിച്ചു കഴിഞ്ഞാൽ അന്നദാനവും ഉണ്ട്. ചോറും സാമ്പാറും പിന്നെ പ്രസാദമായി പായസവും, എല്ലാം സൗജന്യം. ക്ഷേത്രവും പരിസരവും ആവോളം ചുറ്റിനടന്ന് കണ്ടു. ഇനി തിരിച്ചു ഇറങ്ങണം. വീണ്ടും ബസിൽ കേറി താഴോട്ട്.
ഇവിടത്തെ ഗ്രാമീണരുടെ സ്വഭാവവും എടുത്ത് പറയേണ്ടതാണ്. കാടിനേയും പ്രകൃതിയെയും നശിപ്പിക്കുന്ന ഒന്നും അവർ ചെയ്യുന്നത് കണ്ടില്ല. ഞാൻ വലിച്ചെറിഞ്ഞ ഒരു മിട്ടായി കവർ പോലും അടിവാരത്തുള്ള ഒരു കടക്കാരൻ പോയി എടുത്തിട്ട് അവരുടെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നത് കണ്ടു. ശരിക്കും പ്രകൃതിയെ റെസ്പെക്ട് ചെയ്യുന്ന പച്ച മനുഷ്യർ. ആ കടയിൽ നിന്നും ഒരു കരിക്കും കുടിച്ച് തിരിച്ചു വരാനുള്ള തയാറെടുപ്പ് തുടങ്ങി.
തിരിച് ബന്ദിപ്പൂർ – വയനാട് – താമരശ്ശേരി വഴി വരാൻ ആണ് പ്ലാൻ. നാഷണൽ ഹൈവേ 766 വഴിയാണ് തിരിച്ചിറങ്ങേണ്ടത്. അങ്ങോട്ട് എത്താൻ ഷോട്ട് കട്ട് പിടിച്ചു. ഒരു 4 കിലോമീറ്ററോളം ഓഫ് റോഡ്. അത് നേരെ ചെന്ന് കേറുന്നത് നാഷണൽ ഹൈവേ 766ൽ. അതൊരു ഒന്നൊന്നര റൂട്ട് ആർന്നു.. ഗ്രാമത്തിന്റെ ഭംഗിയിലൂടെ, ചെമ്മരിയാടുകളുടെ ഇടയിലൂടെ ഉരുളൻ കല്ലുകൾ നിറഞ്ഞ റോഡിലൂടെ ഉള്ള യാത്ര… അത് അനുഭവിച്ചുതന്നെ അറിയണം.
അങ്ങനെ ബന്ദിപ്പൂർ ചെക്ക് പോസ്റ്റ് എത്തി. അവിടേം എന്നെ ചെക്ക് ചെയ്തില്ല. അങ്ങനെ ചെക്ക് പോസ്റ്റും കടന്ന് കാടിന്റെ ഭംഗി ആസ്വദിച്ചു പതുക്കെ ഇങ്ങനെ വന്നുകൊണ്ടിരിക്കുമ്പോൾ ആണ് കുറച്ച് വണ്ടികൾ ഒതുക്കി നിർത്തി ഫോട്ടോ എടുക്കുന്നത് കണ്ടത്… എന്റെ സാറേ.. ഒരു 50 മീറ്റർ അകലത്തിൽ ആന ഫാമിലി, അച്ഛനും അമ്മയും 3 കുഞ്ഞുങ്ങളും. മൂത്തവന് കുറച്ച് വലിപ്പം ഒക്കെ ഉണ്ട്, ചെറുതായിട്ട് കൊമ്പൊക്കെ വന്നു തുടങ്ങുന്നു അവന്റെ താഴെ ഉള്ള രണ്ടെണ്ണം തീരെ ചെറിയ കുഞ്ഞുങ്ങൾ ആണ്. അച്ഛനും അമ്മയും ഞങ്ങളെ കണ്ടത് പോലും mind ചെയ്യാതെ ഓരോന്ന് തിന്നുകയാണ്. പക്ഷെ വലിയ കുട്ടിയാന ഞങ്ങളെ നോക്കി തലയാട്ടുകയും തുമ്പിക്കൈ പൊക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അവനാണ് ആ കുടുംബത്തിന്റെ കാരണവർ എന്ന രീതിയിൽ ആണ് അവന്റെ ഭാവം. പെട്ടെന്ന് അവനൊന്നു മുന്നോട്ടു കുതിച്ചു…അടിവയറ്റിൽ നിന്നും ഒരു സാധനം തല വരെ കേറി. മൊബൈൽ ഒക്കെ ബൈക്കിൽ തന്നെ വച്ചിട്ടുണ്ട് വണ്ടി പെട്ടെന്ന് സ്റ്റാർട്ട് ആക്കാൻ നോക്കിയപ്പോഴേക്കും അവൻ അവന്റെ പഴയ സ്ഥാനത്തു തന്നെ എത്തിയിരുന്നു. “ഇതൊക്കെ പിള്ളേരുടെ ഒരു തമാശ അല്ലെ… താനെന്താ കൊച്ചു പിള്ളേരെ പോലെ പേടിക്കണേ.. ” എന്ന ഒരു പുച്ഛഭാവത്തിൽ അവന്റെ അച്ഛൻ ഞങ്ങളെ ഒന്ന് നോക്കി, എന്നിട്ട് അവനെ തുമ്പിക്കൈ കൊണ്ട് ചെറുതായി ഒന്ന് അടിച്ച് അവർ കാടുകയറി.
ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനയോ, മൃഗശാലകളിൽ കൂട്ടിലടച്ച മൃഗങ്ങളോ ഒരിക്കലൂം എന്നെ സന്തോഷിപ്പിക്കുകയോ അത്ഭുതപ്പെടുത്തുകയോ ചെയ്തിട്ടില്ല, അവരെ കാണണമെങ്കിൽ അവരുടെ ഏരിയയിൽ പോയി കാണണം എന്നാണ് എന്റെ ഒരു ഇത്.
അങ്ങനെ ആനയെ ഒക്കെ കണ്ട സന്തോഷത്തിൽ പാട്ടും പാടി വരുമ്പോൾ ആണ് ഒരു ഫോറെസ്റ്റ് ജീപ്പ് കാടിന്റെ നടുക്ക് കിടക്കുന്നത് കണ്ടത്. കൂടെ 4 ഓഫീസർസും. കൈകാണിച്ചു വണ്ടി നിർത്താൻ പറഞ്ഞു. മൊത്തം ചെക്കിങ്, അണ്ഡകടാഹം വരെ ചെക്ക് ചെയ്തു, കൂടെ ഫുൾ ഡീറ്റൈൽസും ചോദിച്ചു. ബാഗിൽ നിന്നും ദേഹത്തു നിന്നും ഒന്നും കിട്ടാഞ്ഞിട്ട് പഹയന്മാർ പേഴ്സ് കാണിക്കാൻ പറഞ്ഞു. അങ്ങനെ പേഴ്സ് തപ്പുന്നതിനിടെൽ അവർക്ക് ഒരു ലവ് ലെറ്റർ കിട്ടി… പഴയ മേസ്തിരിരുടെ പണിയായുധം…
എട്ടായി മടക്കി വച്ചതോണ്ട് അതിൽ വല്ല സ്റ്റാമ്പൊ, stuffo ഉണ്ടോന്നു അറിയാൻ അവർ അത് തുറന്നു… വായിച്ചു.. തീർന്നു. അതുവരെ ഗൗരവത്തിൽ നിന്നിരുന്ന അവർ ചോദിച്ചു ” കിട്ടിയാ??? ” ഞാൻ പറഞ്ഞു “കിട്ടി.. നല്ല അടിപൊളിയായിട്ട് ” ഒരു ഓഫീസർ പറഞ്ഞു “അത് നന്നായി.. ഇനി നീ നന്നാവും തേപ്പ് കിട്ടിയവർ ഓക്കേ നന്നായ ചരിത്രം ഉള്ളൂ ഡാ “ന്ന്
“നീ എന്തിനാ ഇതും കൊണ്ട് നടക്കുന്നെ ” ന്ന് ചോദിച്ചപ്പോൾ ഞാൻ ചുമ്മാ ചിരിച്ചു. ഇതിന്റെ ഉപയോഗം ഇപ്പൊ മനസ്സിലാവൂല സാറേ ന്ന് മനസ്സിൽ പറഞ്ഞു. പിന്നെ അവർ മൊത്തം നല്ല കമ്പനി ആയിരുന്നു. റൈഡിന്റെ കാര്യങ്ങൾ ഒക്കെ ചോദിച്ചു, ഒരു ഇൻഫർമേഷൻ കിട്ടിയിട്ട് കഞ്ചാവ് പിടിക്കാൻ നിക്കുവാണെന്നു പറഞ്ഞു. സൂക്ഷിച്ചു പോവാൻ പറഞ്ഞു എന്നെ വിട്ടു. എന്തായാലും അതൊരു വെറൈറ്റി അനുഭവം ആയിരുന്നു. പിന്നേം പാട്ട് പാടി യാത്ര തുടർന്ന് വയനാട് എത്തി. ചുരത്തിലേ വ്യൂ പോയിന്റിൽ പതിവുപോലെ ഒരുപാട് ആളുകളെയും കുരങ്ങന്മാരെയും കണ്ടു. മനുഷ്യന്റെ നിരന്തര സാമീപ്യം മൂലം അവിടെ ഉള്ള കുരങ്ങന്മാരൊക്കെ നന്നായിട്ടു പോസ് തരുന്നുണ്ട് ഫോട്ടോക്ക്. കുറച്ച് ഫോട്ടോസും എടുത്തു, ഒരു കാപ്പിയും രണ്ടു ചൂട് പരിപ്പുവടയും കഴിച്ചു പിന്നെയും യാത്ര തുടർന്നു. കുന്നും മലയും കാടും ഒക്കെ കഴിഞ്ഞ് ടൗണിൽ എത്തിയപ്പോൾ ശരിക്കും വെത്യാസം അറിഞ്ഞു. ചൂടും പുകയും ഉള്ളം തണുപ്പിക്കാത്ത പ്രാണവായുവും…
എന്തായാലും പിന്നെ വളരെ വേഗത്തിൽ ഓടിച്ചു വീട്ടിലെത്തി. ഉള്ള് മുഴുവൻ കാടും ക്ഷേത്രവും ആനകളും കുരങ്ങന്മാരും കാട്ടുപോത്തും മാനും മുയലും ഒകെ ആയിരുന്നു… എല്ലാം വിശദമായി അമ്മയോടും അനിയൻസിനോടും പറഞ്ഞു കൊടുത്ത് അടുത്ത യാത്ര സ്വപ്നം കണ്ടു കിടന്നുറങ്ങി.
വിവരണം – രാഹുല് ദേവ്.