വിവരണം – ലിജ സുനില്‍.
അന്ന് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുബോൾ പതിവിലും സന്തോഷം ഉണ്ടായിരുന്നു മനസ്സിൽ…. ശരിക്കും പേടിച്ചു പേടിച്ചാണ് ഞാൻ ഡോക്ടറോട് അത് ചോദിച്ചത്… ഒരു യാത്ര പൊയ്ക്കോട്ടെന്ന്…. മൂന്നാറിലേയ്ക്… ഡോക്ടർ എന്നെ അടിമുടി ഗൗരവത്തോടെ ഒന്ന് നോക്കി…. നീരുവന്ന വീർത്ത കാലുകൾ മറച്ചു പിടിക്കാൻ ഒരു വിഫല ശ്രെമം….പാഴായി..അത്….. ഈ സമയത്ത് തന്നെ വേണോ അങ്ങോട്ട് പോകാൻ…. അതും ഈ വയറും വെച്ച്…. ഡോക്ടർ സമ്മതിക്കുന്ന മട്ടില്ല…. ഞാൻ കളം മാറ്റി ചവുട്ടി…. അത് പിന്നെ അടുത്ത റിലേഷനിലുള്ള കുട്ടിയുടെ കല്യാണമാണ്…. ഒഴിവാക്കാൻ പറ്റില്ല ഡോക്ടർ….. ഇതു കേട്ട് ചേട്ടയുടെ മുഖത്തു ഒരു ഗൂഢമന്ഥ സ്മിതം വന്നു മാഞ്ഞു…. (ഡോക്ടരുടെ അനുവാദം കിട്ടിയാൽ കൊണ്ടുപോകാം എന്ന ചേട്ടായിയുടെ വാഗ്ദാനമായിരുന്നു എന്റെ എനർജി….) ഡ്രാമ പാഴായില്ല…. ഡോക്ടർ സമ്മതം മൂളി… അത്യവശ്യം വരുന്ന മരുന്നുകളും എഴുതിവാങ്ങി…. ഞങ്ങൾ രംഗം വിട്ടു…. അടുത്ത ഡ്രാമ വീട്ടിൽ….. അച്ഛനെയും അമ്മയെയും സമ്മതിപ്പിക്കണം… അതൊരു കടമ്പ തന്നെയായിരുന്നു… കുറെ സെന്റി ഇറക്കിയപ്പോൾ അവരും സമ്മതിച്ചു…. എന്റെ വയറിനുള്ളിൽ തുമ്പി കുട്ടിയും തുള്ളിച്ചാടി…. അങ്ങിനെ ഞങ്ങൾ പുറപ്പെട്ടു…. സഞ്ചാരികളുടെ സ്വർഗഭൂമിയിലേയ്ക്….. നമ്മുടെ മൂന്നാറിലേയ്ക്……
കോതമംഗലം വഴി ഹൈരെഞ്ചിലേക്ക് പ്രവേശിച്ചു. നേര്യമംഗലം എന്ന സ്ഥലത്ത് നിന്നും കാടിന്റെ ഭംഗി കണ്ടു തുടങ്ങി. കാലാവസ്ഥ എയര്‍കണ്ടിഷന്‍ ആയി. തേയിലതോട്ടങ്ങള്‍ക്ക് നടുവിലൂടെ കേരളത്തിന്റെ തനത് ശൈലിയിലുള്ള തകര്‍ന്ന റോഡിലൂടെ മുന്നോട്ടു പോകുന്തോറും തേയിലത്തോട്ടങ്ങള്‍ കണ്ടു തുടങ്ങി….. തണുപ്പും ചൂടും അല്ലാത്ത ഒരു അന്തരീക്ഷം. നല്ല സുഖകരമായ കാലാവസ്ഥ. ചുറ്റും മലനിരകളും അവിടവിടെ കോടമഞ്ഞിന്റെ ആവരണങ്ങളും. തേയില ഫാക്ടറികളിൽ നിന്നും മത്ത് പിടിക്കുന്ന ഗന്ധം മൂക്കിലേയ്ക് ഇരച്ചു കയറി. എന്തോ ആ സ്മെൽ തീരെ ഇഷ്ടയില്ല അപ്പൊ… എങ്കിലും തുറന്നു വച്ച ജാലകത്തിലൂടെ കടന്നു വന്ന താണുത്തകാറ്റ് അസ്വദിച്ചുഞാനിരുന്നു…..
മുൻപ് പല വട്ടം മൂന്നാർ പോയതുകൊണ്ടു..അവിടെ അധികം തങ്ങാതെ…. വണ്ടി മൂന്നാറില്‍ നിന്നും മറയൂര്‍ റൂട്ടില്‍ യാത്ര തുടര്‍ന്നു. പശ്ചിമഘട്ടത്തിലെയും ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ‘ ആനമുടി ‘ ഈ റൂട്ടില്‍ യാത്രചെയ്യുമ്പോള്‍ കാണാം. ഓരോ വളവുകള്‍ തിരിയുമ്പോഴും അത് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരുന്നു. ആനയുടെ മുഖത്തിനോടു കൊടുമുടിയുടെ ഒരു ഭാഗത്ത്തിനുള്ള സാമ്യം തന്നെയാണ് അതിനു ആനമുടി എന്ന പേര് കിട്ടാന്‍ കാരണം. ഇരവികുളം നാഷണല്‍ പാര്‍ക്ക് മേഖലയിലാണ് അത് സ്ഥിതിചെയ്യുന്നത്.
മിക്കവാറും എല്ലാ വളവുകളിലും നിര്‍ത്തിയാല്‍ ഫോട്ടോ എടുക്കാന്‍ പറ്റിയ സ്ഥലങ്ങളാണ്. അവിടെയെല്ലാം നിര്‍ത്തി ഫോട്ടോ എടുത്തു ഞങ്ങള്‍ യാത്ര തുടര്‍ന്നു.
ആന പോലുള്ള വന്യ മൃഗങ്ങള്‍ക്ക് പകരം കണ്ടത് റോഡരുകിലെ പുല്ലുമേയുന്ന നല്ല ജമണ്ടന് പശുക്കളെയാണ്. ഒരു വളവില്‍ കാര്‍ നിര്‍ത്തി ഞങ്ങളിറങ്ങി. താഴെ ഒരു മരച്ചില്ലയില്‍ ഇരിക്കുന്ന മലയണാൻ! യാത്രയില്‍ ആദ്യം കണ്ട വന്യ ജീവി. എന്റെ കുഞ്ഞു ക്യാമറ അവനെ ഒട്ടൊന്നു കഷ്ടപ്പെട്ട് സൂം ചെയ്ത് അകത്താകുമ്പോഴേക്കും അവൻ ചാടി ഓടിയിരുന്നു. അവനിരുന്നതിനു താഴെ മരച്ചില്ലകള്‍ ഒടിയുന്ന ശബ്ദം! “ആനയുണ്ടാവും, നീ ഒച്ചയുണ്ടാക്കാതെ…” ചേട്ടായിയുടെ പ്രവചനം തെറ്റിയില്ല…. മൂന്നംഗങ്ങൾ ഉള്ള ഒരു കൊച്ചു ആന ഫാമിലി… കുറച്ചു നേരം അവരെ നോക്കി നിന്നു പിന്നെയും യാത്രതുടർന്നു… പോകുന്ന വഴിയിൽ ഒരു വെള്ളച്ചാട്ടം ഉണ്ട്. ലക്കം വെള്ളച്ചാട്ടം’… ഇരുട്ടു വീണു തുടങ്ങിയിരുന്നത് കൊണ്ട് ഞങ്ങൾ കയറിയില്ല…
രാത്രിയോടെ മറയൂർ എത്തിയ ഞങ്ങൾ യാത്രാക്ഷീണം കൊണ്ടും തണുപ്പ് കൊണ്ടും അന്നവിടെ തങ്ങാൻ തീരുമാനിച്ചു. താമസ സ്ഥലത്തു നിന്ന് അവിടത്തുകാരനായ ഒരു ചേട്ടനെ ഗൈഡ് ആയികിട്ടി… രാവിലെ ശർക്കര ഉണ്ടാക്കുന്നത് കാണാൻ കൊണ്ടുപോകാമെന്നു തീരുമാനിച്ചു ഞങ്ങൾ അധികം വൈകാതെ ഉറക്കത്തിലേയ്ക് വീണു.
രാവിലെ എഴുന്നേറ്റ് റെഡിയായി ഇറങ്ങുമ്പോ മണി ചേട്ടൻ കാത്തുനിന്നിരുന്നു… ചേട്ടനെയും കൂട്ടി മറയൂരില്‍നിന്ന് കോവില്ക്കടവിലേക്കുള്ള റോഡിലേയ്ക് പോകുന്ന വഴിയിൽ ഞാൻ പുറത്തെ പ്രീകൃതിസൗന്ദര്യത്തിൽ ലയിച്ചിരിക്കുകയായിരുന്നു… നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന കരിമ്പിന് തോട്ടങ്ങൾ…….കരിമ്പിൻ പൂക്കളുടെ വെള്ളക്കാവടിയാട്ടം….മറയൂര്‍ തടത്തിന്റെ വെള്ളിയരഞ്ഞാണമായി കിഴക്കോട്ടൊഴുകുന്ന പാമ്പാര്‍…ശീതകാല പച്ചക്കറികള്‍..ആപ്പിള്‍ വിളയുന്ന കാന്തല്ലൂര്‍…ചരിത്രാവിശിഷ്ടങ്ങളായ മുനിയറകള്‍… ദൈവത്തിന്റെ സ്വന്തം നാട് എന്ന് എല്ലാ അര്‍ത്ഥത്തിലും മറയൂരിനെ വിളിക്കാം.
ചിന്നാര്‍ വന്യമൃഗസംരക്ഷണകേന്ദ്രത്തിന്റെയും കണ്ണന്‍ദേവന്‍ തേയിലത്തോട്ടങ്ങളുടേ ഇടയില്‍ ഒളിഞ്ഞിരുന്ന ഇടം. നാലുവശവും മലകളാല്‍ ചുറ്റപ്പെട്ട മറയൂര്‍. മഴനിഴല്‍ താഴ്വര. സ്വാഭാവിക ചന്ദനമരങ്ങള്‍…കരിമ്പുകാടുകള്‍…മറയൂരിന്റെ പ്രകൃതി കണ്ടാല്‍ കേരളത്തിലെ മറ്റു പ്രദേശങ്ങളുമായി ഒരു സാമ്യവുമില്ല. മറയൂര്‍ എന്നാല്‍ മറഞ്ഞിരിക്കുന്ന ഊര് എന്നര്‍ത്ഥം. നാലുവശവും മലകള്‍ ഉയര്‍ന്നു നില്ക്കുന്ന മറയൂര്‍തടം. അങ്ങു ദൂരെ കാന്തല്ലൂര്‍ മലയുടെ താഴ്വാരം വരെ നീണ്ടു പോകുന്ന വയലുകള്‍. കാന്തല്ലൂര്‍ മലയുടെ നെറുകയില്‍ അഞ്ചുനാടിന്റെ കാന്തല്ലൂര്‍ ഗ്രാമം. പിന്നെ താഴേക്കു ചെരിഞ്ഞ് കീഴാന്തൂര്‍ ഗ്രാമവും കാരയൂര്‍ ഗ്രാമവും. കൊട്ടകുടി ഗ്രാമം കാന്തല്ലൂര്‍ മലയ്ക്കപ്പുറമാണ്.
മുക്കിനുമുക്കിന് അമ്പലങ്ങള്‍…തെങ്കാശിനാഥനും അരുണാക്ഷിയമ്മയും മുരുകനും ഗണപതിയും മുപ്പതുമുക്കോടി ദൈവങ്ങളും മറയൂരില്‍ ഒരുമിച്ചു വാണു. നാലു വശവും മലകള്‍ ഉയര്‍ന്നു നില്ക്കുന്ന മറയൂര്‍തടം മഴ നിഴലിലാഴ്ന്നു കിടക്കുന്നു. കേരളത്തിലെ ഭൂപ്രകൃതിയില്‍ നിന്ന് കാലാവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി ഒരു ഗ്രാമഭംഗി ആസ്വദിക്കണമെങ്കിൽ അതു മറയൂരിലേക്കാവാം. മറയൂരെന്നുകേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം എത്തുന്നത് ചന്ദനസുഗന്ധമാണ്. ലോകത്തില്‍ ഏറ്റവും ഗുണമേന്മയുള്ള ചന്ദനം വളരുന്ന സ്വാഭാവിക ചന്ദനവനം ഇവിടെയാണ്.
ഈ റോഡിൽ ഒത്തിരി ശർക്കര യൂണിറ്റുകൾ പ്രേവർത്തിക്കുന്നുണ്ട്… ഞങ്ങളെ കൂടാതെ ധാരാളം സന്ദർശകർ അവിടെ ഉണ്ടായിരുന്നു. 20 രൂപ കൊടുത്താൽ ശർക്കര ഉണ്ടാക്കാൻ എടുത്ത് വച്ചിരിക്കുന്ന കരിമ്പിൽ ജ്യൂസ് നമുക്ക് തരും. ഉത്സവ പറമ്പുകളിൽ നിന്നും മറ്റും കുടിച്ചിട്ടുള്ള ജ്യൂസിൽ നിന്നും… വളരെ വ്യത്യാസം തോന്നി എനിക്ക്…. അനേഷിച്ചപ്പോൾ ആണ് മനസ്സില്ലായത്, നമ്മുടെ നാട്ടില്‍ കരിമ്പിന്‍ജ്യൂസ് ഉണ്ടാക്കാനായി ഉപയോഗിക്കുന്ന കരിമ്പല്ല ശര്‍ക്കര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ശര്ക്കരക്കരിമ്പിന് ഇരട്ടിമധുരമാണുള്ളത്. ഉത്സവത്തിനും മറ്റും കച്ചവടക്കാര്‍ എത്തിക്കുന്ന കറുത്തവയലറ്റ് നിറമുള്ള കരിമ്പും ജ്യൂസ് നിര്‍മ്മിക്കുന്ന വെള്ളക്കരിമ്പും കൂടാതെ പഞ്ചസാര ഉണ്ടാക്കുന്ന വേറെ ഇനം കരിമ്പും ഉണ്ടത്രേ.
അങ്ങിനെ ശർക്കര ഉണ്ടാക്കുന്ന പ്രൊസസിംഗ് കുറെ നേരം നോക്കി നിന്നു. കരിമ്പിന്നീര് തിളപ്പിച്ച് വറ്റിക്കുന്ന വലിയ പാത്രതിന്റെ പേര് കൊപ്ര എന്നാണ്. പാകമായാൽ അത് കളത്തിലേയ്ക് പകരും. തൊട്ടപ്പുറത്തെ ഒരു പുരയില്‍ കരിമ്പുകള്‍ പിഴിഞ്ഞ് നീരെടുക്കുന്ന യന്ത്രം അപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. കരിമ്പ് പൂത്തു തുടങ്ങിയാൽ നീര് കുറയും… അതിനാൽ തന്നെ ഉത്പാദനം കാര്യമായിനടക്കുന്ന സമയമായിരുന്നു അത്. ഞങ്ങൾ അവരോട് വിട പറഞ്ഞു പുറത്തിറങ്ങി. ഞങ്ങൾ കാന്തലൂർക് തിരിച്ചു.
കണ്ണെത്തും ദൂരത്ത് ഓറഞ്ചും ആപ്പിളും സ്ട്രോബറിയും കൈയെത്തി പറിക്കാന്‍ പറ്റുന്ന കേരളത്തിന്റെ സ്വന്തം കാന്തല്ലൂര്‍. മറയൂരിലെ സമതലങ്ങള്‍ പിന്നിട്ട് മലകയറി ആകാശത്തിന്റെ നെറുകയിലെ ഈ തോട്ടങ്ങളില്‍ എത്തുമ്പോള്‍ ക്യാരറ്റും ക്യാബേജും ഉരുളക്കിഴങ്ങും വിളയുന്ന തോട്ടങ്ങള്‍ നമ്മളെ സ്വാഗതം ചെയ്യും. ജൂലൈ മാസത്തോടെ ഇവിടുത്തെ ആപ്പിള്‍ സീസണ് കഴിയുമെങ്കിലും സന്ദര്‍ശകരെകാത്ത് കുറച്ച് ആപ്പിളുകള്‍ എപ്പോഴും കാണും. തണുത്ത കുളിരണിഞ്ഞു നില്‍ക്കുന്നതിനാലാവണം ഇവിടുത്തെ ഓറഞ്ചിനും സ്ട്രോബറിക്കും പ്ലമ്മിനുമൊക്കെ മനം മയക്കുന്ന രുചിയാണ്.
ക്യാരറ്റ് തോട്ടങ്ങളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ക്യാരറ്റ് പിഴുത് വാങ്ങാവുന്നതാണ്. ജനവാസം വളരെ കുറവാണെങ്കിലും വീടുകളിലെല്ലാം പലതരത്തിലുള്ള തോട്ടങ്ങള്‍ കൊണ്ട് സമൃദ്ധമാണ്. കൂടാതെ പലതരത്തിലുള്ള വൈനുകള്‍, സ്ക്വാഷുകള്‍, അച്ചാറുകള്‍, ചെടികളുടെ തൈകള്‍ എന്നിവ മിക്ക വീടുകളിലും വില്ക്കപ്പെടുന്നുണ്ട്. തിരക്കുകളില്‍ നിന്ന് ഉള്‍വലിഞ്ഞ് നില്ക്കുന്ന ഈ ഗ്രാമപ്രദേശത്തിന് വൈവിധ്യമാര്‍ന്ന കാര്‍ഷിക സമൃദ്ധികൊണ്ടും ഏതൊരാളിന്റെയും മനസില്‍ കുളിരുകോരിയിടുന്ന കാലാവസ്ഥകൊണ്ടും കേരളത്തിന്റെ പ്രമുഖ വിനോദ സഞ്ചാരമേഖലയില്‍ തനതായൊരു സ്ഥാനമുണ്ട് കാന്തല്ലൂരിന്.
ഈ പ്രദേശത്തിന്റെ ദൃശ്യഭംഗിയും നാവില്‍ കൊതിയൂറുന്ന ഇവിടുത്തെ തോട്ടങ്ങളിലെ രുചിയും ഏതൊരാളിനെയും രണ്ടുദിവസമെങ്കിലും വിടാതെ പിടിച്ചു നിര്‍ത്തും എന്നത് ഒട്ടും സംശയമില്ലാത്ത കാര്യമാണ്. ഈ ഓര്‍മ്മകള്‍ക്ക് എന്നും നല്ല ഭംഗിയായിരിക്കും, രുചിയും. ഇനി പോകുന്ന സ്ഥലമാണ് ശരിക്കും ഈ യാത്രയ്ക് മോഹം വിതറിയത്. ‘മത്താപ്പ് ‘ ഒരു ട്രാവൽ ബ്ലോഗിലെ കുറിപ്പിൽ കണ്ട സ്ഥലം… ഗൂഗിളിൽ പോലും അധികം വിവരങ്ങൾ ഇല്ലാത്തയിടം. കാന്തല്ലൂര്‍ പെരുമലയില്‍നിന്നും മന്നവന്‍ചോല വനമേഖലയില്‍കൂടി മത്താപ്പിലേക്ക്. ഒരിക്കലും മറക്കാൻ പറ്റാത്ത യാത്ര പുസ്തകത്തിലേയ്ക് മത്താപ്പ് എന്ന അധ്യായം കൂടി…..
ഇടത്തൂർന്ന വൻ മരങ്ങളും കൊക്കകളും ഉള്ള കനത്ത മഴക്കാടുകളാണ് മന്നവൻചോലയിൽ ഉള്ളത്. മന്നവന്‍ചോലയില്‍ കൂടിയുള്ള മത്താപ്പ് യാത്ര മറക്കുവാന്‍ കഴിയാത്ത ഒരനുഭവമാണ്.
.കേരളത്തിലെ ഏറ്റവും വലിയ ചോലയാണ് മന്നവന്‍ചോല. ഇവിടെ ആമസോൺ കാടുകളിൽ കാണുന്നയിനം സസ്യങ്ങൾ ഉണ്ട്. അത്ര വൈവിധ്യമായ പ്രേകൃതി. മനുഷ്യര്‍ കയറാത്ത ഘോരവനങ്ങളാണ് അധികവും.പെരുമലയില്‍നിന്നും 8 k,m നിബിഡമായ വനങ്ങളില്‍കൂടി യാത്രചെയ്താല്‍ മത്താപ്പിലെത്താം.ചെങ്ങുവര, കുണ്ടള മേഘലകള്‍ ഉള്‍പ്പെട്ടതാണ് മത്താപ്പ്.അതിശക്ത്തമായ കാറ്റും നല്ല തണുപ്പുള്ള കാലാവസ്ഥയുമാണിവിടെ. ഫോറസ്റ്റ് ഡിപ്പാര്ട്ട്മെന്റെവക കോട്ടേജൂകള്‍ ഉണ്ടിവിടെ.നേരത്തെ ബുക്ക്ചെയിട്ടുവേണം വരുവാന്‍. കാന്തല്ലൂരില്‍നിന്നും ഭക്ഷണം കൊണ്ടുവരികയോ,കോട്ടേജ് ബുക്ക്ചെയ്യുബോള്‍ കൂടെ ഭക്ഷണം പറയുകയോ ചെയ്യണം.
ഫോറെസ്റ്റ് പെര്മിഷനുള്ള ജീപ്പിലോ ഓഫ്റോഡ് ഡ്രൈവുള്ള നമ്മുടെ വാഹനത്തിലോ മാത്രമേ മത്താപ്പിലേക്ക് പോകുവാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ വാഹനമാണെങ്കില്‍ ഫോറെസ്റ്റ് അനുമതി വാങ്ങണം. മണി ചേട്ടൻ അതൊക്കെ ഏർപ്പാടക്കിയിരുന്നു. ഇവിടെയുള്ള വാച്ച്ടവറില് നിന്നുള്ള കാഴ്ച അതിമനോഹരമാണ്.കൊളുക്കുമല വ്യു, ആനമുടിയുടെ ഒരു ഭാഗം, താഴ്വരകള്‍, മലമുകളിലെ ആകാശക്യാന്‍വാസില്‍ വിരിയുന്ന ഉദയാസ്തമയ ചിത്രങ്ങള്‍ എല്ലാംകൊണ്ടും സ്വര്‍ഗ്ഗീയഭൂമിയാണ് മത്താപ്പ്. മത്താപ്പില്‍നിന്നും 20 k,m ദൂരെയാണ് മീശപ്പുലിമല. ആനമുടി കഴിഞ്ഞാല്‍ രണ്ടാമത്തെ ഉയരം കൂടിയ മലയാണ് മീശപ്പുലിമല. ഒരു ചെറിയ ട്രക്കിംഗ് പാത്ത് ഉണ്ട് ഇഡലിമൊട്ടയിലേക്ക്. മത്താപ്പില്‍നിന്നും 8 k,m നടക്കണം ഇഡലിമൊട്ടയിലേക്ക്. ഘോരവനത്തില്‍ കൂടിയുള്ള രാവിലെയുള്ള യാത്ര നമ്മേ മത്തുപിടിപ്പിക്കും അത്രേ. എന്റെ ആരോഗ്യസ്ഥിതിയിലുള്ള ചേട്ടയുടെ ടെൻഷൻ ആ ട്രെക്കിങ്ങ് വേണ്ട എന്ന് വച്ചു. (ഞാൻ റെഡിയായിരുന്നു… ട്ടോ ട്രെയ്ക്കിങ്ങിനു….. 😄)
Homestay ചെക്ക് ഔട്ട് ചെയ്തിട്ടില്ലാത്തതിനാൽ മനസ്സില്ലാ മനസോടെ മറയൂരിലേയ്ക് തിരിച്ചു പോന്നു. പിറ്റേന്ന് രാവിലെ ആഗ്രഹിച്ചതിലും നല്ല ഒരു യാത്ര ചെയ്യാൻ പറ്റിയ ചാരിതർഥ്യത്തോടെ എർണാകുളത്തിനു പിടിച്ചു….. ഈ യാത്രയോടെ ഒരു സത്യം ഞാൻ മനസിലാക്കി… യാത്രയ്ക് പ്രധാനം മനസാണ്….എന്ന്…. പിന്നെ ഏത് ആഗ്രഹത്തിനും കൂടെ നിൽക്കുന്ന എന്റെ ചങ്ക്….. ചേട്ടായിയും…….❤…….☺
മത്താപ്പിലേയ്ക് പോകുന്ന സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്…… ആ വഴിയിൽ പോകാൻ ഇപ്പോൾ ആർക്കും പെർമിഷൻ ഇല്ല. അവിടെ താമസിക്കുന്ന tribes ന് മാത്രമേ അനുവാദമുള്ളൂ…. കോട്ടേജ് മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷൻ എന്ന സൈറ്റ് വഴി ബുക്ക് ചെയ്യാം.