നമ്മൾ യാത്ര ചെയ്യുന്ന വിമാനത്തിൽ ഒരു ജനനം നടന്നാലോ? ലോകമെമ്പാടുമായി ധാരാളം ഇൻ ഫ്ളൈറ്റ് ഡെലിവറികൾ നടന്നിട്ടുണ്ട്. അവ വാർത്തകളുമായിട്ടുണ്ട്. അവയിൽ ഏറ്റവുമൊടുവിലത്തെ സംഭവമാണ് 2020 ഒക്ടോബർ 7 നു ഒരു ഇൻഡിഗോ വിമാനത്തിൽ നടന്നത്. ആ സംഭവം ഇങ്ങനെ…
2020 ഒക്ടോബർ 7, ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ബെംഗളൂരുവിലെ കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പറക്കുകയായിരുന്നു ഇൻഡിഗോയുടെ 6E 122 എന്ന എയർബസ് A320 വിമാനം. യാത്രയ്ക്കിടയിൽ മോണിക്ക എന്നു പേരുള്ള 30 കാരിയായ, പൂർണ്ണഗർഭിണിയായ ഒരു യുവതിയ്ക്ക് കലശലായ പ്രസവവേദന. ഉടൻതന്നെ കാബിൻ ക്രൂ വിമാനത്തിലെ യാത്രക്കാരിൽ ഗൈനക്കോളജിസ്റ്റുകൾ ആരെങ്കിലുമുണ്ടോ എന്നു തിരക്കി.
ഭാഗ്യമെന്നു പറയട്ടെ, ബെംഗളൂരു ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ ക്ലൗഡ് നയന്‍ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിലെ ഡോ. ശൈലജ ആ വിമാനത്തിലുണ്ടായിരുന്നു. സംഭവമറിഞ്ഞ ശൈലജ യുവതിയുടെ അടുത്ത് ചെന്നപ്പോൾ അവർ ബ്ലാങ്കറ്റ് പുതച്ചു കിടക്കുകയായിരുന്നു. ഇതുവരെയുള്ള ഗര്ഭകാലപ്രഷ്നങ്ങളും മറ്റു വിവരങ്ങളുമെല്ലാം ഡോക്ടർ ചോദിച്ചറിഞ്ഞു. ഇതിനിടെ ടോയ്ലറ്റിൽ പോകണമെന്ന് പറഞ്ഞ യുവതി അവിടേക്ക് നീങ്ങുന്നതിനിടെയാണ് ഫ്ളൈറ്റിന്റെ തറയിൽ രക്തത്തുള്ളികൾ ഡോക്ടർ കണ്ടത്. ഇതോടെ അപകടം മണത്ത ഡോക്ടർ പെട്ടെന്നു തന്നെ കാബിൻക്രൂവിൻ്റെ സഹായത്തോടെ വിമാനത്തിലെ ടോയ്ലറ്റ് ലേബർറൂം ആക്കി മാറ്റുകയായിരുന്നു.
സമയം രാത്രി 7.40 ഓടെ യുവതി ഒരു കുഞ്ഞിനു ജന്മം നൽകി. കുട്ടിയെ ഡോക്ടര്‍ പുറത്തെടുത്ത് വിമാനത്തില്‍ ആഹാരം സര്‍വ് ചെയ്യുന്ന ട്രേയിലായിരുന്നു കിടത്തി. ഇതിനിടെ വിമാനത്തിലുണ്ടായിരുന്ന മറ്റു യാത്രികർ കുട്ടിയെ പൊതിഞ്ഞുപിടിക്കാനും മറ്റുമുള്ള ഷാളും ബ്ലാങ്കറ്റുമൊക്കെ നൽകുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ഡോക്ടറായ നാഗരാജ് യുവതിയ്ക്ക് ബ്ലീഡിംഗ് നിൽക്കാനുള്ള ഇഞ്ചക്ഷൻ നൽകുകയും ചെയ്തു.
അമ്മയും കുഞ്ഞും സുരക്ഷിതരായി എന്നുറപ്പു വരുത്തിയതോടെ വിമാനം അടിയന്തിരമായി ഹൈദരാബാദിൽ ലാൻഡ് ചെയ്യേണ്ടതില്ലെന്ന് ഡോക്ടർ ക്യാപ്റ്റനെ അറിയിക്കുകയും ചെയ്തു. അങ്ങനെ വിമാനം ബെംഗളൂരു എയർപോർട്ടിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഇതിനിടെ വിമാനത്തിൽ സുരക്ഷിതമായി പ്രസവം നടന്ന വിവരം ലോകമറിഞ്ഞിരുന്നു. ‘നമ്മ ബെംഗളുരുവിലേക്ക് സ്വാഗതം’ എന്ന പ്ലക്കാർഡും പിടിച്ചായിരുന്നു എയർപോർട്ട് അധികൃതർ അമ്മയെയും കുഞ്ഞിനേയും സ്വീകരിച്ചത്. ഉടൻ തന്നെ കുഞ്ഞിനേയും അമ്മയെയും ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.
വിമാനത്തില്‍ വച്ച് ഒരു പ്രസവത്തിന് നേതൃത്വം നല്‍കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ ഡോക്ടർ ശൈലജയുടെ മനോധൈര്യവും, കാബിൻക്രൂവിൻ്റെ സഹായങ്ങളും, മറ്റു യാത്രക്കാരുടെ പ്രാർത്ഥനകളും കൂടിയായപ്പോൾ സുരക്ഷിതമായ ഒരു ജനനമായിരുന്നു അവിടെ നടന്നത്. എന്തായാലും ഇന്‍ഡിഗോയുടെ 6E 122 എന്ന വിമാനം അങ്ങനെ ഒരു ചരിത്രമായി. കുട്ടിക്കും അമ്മയ്ക്കുമൊപ്പം ഡോ.ശൈലജ വല്ലഭനേനിയും.
വിമാനത്തിൽ വെച്ച് ജനിക്കുന്ന കുഞ്ഞിന് ലൈഫ്ടൈം ഫ്രീ യാത്ര കിട്ടുമോ? വിമാനത്തില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കുന്നത് അത്യപൂര്‍വ്വ സംഭവമാണെങ്കിലും ഓരോ എയര്‍ലൈന്‍സും സൗജന്യയാത്രയുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങളില്‍ വ്യത്യാസമുണ്ടായേക്കാം. 2009 ല്‍ എയര്‍ഏഷ്യയും 2017ല്‍ ജെറ്റ് എയര്‍വേയ്സും ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ആജീവനാന്ത സൗജന്യയാത്ര പ്രഖ്യാപിച്ചിരുന്നു. എന്തായാലും ഈ കുഞ്ഞിന് ജീവിതകാലം മുഴുവൻ ഇൻഡിഗോ സൗജന്യ യാത്ര നൽകുമോ എന്ന ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് സോഷ്യൽ മീഡിയ.