അവധി കിട്ടിയാൽ നേരെ മുന്നാർക്കു വച്ചു പിടിക്കുന്ന ഞാൻ ഇത്തവണ റൂട്ട് ഒന്ന് മാറ്റിപിടിച്ചു. ആലപ്പുഴക്കാരൻ ആണേലും ഇടുക്കിയോട് ഒരു പ്രതേക ഇഷ്ടമാണ്. ഒരിക്കൽ പോയാൽ വീണ്ടും പോകാൻ തോന്നുന്ന എന്തോ ഒന്ന് ഇടുക്കി എന്ന സുന്ദരി ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ഏറ്റവും ഇഷ്ടം മൂന്നാർ ആണ്. തേയില തോട്ടങ്ങളുടെ നടുവിലൂടെ വളഞ്ഞും പുളഞ്ഞും കിടക്കുന്ന Gap റോഡിൽ കൂടെ കോട മഞ്ഞിന്റെ സ്നേഹത്തിൽ പൊതിഞ്ഞ തണുപ്പ് നുകർന്നു എത്ര വട്ടം പോയാലും മടുക്കില്ല.
അയ്യോ വിഷയം മാറി പോണു, ഞാൻ പറയാൻ ഉദേശിച്ചത് കേരളത്തിന്റെ നെല്ലറ ആയ കുട്ടനാടിനെ കുറിച്ചാണ്. സമുദ്രനിരപ്പിൽ നിന്നും താഴെ സ്ഥിതി ചെയുന്ന സുന്ദരിയായ കുട്ടനാട്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വേമ്പനാട്ടു കായലും പച്ച പുതച്ചു കിടക്കുന്നു പുഞ്ച പടങ്ങളും ആണ് കുട്ടനാട്ടിലെ ഏറ്റവും വലിയ ആകർഷണം. ഒരുപാട് സിനിമകൾക്കും, Album Songs നും ഈ മനോഹരമായ കായൽപരപ്പുകൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതിൽ ഇന്ത്യയിലെ പല ഭാഷകളും ഉൾപ്പെടും.
നാഗരികത ഈ നാട്ടുകാർക്ക് അന്യം ആണ് കൃഷി തന്നെ ഇവിടുത്തെ പ്രധാന വരുമാനമാർഗം. അത് കൊണ്ട് തന്നെ എല്ലാരും നല്ല സ്നേഹം ഉള്ള നിഷ്കളങ്കർ ആയ നാട്ടുകാർ. സഞ്ചാരിയിൽ ഇതിനു മുന്നേ വന്ന പോസ്റ്റുകൾ ആണ് ഈ യാത്രക്ക് പ്രചോദനം ആയത്. അതിൽ പരേതന്റെ(പേര് മറന്നു പോയി) പോസ്റ്റ് ഏറ്റവും ഇഷ്ടം ആയത്. കുട്ടനാട് കാണാൻ ഞാൻ തിരഞ്ഞെടുത്തതും ആ വഴി തന്നെ. മൂക്കിന് താഴെ ഇങ്ങനെ ഒരു സ്വർഗം ഉണ്ടായിട്ടും അതൊന്നു പോയി കാണാൻ വല്ല നാട്ടിൽ നിന്നു വന്ന ആൾക്കാർ വേണ്ടി വന്നു. അവസാനമായി ബോട്ടിംഗ് നടത്തിയതെന്നാ എന്നുകൂടി ഓർമ്മയില്ല…”അയ്യേ മോശം”, എന്നിലെ ആലപ്പുഴക്കാരൻ എന്നെ നോക്കി കൊഞ്ഞനം കുത്തി. അല്ലേലും മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ.
ഹൗസ് ബോട്ടുകളും മറ്റു ചെറു ബോട്ടുകളും ധാരാളം ലഭ്യമാണ് ആലപ്പുഴയിൽ. മുൻപ് പോയിട്ടുള്ളതെല്ലാം ഈ ബോട്ടുകളിൽ ആണ്. അന്നൊക്കെ അഞ്ചോ ആറോ പേരുള്ള ഗ്രൂപ്പ് ആയിട്ടാണ് പോയത്. അല്ലെങ്കിൽ മുതലാവുല്ലാ. പക്ഷെ ആർക്കും പോകാവുന്ന ഒരു ബോട്ട് ഉണ്ട് ഇവിടെ. നമ്മുടെ KSRTC പോലെ കുട്ടനാട്ടിലെ പല സ്ഥലങ്ങളിലും സർവീസ് നടത്തുന്ന State Water Transfer Department(SWTD) ബോട്ടുകൾ. ആലപ്പുഴ തന്നെ ആണ് കേരളത്തിലെ SWTD ആസ്ഥാനം. ഉൾനാടൻ ജലഗതാഗത്തിനു പേരുകേട്ട ജില്ലയാണ് ആലപ്പുഴ. വെറും അൻപതു രൂപ പോക്കറ്റിൽ ഇട്ടു ഇറങ്ങിയാൽ കുട്ടനാട് മൊത്തം കറങ്ങിയടിച്ചു വരാം. Ticket fare മാത്രം ആണ് പറഞ്ഞത്.
04/02/2018 ഞായറാഴ്ച. പതിവില്ലാതെ അലാറം വച്ചു നേരത്തെ എണീറ്റ എന്നെ കണ്ട അമ്മയുടെ മുഖത്ത് അത്ഭുതം ആണോ സംശയം ആയിരുന്നോ. ആവോ ഉറക്കപിച്ചിൽ ഞാൻ ഓർക്കുന്നില്ല. അമ്മയുടെ ഭാഷയിൽ “ഊരു തെണ്ടാൻ(trip) പോയില്ലേൽ 11മണി ആയാലും എണീക്കാത്തവനാ”. എണീറ്റാലും രാവിലെ ഭക്ഷണം കഴിച്ചാൽ രാത്രി കിടക്കുന്ന വരെ TV ടെ മുന്നിലാണ്. വളരെ നിർബന്ധിച്ചാൽ വൈകുന്നേരം കുളിക്കും നിര്ബന്ധിച്ചില്ലേൽ കുളി ഇല്ല. ഇതിപ്പോ നേരെ വിപരീതമായി ആണ് കാര്യങ്ങൾ നടക്കുന്നത്.
കുളിക്കാൻ കയറിയപ്പോഴേ ചോദ്യം ചെയ്യൽ തുടങ്ങി. കാര്യങ്ങൾ ഒക്കെ അവതരിപ്പിച്ചു Break fast ഉം തട്ടി ക്യാമറയും തൂക്കി സ്ഥലം വിട്ടു. വീടിന്റെ അടുത്തുള്ള bus stop ൽ നിന്നു 10rs കൊടുത്താൽ “ആലപ്പുഴ Boat Jetty” ഇറങ്ങാം. 10min പോലും എടുക്കില്ല. Solo trip ആണ് പ്ലാൻ ചെയ്തത്. പോണ കാര്യം പറഞ്ഞപ്പോൾ ഓഫീസില 3friends കൂടി വരാം എന്നേറ്റു. എല്ലാരും എത്തിയപ്പോൾ 10മണി ആയി. കോട്ടയം ബോട്ടിനു കയറാൻ ആയിരുന്നു പ്ലാൻ പക്ഷെ ബോട്ട് വിട്ടു പോയി. അടുത്തത് ആലപ്പുഴയിൽ നിന്ന് 10.15നു കാവാലം വഴി പോണ ബോട്ട് ഉണ്ട്. Boat Timing chart ആലപ്പുഴ ജെട്ടിയിൽ തന്നെ ഉണ്ട്. പോകാനുള്ള സ്ഥലങ്ങൾ അറിയില്ലെങ്കിൽ ബോട്ടിലെ ജീവനക്കാരോട് ചോദിച്ചാൽ അവർ പറഞ്ഞു തരും. വിദേശ ടൂറിസ്റ്റുകളും SWTD ബോട്ടുകളെ ആശ്രയിക്കുന്നുണ്ട്. നമ്മളെ പോലെ ചിലവ് ചുരുക്കൽ ആയിരിക്കും.
ബോട്ടിൽ അത്യാവശ്യം തിരക്കുണ്ട്. ഇരിക്കാൻ seat ഇല്ല. നിന്നു കാഴ്ചകൾ കാണാൻ എൻജിന്റെ side ൽ ജനലിനരികിലായി ഞങ്ങൾ നിലയുറപ്പുച്ചു. പണ്ടേ Window seat നമ്മൾ ആർക്കും വിട്ടു കൊടുക്കില്ല. 10.15നു തന്നെ ബോട്ട് എടുത്തു. കോട്ടയം പോകാൻ ഉള്ള Boat കിട്ടുന്ന Jetty കണ്ടക്ടറോട് ചോദിച്ചു മനസിലാക്കി. മംഗലശ്ശേരി Jetty ആഹാ ആ പേരിൽ തന്നെ ഉണ്ട് ഒരു ആഢ്യത്വം. Fare ഒരാൾക്ക് 8rs. അങ്ങനെ വേമ്പനാട്ടു കായലിലെ ഓളപ്പരപ്പുകളെ കീറി മുറിച്ചു കൊണ്ട് ബോട്ട് നീങ്ങി തുടങ്ങി. എൻജിന്റെ കാതടപ്പിക്കുന്ന ശബ്ദം. നെഹ്റു ട്രോഫി finishing point കടന്ന് കുട്ടനാടിന്റെ മണ്ണിലേക്ക്. ങേ കായലിൽ എവിടാ മണ്ണ്. ഹോ ഒരു punch നു പറഞ്ഞതാ.
നെഹ്റു ട്രോഫി ഫിനിഷിങ് പോയിന്റ് കഴിഞ്ഞതും കാഴ്ചയുടെ പൂരം തുടങ്ങുകയായി. House boat കളും പലയിടത്തായി കറങ്ങുന്നു. കേറി വാടാ മക്കളെ എന്നും പറഞ്ഞു വേമ്പനാട്ടു കായൽ ഞങ്ങളെ വരവേറ്റു. Service boat ആയതുകൊണ്ട് പല ജെട്ടികളിലും അടുപ്പിച്ചു ആളുകൾ കയറുകയും ഇറങ്ങുകയും ചെയുന്നു. ഇറങ്ങേണ്ട സ്ഥലത്തിന് തൊട്ടു മുന്നിലുള്ള ജെട്ടി അടുപ്പിച്ചപ്പോ മ്മടെ സ്രാങ്ക് engine off ആക്കി കാരണം പ്രൊപ്പല്ലറിൽ എന്തോ കുടുങ്ങി. ബോട്ടിലെ ജീവനക്കാരൻ സ്വിമ്മിംഗ് suit ഇട്ടു കായലിൽ ചാടി. മുങ്ങി പൊങ്ങി വന്ന അങ്ങേരുടെ കയ്യിൽ വലിയൊരു പ്ലാസ്റ്റിക് ചാക്ക്.
വളരെ ശ്രദ്ധിക്കണ്ടേ ഒരു കാര്യം ആണ് boating നടത്തുന്ന സഞ്ചാരികൾ പ്ലാസ്റ്റിക് മാലിന്യം കായലിലേക്ക് വലിച്ചെറിയാതിരിക്കുക്ക എന്നത്. വിദേശ ടൂറിസ്റ്റുകൾ അതു ചെയ്യില്ല. ചെയുന്നത് നമ്മുടെ നാടൻ ടൂറിസ്റ്റുകൾ തന്നെ. സ്വന്തം പറമ്പൊന്നും അല്ലല്ലോ പിന്നെ പ്ലാസ്റ്റിക് എറിഞ്ഞാൽ എന്താ അല്ലെ.. കഷ്ടം തന്നെ. അവിടുന്ന് boat മുന്നോട്ടു പോയി മംഗലശ്ശേരി ജെട്ടിയിൽ ഞങ്ങൾ ഇറങ്ങി. കാണാൻ നല്ല ഭംഗി ഉള്ള ഒരു സ്ഥലം ആയിരുന്നു. കണ്ണെത്താ ദൂരത്തോളം കായൽ പരന്നു കിടക്കുന്നു. ഒരു കടയിൽ കയറി അത്യാവശ്യം snacks ഉം വെള്ളവും മേടിച്ചു. കടയിലെ ചേട്ടനോട് സംസാരിച്ചപ്പോൾ നേരെ കാവാലം റൂട്ട് വിട്ടോ അടിപൊളി ആണെന്ന് പറഞ്ഞു. അവിടെ നല്ല കള്ള് ഷാപ്പുണ്ടോ ചേട്ടാ എന്നായി എന്റെ അടുത്ത ചോദ്യം. കുട്ടനാട്ടിൽ വന്നാൽ അല്പം നാടൻ കള്ള് മോന്തിയില്ലേൽ പിന്നെ എങ്ങനാ. ഒരു ചിരിയോടെ പുള്ളി അപ്പൊ തന്നെ phone എടുത്തു ആരെയോ വിളിച്ചു സ്ഥലം പറഞ്ഞ് തന്നു. രാജപുരം ഷാപ്പ്.
അങ്ങോട്ട് പോണേൽ അടുത്ത boat വരണം. ആ പ്രകൃതി ഭംഗി ആസ്വദിച്ചു ജെട്ടിയിൽ കുറച്ചു നേരം ഇരുന്നപ്പോൾ ബോട്ട് വന്നു. ഇത്തവണ seat കിട്ടി പക്ഷെ ഇരിക്കാൻ നേരം ഇല്ല. പോണ വഴിയിലെ കാഴ്ചകൾ മൊത്തം ഓടിനടന്ന് ക്യാമെറയിൽ പകർത്തി. രണ്ടു വശത്തും പച്ച പുതച്ച പാടം അതിന്റെ നടുവിൽ വെള്ളി അരഞ്ഞാണം കെട്ടിയ പോലെ കായൽ, ആ യാത്ര അതു അനുഭവിച്ചു തന്നെ അറിയണം. കുറച്ചു ചെന്നപ്പോൾ ഒരു പാടം നിറയെ ചുവന്ന നിറത്തിൽ ആമ്പൽ പൂത്തു നിൽക്കുന്നു. അതൊരു വല്ലാത്ത കാഴ്ച ആയിരുന്നു അത്രക്ക് ഭംഗി. എന്താടാ ദാസാ ഈ idea നേരത്തെ തോന്നാഞ്ഞേ. ഞാൻ എന്നോട് തന്നെ ചോദിച്ചു. വെറുതെ പാഴാക്കി കളഞ്ഞ ഞായറാഴ്ചകളെ ഓർത്തു സ്വയം പഴിച്ചു.
1 മണിയോടെ ഷാപ്പിൽ എത്തി. രാജപുരം ജെട്ടി ഇറങ്ങി കുറച്ചു മുന്നോട്ടു നടന്നാൽ മതി. ഷാപ്പ് മാത്രം അല്ല നല്ല ഒരു ഫാമിലി restuarant കൂടി ആണ്. ഇങ്ങോട്ട് ടൂറിസ്റ്റുകളുടെ അതിപ്രസരം ഇല്ലാത്ത കൊണ്ട് അധികം തിരക്ക് ഇല്ല. പാടത്തിന്റെ ഒരു വശത്തു തന്നെ open ആയ സ്ഥലത്തു seat പിടിച്ചു. 5star ഹോട്ടലിൽ കിട്ടാത്ത ambience. ഷാപ്പാണേലും ഞങ്ങളുടെ main ഉദ്ദേശം മൂക്ക് മുട്ടെ food തട്ടാനാണ്. ഓർഡർ കൊടുത്തു നിമിഷങ്ങൾക്കകം പല ഫുഡ് ഐറ്റംസ് മുന്നിൽ നിരന്നു. ഒരു കുടം മുന്തിരിക്കള്ളും. കപ്പയേക്കാൾ ഇഷ്ടം ആയത് ചേമ്പും കാന്താരി ചതച്ചതും ആയിരുന്നു. പ്ലേറ്റിൽ ഇരുന്ന തല കറി മിനിറ്റുകൾ കൊണ്ട് എല്ലിൻകഷ്ണം മാത്രമായി മാറി. നല്ല എരിവും. ചത്താലും വെറുതെ വിടൂല്ലടെയ് എന്ന് അതിന്റെ ആത്മാവ് പരാതി പറഞ്ഞിട്ടുണ്ടാവും.
പരാക്രമം എല്ലാം കഴിഞ്ഞു ക്യാഷ് കൊടുത്തു തിരിച്ചു ജെട്ടിയിൽ വന്നു. Rate അല്പം കൂടുതൽ ആണ് എന്നാലും food പൊളിച്ചു. ആലപ്പുഴക്കുള്ള ബോട്ട് ആണ് ഞങ്ങൾക്ക് പോകേണ്ടത് കൈനകരിക്കാണു എന്നു പറഞ്ഞപ്പോൾ “ചെറു കായൽ” എന്ന സ്ഥലത്തു ഇറങ്ങിയാൽ അവിടുന്നു ബോട്ട് കിട്ടും എന്നു കണ്ടക്ടർ പറഞ്ഞു. ഞാൻ വാതിലിനു അരികെ പടിയിൽ ഇരുന്നു. ഇളം കാറ്റു മനസ്സ് തണുപ്പിച്ചു തന്നു. കണ്ട കാഴ്ചകൾ ഒന്നുടെ കണ്ടു തിരികെ യാത്ര. ചെറു കായൽ ഇറങ്ങി, boat കാത്തു കുറച്ച് ആളുകൾ ഉണ്ട്. ചോദിച്ചപ്പോൾ boat കുറേ നേരമായി വന്നിട്ടില്ല ഞങ്ങളും അവരോടൊപ്പം സംസാരിച്ചിരുന്നു. മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന കുറച്ചു മനുഷ്യർ, സ്നേഹമുള്ളവർ.
ഇപ്പോൾ കായലിൽ നിറയെ ചെറുതും വലുതും ആയി നിറയെ house ബോട്ടുകൾ ഉണ്ട്. കുറഞ്ഞത് ഒരു 50 എണ്ണമെങ്കിലും കാണും. ഇത്രയധികം ബോട്ടുകൾ ഒരു ചെറിയ ചുറ്റളവിൽ ഓടുമ്പോൾ അതിൽ നിന്നു പുറത്തു വരുന്ന ഓയിൽ കലർന്ന വെള്ളം കായൽ സമ്പത്തിനു വലിയ രീതിയിൽ ദോഷം ചെയ്യും. പ്ലാസ്റ്റിക് മാലിന്യം വേറെയും. ആത്മരോക്ഷം കൊണ്ട് പറഞ്ഞതാ.
അവിടെ കുറച്ചധികനേരം കാത്തു നിന്നിട്ടാണ് കൈനകരിക്ക് ബോട്ട് കിട്ടിയത്. വീണ്ടും ബോട്ട് യാത്ര തുടർന്നു. നമ്മുടെ ആനവണ്ടി യാത്ര പോലെ മറ്റൊരു ഫീൽ ആണ് ഈ ബോട്ട് യാത്ര. ഉൾനാടൻ പ്രദേശം ആയത്കൊണ്ട് കുറച്ചു നല്ല മനുഷ്യരുടെ കൂടെ യാത്ര ചെയ്തു. കൈനകരി ഇറങ്ങി. ഞായർ ആയതുകൊണ്ടാവും ഒരു ചായ കിട്ടാൻ വകുപ്പില്ല. Cool drinks കൊണ്ട് തൃപ്തിപ്പെട്ടു. ഇവിടെ നിന്നു ആലപ്പുഴയ്ക്ക് KSRTC കിട്ടും പക്ഷെ മുന്നിൽ കണ്ട കാഴ്ച Busൽ പോകാൻ തോന്നിച്ചില്ല. റോഡിനിരുവശവും നെൽപ്പാടം പച്ച പരവതാനി വിരിച്ചു കിടന്നാൽ ആരെങ്കിക്കും bus പിടിക്കോ. ആ കണ്ടം വഴി ഒന്ന് ഓടാനേ തോന്നൂ.
അപ്പോ Plan B നടത്തം. അതു നല്ല തീരുമാനം ആയിരുന്നു, വിശാലമായ നെൽപ്പാടവും കണ്ടു 5മണി വെയിലും കൊണ്ട് പ്രകൃതിയെ സ്നേഹിച്ചു ഒരു evening walk. കൊയ്ത്തു കഴിഞ്ഞ പാടത്തു കുട്ടികൾ footbal കളിക്കുന്നു. Nostalgia ഉണ്ടാകുന്ന കാഴ്ച. ലോകത്തെങ്ങും ഇല്ലാത്ത നിയമം വച്ചു ക്രിക്കറ്റ് കളിച്ച കാലം. ഭാവിയിൽ Indian Team ൽ കളിക്കാൻ സ്വപ്നം കണ്ടു നടന്ന കാലം. ഒരു sixer അടിച്ചാൽ പിന്നെ ചോറ് വേണ്ട. ചെളി പുരണ്ട ദേഹവുമായി വീട്ടിൽ ചെല്ലുമ്പോൾ “പോയി കുളിച്ചിട്ടു വാടാ” എന്ന അമ്മയുടെ പതിവ് ശകാരം. ബോളുകൊണ്ട് പൊട്ടിയ എത്രയോ ജനൽ ചില്ലുകൾ. ചില്ലു പൊട്ടിയാൽ പിന്നെ ഒരുത്തനേം പറമ്പിൽ കാണില്ല. കുട്ടിക്കാലത്തെ സൗഹൃദങ്ങൾ ഇപ്പോ എല്ലാം mobile game നു വഴി മാറി. കുറച്ചു സമയം കൊണ്ട് എന്തെല്ലാം ഓർത്തു. ശോ ഞാൻ പിന്നേം വിഷയം മാറി.
ഈ സമയം കൊണ്ട് ഒന്നുരണ്ട് ബസുകൾ പോയെങ്കിലും ഞങ്ങൾ നടന്നു തന്നെ പോയി. പാടത്തിനു നടുവിലൂടെ ആനവണ്ടി വരുന്നത് കാണാൻ തന്നെ ഒരു രസമാ. 6മണി ആയപ്പോൾ AC Road എത്തി ഒരു ചായയും കുടിച്ചു Alpy Bus പിടിച്ചു. സമയക്കുറവു മൂലം ബീച്ചിൽ പോകാൻ പറ്റിയില്ല. Stand എത്തി ഫ്രണ്ട്സിനെ എറണാകുളം bus കയറ്റി വിട്ടു ഞാൻ തിരികെ വീട്ടിലേക്കും.
യാത്ര ചെയ്യാൻ എല്ലാർക്കും ഇഷ്ടം ആണ് എന്നാൽ സാഹചര്യവും ചിലവും ആണ് പലരെയും പിന്തിരിപ്പിക്കുന്നത്. എന്നാൽ ഇത് വളരെ ചിലവ് കുറച്ച് ആർക്കും പോകാവുന്ന ഒരു യാത്ര ആണ്. നിരാശപ്പെടേണ്ടി വരില്ല ഉറപ്പ്. പോകാൻ ഉദ്ദേശിക്കുന്നവർ SWTD site ൽ കയറി boat സമയം നോക്കി എത്തേണ്ട സമയം plan ചെയ്യുക. പോണ വഴിക്ക് എന്തു സഹായത്തിനും നാട്ടുകാരോട് ചോദിച്ചാൽ മതി. ആലപ്പുഴക്കാർ നല്ല സ്നേഹമുള്ളവർ ആണെന്നെ, ഈ ഞാനും(കൊല്ലണ്ട പേടിപ്പിച്ചാൽ മതി). നന്ദി.
© Shyam Raj.