വിവരണം – പർവേസ് ഇലാഹി. ( പാർട്ട് ഒന്ന് വായിക്കുവാൻ – CLICK HERE).
വാക്ക്, അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സത്യവും, നുണയും. കൊടുത്ത വാക്കു പാലിക്കാൻ ജീവിതത്തിൽ പലപ്പോഴും നമ്മൾ പരാചിതരായിട്ടുണ്ടാവും, അത് പാലിക്കാൻ അവസാന നിമിഷം വരെ പൊരുതിയിട്ടുമുണ്ടാവും.
ഈ യാത്രയും ഒരു പൊരുതലായിരുന്നു, ഒരു വർഷം മുൻപ് ഒരു യഥാർത്ഥ സഞ്ചാരിക്ക് നൽകിയ വാക്കു പാലിക്കാൻ നടത്തിയ ഒരു യാത്ര.
ഇന്ന് ഇതെഴുതുമ്പോൾ ജീവിതത്തിലേ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൂടെ കടന്നു പോവുകയാണ് ഞാൻ.
ഇന്ന് എന്റെ യാത്രയുടെ ഇരുപത്തി അഞ്ചാം ദിവസമാണ്, കേരളത്തിൽ നിന്നും തുടങ്ങി തമിഴ് നാടും, ആന്ദ്രയും, ഒഡീഷയും, വെസ്റ്റ് ബംഗാളും, സിക്കിമും, മേഘാലയയും, ആസ്സാമും, ബിഹാറും, ഉത്തർപ്രദേശും കടന്നു തലസ്ഥാന നഗരിയിൽ കാലുകുത്തുമ്പോൾ ഏകദേശം 380 കിലോമീറ്ററുകളോളം വിവിധ സംസ്ഥാങ്ങളിലൂടെ ഞാൻ നടന്നു കഴിഞ്ഞിരുന്നു. നടന്നും, ഓടിയും, അറിയാത്ത ഇടങ്ങളിൽ അന്തി ഉറങ്ങിയും, കിട്ടുന്നതെന്തും കഴിച്ചും, ബസ്സിലും, ട്രെയിനിലും, കിട്ടുന്ന എല്ലാ വണ്ടികളിലുമായി യാത്ര ചെയ്തു 25 ദിനം എന്റെ ഭാരത മണ്ണിൽ ഞാൻ ഒരു പറവയേ പോലെ പറക്കുമ്പോഴും മനസ്സിൽ ആ സഞ്ചാരിയുടെ മുഖമായിരുന്നു. 3 വർഷം കൊണ്ട് 9000 കിലോമീറ്ററുകളോളം നടന്നു ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞു അങ്ങു ഉത്തര ഇന്ത്യയിൽ നിന്നും ഒരു സുപ്രഭാതത്തിൽ എന്റെ വീട്ടു പടിക്കൽ തലശ്ശേരി ബിരിയാണി കഴിക്കാൻ എത്തിയ രവീന്ദർ ജിയുടെ മുഖം.
ജൂലൈ 10നു തലശ്ശേരിയിൽ നിന്നും യാത്ര തിരിക്കുമ്പോൾ രവീന്ദർ ജി ക്കു ഒരു സന്ദേശമയച്ചു. എന്റെ യാത്ര തുടങ്ങുകയാണ്, നിങ്ങൾ എന്നെ തേടി വന്നത് പോലെ ഒരു സായാഹ്നത്തിൽ നിങ്ങൾക്ക് എന്നെ പ്രതീക്ഷിക്കാം..
എന്നും സ്വാഗതം ഇലാഹി എന്നായിരുന്നു മറുപടി ഒപ്പം ഇത്തിരി നർമ്മം കലർത്തി ബിരിയാണി എടുക്കാൻ മറക്കണ്ട എന്നും പറഞ്ഞു ഒരു ചിരിയായിരുന്നു. കാത്തിരിപ്പിന്റെ ദിനങ്ങൾ തുടങ്ങി… !!
ഓരോ ഇടങ്ങളിൽ എത്തുമ്പോഴും ബാഗിന്റെ കെട്ടഴിച്ചു ഫ്രെയിം ചെയ്ത ഫോട്ടോയും, രവീന്ദ്ര സിംഗ് എന്ന് കൊത്തി എഴുതി ഉണ്ടാക്കിയ കീ ചെയിനും പുറത്തെടുത്തു ഇങ്ങനെ നോക്കും, ചെറുതായി തലോടി വീണ്ടും ബാഗിലേക്ക് വെക്കുമ്പോൾ രവീന്ദ്ര ജിയേ കണ്ടു മുട്ടുന്ന ആ നിമിഷം മനസ്സിൽ കാണും,ചെറുതായി ഒന്നു ചിരിക്കും,
വീണ്ടും അടുത്ത ഇടം തേടി നടക്കും.!! ധനുഷ്കോടിയുടെ കൊടും ചൂടിലും, പുരിയുടെ ഭക്തി സാന്ദ്രതയിലും, കൊൽക്കത്തയുടെ നഗര വീഥികളിലും, സിലിഗുരിയുടെ തണുപ്പിലും, ഡാർജീലിങ്ങിന്റെ കോടയിലും, മേഘാലയയുടെ വനാന്തരങ്ങളിലും …. എന്നിങ്ങനെ ഞാൻ പോയ എല്ലാ ഇടങ്ങളിലും എന്റെ ചുമലിൽ ആ ഫോട്ടോ ഫ്രെയിമും, കീചെയിനും എന്റെ സ്വപ്ങ്ങൾക്കൊപ്പം പേറി നടന്നു. ദിനങ്ങൾ എണ്ണി, യാത്രയിൽ ഞാൻ സ്വയം മറന്നു.!
ഉത്തർ പ്രദേശിൽ നിന്നും ഡല്ഹിയിലേക്കുള്ള സമ്പർക്കകാന്തി എക്സ്പ്രസ്സിൽ കയറുമ്പോൾ, വീണ്ടും ഒരു സന്ദേശം കൂടി രവീന്ദ്ര ജിക്കു അയച്ചു ‘സമയം അടുത്തു കഴിഞ്ഞു’.. !! മറുപടി ഇങ്ങനെയായിരുന്നു “വീട്ടിലേക്ക് കയറിവരാൻ സമയം നോക്കുന്നതെന്തിനാണ്, ഏത് സമയവും കയറി വരാലോ” !! ഒടുവിൽ പാതിരായ്ക്ക് ന്യൂ ഡൽഹി സ്റ്റേഷനിൽ വണ്ടി ഇറങ്ങി. ഡൽഹി നഗരം അപ്പോഴും ഉറങ്ങിയിട്ടില്ല. എന്റെ വരവ് കാത്തു വീട്ടിൽ ഉറങ്ങാതെ ഇരിക്കുന്ന ഉമ്മയുടെ മുഖമാണ് ആദ്യം ഓർത്തതും. നേരെ സ്റ്റേഷനടുത്തുള്ള സുഹൃത്തിന്റെ മുറിയിൽ ആ രാത്രി ചിലവഴിച്ചു.
പക്ഷേ പ്രതീക്ഷകൾ താളം തെറ്റി, രവീന്ദ്ര ജി ജോലി ചെയ്യുന്ന സ്ഥാപനവുമായി ബന്ധപെട്ടു ഒരു മീറ്റിംഗിനായി ചണ്ഡീഗഢ്ലേക്ക് പോവുകയാണ്. ഉടൻ തിരിച്ചു വരുമെന്ന് പറഞ്ഞു ഒരു സന്ദേശം തേടിയെത്തി. വീണ്ടും കാത്തിരിപ്പ്….!!
പിറ്റേന്ന് നേരെ സുഹൃത്തു സോബിയുടെ വീട്ടിലേക്ക് പോയി, ഒരു രാത്രി അവിടെ ചിലവഴിച്ചു. രവീന്ദ്ര ജിയുടെ സന്ദേശത്തിനായി കാത്തിരുന്നു. ഒടുവിൽ ഉച്ചയ്ക്ക് ഒരു സന്ദേശമെത്തി ”ഓയെ ഇലാഹി, ആജ് ശ്യാം കോ മിലേൻ, കം ടു ചാന്ദിനി ചൗക്ക്” പിന്നീട് ഒരോട്ടമായിരുന്നു. കുതിക്കുന്ന ഡൽഹി നഗരത്തിനൊപ്പം ഞാനും. ഒടുവിൽ വൈകുന്നേരം 5 മണിക്ക് നിറഞ്ഞൊഴുകുന്ന ചാന്ദിനി ചൗക്കിന്റെ മധ്യത്തിൽ നിൽക്കുമ്പോൾ, എന്തോ വല്ലാത്ത നിർവൃതിയായിരുന്നു, പാലിക്കപ്പെടാൻ പോവുന്ന വാക്കിന്റെ മധുരം നുണയും പോലെ, ഒരുപാടു നടന്നതിന്റെ കിതപ്പുണ്ട്, ഒപ്പം ആകാംഷയും.
വീണ്ടും സന്ദേശം നേരെ ഗുരുദ്വാർ ബംഗ്ലയുടെ ഗേറ്റിന്റെ മുൻ വശം എത്താൻ പറഞ്ഞു. വീണ്ടും നടത്തം, പുരാതന ഇന്ത്യയുടെ ആത്മാവ് അലയുന്ന ആ തെരുവ് വീഥികളിലൂടെ വീണ്ടും ഓടി, എങ്ങും ശബ്ദമാണ്, വിവിധ പലഹാരങ്ങളുടെ മണമാണ് ചൗക്കിനു… !! ഒടുവിൽ ഗുരുദ്വാർ ബംഗ്ലയുടെ മുന്നിൽ എത്തിയപ്പോൾ നൂറു കണക്കിന് സിക്ക് വിശ്വാസികൾ ഒഴുക്കുന്നു, പല വർണ്ണങ്ങളിലുള്ള തലപ്പാവ്, നീളൻ താടി, എല്ലാവരും ഒരേ പോലെ, ഈ കൂട്ടത്തിൽ എങ്ങനെ കണ്ടു പിടിക്കും ഞാൻ.
അപ്പോഴാണ് വീണ്ടും ഒരു സന്ദേശം “നിന്നെ ഞാൻ കാണുന്നുണ്ട്, നീ മെലിഞ്ഞു പോയല്ലോ ഹഹഹ” നിന്ന് തമാശ കളിക്കാതെ പുറത്തു വരാൻ പറഞ്ഞു, പക്ഷേ ഏകദേശം 10 മിനുട്ടോളം ആ ജനസാഗരത്തിനിടയിൽ എന്നെ ഇട്ടു വട്ടം കളിപിച്ചു, ആട്ടിൻ കൂട്ടം പോലെ വരിയായ് നീങ്ങുന്ന ആളുകൾക്കിടയിൽ ലക്ഷ്യം തെറ്റിയ കുഞ്ഞാട് പോലെ ഞാൻ നിന്ന് കറങ്ങി, പെട്ടെന്ന് !! പിന്നിൽ നിന്നും അരോ മുറുകെ പിടിച്ചു, ഒരു ചിരിയായിരുന്നു,… അതേ… രവീന്ദ്ര സിംഗ് !!
കെട്ടിപിടിച്ചു കൊണ്ട് വീണ്ടും ചിരി…. ആ നഗര മധ്യത്തിൽ, ഗുരുദ്വാർ ബംഗ്ലയുടെ പ്രവേശന കവാടത്തിൽ, ചാന്ദിനി ചൗകിനെ സാക്ഷിയാക്കി, ഒഴുകുന്ന ജനത്തെ സാക്ഷിയാക്കി ഒടുവിൽ ഞങ്ങൾ വീണ്ടും കണ്ടു മുട്ടി, ഒരു വർഷത്തിന് ശേഷം….
സൂര്യൻ അസ്തമിക്കും മുന്നേ, ഒരിടം വരെ എത്തണം എന്ന് പറഞ്ഞു കൈയും പിടിച്ചു ഒരോട്ടമായിരുന്നു. എങ്ങോട്ടേക്കാണെന്ന് ഒരു പിടിയുമില്ല. വീണ്ടും നടത്തം, 3 കിലോമീറ്ററോളം നടന്നു സ്പൈസ് മാർക്കറ്റിന്റെ ബഹളങ്ങൾ താണ്ടി ഒരു പഴയ കെട്ടിടത്തിന്റെ മുകളിലേക്ക് എന്നേയും കൂട്ടി കയറി. എവിടെയും ഇരുട്ട്. പഴയ ഏണി പടികൾ, കൊത്തു പണികൾ ചെയ്ത ജനാലകൾ, എവിടെ നിന്നോ വെളിച്ചം വരുന്നുണ്ട്, ഏണി പടി കയറി മുകളിൽ എത്തിയപ്പോൾ വെളിച്ചം അടുത്തു കൊണ്ടേ ഇരുന്നു. മുന്നിൽ ഒരു കതക്, അത് തുറന്നപ്പോൾ ഞാൻ കണ്ടത്, എന്റെ മുന്നിൽ പരന്നു കിടക്കുന്ന, നക്ഷത്ര കണ്ണുകളുള്ള, മരിക്കാത്ത ഡൽഹിയുടെ നേർ കാഴ്ചയായിരുന്നു, ഏറ്റവും ഉയരത്തിലാണ് ഞങ്ങളിപ്പോൾ. മുന്നിൽ ചാന്ദിനി ചൗക്കും. വിദൂരതയിൽ ചെങ്കല്ലുകൾ തലയെടുത്തു നിൽക്കുന്ന ലാൽ ഖിലാ, ചരിത്രം വിളിച്ചോതുന്ന ജമാ മസ്ജിദിന്റെ മിനാരം, സ്വർണം പൂശിയ ഗുരുദ്വാർ ബംഗ്ലയുടെ മകുടം, ലാൽ മന്ദിരിൽ നിന്നും കാറ്റിൽ പറക്കുന്ന കോടികൾ, മുന്നിൽ ഉറുമ്പിൻ കൂട്ടം പോലെ ഇഴഞ്ഞു നീങ്ങുന്ന മനുഷ്യർ എല്ലാത്തിലും മുകളിൽ ഞങ്ങൾ…
ബാഗ് താഴെ ഇറക്കി പത്ര താളിൽ പൊതിഞ്ഞ ആ പൊതി പുറത്തെടുത്തു, കൈയ്യിൽ വച്ചു കൊടുത്തപ്പോൾ ദൂരെ ജമാ മസ്ജിദിൽ നിന്നും മഗ്രിബ് ബാങ് വിളിക്കുന്നത് കേൾക്കാമായിരുന്നു, താളുകൾ മെല്ലേ നീക്കി, ഉള്ളിൽ നിന്നും കീ ചെയിൻ ഇട്ടു വച്ച പെട്ടിയും, ഫോട്ടോ ഫ്രെയിമും പുറത്തെടുത്തപ്പോൾ എങ്ങും പ്രകാശം പരക്കും പോലെ ആ മുഖത്തു ഞാൻ നിറഞ്ഞ ചിരി കണ്ടു, ആ ചിരിയുടെ പ്രകാശം എന്നേയും തുളച്ചു കടന്നു, ആ നഗരമൊന്നാക്കെ പരന്നു…. !! അപ്പോൾ പതിഞ്ഞ സ്വരത്തിൽ കണ്ണുകളിറുക്കി ഇലാഹി എന്നു വിളിച്ചു രവീന്ദ്ര ജി കെട്ടിപിടിച്ചു.
പൊളിഞ്ഞ ഒരു മതിൽ കയറി ഇരുന്നു ഡൽഹി നഗരത്തെ നോക്കി ഇങ്ങനെ ഇരിക്കുമ്പോൾ ആ ഫോട്ടോ ഫ്രെമിൽ എഴുതിയ ഇബ്നു ബത്തൂത്തയുടെ വാചകം രവീന്ദ്ര ജി വായിച്ചു “Travelling- it leaves you speechless thrn turns you into a story teller.”
വിദൂരത്തിൽ ഒരു പ്രകാശം തെളിഞ്ഞതു പോലെ, യാ ഇലാഹീ….