എഴുത്ത് – അനീഷ് കുമാർ കീഴ്പ്പള്ളി.
ഇരിട്ടിയുടെ ഭക്ഷണ ശീലങ്ങൾക്ക് മുഖമുദ്രകളായി പേരുകേട്ട പഴക്കംചെന്ന ധാരാളം ഹോട്ടലുകളുണ്ട് ഇരിട്ടിയിൽ. പ്രഭാത ഭക്ഷണങ്ങൾക്ക് , വെജിറ്റേറിയൻ ഭക്ഷണങ്ങൾക്ക്, നല്ല മലബാറി ബിരിയാണിക്ക്, പ്രകൃതി ഭക്ഷണങ്ങൾക്ക്, കഞ്ഞിക്ക്, നല്ല ഉച്ചയൂണുകൾക്ക് .. എന്നിങ്ങനെ… ഒട്ടേറെ.. ഒടുവിൽ പറഞ്ഞ മീൻപൊരിച്ചതും കൂട്ടിയുള്ള അത്യാവശ്യം നല്ലൊരു ഉച്ചയൂണിനു ഇരിട്ടിയിൽ എത്തുന്നവരും ഇരിട്ടിയിൽ ജോലിചെയ്യുന്നവരും വിദ്യാർത്ഥികളും അടക്കം ഭൂരിഭാഗവും ആശ്രയിക്കുന്ന ഭോജനശാലയാണ് ബാബൂസ് ഹോട്ടൽ.
ഇവിടുന്നു ഭക്ഷണം കഴിക്കുമ്പോളോക്കെ വിചാരിക്കാരുണ്ട് ഇരിട്ടിക്കു പുറത്തുള്ള ഭക്ഷണ പ്രേമികൾക്ക്കൂടി ബാബൂസിനെ പരിചയപ്പെടുത്തണം എന്ന്. ഒരുപക്ഷേ, പുറന്നാട്ടുകാരിൽ പലരും ബാബൂസിന്റെ രുചിയറിഞ്ഞതായിരിക്കും. 1986 ൽ കൂത്തുപറമ്പ് സ്വദേശി ബാബു ആരംഭിച്ചതാണ് ബാബൂസ് ഹോട്ടൽ. ഇവിടുത്തെ മെയിൻ കൂക്ക് ഗോവിന്ദേട്ടന്റെ കൈപ്പുണ്യം ഹോട്ടലിൽ എത്തും മുൻപ് തന്നെ അന്തരീക്ഷത്തിലൂടെ നമ്മളെ തേടി എത്തും.
ഏറെ സ്വാദിഷ്ടമാണ് ഇവിടുത്തെ മീൻവിഭവങ്ങൾ എന്നകാര്യത്തിൽ എതിരഭിപ്രായമുണ്ടാകുവാൻ സാധ്യതയില്ല. പ്രത്യേകിച്ചും അയക്കൂറ, അയല, ചെമ്പല്ലി, തിരണ്ടി,മത്തി, മാന്ത, നത്തൽ തുടങ്ങിയ പൊരിച്ചമീനുകൾ. കല്ലുമ്മക്കായ, ഇളമ്പക്ക, ഇണറ് കൂടാതെ ബീഫും ചിക്കനും ആട്ടിന്തല, പോട്ടി ഒക്കെയും നിറഞ്ഞുള്ള ഒരു വലിയ മെനു തന്നെയുണ്ട് ബാബൂസിൽ.
ചോറുവിളമ്പിയശേഷം പൊരിച്ച മീനുകളുമായി മുന്നിൽനിന്നു രവിയേട്ടൻ നടത്തുന്ന തൈക്കുടം ബ്രിഡ്ജ് ബാൻഡ് ടീമിന്റെ പാട്ടിനേക്കാൾ ഗംഭീരമായ സ്പെഷ്യലുകളുടെ തൽസമയ സംപ്രേഷണം ഒന്ന് കേൾക്കേണ്ടതാണ് “..അയില , അയക്കൂറാ, മത്തി, മാന്ത, കിളിമീൻ, ചെമ്പല്ലി, കല്ലുമ്മക്കായ, ഇളംബക്ക, ബീഫ് ഫ്രൈ, ആട്ടിന്തല, ആട്ടിൻപോട്ടി, ചിക്കൻ..
ഒരിക്കൽ വൈഫിനെകൂട്ടി ബാബുസ് ഹോട്ടലിൽ പോയി ഊണും സ്പെഷ്യലും കഴിച്ചു.. പിന്നെയിങ്ങോട്ട് ഉച്ചസമയത്ത് ഇരിട്ടിയിൽ എത്തിയാൽ പുള്ളിക്കാരി, അല്ലിക്ക് ആഭരണം എടുക്കാൻപോകാൻ വാശിപിടിക്കുന്ന ഗംഗയെ പോലെ ബാബൂസീന്ന് കഴിച്ചാലോ എന്നൊരു ചോദ്യമാ..
ബാബൂസിന്റെ ഊണും സ്പെഷ്യലും കഴിച്ചവർ അഭിപ്രായം രേഖപ്പെടുത്തുമല്ലോ… അപ്പോൾ എങ്ങിനെയാ? മത്തി രണ്ടുവേണോ മൂന്നുവേണോ?. പൊരിച്ചത് സപ്ലൈചെയ്യുന്ന രവിയേട്ടൻ ആളുകളുടെ അഭിരുചി അറിഞ്ഞ് ഓരോരുത്തരുടെയും ഇലകളിൽ വിളമ്പുകയാണ്..