ഇരുവശവും കാട്…. കാടിനുള്ളിലൂടെ കിലോമീറ്ററുകളുടെ നടത്തം.. ചുറ്റും പാറക്കൂട്ടങ്ങൾ…മുനിയറ… ശാന്തമായി ഒഴുകുന്ന ഡാം… മറഞ്ഞിരിക്കുന്ന മരണചുഴികൾ… അങ്ങകലെ വിസ്മയം ഒളിപ്പിച്ചിരിക്കുന്ന വലിയൊരു പാറക്കൂട്ടം… അതാണ് ഭൂതത്താൻകെട്ട്… പേരിൽ തന്നെ ഒരുപാട് വിസ്മയങ്ങളൊളിപ്പിക്കുന്ന ഒരിടം.
മുന്നൊരുങ്ങളില്ലാതെയാണ് എന്റെ യാത്ര, അങ്ങനെയാകണം യാത്രകളെന്നാരോ പറഞ്ഞിട്ടുമുണ്ട്. തനിച്ചുള്ള യാത്രയ്ക്കു പകരം ഇത്തവണ കൂട്ടിനൊരാളും. ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്വന്തമാക്കിയ ബുള്ളറ്റുമുണ്ടാർന്നു. പെരുമ്പാവൂർ മുതൽ കോതമംഗലം വരെ പതിവുപോലെ നിരത്തിലാകെ വണ്ടികൾ. പിന്നെ നമ്മുടെ നാട്ടിലെ റോഡിൽ മാത്രം കാണുന്ന വലിയ വലിയ കുണ്ടും കുഴിയും… ആവശ്യത്തിലധികം പൊടിയും പുകയും പിന്നെ ചെവിയുടെ ഡയഫ്രം അടിച്ചുപോകുന്ന ഉച്ചത്തിലുള്ള ഹോണടികളും… കോതമംഗലം കഴിഞ്ഞു. വണ്ടികളുടെ തിരക്കും ഉച്ചത്തിലുള്ള ഹോണും കുറഞ്ഞുകൊണ്ടേയിരുന്നു….
പിന്നീടങ്ങോട്ട് തട്ടേക്കാട് വഴിയിൽ കീരൻപാറ കവലയിൽ നിന്നും ഇടത്തേക്ക്, റോഡിന്റെ ഇരുവശവും തിങ്ങിനിറഞ്ഞ് മരങ്ങൾ അവയ്ക്കിടയിൽ വീടുകൾ… ചില്ലു ഭരണിയിൽ ഉണ്ടംപൊരി മുതൽ പഴംപൊരി വരെ നിറച്ചുവച്ചിരിക്കുന്ന ചായക്കടകൾ… പെട്ടിക്കടകൾക്കു മുന്നിൽ പത്രം വായനയ്ക്കൊപ്പം രാഷ്ട്രീയം പറയുന്ന തലമൂത്ത കാരണവന്മാർ… ഇവയൊന്നും ശ്രദ്ധിക്കാതെ തിരക്കിട്ട് ബീഡിക്കുറ്റി വലിച്ച് ബസിനായി കാത്തുനിൽക്കുന്ന മുണ്ടുടുത്ത ചേട്ടന്മാർ.. പഞ്ചായത്ത് പൈപ്പിൽ നിന്നും വെള്ളമെടുക്കാൻ ബക്കറ്റും കുടവുമായി കാത്തുനിൽക്കുന്ന ചേച്ചിമാർ.. പാലുമായി ഡയറിലേക്ക് പോകുന്നവർ.. പാട്ടുംപാടി പത്രക്കെട്ടുമായി സൈക്കിളിൽ പോകുന്ന ന്യൂസ് പേപ്പർ ബോയ്..

മുന്നിൽ കരിങ്കല്ലിൽ പണിതീർത്ത ആർച്ച് പെരിയാർ നദീതട ജലസേചന പദ്ധതി, ഭൂതത്താൻകെട്ട് ബാരേജ്. ഉള്ളിലേക്ക് കടക്കുമ്പോൾ പാറക്കല്ല് തലയിലേന്തി നിൽക്കുന്ന ഭൂതങ്ങളുടെ പ്രതിമകളുള്ള ഡിറ്റിപിസിയുടെ പാർക്ക്, കുറച്ചു ദൂരെയായി വാച്ച് ടവർ, ബോട്ടിങ്, ഷട്ടർ തുറന്നതിനാൽ ഉഗ്രരൂപിണിയായി ഡാം. കലങ്ങിമറിഞ്ഞൊഴുകുന്ന ഡാമിലേക്ക് ഒന്നു ചാടാൻ ആർക്കും തോന്നും, എനിക്കും തോന്നി. പാലം കടന്ന് വീണ്ടും കാട്ടിലൂടെ.. നോക്കിയാൽ കാണുന്ന ദൂരത്ത് ചെക്ക് പോസ്റ്റ്, ഇടതുവശത്ത് ചെറിയൊരു ക്ഷേത്രം. രാവിലെ ആയതുകൊണ്ടാകാം പാർക്കിങ് ഗ്രൗണ്ടുകൾ വിജനമാണ്. ഭൂതത്താൻ കെട്ടിലേക്ക് സ്വാഗതം ചെയ്ത് ഗാർഡുമാരെത്തി. ടിക്കറ്റെടുത്തു. ഐതിഹ്യം പറഞ്ഞുതരുന്ന ഗാർഡുമാരുടെ പ്രതിഫലത്തുക കേട്ടതുകൊണ്ട് അവരോട് നീട്ടിയൊരു ടാറ്റ പറഞ്ഞ് ചൂണ്ടികാണിച്ച വഴിയിലൂടെ നടന്നു. കാലകാലങ്ങളായി ആളുകൾ നടക്കുന്നതിനാൽ പേരിനൊരു നടപ്പാതയുണ്ടെന്ന് വേണമെങ്കിൽ പറയാം.
ഇടതൂർന്നു നിൽക്കുന്ന വള്ളിപ്പടർപ്പുകൾ മാറ്റിവേണം. മുന്നോട്ടുനടക്കാൻ. വലതുവശത്ത് അങ്ങകാശം മുട്ടി നിൽക്കുന്ന മരം. അതിൽ ഒരാൾക്ക് കേറിനിൽക്കാൻ പറ്റുന്നൊരു പൊത്തും. ഈ വഴിയിലെ ഏറ്റവും വലിയ മരം ഇതാണത്രേ. സഞ്ചാരികൾക്ക് വിശ്രമിക്കാൻ ഈറ്റകൊണ്ടുണ്ടാക്കിയ ബഞ്ചുകളും കുട്ടികൾ തൊട്ട് അപ്പൂപ്പന്മാർക്കു വരെ ആടാവുന്ന ഊഞ്ഞാലുകളും. മുന്നോട്ടുള്ള വഴികൾ അങ്ങോട്ടേക്കായിരുന്നു… ഇന്നും ആർക്കുമറിയാത്ത ആര് പണിതീർത്തതെന്നറിയാത്ത യഥാർഥ ഭൂതത്താൻകെട്ട്.

കല്ലുകൊണ്ടുണ്ടാക്കിയ ചവിട്ടുപടികൾ കയറുന്നത് വലിയൊരു പാറയുടെ മുകളിലേക്കാണ്. വലതുവശത്ത് ഏറുമാടം. അങ്ങിങ്ങായി നിരവധി പാറക്കൂട്ടങ്ങൾ. അതിനിടയിൽ ശാന്തമായി അവൾ ഒഴുകുകയാണ്. രഹസ്യങ്ങളൊളിപ്പിച്ച് വച്ചിരിക്കുന്ന ഓരോ പാറക്കൂട്ടങ്ങൾ, അങ്ങിങ്ങായി മണൽത്തിട്ടകളുമുണ്ട്. ഒന്നിൽ നിന്നും മറ്റേതിലേക്കെത്തുക പ്രയാസമാണ്. എങ്കിലും ആദ്യം കണ്ട മണൽത്തിട്ടയിലേക്ക് നടന്നു. തൊട്ടടുത്ത് എന്നെ നോക്കി ചിരിച്ച് പാറക്കൂട്ടം നിൽപ്പുണ്ട്. ഒറ്റച്ചാട്ടത്തിന് അപ്പുറത്ത് എത്താൻ പറ്റുമെന്ന് തോന്നുമെങ്കിലും ചാടിയാൽ പോകുന്നത് ചുഴിയിലേക്കായിരിക്കും. റിസ്ക് എടുത്തില്ല. തിരിച്ചു നടന്നു. കുറ്റിച്ചെടികൾക്കിടയിൽ ഭൂതങ്ങൾ ഒളിപ്പിച്ച വഴി കണ്ടുപിടിക്കണമെന്ന വാശിയുണ്ടായിരുന്നു. മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്നാണല്ലോ… അതുകൊണ്ടുതന്നെ സഞ്ചാരികളെയും കൊണ്ടുവരുന്ന ഗാർഡിനായി കാത്തിരുന്നു.

പാറകൾക്കുമുകളിൽ എങ്ങനെയാണാവോ ഇങ്ങനൊരു ഏറുമാടം ഉണ്ടാക്കിയതെന്ന് കൂലങ്കഷമായി ആലോചിച്ച് ഞാൻ ഏറുമാടത്തിന്റെ പടികൾ കയറി. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ കാലൻകുടയുമായി ഗാർഡെത്തി. പിന്നീടങ്ങോട്ട് അവരുടെ കൂടെയായി യാത്ര. കുറ്റിച്ചെടികൾക്കിടയിലൂടെ നടന്ന് രണ്ടാമത്തെ പാറക്കെട്ടിലെത്തി. പാറകൾക്കിടയിൽ ചെറിയ ചുഴികളുണ്ടെന്ന് ഗാർഡ് മുന്നറിയിപ്പ് തന്നു. മൂന്നാമത്തെ പാറക്കെട്ട് കുറച്ച് ഉയരത്തിലാണ്. കിട്ടിയ മരക്കൊമ്പിൽ പിടിച്ച് മൂന്നാമത്തെ പാറക്കെട്ടിലുമെത്തി. പാറക്കൂട്ടങ്ങളുടെ ഇടയിൽ മണൽത്തിട്ടയും ഒരു മരവും. വലിയ പാറയുടെ മുകളിൽ നിന്നു നേരെ മണൽത്തിട്ടയിലേക്ക് ചാടി. മരച്ചില്ലകളുടെ തണുപ്പിൽ ഇച്ചിരിനേരം ഇരുന്നു.
ചുറ്റുമുള്ള നോട്ടത്തിനിടയിൽ വലിയ പാറയുടെ ഉള്ളിലൂടെ അപ്പുറത്തെ പാറക്കൂട്ടം കണ്ടു. അടുക്കിവച്ചിരിക്കുന്ന ചെറിയ പാറകൾക്കിടയിലൂടെ വീണ്ടും മറ്റൊരു പാറക്കുഴിലിയിലേക്ക്. താഴെ നിന്ന് മേലോട്ട് നോക്കിയാ എന്തൊക്കെയോ തോന്നിയേക്കും.. ഭയമാണോ സന്തോഷമാണോ ആവോ… പാറയിൽ പിടിച്ച് ഇങ്ങ് കേറിപ്പോരെ എന്നൊരു അശരീരിയും കേട്ടാണ് ചിന്തകളിൽ നിന്നുണർന്നത്. ചെരുപ്പൊക്കെ ഊരി പാറയുടെ മുകളിലേക്കെറിഞ്ഞു. പിടിക്കാൻ ഒരു മരക്കൊമ്പ് പോലുമില്ലാത്തതിനാൽ പാറ തന്നെ ശരണം. പരിശ്രമിച്ചാൽ എന്തും നേടാം എന്നുള്ളതുകൊണ്ടുതന്നെ പരിശ്രമിച്ചുകൊണ്ടേയിരുന്നു. അവസാനം വെളിച്ചം കണ്ടു. കണ്ണിൽ കുത്തുന്ന വെയിൽ.. പാറയുടെ താഴെ വലിയ ചുഴികൾ… തണുപ്പിച്ച് കടന്നുപോകുന്ന കാറ്റ്.. അങ്ങകലെ വീണ്ടും പാറക്കൂട്ടം… ദയനീയമായി ഗാർഡ് എന്നെ നോക്കി. അങ്ങോട്ടേക്കിനി വഴിയില്ലെന്ന് മനസിലായി. നിൽക്കുന്ന പാറക്കൂട്ടത്തിനു ചുറ്റും അപകടം ഒളിപ്പിച്ച് അവൾ ഒഴുകികൊണ്ടിരിക്കുകയാണ്. എങ്ങോട്ടേക്കെന്നില്ലാതെ. ഏറെ വൈകാതെ കാഴ്ചകളൊക്കെ കണ്ടുതീർത്തു.. മടക്കയാത്ര..
കടപ്പാട് – ബിനിത ദേവസി (മെട്രോ വാര്ത്ത).
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog