വിവരണം – Akesh Cheruvathery.
ഇടുക്കി യാത്ര കഴിഞ്ഞ് വരുമ്പോൾ മനസിലുറപ്പിച്ചതാണ് അടുത്തത് മൂന്നാർ. പക്ഷെ, അതിനിടക്കാണ് യാദൃശ്ചികമായി ധനുഷ്ക്കോടിയെപറ്റി കേൾക്കുന്നത്. കേട്ടറിഞ്ഞതെല്ലാം ആകാംഷയുളവാകുന്ന കാര്യങ്ങൾ. കൂടുതൽ അറിയുംതോറും എന്റെ മനസ്സ് അവിടേക്ക് യാത്ര തിരിക്കുകയായിരുന്നു. പിന്നീട് ഊണിലും ഉറക്കത്തിലും ധനുഷ്കോടി മാത്രമായി…
“ധനുഷ്ക്കോടി” ഇന്ത്യയുടെ അങ്ങേയറ്റത്ത് കിടക്കുന്ന പ്രേതനഗരി. 1964-ൽ ഒരു മഞ്ഞുള്ള രാത്രിയിൽ കാറ്റിലും,കടൽഷോബത്തിലുംപ്പെട്ടു ഏതാണ്ട് 1800 പേരോളം മരണമടഞ്ഞു. അതിനുശേഷം മദ്രാസ് ഹൈക്കോടതിയാണ് ധനുഷ്കോടിയെ പ്രേതനഗരി (Ghost Town) ആയി പ്രഖ്യാപിച്ചത്, കാരണം ഈ സ്ഥലം ജനവാസയോഗ്യമല്ലത്രെ….
യാത്രയുടെ ആദ്യം മുതൽക്കേ തന്നെ വെല്ലുവിളികൾ ഏറെയായിരുന്നു. താണ്ടിചെല്ലേണ്ട ദൂരത്തേക്കാൾ എന്നെ തളർത്തിയത് ആളുകളുടെ നിരുത്സാഹപ്പെടുത്തുന്ന വാക്കുകളായിരുന്നു. സീസനല്ല, കുറെ ദൂരമുണ്ട്, അമ്മയുടെ ആരോഗ്യം, ഒറ്റയ്ക്കുള്ള യാത്ര, നീ നടക്കണ വല്ല കാര്യം പറ, ഇവിടെ അടുത്ത് എങ്ങാനും പോയാൽ പോരെ…. എന്നൊക്കെയുള്ള മുടന്തൻ ന്യായങ്ങളായിരുന്നു. പക്ഷെ, ആ വാക്കുകളൊന്നുംതന്നെ എന്നെയും എന്റെ അമ്മയെയും തളർത്തിയില്ല. കാരണം, എന്നെ സംബന്ധിച്ചിടത്തോളം യാത്രപോകാൻ ആദ്യം വേണ്ടത് യാത്രകളെ ഇഷ്ടപ്പെടുന്ന ഒരു മനസ്സും തളരാതെ മുന്നേറാൻ കഴിയുമെന്ന ആത്മവിശ്വാസവുമാണ്. അതുകൊണ്ടുതന്നെ നിരുത്സാഹപ്പെടുത്തുന്ന വാക്കുകളെയെല്ലാം വെല്ലുവിളികളായി ഏറ്റെടുത്ത്, മനസിലുറപ്പിച്ചത് പ്രാവർത്തികമാക്കാൻ ഞാൻ തീരുമാനിച്ചു.
അല്ലെങ്കിലും യാത്ര എന്നു വെച്ചാൽ എനിക്കും അമ്മയ്ക്കും അതൊരു ലഹരിതന്നെയായിരുന്നു. ആദ്യമായിട്ടാണ് ഞാനും അമ്മയും ഇത്ര ദൈർഘ്യമേറിയ ഒരു യാത്രയ്ക്ക് പുറപ്പെടുന്നത്. അതുകൊണ്ടുതന്നെ യാത്രയ്ക്കുള്ള ഒരുക്കങ്ങളും മുൻകരുതലുകളും ഏറെയായിരുന്നു. അമ്മയുടെ ഉത്സാഹവും ആകാംഷയും എനിക്ക് കൂടുതൽ പ്രചോദനമായി. ധനുഷ്ക്കോടിയിലേക്ക് പുറപ്പെടാൻ എന്നേക്കാളും ധൃതി അമ്മയ്ക്കാണെന്ന് വരെ തോന്നിപ്പിച്ച ചില നിമിഷങ്ങളുണ്ടായിട്ടുണ്ട്. വളരെ ദൂരം താണ്ടേണ്ടതിനാൽ വണ്ടിയിലും ചെറിയ ചെറിയ മോഡിഫിക്കേഷൻസ് വരുത്തി.
അങ്ങനെ ഞാനും എന്റെ അമ്മയും ആഗ്രഹിച്ച് കാത്തിരുന്ന ആ ദിവസം വന്നെത്തി. രാത്രി പേക്കിങ്ങ് ഒക്കെ കഴിഞ്ഞ് ഉറങ്ങാൻ കിടന്നു. മനസ്സ് നിറയെ നാളത്തെ യാത്രയും,ധനുഷ്ക്കോടി എന്ന പ്രേതനഗരിയെകുറിച്ചുള്ള കേട്ടറിവുകളും തിങ്ങിനിറഞ്ഞ് ഉറങ്ങാനേ കഴിഞ്ഞില്ല. കേട്ടറിഞ്ഞ് മാത്രം പരിചയമുള്ള സ്ഥലങ്ങളൊക്കെ നേരിട്ട് കണ്ടറിയാൻ പോകുന്നു. പെട്ടന്നാണ് ഇത്രനാളും ഇല്ലാത്ത ഒരു ഭയം മനസ്സിൽ കയറികൂടിയത്, “അമ്മ” ഇത്ര ദൂരം അമ്മയ്ക്ക് യാത്ര ചെയ്യാൻ കഴിയുമോ ? അതും Classic ന്റെ പിന്നിൽ ഇരുന്ന്… അങ്ങനെ ഓരോന്ന് ആലോചിച്ച് എപ്പോഴോ ഉറക്കത്തിലേക്ക് വീണു.
എന്നും അലറാം അടിക്കുന്ന ശബ്ദം കേട്ടുണരുന്ന ഞാൻ അന്ന് ഉണർന്നത് ഇടിവെട്ടിന്റെ ശബ്ദം കേട്ടാണ്. നോക്കുമ്പോൾ പുറത്ത് നല്ല മഴയും ഇടിവെട്ടും. അൽപ്പസമയം ആ തണുപ്പ് ഒക്കെ ആസ്വദിച്ച് ധനുഷ്ക്കോടിയിലേക്കുള്ള യാത്രയേയും താലോലിച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടിയെങ്കിലും ആശങ്കകൾ ഉടലെടുക്കൻ തുടങ്ങി. മഴ നിൽക്കുന്ന ലക്ഷണമില്ല. ഇന്നത്തെ യാത്ര മുടങ്ങുമോ എന്ന ചിന്ത മനസ്സിൽ ഉടലെടുത്തോടുക്കൂടി കിടക്കയിൽ നിന്നും ചാടി പിടഞ്ഞ് എഴുന്നേറ്റു. ആകെ ഒരു മരവിച്ച അവസ്ഥ. യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് പോലും വിളിക്കാത്ത ദൈവങ്ങളെ വരെ വിളിച്ചു,വഴിപാടുകൾ നേർന്നു.
3 മണിക്ക് പുറപ്പെടാൻ നിന്നിരുന്ന ഞങ്ങൾക്ക് മഴ കാരണം നിരാശയായിരുന്നു ഫലം. യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചാലോ എന്നുവരെ ചിന്തിച്ചു. ദൈവം ഞങ്ങളുടെ പ്രാർത്ഥന കേട്ടതുകൊണ്ടാണോ എന്നറിയില്ല,4:45 ഒക്കെ ആയപ്പോൾ മഴ മാറി… അപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുമായിരുന്നില്ല. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. വേഗം കുളിച്ച് റെഡിയായി Bag എല്ലാം വണ്ടിയിൽ കയറ്റി യാത്ര തുടങ്ങി..
പോകുന്ന വഴി റോഡൊക്കെ നനഞ്ഞ് കുതിർന്നിരുന്നു. അങ്ങനെ ഓരോ വിശേഷങ്ങൾ ഒക്കെ പറഞ്ഞ് യാത്ര തുടങ്ങി. അടുത്ത Stop പൊള്ളാച്ചിയായിരുന്നു. അവിടെ നിന്നും Breakfast ഒക്കെ കഴിച്ച് യാത്ര തുടർന്നു. പിന്നെ നേരെ വെച്ചുപിടിക്കയായിരുന്നു. ഒട്ടനവധി പരിജയമില്ലാത്ത നാട്ടുവഴികൾക്കും മുഖങ്ങൾക്കും ഇടയിലൂടെ യാത്ര തുടർന്നു. ഓരോ മണിക്കൂറിലും കൃത്യമായ ഇടവേള, അത് ഞാൻ മുൻപേ ഉറപ്പിച്ചതാണ്. അമ്മയുടെ ക്ഷണം Maximum കുറക്കുക. അങ്ങനെ നിറുത്തി നിറുത്തി യാത്ര തുടർന്നു. നേരം ഉച്ചയായി വിശപ്പിന്റെ വിളി തലപ്പൊക്കി തുടങ്ങി. പാപിചെല്ലുന്നിടം പാതാളം എന്നുപറയുന്ന പോലെ,ഞങ്ങൾ വിശന്ന് വലഞ്ഞ് വല്ല hotel ഉണ്ടോ എന്ന് തപ്പി കൊറെ സമയം കടന്നു പോയി. വിശപ്പ് കൂടിയതല്ലാതെ hotel കൾ ഒന്നും തന്നെ കണ്ടെത്താനായില്ല.
പിന്നീട് ഒന്നും ആലോചിക്കാൻ നിന്നില്ല കയ്യിൽ ഉണ്ടായിരുന്ന ഭക്ഷണം എടുത്തു കഴിച്ചു. അങ്ങനെ വീണ്ടും യാത്ര തുടർന്നു. ഇടയ്ക്കെപ്പോഴോ മഴ വീണ്ടും വില്ലനായി. അങ്ങനെ അടുത്തു കണ്ട ഒരു bus stop -ൽ കയറി നിന്നു. ഒരു മുക്കാൽ മണിക്കൂറോളം മഴക്കാരണം അവിടെ ചിലവഴിക്കേണ്ടിവന്നുവെങ്കിലും യാത്ര വീണ്ടും തുടർന്നു. ധനുഷ്ക്കോടിയിൽ ഭയങ്കര ചൂടാണ് എന്നു പലരും പറഞ്ഞു. പക്ഷെ,പറയത്തക്ക ചൂടൊന്നും എനിക്ക് എവിടെയും അനുഭവപ്പെട്ടില്ല.. ചിലപ്പോൾ ഞങ്ങളുടെ ഭാഗ്യമായിരിക്കാം.
അങ്ങനെ വൈകീട്ട് ഒരു 5 മണി കഴിഞ്ഞപ്പോൾ പാമ്പൻ പാലം എത്തി. 2065 മീറ്റർ നീളമുള്ള പാലമാണിത്. ഇരുവശങ്ങളിലും കടൽ. കടലിലൂടെ ഒരു റെയിൽവേപാലം,അവിടെ നിന്നുള്ള കാഴ്ച വർണ്ണനകൾക്കും അപ്പുറമാണ്. അതുകൊണ്ടുതന്നെ കുറച്ചതികം സമയം അവിടെ ചിലവഴിച്ചു. ഏറ്റവും കൂടുതൽ ആവേശം അമ്മയ്ക്കായിരുന്നു. ഓരോ കാഴ്ചകളും എനിക്ക് കാണിച്ച് തരുമ്പോഴും ആ മുഖത്തെ സന്തോഷം അത് ഒരിക്കലും എനിക്ക് വാക്കുകളിൽ ഒതുക്കാൻ കഴിയില്ല. ആ സന്തോഷം മാത്രമാണ് ഞാനെന്നും ആഗ്രഹിച്ചിട്ടുള്ളൂ. ഓരോ കാഴ്ചകളും അമ്മ വളരെ സന്തോഷത്തോടെ എനിക്ക് കാണിച്ചുതരുമ്പോൾ,ബാല്യത്തിലേക്ക് തിരിച്ചുപോയ ഒരു പ്രതീതിയാണ് എനിക്ക് ഉണ്ടായത്. ഫോട്ടോ എടുക്കലും മറ്റുമായി സമയം പോയതറിഞ്ഞില്ല. ഇരുട്ടും മുൻപ് ഹോട്ടലിൽ എത്തണമെന്നുള്ളതുകൊണ്ട് വേഗം രാമേശ്വരം ലക്ഷ്യമാക്കി യാത്ര തുടർന്നു.
അങ്ങനെ ഞങ്ങൾ രാമേശ്വരം എത്തി. ഞങ്ങൾക്കു പറ്റിയ ഒരു നല്ല ഹോട്ടൽ കണ്ടുപിടിച്ചു. ലഗേജൊക്കെ റൂമിൽ ഭദ്രമായി വെച്ചതിനുശേഷം എന്തോ ഒരു അസ്വസ്തത എനിക്കനുഭവപ്പെട്ടു. ഭയങ്കര ക്ഷീണവും തുമ്മലും,ആകെ ഒരു സുഖക്കുറവ്… അപ്പോഴാണ് ഞാൻ അമ്മയെ നോക്കുന്നത് അമ്മയ്ക്ക് ഒരു ക്ഷീണവും ഇല്ല. ഇത്ര ദൂരം വന്നതിന്റെ ഒരു ലക്ഷണവും അമ്മയുടെ മുഖത്ത് കാണാൻ കഴിഞ്ഞില്ല. ആള് Still On , Full ഉഷാർ. ആദ്യം ഞാൻ കരുതിയത് ഇത്ര ദൂരം യാത്ര ചെയ്തതുകൊണ്ടാകും എനിക്ക് ക്ഷീണം എന്നായിരുന്നു. പക്ഷെ ഒരു 7,8 മണിയോടുകൂടിയാണ് അസ്വസ്ഥതയുടെ കാരണം മനസ്സിലായത് “പനി”….രാത്രി മുഴുവൻ നല്ല പനിയായിരുന്നു. എങ്ങനെയോ പോയി Food കഴിച്ചു. അമ്മ കൈയ്യിൽ ഫുൾ കിറ്റ് കരുതിയിട്ടുണ്ടായിരുന്നു. അതിൽ നിന്ന് ഗുളിക എടുത്തു തന്നു. അങ്ങനെ അതു കഴിച്ച് കിടന്നു. എപ്പോഴോ ഉറക്കത്തിൽപ്പെട്ടു,കുറച്ചു കഴിഞ്ഞ് എണീറ്റപ്പോൾ സമയം 1 മണി. അപ്പോഴും അമ്മ ഉറങ്ങാതെ എനിക്ക് കാവൽ ഇരിക്കുകയായിരുന്നു. അല്ലെങ്കിലും ഈ അമ്മമാരുടെ സ്നേഹം അങ്ങനെയാണല്ലോ… ഒരു സ്ഥിരതയുമില്ല… ഓരോ ദിവസം കൂടുംതോറും അത് കൂടി കൂടി വരികയല്ലേ.
എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. രാത്രിയിലെ ഉറക്കം ശരിയാവാത്തതിന്റെ ക്ഷീണം എന്റെയും,അമ്മയുടെയും മുഖത്ത് കാണാമായിരുന്നു. രാമേശ്വരം അമ്പലത്തോട് ചേർന്നായിരുന്നു ഞങ്ങളുടെ റും. അങ്ങനെ കാലത്ത് റൂമിൽ നിന്നിറങ്ങി. രാമേശ്വരം അമ്പലത്തിൽ നിന്ന് 5,7 മിനിറ്റ് നടന്നാൽ അഗ്നിതീർത്ഥം എത്തും. നേരെ അങ്ങോട്ടു പോയി. അവിടെ കുളിച്ച് ബലിയിട്ടു. ശേഷം രാമേശ്വരം അമ്പലത്തിൽപോയി നന്നായി പ്രാർത്ഥിച്ചു. ക്ഷീണത്തിനപ്പുറം ഒരു ശാന്തത കൈവന്നപോലെ തോന്നി. അമ്പലത്തിൽ 22 കിണറുകളുണ്ട്. അതിൽ നിന്നും വെള്ളമെടുത്തു കുളിക്കാം. അങ്ങനെ തിരിച്ച് ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ച് റൂമിൽ മടങ്ങിയെത്തി. എന്തോ,പനിക്കും ക്ഷീണത്തിനും ഒരു അയവ് വന്നിരിക്കുന്നു. അങ്ങനെ അൽപ്പനേരം ഒന്നുമയങ്ങി.
അങ്ങനെ 11 മണി കഴിഞ്ഞപ്പോൾ നേരെ ധനുഷ്ക്കോടിയിലേക്ക് പുറപ്പെട്ടു. ഏകദേശം 23 K.M ഉണ്ട് റൂമിൽനിന്ന് ധനുഷ്ക്കോടിയിലേക്ക്. ധനുഷ്ക്കോടി എത്തികൊണ്ടിരിക്കുന്നു. ഇരുവശവും കടൽ, ഇടയിൽ റോഡ്. ആ വഴിയേയുള്ള യാത്ര ഇപ്പോഴും മനസ്സിൽ നിന്നും മായുന്നില്ല. അത്രയും മനോഹരമായിരുന്നു. എങ്ങും പൊട്ടിപൊളിഞ്ഞു കിടക്കുന്ന പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ. പണ്ട് ജനവാസയോഗ്യമായിരുന്ന ഒരു സ്ഥലമായിരുന്നു അതെന്നു വിശ്വസിക്കാനെ കഴിയില്ല. 1964-ൽ കടൽക്ഷോഭത്തിൽ പൊളിഞ്ഞ പള്ളിയും റോഡിനരികിൽ കാണാം. അത്ഭുതമെന്തെന്നാൽ പള്ളിയുടെ മുൻപിൽ ഒരു കിണറുണ്ട്. ഏതു കാലത്തും അവിടെ വെളളമുണ്ടാകും. മാത്രമല്ല കടൽ വളരെ അടുത്തായിട്ടു പോലും ആ കിണറ്റിലെ വെള്ളത്തിന് ഉപ്പ് രുചി തീരെയില്ല. ദൈവത്തിന്റെ അത്ഭുതങ്ങളിൽ ഒന്ന്,എന്നെ ശെരിക്കും ഞെട്ടിച്ചു.
അങ്ങനെ ധനുഷ്ക്കോടി പോയന്റ് എത്തി,റോഡ് അവസാനിച്ചു. അവിടെ വണ്ടി നിർത്തി കടലിലേക്കിറങ്ങി. പിന്നെ എന്റെ ധാരണ പാടെ തെറ്റിച്ച ഒരു കാര്യമെന്തെന്നാൽ ധനുഷ് ക്കോടിയിൽ ചൂട് കൂടുതലാണെന്നാണ് പൊതുവെ പറഞ്ഞുകേട്ടത്. പക്ഷെ, ചൂടിനെ വെല്ലുന്ന കാറ്റുള്ളതുകൊണ്ടാണോ എന്നറിയില്ല ചൂട് കുറവ് അനുഭവപ്പെട്ടത്. പിന്നെ അവിടുത്തെ പ്രത്യേകതയെന്തെന്നാൽ 2 സമുദ്രങ്ങൾ ഒന്നിച്ചു ചേരുന്ന സ്ഥലമാണിവിടം. (Bay of Bengal and Indian Ocean). ഏകദേശം 20 K.M ഉള്ളൂ ഇവിടുന്ന് നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയിലേക്ക്. തിരിച്ച് വരുന്ന വഴിയിൽ മീൻ വറുത്തതൊക്കെ വിൽക്കുന്നുണ്ടായിരുന്നു. അവിടെ നിന്ന് ഭക്ഷണം കഴിച്ചു.
അവിടെ നിന്നും നേരെ പോയത് Dr.അബ്ദുൾ കലാം-ന്റെ വീട്ടിലേക്കാണ്. അവിടെ ഇപ്പോൾ ഒരു മ്യൂസിയമാണ്. അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളും,അദ്ദേഹത്തിന് ലഭിച്ച ബഹുമതികളും എല്ലാം അവിടെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. പിന്നീട് ഗ്രീരാമചന്ദ്രന്റെ കാൽപ്പാടു പതിഞ്ഞ സ്ഥലമായ “രാമപാദം” കണ്ടു. ഇവയെല്ലാം തന്നെ കാണേണ്ട കാഴ്ചകൾ തന്നെ. അതിനു ശേഷം റൂമിലേക്ക് മടങ്ങി. വരുന്ന വഴി പാമ്പൻ പാലം കണ്ടിരുന്നെങ്കിലും അതിലൂടെ ട്രെയിൻ പോകുന്ന അതി മനോഹരമായ കാഴ്ച കാണാൻ കഴിഞ്ഞില്ല. അപ്പോ അതുക്കൂടെ ഒന്നു കാണണമെന്നു തോന്നി. ഒരു പാട് പറഞ്ഞു കേട്ടിട്ടുണ്ട്. എങ്കിലും ഇവരെ കാണാൻ സാധിച്ചിട്ടില്ല. ഇതുവരെ വന്നിട്ട് അത് കൂടി കാണാതെ പോകുന്നത് ശരിയല്ലല്ലോ….പിന്നെ ഒന്നും ചിന്തിച്ച് സമയം കളയാതെ വണ്ടിയെടുത്തിറങ്ങി.
പാമ്പൻ പാലം ലക്ഷ്യമാക്കിയാണിറങ്ങിയതെങ്കിലും ഇടയിൽ Dr.അബ്ദുൾ കലാമിന്റെ സമാധി കൂടെ കണ്ടു. പിന്നെ നേരെ പാമ്പൻ പാലം വെച്ചുപിടിച്ചു. അവിടെ ഒരു Side -ൽ വണ്ടി വെച്ച് നേരെ പാലത്തിലൂടെ നടന്നു. കുറെ നേരം അവിടെ ആ പാലത്തിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കടലിനു മുകളിൽ കാറ്റിനോട് മല്ലടിച്ച് പറക്കുന്ന പരുന്തിൻ കൂട്ടവും എല്ലാം ആസ്വദിച്ചു നിന്നു. സൂര്യന്റെ നിറം മാറിയിരിക്കുന്നു. ചുവന്ന സൂര്യനും പാലത്തിന്റെ മുകളിൽ നിന്നുള്ള കാഴ്ചകളും എല്ലാം ഒന്നിനൊന്നു മെച്ചം. പെട്ടന്നാണ് ഒരു തീവണ്ടിയുടെ ശബ്ദം. ആ കാഴ്ച ഒരിക്കലും മനസ്സിൽ നിന്ന് മായില്ല. എന്താ ഒരു ഭംഗി. കടലിന്റെ നടുവിലൂടെ ഒരു തീവണ്ടി പോകുന്നു. പാലത്തിൽ നിന്നവരെല്ലാം സ്വയം മറന്ന് ആ കാഴ്ച കൗതുകത്തോടെ നോക്കി നിൽക്കുന്നു. മടങ്ങാനൊരുങ്ങുമ്പോൾ പെട്ടന്നാണ് 2 ബുള്ളറ്റുകൾ വരുന്നത് ശ്രദ്ധിച്ചത്. മലപ്പുറത്തുനിന്നുള്ള റൈഡേഴ്സ് ആയിരുന്നു Jalal Anyz S, Shafeek Bluff, Dilshad Muhammed, Asif Vm. അങ്ങനെ അവരോട് കുറച്ച് നേരം സംസാരിച്ച് സമയം ചിലവഴിച്ചു. അവരും ഞങ്ങളുടെ hotel -ൽ തന്നെയാണ് റൂമെടുത്തത്.അതുകൊണ്ടുതന്നെ രാത്രി അവരോടൊപ്പം ഒന്നു കറങ്ങി ഫുഡ് ഒക്കെ കഴിച്ചു കിടന്നു.
കാലത്തെ നേരെത്തെ ഇറങ്ങണമെന്ന് വിജാരിച്ചാണ് ഉറങ്ങാൻ കിടന്നത്. പക്ഷെ, വീണ്ടും മഴ വില്ലനാകുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല. എണീറ്റപ്പോൾ പുറത്ത് മഴ തകർക്കുകയാണ്. യാത്രക്കൊരുങ്ങിയ ആദ്യ ദിവസമാണ് എന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയത്. അതുകൊണ്ടുതന്നെ ഒട്ടും സമയം കളയാതെ കുളിച്ച് റെഡിയായി മഴ മാറുന്നതും നോക്കി ഇരുന്നു. നീണ്ട 1:30 മണിക്കൂർത്തെ കാത്തിരിപ്പിന് വിരാമമിട്ട് മഴ കുറഞ്ഞു. തിരിച്ച് പോകുന്നതിനു മുൻപ് മലപ്പുറം ടീംസിനോട് യാത്ര പറഞ്ഞു. അവർ നല്ല ഉറക്കത്തിലായിരുന്നു. മലപ്പുറത്തേക്ക് ഒരു ദിവസം ഇറങ്ങാമെന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി….ഓരോ യാത്രയും നമുക്ക് തരുന്നത് ഓർത്തുവെക്കാൻ കുറെ ഓർമ്മകൾ മാത്രമല്ല. കുറെയേറെ നല്ല സൗഹൃദങ്ങൾ കൂടെയാണ്.
അപ്പോഴേക്കും സമയം 6 കഴിഞ്ഞിരുന്നു. രാമേശ്വരത്തോട് വിടപറയാൻ എന്തോ വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അവിടുന്ന് പോരാൻ തോന്നാത്തതുപോലെ. അങ്ങനെ ധനുഷ്ക്കോടിയോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ഉള്ളിൽ വല്ലാത്ത വിങ്ങലായിരുന്നു. കുറച്ചു സമയമേ അവിടെ ചിലവഴിച്ചുള്ളുവെങ്കിലും അവിടം വല്ലാതെ മനസ്സിനെ സ്പർശിച്ചതുകൊണ്ടാവാം അവിടെനിന്ന് പോരാൻ മനസ്സ് അനുവധിച്ചിരുന്നില്ല.
ധനുഷ്ക്കോടിയിലെ ഓരോ ചെറിയ കാഴ്ചകളും ഒരിക്കലും മനസ്സിൽ നിന്നുമായില്ല. അവിടെയുള്ള എല്ലാത്തിനും ഉണ്ട് വർണ്ണിക്കാൻ കഴിയാത്തക്കവിധമുള്ള സൗന്ദര്യം. എന്താണ് ധനുഷ്ക്കോടിയിൽ എന്നെ ആകർഷിച്ചത് എന്ന് ചോദിച്ചാൽ,അത് മറ്റൊന്നുമല്ല ധനുഷ്ക്കോടിലെ ഓരോ കാഴ്ചകളും കാണുമ്പോൾ അവിടെയെത്തുന്ന സന്ദർശകരുടെ മുഖത്ത് ഉണ്ടാകുന്ന കൗതുകം തന്നെയായിരുന്നു. ധനുഷ്ക്കോടിയുടെ മനോഹാരിത ഞാൻ കണ്ടത് അവിടെയെത്തുന്ന സന്ദർശകരുടെ മുഖത്തായിരുന്നു.
അങ്ങനെ പാമ്പൻ പാലത്തിൽ നിന്ന് അവസാന സെൽഫിയും എടുത്ത് ഇറങ്ങി. തിരിച്ച് പോകുമ്പോഴും ഇടക്കിടക്ക് കൃത്യമായ ഇടവേളകളിൽ നിർത്തി നിർത്തി റെസ്റ്റ് എടുത്തു തന്നെയാണ് വന്നത്. വരുന്ന വഴിക്ക് പാലക്കാടുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ കയറി. “അരവിന്ദ് ” (Aravind N), ആളെ ആദ്യമായി കാണുന്നതും പരിജയപ്പെടുന്നതും ത്യശ്ശൂർ പൂരത്തിനാണ്. കാണുമ്പോൾ ഒരു പാവം മനുഷ്യൻ സംസാരിച്ച് അടുത്തറിഞ്ഞപ്പോഴാണ് മനസ്സിലായത് ആള് ചില്ലറക്കാരനല്ല. ഏതൊരു റൈഡറോടോ, യാത്രയെ സ്നേഹിക്കന്ന എതോരു വ്യക്തിയോടോ ചോദിച്ചാൽ എല്ലാവർക്കും ഒരേ ഒരു ഉത്തരമേ ഉണ്ടാകു “ഹിമാലയം”. ആ ഹിമാലയത്തിലേക്ക് Ride പോയി വന്ന ആളാണ് “അരവിന്ദ് “. അറിഞ്ഞപ്പോളാകട്ടെ വിശ്വസിക്കാനെ കഴിഞ്ഞില്ല. അന്നുമുതലെ ആളോട് ഒരു ആരാധനയായിരുന്നു.
ശ്രീനഗറും, കാർഗ്ഗില്ലും, ലെയും, മണാലിയും, എല്ലാം കീഴടക്കിയുള്ള ഒരു Long Bike Ride. ആദ്യം തോന്നിയ ആരാധനയാണ് നല്ലൊരു സൗഹൃദത്തിലേക്ക് വഴിവെച്ചത്. അല്ലെങ്കിലും Biker’s നോട് ഒരു പ്രത്യേക Attachment വരുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. അങ്ങനെ കിട്ടിയ സൗഹൃദങ്ങളെല്ലാം തന്നെ വിലപ്പെട്ടതായിരുന്നു. അത് അന്നും ഇന്നും അതുപോലെ കാത്തു സൂക്ഷിക്കുന്നുമുണ്ട്.
എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അദ്ദേഹത്തിന്റെ വീടാണ്. വല്ലിയ തോതിൽ ലക്ഷങ്ങൾ മുടക്കി മാളികകൾ കെട്ടിപ്പൊക്കുന്ന ഇന്നത്തെ ആളുകളിൽ നിന്നും തീർത്തും വ്യത്യസ്തവും ലളിതവുമായ ഒരു നാലുകെട്ട്. വീടിന്റെ ആകർഷണം അതിനു ചുറ്റുമുള്ള പ്രകൃതിയാണ്. വല്ലിയ ഉമ്മറവും,തൂണുകളും എല്ലാം കൂടി പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അന്തരീക്ഷം. വെയിലിന്റെ ചെറുനാളം പോലും വീട്ടിനേൽക്കാത്ത വിധം പ്രകൃതി ആ വീടിന് സംരക്ഷണം നൽകിയിരിക്കുന്നു. ആ വീട് കണ്ടാൽ ഒരു ദിവസമെങ്കിലും അവിടെ താമസിക്കണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. എനിക്കും അങ്ങനെ തോന്നാതിരുന്നില്ല. ഞങ്ങളെ വരവേൽക്കാൻ അച്ഛനും അമ്മയും നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ വരുമെന്ന് പറഞ്ഞപ്പോൾ ഓഫീസിൽനിന്നും നേരത്തെ വന്നതാണ്. രണ്ടാളും പാലക്കാട് Municipality -ൽ എൻജിനിയർമാരാണ്. അങ്ങനെ ചായ കുടിച്ച് വിശേഷങ്ങളെല്ലാം പറഞ്ഞ് നേരം പോയതറിഞ്ഞില്ല. എല്ലാവരോടും യാത്ര ചോദിച്ച് അവിടെ നിന്നും ഇറങ്ങി.
വരുന്ന വഴിക്ക് അവിടെ അടുത്തുള്ള British Bridge ഉം കണ്ടാണ് പോന്നത്. അതൊരു Shooting Location ആണ്. ഒരുപാടു Films -ൽ ഈ Bridge കാണാൻ സാധിക്കും. ചുറ്റുമുള്ള കാഴ്ചകളും അതി മനോഹരമാണ്. പോരുന്ന വഴിക്ക് വിശപ്പ് തലപ്പൊക്കിയപ്പോൾ തട്ടുകടയിൽ കയറി നല്ല തട്ടു തട്ടി. അങ്ങനെ 1200 km പിന്നിട്ട യാത്രയ്ക്കശേഷം രാത്രി 9 മണിയോടെ വീട്ടിൽ തിരിച്ചെത്തി. യാത്രയിൽ എന്നെ ഏറ്റവും കൂടുതൽ അതിശയപ്പെടുത്തിയത് അമ്മയാണ്. വണ്ടിയുടെ പിന്നിൽ ഇത്ര ദൂരം ഇരുന്നിട്ടും അമ്മയ്ക്ക് പറയത്തക്ക ക്ഷീണമോ, ബുദ്ധിമുട്ടുകളോ ഒന്നും തന്നെ ഇല്ല. അവിടെയാണ് ഞാൻ മുൻപേ പറഞ്ഞ വാക്കുകൾക്ക് പ്രസക്തിയേറുന്നത് “യാത്ര പോകാൻ ആദ്യം വേണ്ടത് മനസ്സാണ് ” ബാക്കി എല്ലാം അതുകഴിഞ്ഞിട്ടേ ഉള്ളൂ. വീട്ടിൽ എത്തിയപ്പോഴാണ് അറിഞ്ഞത് മഴയിലും, ഇടിവെട്ടിലും Tv, Setup Box, Fan,Tube എല്ലാം അടിച്ചുപോയിയെന്ന്. വീട്ടിൽ നിന്ന് പോയിട്ട് രണ്ട്,മൂന്ന് ദിവസം ആയിട്ടും വീടിനെപറ്റിയാതൊരു ചിന്തയും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
അങ്ങനെ ഒരുപാട് ഓർമ്മകളും അനുഭവങ്ങളും സമ്മാനിച്ച ഒരു യാത്രയായിരുന്നു അത്. ഓരോ യാത്രയും നമുക്ക് നൽകുന്നത് ഓരോ അനുഭവങ്ങളാണ്. എത്തിപ്പെടുന്ന സ്ഥലങ്ങളല്ല യാത്രകളാണ് നമുക്ക് സന്തോഷം തരുന്നത്. ഈ യാത്ര കഴിഞ്ഞു വന്നപ്പോൾ അമ്മ വളരെ Happy ആയിരുന്നു. ഇത്ര ദൂരം പോയിട്ടും കാര്യമായ ക്ഷീണം ഇല്ലാത്തത് കൊണ്ട് അമ്മയെയും കൊണ്ട് പോകാവുന്ന യാത്രകൾക്ക് കിട്ടിയ ഊർജം ചെറുതൊന്നുമല്ല. ആസ്വദിക്കാനുള്ള മനസ്സുണ്ടെങ്കിൽ,യാത്രയേക്കാൾ വലിയൊരു ലഹരിയില്ല…അനുഭവിച്ചറിയാനുള്ള ആകാംക്ഷയുണ്ടെങ്കിൽ, യാത്രയേക്കാൾ നല്ലൊരു പാഠവുമില്ല.മനസ്സും ശരീരവും തളരാത്ത കാലം വരെയും ഞാനും എന്റെ അമ്മയും ഇനിയും യാത്രകൾ തുടർന്നുകൊണ്ടെ ഇരിക്കും…..