ഭാര്യമാരുടെ പിറന്നാളിന് പലതരത്തിലുള്ള സമ്മാനങ്ങൾ ഭർത്താക്കന്മാർ നൽകാറുണ്ട്. ഭൂരിഭാഗമാളുകളും സ്വർണ്ണം, ഡ്രസ്സ് എന്നിവയൊക്കെയായിരിക്കും നൽകുക. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ പിറന്നാൾ സമ്മാനം തനിക്ക് ഭർത്താവിൽ നിന്നും ലഭിച്ച കാര്യം സന്തോഷത്തോടെയും അഭിമാനത്തോടെയും നമുക്കു മുന്നിൽ ഷെയർ ചെയ്യുകയാണ് പൊന്നാനി സ്വദേശിനിയായ ശ്രീക്കുട്ടി സോനുരാജ്. ശ്രീക്കുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് താഴെ കൊടുക്കുന്നു. ഒന്നു വായിക്കാം.
“ഇതിലും വലിയ പിറന്നാൾ സമ്മാനം സ്വപ്നങ്ങളിൽ മാത്രം. ഇന്നലെ എന്റെ പിറന്നാൾ ആയിരുന്നു. ലോകം മുഴുവൻ കൊറോണ എന്ന മഹാ വിപത്തിനെ നേരിടുന്ന ഈ സാഹചര്യം കണക്കിൽ എടുത്ത് ആഘോഷങ്ങൾ ഒന്നും തന്നെ വേണ്ടാ എന്നു തീരുമാനിച്ചു.
കഴിഞ്ഞ വർഷം പിറന്നാൾ അതിഗംഭീരം ആക്കിയിരുന്നു. കൂടാതെ ഇരുപത്തി ഒന്ന് വൃക്ഷ തൈകൾ എനിക്ക് ചേട്ടൻ സമ്മാനമായി തന്നു. അത് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു. എന്നാൽ ഇത്തവണ സമ്മാനവും ആഘോഷവുമൊക്കെ വേണ്ടാ എന്നു തീരുമാനിച്ചു.
എന്നാൽ ചേട്ടൻ (ഹസ്ബൻഡ്) ഒരു ചെറിയ പെട്ടി പിറന്നാൾ സമ്മാനമായി തന്നു. എല്ലാം വേണ്ടെന്നു വെച്ചിട്ടും സമ്മാനമായി തന്നത് എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ഞാൻ അത് തുറന്നു നോക്കി. ആശ്ചര്യമെന്നു പറയാമല്ലോ, അതിൽ ഈ സമയത്ത് ഏറ്റവും ആവശ്യമുള്ള, സുരക്ഷാ പ്രാധാന്യം നൽകുന്ന ഫേസ് മാസ്ക് , ഗ്ലോവ്സ്, സോപ്പ് , Sanitizer തുടങ്ങി അണുക്കളെ അകറ്റാൻ ഉള്ള സാധനങ്ങളായിരുന്നു കാണുവാൻ സാധിച്ചത്.
Break the chain എന്നു പറഞ്ഞു നടന്നാൽ പോരാ ആ ശുചിത്വം നമ്മൾ പാലിക്കുക തന്നെ വേണം എന്ന നിർബന്ധത്താലാണ് ചേട്ടൻ ഇത്തരമൊരു സമ്മാനം തരാൻ തീരുമാനിച്ചത്. കൂടാതെ വീട്ടിൽ വളരെ ലളിതമായ ഉച്ച ഭക്ഷണവും ഒരുക്കി. ലോക്ക് ഡൌൺ ആയതുകൊണ്ട് സ്വന്തം നാട്ടിൽ പോകാതെ ഒരു നേരത്തെ ഭക്ഷണം കിട്ടാതെ ഇരിക്കുന്ന കുറച്ചു ഡ്രൈവർമാർ ഉണ്ട് നാട്ടിൽ. അതിൽ കുറച്ചു പേർക്ക് ഉച്ച ഭക്ഷണം കൊടുക്കാനും സാധിച്ചു.”