വിവരണം – സൂരജ് സുരേഷ്.
പ്രണയമാണ് പൊറോട്ടയോടും ബീഫിനൊടും. പൊറോട്ടയും ബീഫും തേടി ബാംഗ്ലൂര്‍ നിന്നു ആലപ്പുഴയിലേക്ക് വിമാനവും ആയി ഒരു യാത്ര…. വിമാനം എന്നു പറയുമ്പോൾ ആരും തള്ളി മാറിക്കുകയാണ് എന്നു വിചാരിക്കണ്ട. വിമാനം എന്റെ ബൈക്കിനു നാട്ടുകാർ ചാർത്തി തന്ന ഒരു വിളിപ്പേരാണ്. യാത്രയിൽ ഉടനീളം ഒറ്റ ലക്ഷ്യം കന്നിട്ടജെട്ടിയിലെ കായൽഓരത്തുള്ള രാജാക്കൻറെ ചായക്കടയിലെ ചൂട് പൊറോട്ടയും അതിനു മേളിൽ പൊത്തിവെക്കുന്ന നല്ല കിടുക്കാച്ചി ബീഫ്റോസ്റ്റും,പിന്നെ ഒരു കട്ടനും..
വെളുപ്പിനെ 4 മണിക്ക് ആരംഭിച്ച യാത്ര കൊടും വെയിലിനെയും വല്പാറൈ എന്ന കാനനപാതയിലെ കൊടും മഴയെയും അവഗണിച്ചു മുന്നോട്ടു കുതിച്ചു നീങ്ങി. കാരണം മനസ്സിൽ മൊത്തം പൊറോട്ടയോടും ബീഫിനൊടും ഉള്ള അഗാധം ആയ പ്രണയം മാത്രം.. വൈകിട്ട് ഒരു 7 മണിയോടെ ചേർത്തലയിലെ കുറുക്കൻചന്ത എന്ന എന്റെ നാട്ടിൽ എത്തി. 656 km കംപ്ലീറ്റ് ചെയ്തിട്ടും വിമാനത്തിന് ഒരു ഷീണവും ഇല്ല. നാട്ടിൽ എത്തിയതും ഫ്രണ്ട്സും ആയി ഒന്ന് ഒത്തു കൂടി. അന്ന് രാത്രിയിൽ ആരും പിരിഞ്ഞില്ല. എല്ലാരും ഒത്തു യാത്രയുടെ വിശേഷങ്ങളും ബാംഗ്ലൂര്‍ വിശേഷങ്ങളും പങ്കുവെച്ചു. ആ കൂട്ടത്തിൽ ഈ വരവിന്റെ പ്രധാന ലക്ഷ്യവും തുറന്നു പറഞ്ഞു. ആലപ്പുഴയിൽ കന്നിട്ട ജെട്ടിയിൽ ഒരു ചായക്കടയുണ്ട് അവിടെ വെളുപ്പിനെ ചെന്നാൽ കായൽ കരയിൽ നിന്നു സൂര്യോദയവും കണ്ടു ഒരു കട്ടനും അടിക്കാം കൂടെ നല്ല ചൂട് പൊറോട്ട ബീഫും കൂട്ടി ഒരു പിടിപിടിക്കാനും പറഞ്ഞപ്പോൾ ചങ്കുകൾക്കു എല്ലാവർക്കും ഒറ്റ തീരുമാനം എന്ന വാ പോയേക്കന്നു.

അങ്ങനെ 5 മണിക്ക് വണ്ടിയും എടുത്തു കന്നിട്ടക്കു യാത്രയായി. ചുങ്കത്തുനിന്നു ഇടതു പിടിച്ചു പള്ളാത്തുരുത് പാലം അവിടുന്ന് വലത്തേക്ക് തിരിഞ്ഞു കന്നിട്ട ജെട്ടി എത്തി. അതേ ഞങ്ങൾ എത്തിയിരിക്കുന്നു. ഞങ്ങൾ എത്തുമ്പോൾ നേരം വെളുത്തു തുടങ്ങിയിരുന്നു. എല്ലാവർക്കും ഓരോ കട്ടനും പറഞ്ഞു. കായലിലേക്ക് കാലും ഇട്ടിരുന്നു ആ കട്ടൻ ആസ്വദിക്കുമ്പോൾ മേഘങ്ങളെ കീറി മുറിച്ചു എങ്ങും പ്രകാശം പരത്തി സൂര്യൻ പുറത്തു വന്നിരിക്കുന്നു. കായലിൽ ബോട്ടുകളും വള്ളങ്ങളും എല്ലാം വന്നു തുടങ്ങി. അതികം സമയം കളയാതെ പൊറോട്ടയും ബീഫും ഓർഡർ ചെയ്തു. കൂടെ ഓരോ കട്ടനും. ആ പൊറോട്ടക്ക് മുകളിൽ ആ ബീഫ് റോസ്റ് പൊത്തി വെച്ച് ഞങ്ങൾക്ക് മുന്നിൽ കൊണ്ടേ വെച്ചു.
ലോകത്തിലെ ഏറ്റവും നല്ല പ്രണയജോഡികളെ (പൊറോട്ടയും ബീഫും) കൊതിയോടെ ഞാൻ അകത്താക്കി. അവസാനം കഴിച്ചു കഴിഞ്ഞു ആവിരലും കൂടി നക്കുമ്പോൾ മനസിലായി ആ പ്ലേറ്റ് ഇൽ ഒരൽപ്പം സ്നേഹവും കൂടി വിളമ്പിയിട്ടുണ്ടായിരുന്നെന്നു. പൈസയും കൊടുത്തു ആ കടയിൽ നിന്നിറങ്ങുമ്പോ മനസ് നിറഞ്ഞ സന്ദോഷത്തിൽ വീണ്ടും വരുമെന്ന വാക്കുമാത്രം പറഞ്ഞു ഞങ്ങൾ ആ മനോഹര തീരത്തു നിന്നു യാത്രയായി.. മനസുമുഴുവൻ വീണ്ടും ഒരു ആഗ്രഹം കൂടി നിറവേറിയതിന്റെ സന്തോഷം മാത്രം…ഭക്ഷണത്തെ പ്രണയിക്കുന്നവർ ഉണ്ടെങ്കിൽ ഒരുവട്ടം പോയി നോക്കുക. വയറിനോടൊപ്പം മനസും നിറയും..
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog