എൽമർ മക്കെർഡി – കീഴടങ്ങാത്ത കൊള്ളക്കാരൻ..

വിവരണം – ഷൈന്‍ കുമാര്‍ (ചരിത്രാന്വേഷികള്‍).

ജീവിച്ചിരിക്കുമ്പോൾ സ്വന്തം രാജ്യം മുഴുവൻ യാത്രചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ കാണും. എന്നാൽ മരണ ശേഷം ആണ് അതിനു യോഗം കിട്ടുന്നതെങ്കിലോ? അങ്ങനെ ഒരാളുടെ ജീവിതമാണ്(മരണമാണ്) എഴുതുന്നത് ..

ഡിസംബർ 8, 1976. കാലിഫോർണിയയിലെ പൈക്ക് എന്ന അമ്യൂസ്മെന്റ് പാർക്ക്‌. തിരക്കൊഴിഞ്ഞ ഒരു മൂലയിൽ The Six Million Dollar Man എന്ന ടെലിവിഷൻ സീരീസിന്റെ ഷൂട്ടിങ് നടക്കുന്നു. ഷൂട്ടിങ് നടക്കുന്ന കെട്ടിടത്തിലെ മേൽക്കൂരയിൽനിന്നും താഴേക്കു തൂങ്ങികിടന്നിരുന്ന ഒരു പ്ലാസ്റ്റിക് പ്രതിമ സംവിധായകൻ കണ്ടു. അതെടുത്തു മാറ്റുവാൻ അയാൾ നിർദേശിച്ചു. ഷൂട്ടിംഗ് സഹായികളിൽ ഒരാൾ ആ ഡമ്മി എടുത്തു മാറ്റുകയായിരുന്നു. അതിനിടയിൽ ഡമ്മിയുടെ കൈ ഒടിഞ്ഞു പോയി. അപ്പോഴാണയാൾ അത് ശ്രദ്ധിച്ചത്; ഡമ്മിയുടെ ഒടിഞ്ഞ കൈയിൽ മനുഷ്യന്റേതു പോലെ എല്ലു തള്ളിനിൽക്കുന്നു! ഒന്നുകൂടെ നോക്കി. അതെ അതൊരു മനുഷ്യന്റെ ശരീരമായിരുന്നു !!

അവർ അപ്പോൾത്തന്നെ പോലീസിനെ വിളിക്കയും ബോഡി പോസ്റ്റ്മോർട്ടത്തിന് കൊണ്ട് പോകുകയും ചെയ്തു. ബോഡി നെഞ്ചിനു വെടിയേറ്റു മരിച്ച ആരുടെയോ ആണെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ കണ്ടെത്തി. മെഴുകും, ഫോസ്ഫറസ് ലെയറുകളും ഇട്ട് എംബാം ചെയ്ത് ബോഡി കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്നു. പിന്നീടുള്ള പരിശോധനയിൽ ആർസെനിക്കിന്റെ സാന്നിധ്യവും ശരീരത്തിൽ കണ്ടു. കൂടുതൽ വിശകലനം നടത്തിയപ്പോൾ, ഖനികളിൽ വർക്ക് ചെയ്യാറുള്ള ആളുകളുടെ ശ്വാസകോശത്തിൽ കാണുന്നതരം ടൂബർകുലോസിസ് ലക്ഷണങ്ങൾ ബോഡിയിൽ ഉള്ളതായി കാണപ്പെട്ടു. അയാളുടെ നെഞ്ചിൽ തറച്ച വെടിയുണ്ട അപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു. അത് നീക്കം ചെയ്തു പരിശോധിച്ചപ്പോൾ, 1900-1940 കാലഘട്ടത്തിൽ ഉപയോഗിക്കാറുള്ള തരം ബുള്ളറ്റാണതെന്നു വെളിപ്പെട്ടു. വായിലാകട്ടെ 1924ൽ നിർമിച്ച ഒരു പെന്നി നാണയവും, അമ്യുസ്മെന്റ് പാർക്കിലെ ടിക്കറ്റും ഉണ്ടായിരുന്നു. Museum of Crime എന്ന നിന്നു പോയ ഒരു ട്രാവൽ ഷോയുടെ ടിക്കറ് ആയിരുന്നു അത്. അത് ഒടുവിൽ നടത്തിക്കൊണ്ടിരുന്ന ഡാൻ സണ്ണി എന്നയാളെ പോലീസ് സമീപിച്ചു. ബോഡി കണ്ട ഡാൻ, അത് “എൽമർ മക്കെർഡി” എന്ന ആളുടേതാകാം എന്ന് സൂചിപ്പിച്ചു. പോലീസാകട്ടെ എൽമറുടെ പഴയ ഒരു ഫോട്ടോയും തലയോടും സൂപ്പർ ഇമ്പോസ്‌ ചെയ്തുനോക്കി. ഡാൻ പറഞ്ഞത് പോലെ, അത് 60 വർഷങ്ങൾക്കു മുൻപ് കൊല്ലപ്പെട്ട “എൽമർ മക്കെർഡി”യുടെ ശവശരീരമായിരുന്നു !!!

ഇനി അറുപതു വര്ഷം പിറകോട്ടു പോകാം? October 4, 1911. ഒക്കലോഹോമ സംസ്ഥാനത്തെ ഒകേസാ എന്ന പ്രദേശത്തിന് സമീപമുള്ള ഒരു റെയിൽപാത. ഒരു പാസഞ്ചർ ട്രയിൻ വരുന്നു. പെട്ടെന്ന് ഏതാനും കൊള്ളക്കാർ ട്രയിനിലേക്ക് ചാടിക്കയറി! ട്രയിനിലെങ്ങും എന്തോ പരതിയ കൊള്ളക്കാർ അമ്പരന്നു. ഏതാണ്ട് 4 ലക്ഷത്തോളം ഡോളർ ആ ട്രയിനിൽ കാണുമെന്നു അറിഞ്ഞ അവർ അത് കൊള്ളയടിക്കാൻ ആണ് കയറിയത്. പക്ഷെ, നിർഭാഗ്യവശാൽ അവർക്ക് ട്രയിൻ മാറി പോയി. പാസഞ്ചർ ട്രയിനിൽ കയറി. കിട്ടിയതാകട്ടെ എന്ന് കരുതി ആ ട്രയിനിൽ നിന്നും അവർ കിട്ടാവുന്ന പണവും, മദ്യവും തോക്കുകളുമൊക്കെ കവർന്നു. എന്നിട്ടു കടന്നു കളഞ്ഞു

എൽമർ മക്കെർഡി. അതായിരുന്നു ആ കൊള്ളസംഘത്തിലെ തലവന്റെ പേര്. കൊള്ള കഴിഞ്ഞെത്തിയ സംഘം ട്രെയിനിൽ നിന്നും മോഷ്ടിച്ച മദ്യം തീരുവോളം അകത്താക്കി. ശേഷം പിരിഞ്ഞു. ഈ സമയം ഖനികളിൽ ജോലി ചെയ്യുകവഴി ടൂബർകുലോസിസ് എന്ന രോഗം മക്കെർഡിയെ ബാധിച്ചിരുന്നു. പോരാത്തതിന് മദ്യപാനവും. ലക്കുകെട്ട മക്കെർഡി തന്റെ കൂരയിൽ ഉറക്കം തുടങ്ങി.

കൊള്ള നടന്ന ഉടനെ തന്നെ കൊള്ളസംഘത്തിനെ തപ്പി പോലീസ് ഇറങ്ങിയിരുന്നു. കൂട്ടത്തിൽ ഉണ്ടായിരുന്ന പോലീസ് നായ പോലീസിനെ മക്കെർഡിയുടെ വീടിന്റെമുന്നിലെത്തിച്ചു. അന്ന് വെളുപ്പിനെ പോലീസ് മക്കെർഡിയുടെ വീട് വളഞ്ഞു. മദ്യപിച്ചു ബോധം കെട്ടു ഉറങ്ങുന്ന സമയം. പോലീസ് നേരം വെളുത്തു മക്കെർഡി പുറത്തുവരാൻ കാത്തിരുന്നു. പോലീസ് തന്നെ വളഞ്ഞത് അറിഞ്ഞ മക്കെർഡി, അവർക്കെതിരേ നിറയൊഴിച്ചു. പക്ഷെ പ്രത്യാക്രമണത്തിൽ പിടിച്ചു നിൽക്കാനായില്ല. പോലീസിന്റ ഒരു വെടിയുണ്ട അയാളുടെ നെഞ്ചിൽ തറയ്ക്കുകയും അപ്പോൾ തന്നെ മക്കെർഡി മരണപ്പെടുകയും ചെയ്തു.

പോലീസ് നടപടികൾക്ക് ശേഷം മക്കെർഡിയുടെ ഭൗതിക ശരീരം ഒരു ഫ്യുണറൽ ഹോമിലേക്ക് മാറ്റി. പാശ്ചാത്യ നാടുകളിൽ ഫ്യുണറൽ ഹോമുകളിലാണ് സംസ്കാരത്തിന് മുന്നേ ഉള്ള പ്രദർശനവും മറ്റും നടക്കുക. അവിടെത്തെ ജോലിക്കാർ തന്നെ ശരീരം വൃത്തിയാക്കി, ഉടുപ്പ് ഇടുവിച്ചു ശരീരത്തെ തയ്യാറാക്കും. ബന്ധുക്കൾ പണം നൽകിയാൽ മാത്രം മതിയാകും.

ആദ്യമൊന്നും ബന്ധുക്കാർ ആരും മക്കെർഡിയുടെ ശരീരം ഏറ്റുവാങ്ങാൻ എത്തിയില്ല. അതുകൊണ്ടു ഫ്യുണറൽ ഹോം ഉടമ ശരീരം അഴുകാണ്ടിരിക്കാൻ ആർസെനിക് കലർന്ന ലായനികൊണ്ടു ശരീരം എംബാം ചെയ്തു. അതിനു ശേഷം ഷേവ് ചെയ്യുകയും വിലയേറിയ കോട്ട് ഇടുവിക്കുകയും ചെയ്തു.

എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും മക്കെർഡിയുടെ ബോഡി ഏറ്റുവാങ്ങാനോ സംസ്കാരം നടത്താനോ ആരും വന്നില്ല. തന്റെ പണം കിട്ടാതെ ബോഡി ഉപേക്ഷിക്കുവാൻ ഫ്യുണറൽ ഹോം ഉടമയും തയാറായില്ല. അയാൾ ഒരു വിദ്യ കണ്ടെത്തി. മക്കെർഡിയുടെ ബോഡിയിൽ ഇട്ടിരുന്ന കോട്ട് ഊരിമാറ്റി. ശേഷം തെരുവ് വേഷം കെട്ടിച്ചു. കയ്യിൽ ഒരു തോക്കും പിടിപ്പിച്ചു. എന്നിട്ടു തന്റെ ഫ്യുണറൽ ഹോമിന്റെ മുന്നിൽ പ്രദർശനത്തിന് വെച്ചു. കൂട്ടത്തിൽ അതിനൊരു പേരും നൽകി. “തോൽക്കാത്ത കൊള്ളക്കാരൻ” ! (The Bandit Who Wouldn’t Give Up). ഒരു നിക്കൽ കൊടുത്താൽ ആർക്കു വേണമെങ്കിലും മമ്മിയാക്കപ്പെട്ട ആ ബോഡി കാണാൻ പറ്റുമായിരുന്നു. സന്ദർശകർ ഇത് കാണാൻ ഒഴുകിയെത്തി. ഇത് വലിയ വാർത്തയാകുകയും, സർക്കസും കാർണിവൽ നടത്തുന്നരുടെ ചെവിയിൽ എത്തുകയും ചെയ്തു. ബോഡി കണ്ട അവർ അത് വിലക്ക് വാങ്ങാൻ ഫ്യുണറൽ ഹോം ഉടമക്ക് വൻ തുക വാഗ്ദാനം ചെയ്തു. പക്ഷെ അയാൾ അത് നിരസിക്കുകയാണുണ്ടായത്. ആരെങ്കിലും മക്കെർഡിയെ അന്വേഷിച്ചു വരുമെന്ന് അയാൾ വിശ്വസിച്ചു.

ഫ്യൂണറൽ ഹോം ഉടമയുടെ വിശ്വാസം തെറ്റിയില്ല. October 6, 1916. മക്കെർഡി കൊല്ലപ്പെട്ടിട്ട് അഞ്ചു വർഷം. അയാളുടെ ശരീരം ഇപ്പോഴും ഫ്യൂണറൽ ഹോമിന് മുന്നിലെ ഒരു പ്രദർശന വസ്തു ആണ്. ഒരു ദിവസം ഏവർ, വെയ്ൻ എന്നീ രണ്ടു പേർ, തങ്ങൾ മക്കെർഡിയുടെ സഹോദരന്മാർ ആണെന്ന് വാദിച്ച് പ്രത്യക്ഷപ്പെട്ടു, അവർ പോലീസിനെ സമീപിക്കുകയും, യഥാവിധത്തിലുള്ള സംസ്കാരം നടത്തുവാൻ ബോഡി വിട്ടുകിട്ടണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. പോലീസിന്റെ പെർമിഷൻ കിട്ടിയ അവർ ഫ്യൂണറൽ ഹോം ഉടമയിൽ നിന്നും ബോഡി ഏറ്റുവാങ്ങി.

എന്നാൽ, യഥാർത്ഥത്തിൽ അവർ മക്കെർഡിയുടെ സഹോദരങ്ങൾ ആയിരുന്നില്ല. Great Patterson Carnival Shows എന്ന സഞ്ചരിക്കുന്ന സർക്കസ് കമ്പനിയുടെ ഉടമകൾ ആയിരുന്ന പാറ്റേഴ്സൺ സഹോദങ്ങൾ ആയിരുന്നു അവർ. മക്കെർഡിയുടെ ബോഡിയുടെ പ്രശസ്തി അറിഞ്ഞ അവർ അത് കൈക്കലാക്കാൻ നടത്തിയ നാടകമായിരുന്നു അത്. അന്ന് മുതൽ ‘മക്കെർഡി’, ആ സർക്കസ് കമ്പനിക്കൊപ്പം രാജ്യമൊട്ടാകെ സഞ്ചരിച്ചു.

ഏറെക്കാലത്തിനു ശേഷം ലൂയിസ് സണ്ണി എന്ന് പേരുള്ള ഒരാൾ മക്കെർഡിയെ വാങ്ങി. Museum of Crime എന്ന പേരുള്ള തന്റെ സഞ്ചരിക്കുന്ന മ്യൂസിയത്തിൽ അയാൾ മക്കെർഡിയെ പ്രദർശിപ്പിച്ചു. സന്ദർശകർ അയാളുടെ വായിൽ നാണയ തുട്ടുകൾ ഫീസായി വെക്കുമായിരുന്നു. മക്കെർഡി അങ്ങനെ മറ്റൊരു വാഹനത്തിൽ വീണ്ടും തന്റെ യാത്ര തുടർന്നു…

ലൂയിസ് സണ്ണി മരിച്ചതിനു ശേഷം മകൻ ഡാൻ സണ്ണിയുടെ കൈയിൽ മക്കെർഡി എത്തപ്പെട്ടു. പിതാവിന്റെ ഷോ തുടർന്ന് കൊണ്ട് പോകാൻ കഴിയാത്ത ഡാൻ, മക്കെർഡിയുടെ ശരീരം ഒരു സ്റ്റോറേജ് റൂമിൽ സൂക്ഷിച്ചു. ഇതിനിടയിൽ ഒന്ന് രണ്ടു സിനിമകൾക്ക് വേണ്ടി മക്കെർഡിയെ വിട്ടു കൊടുത്തിരുന്നു. 1968 ആയപ്പോൾ ഡാൻ, സ്‌പൂണി സിങ് എന്നയാൾക്ക് മക്കെർഡിയുടെ ശരീരം വിൽക്കുകയും ചെയ്തു. ഈ കാലയളവിൽ, പലതവണ മക്കെർഡിയുടെ ശരീരം കേടുപാടുകൾ സംഭവിച്ചു പ്രദർശന യോഗ്യമല്ലാതായി തീർന്നിരുന്നു. തന്മൂലം, സ്പൂണി സിംഗ് അത് കാലിഫോർണിയയിലെ പൈക്ക് എന്ന അമ്യൂസ്‌മെന്റ് പാർക്കിനു വിറ്റു. പാർക്കിലെ ഭീതിപടുത്തുന്ന വീട് എന്ന ഹൊറർ റൂമിൽ അത് ആളുകളെ ഭയപ്പെടുത്താനായി തൂക്കി ഇട്ടു.

ഡിസംബർ 8, 1976. പൈക്ക് എന്ന അമ്യൂസ്മെന്റ് പാർക്ക്‌. തിരക്കൊഴിഞ്ഞ ഒരു മൂലയിൽ The Six Million Dollar Man എന്ന ടെലിവിഷൻ സീരീസിന്റെ ഷൂട്ടിങ് നടക്കുന്നു. ഷൂട്ടിങ് നടക്കുന്ന കെട്ടിടത്തിലെ മേൽക്കൂരയിൽനിന്നും താഴേക്കു തൂങ്ങികിടന്നിരുന്ന ഒരു പ്ലാസ്റ്റിക് പ്രതിമ സംവിധായകൻ കണ്ടു…

ഒരു ജാരസന്തതിയുടെ കൗമാരം : 1900കളുടെ തുടക്കം. തന്റെ അച്ഛനായ ജോർജ് മരണപ്പെട്ടു, അമ്മയായ ഹെലനും അമ്മായി ആയ സാഡിയോടുമൊപ്പം ആണ് കൗമാരക്കാരനായ എൽമർ മക്കെർഡി താമസിക്കുന്നത്. അമ്മായി സാഡി(Saddie) ഒരു ദിവസം എൽമറോട് ആ സത്യം പറഞ്ഞു. താൻ എൽമറുടെ അമ്മായി അല്ല, അമ്മയാണ് !! 16 ആം വയസ്സിൽ തനിക്കുണ്ടായ മകനാണ് എൽമർ. കുടുംബത്തെ നാണക്കേടിൽ നിന്നും രക്ഷിക്കാൻ അവളുടെ സഹോദരനും ഭാര്യ ഹെലനും കൂടെ എൽമറെ ദത്തെടുത്ത് സ്വന്തം മകനായി വളർത്തുകയായിരുന്നു.

ഇതറിഞ്ഞ എൽമർ തകർന്നുപോയി. അവൻ ഒരു മുഴുക്കുടിയനും തെമ്മാടിയും ആയി മാറി. അയാൾ തന്റെ മുത്തച്ഛന്റെ അടുത്തു പോകുകയും, ഒരു പ്ലംബറായി ജോലി ചെയ്യുകയും ചെയ്തു. പിന്നീട് മുത്തച്ഛനും അമ്മയും മരണപ്പെട്ട ശേഷം എൽമർ തീർത്തും ഒറ്റപ്പെടുകയും മെയിൻ എന്ന സംസ്ഥാനത്തു പോയി ഖനികളിൽ ജോലി നോക്കുകയും ചെയ്തു. പക്ഷെ തന്റെ മദ്യപാനം നിമിത്തം അയാൾക്ക് ഒരു ജോലിയിലും പിടിച്ചു നിൽക്കാനായില്ല.

1907ൽ എൽമർ പട്ടാളത്തിൽ ചേർന്നു. അവിടെ മെഷീൻ ഗൺ ഓപ്പറേറ്റർ ആയിട്ടാണ് അയാൾ ജോലി ചെയ്തിരുന്നത്. അവിടെ നിന്നും തോക്കുണ്ടാക്കാനുള്ള അല്പജ്ഞാനം അയാൾക്ക് ലഭിക്കുകയുണ്ടായി. പിന്നീട് പട്ടാളത്തിൽ നിന്നും പിരിഞ്ഞ അയാൾ ഒരിക്കൽ സുഹൃത്തായ പട്ടാളക്കാരനുമായി ചേർന്ന് തോക്കും സ്‌ഫോടക വസ്തുക്കളും നിർമ്മിച്ചു. എന്നാൽ അവരെ പോലീസ് പിടിച്ചു. കോടതിയിൽ കള്ളം പറഞ്ഞു അവർ പക്ഷെ രെക്ഷപെട്ടു. ഇതിനു ശേഷം ആണ് എൽമർ ബാങ്കുകളും ട്രയിനുകളും കൊള്ളയടിച്ചു ജീവിക്കാൻ തുടങ്ങിയത്.

എൽമറുടെ സ്‌ഫോടക വസ്തുക്കളിലെ അല്പജ്ഞാനം മൂലം പല കൊള്ള ശ്രമങ്ങളും പരാജയപ്പെട്ടു. ഒരിക്കൽ ഒരു ട്രയിൻ കൊള്ളയടിക്കാൻ അവർ സ്ഫോടനം നടത്തി. പക്ഷെ സ്‌ഫോടനത്തിന്റെ ശക്തി കൂടിയത് മൂലം പണമുൾപ്പെടെ കത്തിനശിച്ചു. ഒരിക്കൽ ഒരു ബാങ്ക് കൊള്ളയടിക്കാൻ സേഫ് ലോക്കറിൽ ബോംബ് വെച്ചെങ്കിലും അത് പൊട്ടിയില്ല.

ഈ വിധം ജീവിക്കേ ആണ് ഒക്കലോഹോമ സംസ്ഥാനത്തെ ഒകേസാ എന്ന സ്ഥലത്തേക്ക് 400,000 ഡോളറുമായി ഒരു ട്രയിൻ വരുന്നു എന്ന് എൽമറും കൂട്ടുകാരും അരിഞ്ഞത്. അവർ അത് കൊള്ളയടിക്കാൻ തീരുമാനിച്ചു… പക്ഷെ …

April 22, 1977. എൽമർ മക്കെർഡിയുടെ ഭൗതിക ശരീരം മരിച്ചു 60 വർഷങ്ങൾക്ക് ശേഷം മറവു ചെയ്യപ്പെട്ടു. 300ഓളം ആളുകൾ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. മക്കെർഡിയെ ഇനിയും ആരും മോഷ്ടിക്കാതിരിക്കാൻ ഏതാണ്ട് രണ്ടു അടിയോളം പൊക്കത്തിൽ കോൺക്രീറ് ഇട്ടു മൂടിയാണ് അയാളുടെ ശവപ്പെട്ടി കുഴിച്ചിട്ടത്. ഒക്കലഹോമയിലെ ഒരു സെമിത്തേരിയിൽ ആണ് മക്കെർഡിയെ അടക്കം ചെയ്തിട്ടുള്ളത്.

‘The McCurdy’ എന്ന പേരിൽ മൈൻ എന്ന സംസ്ഥാനത്തെ സ്റ്റോറുകളിൽ പിസ്സ വാങ്ങാൻ കിട്ടുമായിരുന്നു. മക്കെർഡിയുടെ സ്മരണാർത്ഥം നിർമിച്ച പിസ്സ! ഏതാണ്ട് ഒരു ഡസനോളം ടിവി ഷോകളിൽ ഈ മക്കെർഡിയുടെ ജീവിതം വിഷയമായിട്ടുണ്ട്. 1933ഇൽ ചിത്രീകരിച്ച narcotic എന്ന സിനിമയിൽ ‘മക്കെർഡി’ അഭിനയിച്ചിട്ടുണ്ട് ! എൽമറുടെ അമ്മയുടെ കസിൻ ആണ് എൽമറുടെ അച്ഛൻ എന്ന് പറയപ്പെടുന്നു. മക്കെർഡിയെ അടക്കം ചെയ്തിരിക്കുന്നത് കുപ്രശസ്തനായ Bill Doolin എന്ന മറ്റൊരു കൊള്ളക്കാരന് സമീപം ആണ് !

Check Also

ഗോ എയർ; ഇന്ത്യയിലെ ഉയർന്നു വരുന്ന ഒരു ലോകോസ്റ്റ് എയർലൈൻ

ഇന്ത്യയിലെ ഒരു ലോകോസ്റ്റ് എയർലൈനാണ്‌ ഗോ എയർ. 2005 ൽ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ വാഡിയ ഗ്രൂപ്പിൻ്റെ നേതൃത്വത്തിലാണ് ഗോ …

Leave a Reply