പഠിച്ചത് മധുരയിലായിരുന്നു. 2 വർഷം മധുരൈ നഗരവും നഗരത്തോട് മല്ലിട്ട് ജീവിക്കുന്ന തമിഴ് ജീവിതങ്ങളല്ലാതെ കൂടുതലൊന്നും അവിടം കണ്ടിട്ടില്ല. ബിരുദം വരെ കേരളത്തിലായിരുന്നു പഠിച്ചത്. അതിനാൽ തന്നെ ബിരുദാനന്തര ബിരുദം കേരളത്തിന് വെളിയിലായിരിക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു. അതിനാലാണ് മധുരൈ തെരെഞ്ഞെടുത്തത്. ആദ്യമായാണ് കേരളത്തിന് വെളിയിൽ പോകുമ്പോൾ കണ്ട തമിഴ് ജീവിതങ്ങളും.
പഠനകാലം പണത്തിന്റെ ഉറവിടങ്ങൾ കുറവായിരുന്നു. അതിനാൽ തന്നെ 2 വർഷം കാത്തിരിക്കേണ്ടിവന്നു ഈ യാത്രക്ക്. പഠനവും കഴിഞ്ഞ് സർട്ടിഫിക്കറ്റ് കിട്ടിയ സന്തോഷം കൊണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് അറിയാവുന്ന സ്ഥലങ്ങളിലേക് ഒരു Backpacking.

ഒരു രാത്രി ഷൊർണൂരിൽ നിന്നും കോയമ്പത്തൂർ വഴി ട്രെയിനിലും ബസിലുമായി യാത്ര തുടങ്ങി. രാവിലെ തന്നെ മധുരൈ മാട്ടുതേനിയിൽ എത്തി. അവിടെ നിന്നും രാമേശ്വരം ബസ് കയറി. ഉച്ചയാകുമ്പോഴേക്കും രാമേശ്വരം നഗരത്തിൽ എത്തി. വെയിലും ചൂടും ഒരു വിഷയമല്ലാത്തതിനാൽ അതൊരു വില്ലനായി തോന്നിയില്ല.
രാമേശ്വരം എന്ന് കേട്ടാൽ ഏതൊരാൾക്കും പോലെ ആദ്യം ഓർമ്മ വരുന്ന മിസൈൽ മാമൻ തന്നെയാണ്. അദ്ദേഹം ജനിച്ച നാട്. രാമേശ്വരം ഇറങ്ങിയപ്പോൾ തന്നെ ആദ്യം അന്നോഷിച്ചത് കലാമിന്റെ വീടാണ്. നഗരത്തിൽ കണ്ട ഒരു തമിഴ് മകനോട് ചോദിച്ചപ്പോൾ ഒരു ടവർ കാണിച്ചു തന്നു. അവിടെക് പോകാൻ പറഞ്ഞു . ടവർ ലക്ഷ്യം വെച്ച് നടന്നു. അതിനടുത്ത് ഒരു ചെറിയ ചുവന്ന കെട്ടിടം. കലാമിന്റെ വീട് !. ലാളിത്യവും ലളിതവും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം ഓർമ്മ വന്നു. പ്രവേശനം സൗജന്യമാണ്. വീടിനുളളിൽ അദ്ദേഹത്തിന്റ ഫോട്ടോകളും പ്രശസ്തി പത്രങ്ങളും കലാമിന് കിട്ടിയ സമ്മാനങ്ങളും അദ്ദേഹത്തിന്റെ പുസ്തകങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
കലാം ഹൌസ് നോട് വിടപറഞ്ഞു രാമേശ്വരം റെയിൽവേ സ്റ്റേഷൻ കാണാൻ നടന്നു. രാമേശ്വരം റെയിൽവേ സ്റ്റേഷന്റെ പ്രേത്യകത എന്തെന്നുവെച്ചാൽ ഇന്ത്യയിലെ റെയിൽവേയുടെ ഒരറ്റം എന്നതാണ്. അതൊന്നു കാണണമെന്ന് തോന്നി. റെയിൽവേ സ്റ്റേഷനിൽ പ്രേവേശിച്ചാൽ ഒരു പടുകൂറ്റൻ ആൽമരം കാണാം. ആല്‍മരത്തിനു അടിയിൽ ഒരു വിഗ്രഹമുണ്ട്. അതിനടുത്തു രാമേശ്വരം എന്ന മഞ്ഞ ചുമർ ബോർഡിൽ കറുപ്പ് നിറത്തിലുള്ള ഇന്ത്യൻ റെയിൽവേയുടെ എഴുത്തും സുന്ദരമായ കാഴ്ച.

റെയിൽവേ കണ്ടിറങ്ങി വലതുവശം തിരിഞ്ഞു നേരെ ഹാബീലിന്റെയും കാബീലിന്റെയും മഖ്ബറ കാണാൻ നടന്നു. മനുഷ്യ കുലത്തിലെ ആദിമ മനുഷ്യൻ ആദം നബി. അവരുടെ ആദ്യ സന്താനങ്ങളാണ് ഹാബീലും കാബിലും. ഹബീൽ നല്ലൊരു മനുഷ്യനും കാബിൽ കഠിനഹ്രഹൃദയനുമായിരുന്നു. കഥ ഇങ്ങനെ :-
ഒരിക്കൽ ദൈവം രണ്ടു പേരോടും ബലിയർപ്പിക്കാൻ ആവശ്യപ്പെട്ടു. പക്ഷെ എന്തുകൊണ്ട് ഒരാളുടെ ബലിമാത്രം സ്വീകരിക്കുകയും മറ്റൊരാളുടത് തള്ളപ്പെടുകയും ചെയ്തു എന്ന വിഷയത്തില്‍ പല അഭിപ്രായങ്ങളും കാണാം. നല്ല ധനം കൊണ്ട് ചെയ്ത ബലി സ്വീകരിക്കുകയും, മോശം ധനം ഉപയോഗിച്ച് ചെയ്ത ബലി തള്ളപ്പെടുകയും ചെയ്തിട്ടുണ്ടാവാം എന്നാണ് ഒരുകൂട്ടരുടെ വാദം. ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടത് ഇപ്രകാരമാണ്. ‘ഹാബീലിനോട്, ഖാബീലിന്റെ നേര്‍സഹോദരിയെയും, ഖാബീലിനോട് ,ഹാബീലിന്റെ നേര് സഹോദരിയെയും വിവാഹം ചെയ്യാന്‍ ആദം നബി ആവശ്യപ്പെട്ടു. ഹാബീല്‍ സമ്മതിച്ചെങ്കിലും ഖാബീല്‍ എതിര്‍ത്തു. അപ്പോള്‍ ആദം നബി പറഞ്ഞു. പൊന്നുമോനേ, നീ ബലിയര്‍പ്പിക്കണം. നിന്റെ സഹോദരന് ഹാബീല്‍ അത് ചെയ്തിട്ടുണ്ട്. ആരുടെ ബലിയാണോ അല്ലാഹു സ്വീകരിക്കുന്നത് അവരാണ് ആ സഹോദരിയെ വേള്‍ക്കാന്‍ ഏറ്റവും അര്‍ഹന്‍’.
തന്റെ സഹോദരന് ഹാബീലിന്റെ ബലിദാനം അല്ലാഹു സ്വീകരിച്ചതില്‍ അസൂയ പൂണ്ടാണ് ഖാബീല്‍ ഈയൊരപരാധത്തിന് മുതിര്‍ന്നത്. ‘ഞാന്‍ നിന്നെ കൊല്ലുകതന്നെ ചെയ്യും’ എന്ന് ഖാബീല്‍ ഭീഷണി മുഴക്കിയപ്പോഴും, ദൈവകോപം വരുത്തി വെക്കരുതെന്ന് പറഞ്ഞ് സഹോദരനിലെ വിശ്വാസ സത്തയെ ഉണര്‍ത്താനാണ് നിഷ്കളങ്ക സ്വഭാവത്തിനുടമയായ ഹാബീല്‍ ശ്രമിച്ചത്. (ധര്‍മ്മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ’) അഥവാ കൊല്ലാന്‍ ഒരുമ്പെട്ട് വന്നാലും പ്രതികാരം ചെയ്യുമെന്ന് പറഞ്ഞതുമില്ല. ഹാബീല്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു. ‘എന്നെക്കൊല്ലാന്‍ വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാലും, നിന്നക്കൊല്ലാന്‍ വേണ്ടി ഞാന്‍ നിന്റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു’. ( അല്‍ മാഇദ : 28).

രണ്ടു പേരിലും വച്ച് കൂടുതല്‍ ശക്തന് ഹാബീലായിരുന്നെങ്കിലും ദൈവഭയം അദ്ദേഹത്തെ പ്രതികാരം ചെയ്യുന്നതില്‍ നിന്നും തടഞ്ഞു. പക്ഷെ ഖാബീല്‍, സഹോദരന്റെ വാക്കിന് ഒരു വിലയും കല്പിച്ചില്ല. കഠിനഹൃദയനായ ഖാബീലിന്റെ മനസില്‍ ഒരു കുലുക്കവുമുണ്ടായില്ല. ഒരു ദയാദാക്ഷിണ്യവും കാട്ടാതെ തന്റെ സഹോദരനെ അയാള്‍ വകവരുത്തി. ‘തന്റെ സഹോദരനെ കൊല്ലുവാന്‍ അവന്റെ മനസ് അവന്ന് പ്രേരണനല്കി. അങ്ങനെ അവനെ കൊലപ്പെടുത്തി. അതിനാല്‍ അവന് നഷ്ടക്കാരില്‍പെട്ടവനായിത്തീര്‍ന്നു’. ( അല്‍ മാഇദ : 30) നിരപരാധിയായ സഹോദരന്റെ രക്തം ചിന്തിയതു വഴി ലോകത്തിലെ ആദ്യ കൊലയാളിയായിത്തീര്‍ന്നു അയാള്‍.
ഈ കഥയിൽ പറയുന്ന രണ്ട് പേരുടെയും ഖബർ ആണ് കിടക്കുന്നത്. 60 അടി നീളമുണ്ട് (ഫോട്ടോ അനുവദനീയമല്ല ).അവരുടെ നീളം കണ്ട് അത്ഭുതപെട്ടു പോയി. എട്ടടിയോളം പൊക്കമുള്ള ഞാൻ 60 അടിയുള്ള മനുഷ്യനെ കണ്ട് അന്താളിച്ചു നിന്നുപോയി. കാടും കുന്നും മലയും താണ്ടാൻ ദൈവം കൊടുത്തതായിരിക്കും ഇത്രയും നീളം എന്ന് കരുതുന്നു. ഖബർ സ്ഥാനിൽ ഒരുപാട് പേർ സിയാറത്തിന് വരുന്നു. അവർ അവിടെ ഖുർആൻ പാരായണം ചെയ്യുന്ന കാഴ്ചയാണ് എങ്ങും.
ഖബർസ്ഥാൻ കണ്ടിറങ്ങി വീണ്ടും രാമേശ്വരത്തേക് നടന്നു. രാമേശ്വരത്തു നിന്നും ധനുഷ്കോടിയിലേക്ക് 3 ആം നമ്പർ ബസ് കിട്ടി. ബസ് ഭയങ്കര തിരക്കാണ്. കൂടുതലും സ്ത്രീകളും കുട്ടികളും ആണ് യാത്രക്കാർ. ഞെങ്ങി ഞെരുങ്ങി ഞാനും യാത്ര തുടങ്ങി. ബസിൽ യാത്രക്കാർ കലപില കലപില എന്ന് പറഞ്ഞു ഭയങ്കര സംസാരമാണ്. മുല്ലപ്പൂവിന്റെ മണവും മൂക്കിലടിക്കുന്നു.

തമിഴ് എന്ന ഭാഷ ഇംഗ്ലീഷിനെപോലെ സംസാരത്തിൽ പരസ്പര ബഹുമാനം പുലർത്തുന്നതാണ്. 2 വർഷം കൊണ്ട് പഠിച്ച ഒരു കാര്യം ആണിത്. ഇവിടെ എന്നപ്പ എന്നമ്മ എന്നൊക്കെയുള്ള പ്രേയോഗങ്ങൾ. എത്ര വലിയ ഉദ്യോഗസ്ഥനായാൽപോലും അദ്ദേഹവും നമ്മോട് സംസാരിക്കാൻ തുടങ്ങുമ്പോൾ ഒരു ബഹുമാനം കിട്ടാറുണ്ട്. അത് കൊണ്ട് തന്നെ ഒരു പേടിയോ മടിയോ കൂടാതെ കാര്യങ്ങൾ അവതരിപ്പിക്കാൻ സാധിക്കാറുണ്ട്.
തിങ്ങിനിറഞ്ഞ ബസ് നീണ്ട പാതയിലൂടെയുള്ള യാത്ര. കരയുടെ വിരാമത്തിൽ തന്നെയായിരുന്നു യാത്രയുടെ വിരാമവും. തിങ്ങി നിറഞ്ഞ ബസിൽ നിന്നും ഇടിച്ചിറങ്ങിയ ഞാൻ കണ്ടത് ചുറ്റും മനോഹരമായ നീല കടൽ. വെളുത്ത മൺതരികളുള്ള കരയും. ചിത്രങ്ങളിൽ മാത്രമേ കടലിനു ഇത്രയധികം നീല നിറം കണ്ടിട്ടുള്ളൂ. അത് ഇന്ന് കൺമുന്നിൽ കാണാൻ കഴിഞ്ഞു.

ധനുഷ്കോടി ഇന്ത്യയുടെ ഒരറ്റമാണ്. ബ്രിട്ടീഷ് ഇന്ത്യയിൽ ധനുഷ്കോടി വരെ റെയിൽവേ ഉണ്ടായിരുന്നു. ധനുഷ്കോടിയിൽനിന്നും ശ്രീലങ്കയിലേക് ബോട്ട് സെർവിസും ഉണ്ടായിരുന്നു. മദ്രാസിലെ എഗ്മോറിൽ നിന്നും ശ്രീലങ്കയിലെ കൊളോമ്പോയിലേക് ഇൻഡോ -സിലോൺ എക്സ്പ്രസ്സ് എന്ന റെയിൽ ബോട്ട് സർവീസ് ഉണ്ടായിരുന്നു. 1964 Dec 24 ന് ഉണ്ടായ കൊടുങ്കാറ്റ് നഗരത്തെയും റെയിൽവേയും കടൽ എടുത്തു. Dec22 ന് തിരിച്ച ട്രെയിൻ 140 പേരെ ജീവനെടുത്തു കടൽ. അന്ന് മുതൽ ഈ നഗരം പ്രേതനഗരം എന്നറിയപ്പെട്ടു.
ഇന്നും മനോഹരമാണ് ധനുഷ്കോടി. കാൽനടയായി കടൽ തീരം കണ്ട് നടന്നു. ശേഷം രാമേശ്വരം ബസിൽ കയറി ശ്രീരംഗം എന്ന സ്റ്റോപ്പിൽ ഇറങ്ങി. ഇവിടെയാണ് കൂടുതൽ ജനവാസം ഉണ്ടായത്. എല്ലാ കെട്ടിടങ്ങളും ചരിത്ര സ്മാരകം പോലെ ഇന്നും നിലനിൽക്കുന്നു. ചർച്, ഹോസ്പിറ്റൽ, റെയിൽവേ, ആരാധനാലയങ്ങൾ, വീടുകൾ അങ്ങ്നെയായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. കാണുമ്പോൾ തന്നെ പേടിതോന്നുന്നു. അന്നത്തെ ദുരിതത്തിൽ മരണ സംഖ്യ 2000 കവിഞ്ഞിരുന്നു.
ധനുഷ്കോടിയിൽ നിന്നും രാമേശ്വരത്തേക് ഷെയർ ടാക്സി കിട്ടി. വരവ് ബസിലായതിനാൽ ചുറ്റും കാണാൻ കഴിഞ്ഞിരുന്നില്ല. ടാക്സി ആയതിനാൽ ചുറ്റും കാണാൻ സാധിച്ചു. നീണ്ടു നിവർന്നു കിടക്കുന്ന റോഡ്. ഇരുവശവും നീലകടൽ. ഭംഗിയുള്ള സ്ഥലങ്ങൾ .

രാമേശ്വരം നഗരിയിൽ എത്തി. അടുത്ത ലക്ഷ്യം കലാം സമാധി ആണ്. 2 ആം നമ്പർ ബസിൽ കയറി സമാധിയിൽ ഇറങ്ങി.ഒരു കെട്ടിടം അതിന്റെ മുൻവശം ചെടികളും പൂക്കളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കർശന പരിശോധനക്ക് വിദേയമായേ അകത്തോട്ടു പ്രവേശനമുള്ളൂ. പ്രവേശനം സൗജന്യമാണ്. സമാധിയുടെ ഇടത് വശം ഒരു മിസൈൽ ഉണ്ട്. അതിനു വലതു വശത്തൂടെയാണ് എൻട്രി. സമാധിക്കുള്ളിൽ എയർ കണ്ടീഷനാണ്. കലാമിന്റെ പ്രതിമകൾകൊണ്ട് നിറഞ്ഞിരിക്കുന്നു. ചില പ്രശസ്തി പത്രങ്ങളും ചില്ലിട്ട് വെച്ചിരിക്കുന്നു. നിറയെ കലാമിന്റെ ഫോട്ടോകൾ. കിടിലൻ രൂപകല്പനയാണിവിടം. ഇതിനുള്ളിലാണ് കലാം അന്ത്യ വിശ്രമം കൊല്ലുന്നത്.
സമാധിയിൽ നിന്നും വീണ്ടും 4 km നടന്നു. ബസിൽ വെച്ച് കണ്ട മഖ്ബറയുണ്ട് അവിടെ. മൂസാനബിയുടെ കാലത്ത് ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ കബർ ആണ്. 60 അടി നീളം. ഹാബീലിന്റെയും കാബീലിന്റെയും ഖബർ പോലെ തന്നെ. ആദ്യ കാലങ്ങളിലെ മനുഷ്യന്റെ ഉയരം ഭയങ്കരം തന്നെ. ചരിത്രത്തിന്റെ തെളിവുകൾ തന്നെയാണ് ഈ കിടക്കുന്നതൊക്കെ.
ഖബർ കണ്ടിറങ്ങി നേരെ രാമേശ്വരത്തോട്ട് തിരിച്ചു. രാത്രിയായി. രാമേശ്വരം അമ്പലത്തിനടുത്തു റൂം എടുത്തു. 3 വർഷത്തിലെ യാത്രകൾ കൊണ്ട് ആദ്യമായാണ് റൂം എടുക്കുന്നത് ഇന്നാണ്. സാധാരണ ബസ്സ്റ്റാന്റിലോ റെയിൽവേ സ്റ്റേഷനിലോ ആണ് അന്തിയുറക്കം.
പിറ്റേദിവസം രാവിലെതന്നെ കുളിച്ചു അമ്പലത്തിൽ പോയി. അമ്പലത്തിൽ രാമന്റെയും സീതയുടെയും ഹനുമാന്റെയും കഥ പറയുന്ന ചിത്രങ്ങൾ. കൊത്തുപണികൾ കൊണ്ട് നിറഞ്ഞ തൂണുകൾ. ജനങളുടെ തിരക്ക് കൂടിക്കൂടി വരുന്നു. അമ്പലത്തിനുള്ളിൽ ഒരു സുന്ദരനായ കൊമ്പനാന. തുമ്പിക്കയ്യിൽ പൈസ വെച്ചുകൊടുത്താൽ അത് സ്വീകരിച് തുമ്പികൈ കൊണ്ട് തലയിൽ അനുഗ്രഹിക്കുന്ന സുന്ദരമായ കാഴ്ച. അമ്പലത്തിൽ നിറയെ വഴികളുണ്ട്. ജനത്തിരക്കിനിടയിൽ വഴിതെറ്റി പുറത്തേക്കു പൊന്നു.

രാമേശ്വരം എന്ന നഗരത്തോട് വിടപറയേണ്ട സമയം. അടുത്ത ലക്ഷ്യം പാമ്പൻ പാലമാണ്. പോകുന്ന വഴിക്കാണ്. ബസ് കയറി അവിടെ ഇറങ്ങി. പാമ്പന്‍ അടിയിലൂടെ നടന്നു. നീണ്ടു കിടക്കുന്ന പാലം. അടിയിൽ റെയിൽവേ കടൽ പാലവുമുണ്ട്. പാലത്തിനടിയിൽ മത്സ്യ മാർക്കറ്റാണ്. മാർക്കറ്റ് ലക്ഷ്യമാക്കി നടന്നു. നടപ്പാതയിൽ കക്കകൾ, ശങ്കുകൾ, നക്ഷത്ര മത്സ്യം, പവിഴപ്പുറ്റുകൾ എന്നിവയെല്ലാം ഉണ്ട്. ബോട്ടിൽ നിന്നും വലയിൽ കുരുങ്ങി മത്സ്യ തൊഴിലാളികൾ എടുത്തെറിയുന്നതാണ്. മത്സ്യ മാർക്കറ്റിൽ ഭീമൻ മൽസ്യങ്ങൾ ഉണ്ട്. മത്സ്യ മാർക്കറ്റ് കഴിഞ്ഞാൽ പാമ്പൻ പാലം നല്ലപോലെ കാണാം. പാമ്പിനെ പോലെ നീണ്ടുകിടക്കുന്നു. 1911ൽ ബ്രിട്ടീഷ്കാരാണ് പാമ്പൻ നിർമിച്ചത്. 1914 ൽ പണി പൂർത്തീകരിച്ചു. 1964ലെ കൊടുങ്കാറ്റിൽ പോലും ഇതിനൊന്നും സംഭവിച്ചില്ല. അതിനു ശേഷം E. ശ്രീധരൻ പുതുക്കിപ്പണിതു. പാലത്തിനു അടിയിലൂടെയും മുകളിലൂടെയും നടന്ന് കണ്ടു. ഏതാണ്ട് പകുതിവരെ.ബസ് സ്റ്റോപ്പിലേക് തിരിച്ചു നടന്നു.
പാമ്പനിൽ നിന്നും രാമനാഥപുരത്തേക് ബസ് കയറി. അവിടെ നിന്നും കീളക്കര എന്ന സ്ഥലത്തേക്ക് ബസ് കയറി. കീളക്കരയിൽ ഒരു ജിന്ന് പള്ളിയുണ്ട്. ഈ പള്ളി മനുഷ്യ നിർമിതമല്ല. 10 ജിന്നുകൾ ഒറ്റ രാത്രി കൊണ്ട് പണികഴിപ്പിച്ച പള്ളി. പാറകല്ലുകൊണ്ടാണ് ചുമരും തൂണുകളുമൊക്കെ. ചെറിയ കൊത്തുപണികളൊക്കെ ഉണ്ട്. കാറ്റും വെളിച്ചവും കയറാവുന്ന രൂപകൽപ്പന. മനുഷ്യ നിർമിതമല്ലാത്ത ഒരു പള്ളി കണ്ട ആകാംഷ.
ജിന്നുകളെ ദൈവം തീയിൽ നിന്നാണ് സൃഷ്ടിച്ചത്. മനുഷ്യനെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും അവക്ക് കഴിയും. ഖുർആനിൽ ജിന്നുകളെ പറ്റി ഒരു അധ്യായം തന്നെ ഉണ്ട്. ചിലപ്പോൾ ഇവർ ചില ജീവികളുടെ രൂപത്തിൽ മനുഷ്യരുടെ മുന്നിൽ പ്രേത്യക്ഷപെടുമെന്ന് പറയുന്നുണ്ട്. ജിന്നുകൾ രാത്രികളിൽ പള്ളികളിൽ വരുമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ധൈര്യമുണ്ടെങ്കിൽ പോയി നോകാം എന്നൊക്കെ പറഞ്ഞു തന്നിരുന്നു. എന്നിരുന്നാലും ഇതുപോലുള്ള വെറൈറ്റി സംഭവങ്ങളും നിർമ്മിതികളും കാണാൻ കഴിഞ്ഞു എന്നത് വളരെ സന്തോഷം നിറഞ്ഞ കാര്യം. പള്ളിയിൽ ഒരു സ്ഥലത്ത് ഇവർ വന്നിരിക്കുമായിരുന്നത്രെ. എന്തൊക്കെയായാലും ജിന്നുകളുടെ ആർകിടെക്ചർ കിടിലനായിട്ടുണ്ട്.

കീളക്കരയിൽ നിന്നും ഏര്വാടിയിലേക് ബസ് കയറി. ഏർവാടി എന്ന സ്ഥലത്തെ പറ്റി പറയുകയാണെങ്കിൽ ഖുതുബ് സുല്‍ത്താൻ സയ്യിദ് ഇബ്ബ്രഹിം ഷഹീദ് ബാദുഷയുടെ മഖ്ബറ ഇവിടെ സ്ഥിതി ചെയ്യുന്നു എന്നതാണ്. മുഹമ്മദ് നബിയുടെ 18 ആം പൗത്രനായിരുന്നു ഇദ്ദേഹം. മദീനയിലെ ഭരണാധികാരിയും. ഇന്ത്യയിലെ കേരളത്തിൽ എത്തുകയും പിന്നീട് ഏര്‍വാടിയിൽ മരണപെട്ടു എന്ന് ചരിത്രം പറയുന്നു. അങ്ങനെയാണ് ഈ സ്ഥലം പേരെടുക്കുന്നത്. ഈയൊരു പള്ളിയെ ചുറ്റിപറ്റി ചില ആളുകൾ പണം തട്ടിപ്പുണ്ടെന്നു മനസ്സിലായി.പോകുമ്പോൾ സൂക്ഷിക്കുക. പണം ചോദിച്ചാൽ കൊടുക്കരുത്.
വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഇത്രയധികം സ്ഥലങ്ങൾ നടന്നും ബസ് കയറിയും കണ്ടു. ചരിത്രങ്ങളും അതിന്റെ തെളിവുകളും. മനസ്സിൽ അറിയാതെ ചോദിച്ചു പോയി. ആദവും അദ്ദേഹത്തിന്റെ 40 സന്തതികളും ഇവിടുണ്ടായിരുന്നു. ആ കാലഘട്ടത്തിൽ തന്നെയാണോ രാമനും സീതയും ഹനുമാനോകെ ഉണ്ടായിട്ടുണ്ടാവുക. ഇവരൊക്കെ ഒരേ നാട്ടുകാരല്ലേ പരസ്പരം കണ്ടിട്ടുണ്ടാകുമോ എന്ന മണ്ടൻ ചോദ്യങ്ങൾ സ്വയം ചോദിച്ചു.

നീണ്ട 17 വർഷത്തെ പഠനകാലം കഴിഞ്ഞിരിക്കുന്നു. ഇനി പഠനമാണോ ജീവിതമാണോ എന്നറിയില്ല. ഇനിയുള്ള ജീവിതത്തിൽ വിജയിക്കുമോ തോൽക്കുമോ എന്നറിയില്ല. 3 വർഷമേ ചെറു യാത്രകൾ മാത്രമേ ചെയ്തിട്ടുള്ളൂ ഞാൻ. അനുഭവങ്ങൾ, കാഴ്ചകൾ, ബന്ധങ്ങൾ, ചെറു അംഗീകാരങ്ങൾ ഇവയെല്ലാം കൊണ്ടും ഇതു വരെ സന്തോഷകരവും അഭിമാനവും വിജയകരവുമാണ്.
വിവരണം – ഫാസില്‍ സ്റ്റാന്‍.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog