വാഹനമോടിക്കുമ്പോള്‍ ഉറങ്ങിപ്പോയി ഉണ്ടായിരിക്കുന്ന അപകടങ്ങള്‍ ഏറെയാണ്. ഒരുപാട് ജീവിതങ്ങള്‍ ആ രീതിയില്‍ പൊളിയുകയും, മരണതുല്യമായ വേദനയില്‍ ജീവിക്കുന്നുമുണ്ട്. എങ്ങനെയാണ് നമുക്ക് ഉറക്കത്തെ പിടിച്ചു നിറുത്താന്‍ സാധിക്കുന്നത്. എത്ര മികച്ച ഡ്രൈവര്‍ ആണെങ്കില്‍ കൂടിയും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കുകയില്ല എന്നുള്ളതാണ് സത്യം. കാറിന്റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ വോള്യത്തില്‍ വയ്ക്കുന്നതോ പ്രയോജനം ചെയ്യില്ല.

നന്നായി ഉറക്കം വരുന്നുണ്ടെങ്കിലും അവയെ നിയന്ത്രിക്കുവാന്‍ കഴിയുമെന്ന് ചിലര്‍ക്കെങ്കിലും ചിലപ്പോഴെങ്കിലും തോന്നാതിരിക്കില്ല. പ്രത്യേകിച്ച്, ദീര്‍ഘദൂര യാത്രകള്‍ക്കിടയിലും രാത്രി വൈകിയുള്ള ഡ്രൈവിങ്ങിനിടയിലും ചെറിയ മയക്കം അനുഭവപ്പെടുമ്പോള്‍ കാര്യമാക്കാതെയിരിക്കുന്നതിന്റെ മനശാസ്ത്രമാണിത്.
മിക്ക ഹൈവേകളിലും പുലര്‍ച്ചെയുണ്ടാകുന്ന അപകടങ്ങള്‍ ഡ്രൈവര്‍ പകുതി മയക്കത്തിലാകുന്നത് കൊണ്ടാണ് എന്ന് മറന്നു കൂടാ. ഒരാള്‍ക്ക് വാഹനമോടിക്കാന്‍ കഴിയാത്ത വിധം തലച്ചോര്‍ മയക്കത്തിലേക്ക് പോകുന്നത് ഏതു അവസ്ഥയിലാണ് എന്ന് എളുപ്പത്തില്‍ വിവരിക്കാന്‍ സാധിക്കുകയില്ല. ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ടോ? എങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കെങ്കിലും നിര്‍ത്തി വച്ചു തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുന്നതാണ് ഉചിതം.

ഇനിയുള്ള ഡ്രൈവിംഗില്‍ ഇക്കാര്യങ്ങള്‍ കൂടി മനസ്സില്‍ വയ്ക്കുക: ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നല്ല ഉറക്കം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഏഴോ എട്ടോ മണിക്കൂര്‍ ഉറങ്ങിയതിനു ശേഷം മാത്രം നീണ്ട ഡ്രൈവിംഗിന് മുതിരുക. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളാണ് എങ്കില്‍, ഡ്രൈവിംഗിനിടയില്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍, നിര്‍ബന്ധമായും കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും ഒരു ലഘുനിദ്രയെടുക്കണം.
യാത്രകളില്‍ കഴിയുമെങ്കില്‍ ഡ്രൈവിംഗ് വശമുള്ള ഒരാളെ കൂടെ കൂട്ടാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് ഒരു കൂട്ടാകും എന്ന് മാത്രമല്ല, ഡ്രൈവിംഗ് അല്പം അനായസകരമാകുകായും ചെയ്യും. നിങ്ങള്‍ ശ്രദ്ധിക്കാതെ പോയ അടയാളങ്ങളും, വഴികളുമൊക്കെ ശ്രദ്ധയില്‍പ്പെടുത്തുവാനും ഇവര്‍ക്ക് സാധിക്കും. ഇനി ആവശ്യമുണ്ടെങ്കില്‍ ഡ്രൈവിംഗില്‍ സഹായിക്കാനും ഇവര്‍ക്ക് കഴിയുമെല്ലോ. ഒരിക്കലും തിരക്ക് കൂട്ടരുത്.

സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തുന്നതാണ് കാര്യം. യാത്രകളില്‍ അല്പം പോലും മദ്യപിക്കരുത്. മദ്യത്തിന് തലച്ചോറിനെ മന്ദതയിലാക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലെലോ. കഴിയുമെങ്കില്‍ രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും വാഹനമോടിക്കാതെയിരിക്കുവാന്‍ ശ്രമിക്കുക. സ്വാഭാവികമായി ഉറങ്ങാനുള്ള ഒരു പ്രവണത ഈ സമയത്ത് ശരീരത്തിനുണ്ടാകും.

യാത്രയില്‍ കഫൈന്‍ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ കരുതുക. തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ ചെറിയ തോതില്‍ കഫൈനിനു കഴിയും. അമിതമായ ആവേശവും ആത്മവിശ്വാസവും മാറ്റി വച്ചു, ശരീരം സ്വാഭാവികമായി ആവശ്യപ്പെടുന്ന വിശ്രമം അനുവദിച്ചുകൊണ്ട് ആസ്വാദ്യകരമായി വാഹനമോടിച്ചാല്‍ വീണ്ടും നമുക്കും അതേസമയം മറ്റുള്ളവര്‍ക്കും ജീവിതം നീട്ടിലഭിക്കും.
Source – http://www.malayalambreakingnews.com/category/life%20style/driving-sleep-tips-long-travels-891324
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog