എഴുത്ത് – Siddieque Padappil.
ഉത്തരക്കൊറിയയിലെ അനേകം ക്വാലിസ്സോകളിൽ ഒരു ക്വാലിസ്സോ മാത്രമാണ് ‘ക്യാമ്പ് 22.’ ഉത്തര കൊറിയയിലെ ലേബർ ക്യാമ്പ് എന്ന പേരിലുള്ള വിശാലമായ ജയിലുകളെ പൊതുവിൽ പറയുന്ന പേരാണ് ക്വാലിസ്സോ. രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ചൈനയുടെയും റഷ്യയുടെയും അതിരുകൾക്കടുത്തായി സ്ഥിതി ചെയ്യുന്ന ഹംഗ്യോങ്ങ് പ്രവിശ്യയിലെ ഒറ്റപ്പെട്ട സ്ഥലത്താണ് ക്യാമ്പ് 22. ദീർഘകാലത്തേയ്ക്ക് ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയ കുറ്റവാളികളെ പാർപ്പിക്കാനായി 1965 ലാണ് ഈ ജയിൽ നിർമ്മിക്കുന്നത്.
ലോകത്തിലെ ഭീകരമായ പത്ത് ജയിലുകളിൽ ഏറ്റവും കുപ്രസിദ്ധി നേടിയ തടവറയാണിത്. ഏകാധിപത്യ ഭരണം നിലനിൽക്കുന്ന ഉത്തര കൊറിയയിലെ രാഷ്ട്രീയ എതിരാളികളുടെ ചെറിയ തെറ്റുകൾക്ക് പോലും കഠിന ശിക്ഷയ്ക്ക് വിധിച്ച് വർഷങ്ങളോളം ഇത്തരം ക്യാമ്പിലേയ്ക്ക് പറഞ്ഞയക്കപ്പെടും. ക്യാമ്പ് 22 എന്ന ഈ ക്യാമ്പിൽ മാത്രം അമ്പതിനായിരത്തിൽ മേലെ തടവുകാർ ഉണ്ടെന്നാൺ കണക്ക്.
ഉത്തര കൊറിയ പുറത്ത് വിട്ട കണക്കനുസരിച്ച് തന്നെ രണ്ട് ലക്ഷം രാഷ്ട്രീയ കുറ്റവാളികൾ ഇങ്ങനെയുള്ള ദീർഘ കാലയടിസ്ഥാനത്തിൽ ആറ് ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുണ്ട് എന്നാണ്. രാഷ്ട്രീയ വിയോചിപുള്ളവരെ ഇത്തരം ജയിലിലേക്ക് അയക്കുകയും കുറഞ്ഞ ഭക്ഷണം കൊടുത്ത് പതിനാലും പതിനാറും മണിക്കൂറുകൾ കഠിന ജോലി എടുപ്പിക്കുകയും ചെയ്യുന്നു.
കഠിന ശിക്ഷ, നരകയാതന എന്നൊക്കെ ഒരു അവസ്ഥയുടെ കാഠിന്യം സൂചിപ്പിക്കാൻ നാം ഉപയോഗിക്കാറുണ്ടെങ്കിലും ഉത്തര കൊറിയയിലെ ഇത്തരം ക്യാമ്പുകൾ യഥാർത്ഥ നരകം തന്നെയാണ്. ഹോറിയോംഗ് കോൺസെന്റ്രേഷൻ ക്യാമ്പിലെ അവസ്ഥ നരകത്തേക്കാൾ മോശമാണെന്നാണ് അവിടെ നിന്ന് രക്ഷപ്പെട്ട തടവുകാരും ഗാർഡ് ജോലിയിൽ നിന്ന് ഒളിച്ചോടി രക്ഷപ്പെട്ടവരും വെളിപ്പെടുത്തിയത്.
ക്യാമ്പ് 22 ൽ നിന്ന് രക്ഷപ്പെട്ട ഒരു ഗാർഡിന്റെ വിവരണത്തിൽ നിന്ന് ഈ ജയിലിന്റെ ഭീകരത വ്യക്തമാകുന്നതാണ്. ഈ ഗാർഡ് ആദ്യമായി അവിടെ ജോലിയിൽ പ്രവേശിക്കാൻ ചെന്നപ്പോൾ കണ്ട അവസ്ഥ അദ്ദേഹം വിവരിക്കുന്നുണ്ട്. അസ്ഥിപഞ്ചരങ്ങളായ മനുഷ്യക്കോലങ്ങളായിരുന്നു അവിടത്തെ മിക്ക അന്തേവാസികളും. പോഷകാഹാരക്കുറവും മറ്റു പീഡനങ്ങൾ കൊണ്ടും ഉണങ്ങിയ ശരീരങ്ങൾ. മിക്കവരും കുള്ളന്മാരും മുടന്തന്മാരും അവയവങ്ങൾ നഷ്ടപെട്ട രൂപത്തിലുമായിരിക്കുന്നു. ചിലരുടെ ചെവി നഷ്ടപ്പെട്ട അവസ്ഥയിലാണെങ്കിൽ ചിലരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ടിരിക്കുന്നു. ചിലർക്ക് മൂക്ക് തന്നെ നഷ്ടപ്പെട്ടിരിക്കുന്നു.
അവയവം നഷ്ടപെട്ടവർ പോലും വെറുതെ ഇരിക്കാൻ അനുവാദമില്ല. വർഷത്തിൽ ഒരു ദിവസം ഒഴിച്ച് 364 ദിവസവും ജോലി ചെയ്യാൻ ഇവരും നിർബന്ധിതരാണ്. എണീറ്റു നടക്കാൻ പറ്റാത്തവർക്ക് പോലും ഇരുന്ന് ചെയ്യാൻ പറ്റുന്ന ജോലിയിൽ മുഴുകിയിരിക്കുന്നു. കൊറിയൻ പുതുവർഷദിനത്തിൽ മാത്രമാണ് വർഷത്തിൽ ആകെയുള്ള ഒരു അവധി ദിവസം.
ഒരു വ്യക്തി ചെയിത കുറ്റത്തിന്ന് അയാളുടെ മാതാപിതാക്കളെയും മക്കളെയും ശിക്ഷിക്കുന്ന കാടൻ രീതിയാണ് ഉത്തര കൊറിയ ഇന്നും പിൻപറ്റുന്നത്. ശിക്ഷിക്കപ്പെടുന്നവരുടെ മൊത്തം കുടുംബത്തെ അതോടെ വേരോടെ കളയാനാണ് സർക്കാർ ശ്രമിക്കുന്നത്. അത് കൊണ്ട് തന്നെ ഇത്തരം ജയിലുകളിൽ ഓരോ വർഷവും 1500-2000 പുതിയ തടവു പുള്ളികൾ എത്തിച്ചേരാറുണ്ടെന്ന് ഗാർഡ് സാക്ഷ്യപെടുത്തുന്നു.
ദിവസവും രണ്ട് നേരമാണ് ഇവർക്ക് ഭക്ഷണം നൽകപ്പെടുന്നത്. അതും വർഷം മുഴുവനും ഒറ്റ ഭക്ഷണക്രമം. 180 ഗ്രാം വേവിച്ച ചോളം രണ്ട് നേരത്തിൽ നൽകുന്നു. പച്ചക്കറിയോ മാംസമോ മാസത്തിൽ ഒരിക്കൽ പോലുമില്ല. ആ തുറന്ന ജയിൽ പ്രദേശത്ത് നിന്ന് സ്വയം വേട്ടയാടി പിടിക്കുന്ന പാമ്പ്, തവള, എലിയൊക്കെയാണ് ഇവർക്ക് വല്ലപ്പോഴും കിട്ടുന്ന മാംസഭക്ഷണം. അത് തന്നെ ഗാർഡുകൾ കണ്ടുപിടിച്ചാൽ ക്രൂരമായ ശിക്ഷാനടപടികൾ വേറെയും. ജയിലിൽ എത്തപ്പെട്ട തടവുകാർ ഇരുപത് വർഷത്തിലേക്ക് കടക്കാറില്ല, അതിന്ന് മുമ്പ് മരണത്തിന്ന് കീഴടങ്ങി കഴിഞ്ഞിരിക്കും.
ആറു വയസ്സായ കുട്ടികളും ജോലി ചെയ്യാൻ നിർബന്ധിതരാണ്. പച്ചക്കറി, ചോളം, അരി തുടങ്ങിയ കൄഷിയിടങ്ങളിലാൺ കുഞ്ഞ് തടവുകാരെ കൊണ്ട് ജോലിയെടുപ്പിക്കുക. 90 ഗ്രാം ചോളം രണ്ട് നേരം മാത്രമാൺ കുട്ടികൾക്കുള്ള ഭക്ഷണം. മലിസമായ ചുറ്റുപ്പാടിൽ പഴകിയ കെട്ടിടത്തിൽ ഒന്നിന്ന് മേലെ മൂന്ന് കട്ടിൽ പോലെ ഒറ്റ മുറിയിൽ പോലും നൂറോളം തടവുകാരെ ഒന്നിപ്പിച്ച് താമസിപ്പിക്കുമല്ലോ.
ഒരു അടിമയുടെ വില പോലുമില്ലാത്ത പാവം തടവുകാരുടെ അവസ്ഥ വീണ്ടും ഗാർഡ് വിവരിക്കുന്നത് ഇങ്ങനെ. ജയിലിലെ ഉയർന്ന ഉദ്യോഗസ്ഥന്ന് തോന്നുന്നത് പോലെയാൺ അവിടെ പ്രവർത്തിക്കാർ. ഒരിക്കൽ ഒരു തടവുപുള്ളി രക്ഷപ്പെടാൻ ശ്രമിച്ച കുറ്റത്തിന്ന് അയാളുടെ കുടുംബത്തിലെ എല്ലാവരെയും ഒന്നടങ്കം വെടിവെച്ച് കൊന്ന സംഭവും ഇവിടെയുണ്ടായിട്ടുണ്ട്. കുറച്ച് ഭക്ഷണം കൊടുത്ത് മൈനുകളിലും മറ്റുമുള്ള കഠിനജോലികൾ ചെയ്യിപ്പിക്കുന്നത് കൂടാതെ ചെറിയ ചെറിയ തെറ്റുകൾക്ക് വളരെ ക്രൂരമായ പ്രാകൃത ശിക്ഷാ നടപടികളും തടവുകാർ നേരിടേണ്ടി വരാറുണ്ട്. മൂക്കറ്റം വെള്ളത്തിൽ കാലിലെ പെരുവിരലിൽ നിന്നാൽ മാത്രം മുങ്ങാതിരിക്കുന്ന അവസ്ഥയിൽ 24 മണിക്കൂർ നിർത്തി ശിക്ഷിക്കാറുണ്ട്. അത് പോലെ, തലകീഴായി കെട്ടിത്തൂക്കി മാരകമായി ചാട്ടകൊണ്ട് അടിക്കാറുള്ള ശിക്ഷയും സാധാരണയാണ്.
മനുഷ്യവകാശ സംഘടനകൾക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഉത്തര കൊറിയയിലേത്. ഏകാധിപത്യ ഭരണത്തിൽ അധികാരികൾ മനുഷ്യരും പ്രജകൾ വെറും ജീവനുള്ള അടിമ മൃഗങ്ങളും.