കൂടൂമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. വാക്കുകളുടെ പൊരുൾ അന്വർതഥമാക്കി ഒരു കുടുംബത്തിന്റ ഒത്തൊരുമയോടെയുള്ള അദ്ധ്വാനമാണ് തുറവൂരിലെ ഇൗ ഹോട്ടൽ. .പേര് എന്തെന്ന് എടുത്തു ചോദിച്ചാൽ കൃത്യമായി പേരില്ല. രുചിയറിഞ്ഞ ഭക്ഷണപ്രേമികൾ ഹോട്ടലിനു പേരിട്ടു ‘ദാമോദര ഹോട്ടൽ’. രുചിയുടെ കാര്യത്തിൽ ആലപ്പുഴ തുറവൂരിലെ പേരുകേട്ട ഹോട്ടലാണ് ദാമോദര.
ദാമോദറിന്റ രുചി തേടിയെത്തുന്നവർ ഭൂരിഭാഗവും അന്യദേശക്കാരാണ്. വർഷങ്ങൾക്ക് മുമ്പ് ‘ദാമോദരൻ ചേട്ടൻ തുടങ്ങിയ ചെറിയ ചായക്കടയിലെ പലഹാരങ്ങളുടെ സ്വാദും കൈപുണ്യവുമാണ് ഇന്ന് രുചിക്ക് പേരുകേട്ട ഹോട്ടൽ വരെ എത്തിച്ചത്. ദാമോദര ഹോട്ടലിന്റ രുചി അറിയാത്തവർ ചുരുക്കമാണ്. അടുത്താണ് ഹോട്ടലിനു മുൻപിൽ ക്യത്യമായി പേരു ചേർത്ത ബോർഡായത്. എങ്കിലും ദാമോദര ഹോട്ടലിലെ പെരുമയും രുചിയും കേട്ടറിഞ്ഞ് എത്തുന്നവരാണ് മിക്കവരും..
കൊതിയൂറും നാടൻ പലഹാരങ്ങളാണ് രാവിലെ വിളമ്പുക. അപ്പം, ഇടിയപ്പം, പുട്ട്, ദോശ ഇതിനൊപ്പം നല്ല ചമ്മന്തിയും മുട്ടക്കറിയും ചെറുപയർകറിയും ഉണ്ടാവും. നാൽപതു രൂപയ്ക്ക് അഞ്ചെട്ട് കൂട്ടം കറിയും കൂട്ടി സ്വാദൂറും ഭക്ഷണം എവിടെ കിട്ടുമെന്ന് ചോദിച്ചാൽ തുറവൂര്ക്കാരുള്പ്പടെ ഉത്തരം പറയും ‘ദാമോദര ഹോട്ടൽ’ എന്ന്. വൃത്തിയായി പാകം ചെയ്തെടുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണം.
നേരം 12.30 കഴിഞ്ഞാൽ ഉച്ച ഉൗണു വിളമ്പുന്ന തിരക്കിലാണ് ‘ദാമോദര ഹോട്ടൽ. ഉൗണിനാണ് ആവശ്യക്കാർ കൂടുതൽ. വിഭവങ്ങൾ എല്ലാം തന്നെ വിറക് അടുപ്പിൽ പാകം ചെയ്യുന്നതിനാൽ സ്വാദേറും.
സിലോപ്പിയ ഫ്രൈ ആണ് ‘ദാമോദര ഹോട്ടലിലെ സ്പെഷ്യൽ. കരിമീനിനോട് സാദ്യശ്യമുള്ള മീനാണ് സിലോപ്പിയ. കൂടാതെ അയല, മത്തി , കണമ്പ്, , ബീഫ്..എന്നിങ്ങനെ നീണ്ടനിരയുണ്ട്. ദാമോദറിലെ രുചികരമായ ഇറച്ചി കറിയ്ക്കും കുടംപുളിയിട്ട തേങ്ങയരച്ച മീന്‍ കറിയ്ക്കും എന്തിനെറെ പറയണം മീൻ വറുത്തിന് വരെ ഒരു പ്രത്യേക സ്വാദാണ്. മസാലകൂട്ടുകള്‍ ഉൾപ്പടെ മുളക്, മല്ലി തുടങ്ങിയ ചേരുവകളെല്ലാം തന്നെ സ്വന്തമായി വറത്തു പൊടിച്ചെടുക്കുന്ന രീതീയാണ് ദാമോദര ഹോട്ടലിന്റ രൂചിക്കൂട്ടിന്റ രഹസ്യം.
ഹോട്ടലിന്റെ രുചിക്കൂട്ടുകള്‍ക്കു പുറമെ പഴയചിട്ടവട്ടങ്ങൾക്കും യാതൊരു മാറ്റവും വരുത്തിട്ടില്ല. തൂശന് ഇലയില്‍ തുമ്പപൂ നിറമുള്ള ചോറും വെളിച്ചെണ്ണയിൽ തയാറാക്കിയ അവിയലും സാമ്പാറിനുമെല്ലാം കൊതിയൂറും രുചിയെന്ന് പറയാതെ വയ്യ. ആരെയും നിരാശപ്പെടുത്താതെ വരുന്നവർക്കെല്ലാം നല്ല രീതിയിൽ ഭക്ഷണം വിളമ്പും. ദാമോദറിന്റ അടുക്കളയ്ക്ക് വിശ്രമമില്ല. ഉൗണിന്റ വിഭവങ്ങള്‍ തയാറാക്കികഴിഞ്ഞൽ അടുത്തത് ചായയും കടിയും ഉണ്ടാക്കുന്ന ധൃതിയിലാണ്.
കൂട്ടായ്മയോടെ നടത്തിവരുന്നതിനാൽ ആർക്കും ഒന്നിനോടും പരാതിയും പരിഭവവുമില്ല. ഭക്ഷണത്തിന് സ്വാദൂറണം എന്ന ചിന്ത മാത്രമാണ്. നാലുമണി പലഹാരത്തിന്റ രുചിയിലും ഒട്ടും പിന്നില്ല. ദാമോദര ഹോട്ടലിലെ ചൂടുചായയും പരിപ്പുവടയും ഇലയടയും പഴംപൊരിയുമൊക്കെ സൂപ്പർ ഹിറ്റാണ്.
എങ്ങനെ എത്താം : ആലപ്പുഴ തുറവൂർ മഹാക്ഷേത്രം ജംഗ്ഷനിൽ നിന്നും 1/2 കിലോ മീറ്റർ തെക്ക്ഭാഗത്തേയ്ക്ക് യാത്ര ചെയ്താൽ ദാമോദര ഹോട്ടലിൽ എത്തിചേരാം.
© Manorama Online