ലോകത്ത് ഹിന്ദുക്കൾ ഏറ്റവും കൂടുതലായി അധിവസിക്കുന്ന രാജ്യങ്ങളിൽ രണ്ടാമത്തെ സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. അതുകൊണ്ടു തന്നെ എണ്ണിയാലൊടുങ്ങാത്ത ക്ഷേത്രസമുച്ചയങ്ങളുടെ ദേശം കൂടിയായാണ് ഇന്ത്യ അറിയപ്പെടുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലല്ല. തെക്കനേഷ്യൻ രാജ്യമായ കമ്പോഡിയയിലെ അങ്കോർ വാട്ടിനാണ് ലോകത്തിലെ ഏറ്റവും ബൃഹത് ക്ഷേത്രമെന്ന ബഹുമതി.
കമ്പോഡിയയിലെ അങ്കോർ എന്ന സ്ഥലത്താണീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യൻ ശൈലിയിൽ സ്ഥാപിച്ച ഈ ക്ഷേത്രത്തിൽ വിഷ്ണുവിന്റെയും ബുദ്ധന്റെയും പ്രതിഷ്ടകളാണുള്ളത്. കമ്പോഡിയയുടെ ഒരു ചിഹ്നം എന്ന നിലയിൽ പ്രധാന വിനോദ ആകർഷണമാണ് ഇന്നീക്ഷേത്രം. കമ്പോഡിയയുടെ ദേശീയപതാകയിൽ വരെ ഈ ക്ഷേത്രം മുദ്രണം ചെയ്തിരിക്കുന്നു. നഗരം എന്ന വാക്കിന്റെ കമ്പോഡിയൻ ഭേദമായ അങ്കോർ എന്ന പദവും ഖെമർ കാലഘട്ടത്തിൽ ക്ഷേത്രം എന്ന പദത്തിനുപയോഗിച്ചിരുന്ന വാട്ട് എന്ന പദവും ചേർന്നാണ് അങ്കോർ വാട്ട് എന്ന വാക്കുണ്ടായത്.
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സൂര്യവർമ്മൻ രണ്ടാമൻ (ഭരണകാലം: 1113 – 1150) എന്ന ഖെമർ രാജാവിന്റെ കാലത്താണ് ക്ഷേത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത് എന്നു കരുതപ്പെടുന്നു. വിഷ്ണുക്ഷേത്രമായ ഇത് ദേശക്ഷേത്രമായി മാറുകയായിരുന്നു. ക്ഷേത്രത്തിന് ചുറ്റുമായി അദ്ദേഹം തലസ്ഥാനനഗരിയും പണിതു. ക്ഷേത്രത്തിന്റെ പുരാതന നാമം വരാഹ വിഷ്ണുലോകം എന്നായിരുന്നു. ക്ഷേത്രനിർമ്മാണം രാജാവിന്റെ മരണത്തോടെ അവസാനിച്ചു എന്നു കരുതുന്നു. പിന്നീട് 1177ൽ, കൃത്യമായി പറഞ്ഞാൽ സൂര്യവർമ്മൻ രണ്ടാമന്റെ മരണത്തിന് 27 വർഷത്തിന് ശേഷം ഖെമറുകളുടെ പരമ്പരാഗത ശത്രുക്കളായ ചമ്പ രാജവംശത്തിലെ ജയവർമ്മൻ ഏഴാമൻ പ്രദേശം കീഴടക്കുകയും ക്ഷേത്രത്തിന്റെ മിനുക്കുപണികൾ പൂർത്തിയാക്കുകയും ചെയ്തെന്ന് കരുതപ്പെടുന്നു.
രു കോട്ട പോലെയാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. ക്ഷേത്രനഗരത്തിന് ചുറ്റും 200 മീറ്റർ വീതിയുള്ള ഒരു കിടങ്ങുണ്ട്. അതിനുള്ളിൽ അഞ്ച് മീറ്റർ ഉയരമുള്ളതും ഏകദേശം ഒരു മീറ്റർ വീതിയുള്ളതുമായ മതിൽ ക്ഷേത്രനഗരത്തെ സംരക്ഷിക്കുന്നു. കിഴക്കും പടിഞ്ഞാറുമുള്ള പാലങ്ങൾ വഴി മാത്രമേ ആ പ്രദേശത്തേക്ക് പ്രവേശനം സാധിക്കുകയുള്ളു. പാലങ്ങൾക്ക് സമീപമായി ഗോപുരങ്ങളുണ്ട്. ഈ ഗോപുരങ്ങൾ ക്ഷേത്രത്തെ അനുകരിച്ച് ഉണ്ടാക്കിയവയാണ്. ശത്രുക്കൾ ഗോപുരത്തെ ക്ഷേത്രമായി തെറ്റിദ്ധരിച്ച് ആക്രമിക്കാൻ ഇടയുണ്ട് എന്നറിഞ്ഞുകൊണ്ടാണിങ്ങനെ സൃഷ്ടിച്ചത് എന്നാണ് ശാസ്ത്രാഭിപ്രായം.
ഏതായാലും പടിഞ്ഞാറുഭാഗത്തെ ഗോപുരങ്ങൾ തകർന്ന നിലയിലാണ്. അതി ബൃഹത്തായ മതിൽ 203 ഏക്കർ സ്ഥലത്തെ സംരക്ഷിക്കുന്നു. ദക്ഷിണപൂർവേഷ്യയിലെ ഏറ്റവും മനോഹരമായ ദേവാലയ ശില്പങ്ങളിലൊന്നായി അങ്കോർ വാട്ട് നൂറ്റാണ്ടുകളായി പരിഗണിക്കപ്പെട്ടുവരുന്നു. പിരമിഡിന്റെ ആകൃതിയിലുള്ള ഈ ക്ഷേത്രസൗധം വളരെ വലിപ്പമേറിയതാണ്. ഇതിലെ ലളിതവും സ്നിഗ്ധവും ആയ ശില്പങ്ങളും അലങ്കാരസംവിധാനങ്ങളും തികഞ്ഞ കലോപാസനയുടെ നിദർശനങ്ങളാണ്. ചുറ്റുമുള്ള വിസ്താരമേറിയ കിടങ്ങും അതിലൂടെ പ്രധാന ഗോപുരത്തിലേക്കുള്ള നടപ്പാതയും മിനുസമുള്ള ചെങ്കല്ലുകളാൽ പടുത്തതാണ്. നടപ്പാതയുടെ നീളം 1,800 അടി വരും.
തമിഴ്നാട്ടിലെ ചോള ശില്പകലയുടെ സാന്നിദ്ധ്യം ക്ഷേത്രത്തിൽ ധാരാളമായുണ്ട്. ഹൈന്ദവ വിശ്വാസത്തിലെ മഹാമേരു എന്ന പർവ്വതത്തിന്റെ രൂപത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. മറ്റ് ഹൈന്ദവക്ഷേത്രങ്ങളധികവും കിഴക്കോട്ട് ദർശനമായി ഇരിക്കുമ്പോൾ അങ്കോർ വാട്ട് പടിഞ്ഞാറോട്ട് ദർശനമായാണ് നിർമ്മിച്ചിരിക്കുന്നത്. മഹാവിഷ്ണു പടിഞ്ഞാറാണ് ദർശനമരുളുന്നത് എന്ന വിശ്വാസം കൊണ്ടാണിതെന്ന് കരുതപ്പെടുന്നു. കരിങ്കല്ലുകളും ചുടുകട്ടകളും ഒഴിവാക്കി വെട്ടുകല്ല് പോലുള്ള കല്ലുകൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കൽക്കഷണങ്ങളെ കൂട്ടിനിർത്താനുപയോഗിച്ചിരിക്കുന്ന പദാർത്ഥം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും അത് മരപ്പശയോ കുമ്മായക്കൂട്ടോ ആയിരിക്കാനിടയുണ്ടെന്ന് കരുതുന്നു.
ക്ഷേത്രത്തിന് ചുറ്റും ഏറെ കൊത്തുപണികൾ നടത്തിയിട്ടുണ്ട് പ്രാചീന കമ്പോഡിയൻ കലയുടെ ഒരു നല്ല മാതൃകയാണ് ക്ഷേത്രത്തിലെ ശിൽപ്പങ്ങൾ. അക്കാലത്ത് ദക്ഷിണേന്ത്യയിൽ നിലവിലിരുന്ന ശില്പകലയുടെ അതിപ്രസരം ഇതിൽ പ്രകടമായി കാണാം. നടുവിലുള്ള ഗോപുരത്തിന്റെ ഉയരം 200 അടിയാണ്. അതിന്റെ ഉള്ളിലെ വിഷ്ണു പ്രതിഷ്ഠയിലേക്കുള്ള സോപാനത്തിൽ രണ്ട് അടി വീതം ഉയരമുള്ള 38 പടികളുണ്ട്. ചുറ്റമ്പലത്തിന്റെ നാലു മൂലകളിലും ചെറിയ ഓരോ ഗോപുരം നിർമ്മിച്ചിട്ടുണ്ട്. കൊത്തുപണികൾ കൊണ്ട് മോടിപിടിപ്പിച്ച തൂണുകളും ചിത്രാലംകൃതങ്ങളായ ചുവരുകളും കൊണ്ട് ചുറ്റപ്പെട്ടതാണ് ഗർഭഗൃഹം. ചോള-പല്ലവ ശില്പങ്ങളിലെന്നതുപോലെ നൃത്തംചെയ്യുന്ന അപ്സരസുകളുടെ പ്രതിമകൾ ഈ ശാലകളുടെയും മണ്ഡപങ്ങളുടെയും ചുവരുകളിൽ ഇടതൂർന്ന് നില്ക്കുന്നു.
കൊത്തുപണികളിൽ രാമരാവണയുദ്ധം, കുരക്ഷേത്രയുദ്ധം, പാലാഴിമഥനം, കൃഷ്ണ-ബാണയുദ്ധം എന്നിവയെല്ലാം ഉൾപ്പെട്ടിരിക്കുന്നു. ദേവാസുരൻമാർ, വാസുകി, മന്ദരപർവതം, കൂർമ്മാവതാരം തുടങ്ങി ഓരോ ഇനവും വ്യക്തമായി ചിത്രണം ചെയ്തിട്ടുള്ള ശില്പങ്ങൾ കൊണ്ട് നിറഞ്ഞ പാലാഴിമഥനശില്പം ഉദാത്തമായ ഒരു കലാശൈലിയുടെ ഉജ്ജ്വലമായ നിദർശനമാണ്. ക്ഷേത്രത്തിന് ചുറ്റും വിശാലമായ അങ്കണങ്ങളുണ്ട്. ഇവയും കലാപരമായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. ചുറ്റുപാടും പണിഞ്ഞിട്ടുള്ള മുറികളിലും നിരവധി ചിത്രശില്പങ്ങൾ കാണാം. ഹൈന്ദവ ദേവതകളുടേയും അസുരന്മാരടേയും ഗരുഡന്റേയും താമരയുടേയുമെല്ലാം രൂപങ്ങൾ ഇവയിൽ കാണാൻ കഴിയും.
കടപ്പാട് – കേരള കൌമുദി.