ചൈനയിലെ പ്രശസ്തമായ കാന്റൺ ഫെയർ സന്ദർശനങ്ങൾക്കു ശേഷം ഞങ്ങൾ പുറത്തെ ഷോപ്പിംഗിനായി പുറത്തേക്കിറങ്ങി. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും മെട്രോ ട്രെയിനിൽ കയറിയാണ് ഷോപ്പിംഗ് ഏരിയയിൽ എത്തിയത്. നമ്മുടെ നാട്ടിലെ മെട്രോ സ്റ്റേഷനുകളിൽ കാണുന്നതുപോലെ സെക്യൂരിറ്റി ചെക്കിംഗുകളൊക്കെ അവിടെയും ഉണ്ട്.
കൊച്ചി മെട്രോയിൽ പേപ്പർ ടിക്കറ്റുകൾ ആണെങ്കിൽ ചൈനയിൽ വൃത്താകൃതിയിലുള്ള ടോക്കണുകൾ ആണ്. ബെംഗളൂരു മെട്രോയിലും ഇത്തരത്തിൽ ടോക്കൺ സമ്പ്രദായമാണ്. ഞങ്ങൾ കിയോസ്ക്ക് വഴി സ്വന്തമായി ടോക്കണുകൾ എടുത്തുകൊണ്ട് ഞങ്ങൾ പ്ലാറ്റ്ഫോമിൽ എത്തിച്ചേർന്നു.
സാധാരണ കൊച്ചി മെട്രോയിലൊക്കെ പ്ലാറ്റ്ഫോമുകളിലെ മഞ്ഞവര യാത്രക്കാർ മുറിച്ചു കടക്കുവാതിരിക്കുവാനായി സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരിക്കും. എന്നാൽ ചൈനയിൽ പ്ലാറ്റ്ഫോമിനും റെയിലിനും ഇടയിലായി ചില്ല് കൊണ്ടുള്ള മറയാണ്. ട്രെയിൻ സ്റ്റേഷനിൽ വന്നു നിന്നു കഴിഞ്ഞാൽ ഈ ചില്ല് ഭിത്തിയിലെ വാതിലുകൾ തുറക്കും. ആളുകൾ ഇറങ്ങിക്കയറി കഴിയുമ്പോൾ ഈ വാതിലുകൾ വീണ്ടും അടയും. അപകടങ്ങൾ ഒഴിവാക്കുകയും ചെയ്യാം സെക്യൂരിറ്റിക്കാർക്ക് കൊടുക്കുന്ന ശമ്പളവും ലാഭിക്കാം.
അങ്ങനെ മെട്രോ യാത്രയ്ക്കു ശേഷം ഞങ്ങൾ ഷോപ്പിംഗ് ഏരിയയിൽ എത്തിച്ചേർന്നു. ലോകത്തുള്ള എല്ലാ പ്രധാനപ്പെട്ട ബ്രാൻഡുകളുടെയും കോപ്പി (കൺസപ്റ്റ്) ഇവിടെ ലഭിക്കും. കോപ്പി എന്ന് പറയുമെങ്കിലും ഒറിജിനലിനോട് കിടപിടിക്കുന്ന തരത്തിലുള്ള ഉൽപ്പന്നങ്ങളാണ് അവിടത്തെ ചൈനീസ് മാർക്കറ്റുകളിൽ ലഭിക്കുന്നത്. ലോകത്തിലെ എല്ലാ ബ്രാൻഡുകളുടെയും വാച്ച്, ബാഗ്, വസ്ത്രങ്ങൾ എന്നിവയുടെ ഫസ്റ്റ് കോപ്പി ലഭിക്കുന്ന ചൈനയിലെ Guangzhou നഗരത്തിലെ ഒരു സ്ഥലമാണിത്. 300 രൂപയ്ക്ക് ബ്രാൻഡഡ് ബാഗുകൾ മുതൽ 2000 രൂപക്ക് റോളക്സ് വാച്ച് വരെ ഇവിടെ ലഭിക്കും. എല്ലാം കണ്ടാൽ ഒറിജിനലിനെ വെല്ലുന്ന സാധനങ്ങൾ.
ഞങ്ങൾ ആദ്യം പോയത് വാച്ചുകളുടെ കമനീയ ശേഖരമുള്ള ഒരു മാർക്കറ്റിലേക്ക് ആയിരുന്നു. ഒരു വലിയ ഏരിയ മൊത്തം വാച്ചു വില്പനക്കാരാണ്. വിപണിയിൽ ലക്ഷക്കണക്കിനു രൂപ വരുന്ന വാച്ചുകൾ ഇവിടെ ചൈനീസ് മാർക്കറ്റിൽ നിസ്സാര തുകയ്ക്ക് ലഭിക്കും. അതുകൊണ്ട് വാച്ചുകൾ വാങ്ങുവാൻ ആളുകളുടെ തിരക്കായിരിക്കും എപ്പോഴും. വാച്ചുകൾ മാത്രമാണ് നമുക്ക് അവിടെ നിന്നും വാങ്ങുവാൻ സാധിക്കുന്നത്. അതിന്റെ ബോക്സും യൂസർ മാന്വലും ഒക്കെ വേറെ വാങ്ങണം. അതിനായുള്ള കടകളും അവിടെയുണ്ട്.
വാച്ചുകൾക്കു പുറമെ ബാഗുകളും വിൽക്കുന്ന ഏരിയകളുണ്ട് അവിടെ. അവിടെയും സെയിം അവസ്ഥ തന്നെ. എല്ലായിടത്തും കച്ചവടം ഉഷാറായിത്തന്നെ നടക്കുന്നുണ്ട്. കച്ചവടത്തിനിടയിൽ ഭാഷകൾ ഒരു പ്രശ്നമേയല്ല. ആംഗ്യഭാഷയിലൂടെ കച്ചവടം ഉറപ്പിക്കുന്നവരും ഉണ്ട്. പിന്നെയൊരു കാര്യം, നമ്മുടെ നാട്ടിലെപ്പോലെ തന്നെ ചൈനയിലും നന്നായി വില പേശിയതിനു ശേഷം മാത്രം കച്ചവടം ഉറപ്പിക്കുക. എത്ര വില പേശുന്നുവോ അത്രയും കുറച്ചു കിട്ടും.
ചൈനയിലെ കോപ്പി മാർക്കറ്റുകളിൽ കറങ്ങിയടിച്ചു നടന്നു, ചിലതൊക്കെ വിലപേശി വാങ്ങി ഞങ്ങൾ അന്നത്തെ കറക്കം അവസാനിപ്പിച്ച് ഭക്ഷണം കഴിക്കുവാനായി റെസ്റ്റോറന്റിലേക്ക് നീങ്ങി. ചൈനാ യാത്രയെക്കുറിച്ച് കൂടുതൽ അറിയാൻ: +91 7594022166.