ഈ ലേഖനം എഴുതി തയ്യാറാക്കിയത് – ജൂലിയസ് മാനുവൽ (http://juliusmanuel.com/).
1978 ഒക്ടോബർ ഇരുപത്തി ഒന്ന് ശനിയാഴ്ച . ഇരുപതു വയസുമാത്രം പ്രായമുള്ള Frederick Valentich എന്ന അത്ര പരിചയസമ്പത് ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു ചെറുപ്പകാരൻ Cessna 182 Skylane എന്ന നാല് സീറ്റ് – ഒറ്റ എഞ്ചിൻ ചെറു വിമാനത്തിൽ ആസ്ത്രേലിയക്കും ടാസ്മാനിയക്കും ഇടയിലുള്ള ബാസ് ഉൾക്കടലിന് (Bass Strait) മുകളിലൂടെ പറക്കുകയാണ് . കിംഗ് ഐലണ്ട് ആണ് പയ്യന്റെ ലക്ഷ്യം . സൂര്യൻ അസ്തമിക്കുന്നതിനു തൊട്ടു മുൻപാണ് (6:19 PM) ഫെഡറിക്ക് വിക്ടോറിയയിലെ Moorabbin വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടത് . വളരെ ശാന്തമായി പ്രശ്നങ്ങൾ ഒന്നുമില്ലാതെ യാത്ര തുടങ്ങിയതിനാൽ ചെറുപ്പകാരൻ സന്തോഷത്തിലായിരുന്നു . മണി ഏഴു കഴിഞ്ഞു . സൂര്യൻ കടലിൽ മുങ്ങിത്താണു . പെട്ടന്നാണ് ഫെഡറിക്ക് ഒരു കാര്യം ശ്രദ്ധിച്ചത് ! തന്റെ തലയ്ക്ക് മുകളിൽ അതാ മറ്റൊരു വിമാനം ! ഞെട്ടിപ്പോയ ഫെഡറിക്ക് ഉടൻ തന്നെ മെൽബൻ എയർ ഫ്ലൈറ്റ് സർവീസും ആയി ബന്ധപ്പെട്ടു ( Melbourne Air Flight Service ). എയർ ട്രാഫിക് കണ്ട്രോളർ Steve Robey ആയിരുന്നു ലൈനിൽ വന്നത് .
ഫെഡറിക്ക് : അയ്യായിരം അടിക്കു താഴെ വേറെ ട്രാഫിക്ക് ഉണ്ടോ ?, സ്റ്റീവ് : ഇതുവരെ ഒന്നും ഇല്ല, ഫെഡറിക്ക് : പക്ഷെ എനിയ്ക്ക് മറ്റൊരു എയർ ക്രാഫ്റ്റ് കാണുവാൻ സാധിക്കുന്നുണ്ട്, സ്റ്റീവ് : എന്ത് തരം വിമാനമാണ് ?, ഫെഡറിക്ക് : വ്യക്തമായി പറയാൻ സാധിക്കില്ല . നാല് തിളങ്ങുന്ന ലൈറ്റുകൾ മാത്രമാണ് കാണുവാൻ സാധിക്കുന്നത് . എനിക്ക് ആയിരം അടിയ്ക്ക് മുകളിൽ ആണ് അതുള്ളത് ., സ്റ്റീവ് : അതൊരു വലിയ എയർ ക്രാഫ്റ്റ് ആണെന്ന് ഉറപ്പാണോ ?
ഫെഡറിക്ക് : സ്ഥിരീകരിക്കാൻ സാധിക്കുന്നില്ല .. അസാമാന്യ വേഗതയാണ് അതിന് . ഈ ഭാഗത്ത് എയർ ഫോഴ്സ് വിമാനങ്ങൾ ഉണ്ടോ ? സ്റ്റീവ് : ഞങ്ങളുടെ അറിവിൽ ഇല്ല . ഫെഡറിക്ക് : അത് കിഴക്ക് നിന്നും വളരെ വേഗത്തിൽ എന്നെ സമീപിക്കുകയാണ് …… ഇപ്പോൾ എന്റെ മുകളിൽ ഉണ്ട് . അവൻ ഗെയിം കളിയ്ക്കുകയാണോ ? രണ്ടു മൂന്ന് തവണ എന്റെ നേരെ മുകളിൽ വന്നു ………….. സ്റ്റീവ് : നിങ്ങൾ ഏതു ഉയരത്തിൽ ആണ് ഇപ്പോൾ ഉള്ളത് ? ഫെഡറിക്ക് : നാലായിരത്തി അഞ്ഞൂറ് . നില്ക്കൂ ……….. അതൊരു വിമാനം ആണെന്ന് തോന്നുന്നില്ല !! ……………………………. അതൊരു …………….
സ്റ്റീവ് : പിന്നെന്താണ് ? ഫെഡറിക്ക് : അതെന്നെ കടന്നു മുന്നോട്ടു പോയി …… നല്ല നീളമുണ്ട് …… വേഗത നിർണ്ണയിക്കാനാവുന്നില്ല . സ്റ്റീവ് : അതെന്താണ് എന്ന് ഒന്നുകൂടി വിശദീകരിക്കാമോ ? ഫെഡറിക്ക് : ആ വസ്തു എന്റെ മുകളിൽ ചുറ്റി കറങ്ങുകയാണ് ……. അല്ല … ഞാനും ഇപ്പോൾ അതിനെ വലം വെയ്ക്കുകയാണ് എന്ന് തോന്നുന്നു . ഒരു ഗ്രീൻ ലൈറ്റ് ഇപ്പോൾ തെളിഞ്ഞിട്ടുണ്ട് . ആ വസ്തു മുഴുവനും വെട്ടി തിളങ്ങന്നു ! …… ഇതെന്താണ് എന്ന് പറയാമോ ? …. മിലിട്ടറി എയർക്രാഫ്റ്റ് അല്ലെന്ന് ഉറപ്പാണോ ? ………. നില്ക്കൂ ……. ഇപ്പോൾ അത് കാണുന്നില്ല …..!!! സ്റ്റീവ് : കാണുന്നില്ല എന്ന് ഉറപ്പാണോ ? നിങ്ങൾ എങ്ങോട്ടാണ് പോകുവാൻ ഉദ്യേശിക്കുന്നത് ? ഫെഡറിക്ക് : കിംഗ് ദ്വീപിലെക്കാണ് പോകേണ്ടത് ….. അതാ ആ വസ്തു വീണ്ടും എന്റെ നേർക്ക് വരുന്നു !! …………….. അതൊരു വിമാനമേ അല്ല !!!!! …… അതൊരു ……………….. …………… സ്റ്റീവ് : പറയൂ എന്താണത് ? ………. ഫെഡറിക്ക് : ………………………………………………………………… ……………………… (നിശബ്ധത )…………………..
അതോടെ ഫെഡറിക്കും ആയുള്ള ബന്ധം സ്റ്റീവിനു നഷ്ടപ്പെട്ടു (Time 07 :12:49). പിന്നീട് യാതൊരു വിധ ബന്ധങ്ങളും വിവരങ്ങളും കിട്ടാഞ്ഞതിനാൽ ഫെഡറിക്കിനെ തേടി മറ്റൊരു വിമാനം പിറകെ പാഞ്ഞു . പക്ഷെ ആ ചെറുപ്പകാരനും വിമാനവും അതിനോടകം എവിടെയോ പോയി മറഞ്ഞു കഴിഞ്ഞിരുന്നു ! കരയിലും വായുവിലും ജലത്തിലും ഒക്ടോബർ ഇരുപത്തി അഞ്ചാം തീയതി വരെ വിമാനത്തിനായി തിരഞ്ഞെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല . Bureau of Air Safety Investigation 1982 ൽ പ്രസിദ്ധീകരിച്ച റിപ്പോര്ട്ട് പ്രകാരം ഫെഡറിക്കിന്റെ തിരോധാനത്തിന്റെ കാരണം ഇപ്പോഴും അത്ജാതമാണ് . “The reason for the disappearance of the aircraft has not been determined,” but that the outcome was “presumed fatal” (Aircraft Accident 1982).
അഭ്യൂഹങ്ങൾ : ഇരുപതു വയസു പ്രായമുണ്ടായിരുന്ന ഫ്രെഡിക്ക് ആകെ 150 മണിക്കൂർ പറക്കൽ പരിശീലനം മാത്രമാണ് ലഭിച്ചിരുന്നത് . (which meant he could operate at night but only “in visual meteorological conditions” [Aircraft Accident 1982]). അതായത് രാത്രി പറക്കലിന് വേണ്ടത്ര പരിശീലനം അയാൾക്ക് ഉണ്ടായിരുന്നില്ല . വിദ്യാഭ്യാസ കുറവ് കാരണം Royal Australian Air Force രണ്ടു തവണ ഫ്രെഡിയുടെ അപേക്ഷ തള്ളിക്കളഞ്ഞിരുന്നു . പഠിത്തത്തിൽ ആകട്ടെ ആയാൾ തീരെ പിറകിലും ആയിരുന്നു . പരിശീലന പറക്കലിനിടയിൽ ഇദ്ദേഹം പല തവണ അപകടങ്ങളിൽ ചെന്ന് പെട്ടിട്ടും ഉണ്ട് . അതായത് ഇപ്പോഴും ഒരു അപകടം പ്രതീക്ഷിക്കേണ്ട ആൾ ആയിരുന്നു ഫ്രെഡി !(Sheaffer 2013; “Valentich” 2013).
എന്തായാലും ഫ്രെഡിയുടെ തിരോധാനം ധാരാളം അഭ്യൂഹങ്ങൾക്കും വിവാദങ്ങൾക്കും തിരികൊളുത്തി . ഫ്രെഡിക്ക് നേരെ വന്ന അത്ജാത്ത വസ്തു ഏതാണ് എന്നതായിരുന്നു പ്രധാന പ്രശ്നം . ഏതെങ്കിലും ശത്രു വിമാനം ആവാം എന്ന് ചിലർ വാദിച്ചപ്പോൾ ഏത് ശത്രു എന്നത് ഒരു കിട്ടാ കഥ ആയി മാറി . ചിലർ അതൊരു അന്യഗ്രഹ ജീവികളുടെ വാഹനം (UFO ) ആകാനാണ് സാധ്യത എന്ന് പറഞ്ഞു . അതൊരു വിമാനം അല്ല എന്ന് ഫ്രെഡി പറഞ്ഞതാണ് അങ്ങിനെ കരുതാൻ കാരണം . മാത്രവുമല്ല ഫ്രെഡി അപ്രത്യക്ഷ്യമായ രാത്രിയിൽ ആസ്ത്രേലിയൻ തീരങ്ങളിൽ വേറെ ചിലരും UFO കണ്ടതായി റിപ്പോര്ട്ട് ചെയ്തിരുന്നു . എന്നാൽ ചിലർ ഇത് ഫ്രെഡി കരുതിക്കൂട്ടി ചെയ്തത് ആണ് എന്ന് കരുതുന്നു . എലിയൻ കഥകളിലും മറ്റും അയാൾക്ക് ഉണ്ടായിരുന്ന താൽപ്പര്യം ആണ് അങ്ങിനെ ചിന്തിക്കാൻ കാരണം . താൻ ഒരു സ്പേസ് ഷിപ് ആകാശത്ത് കണ്ടതായി ഫ്രെഡി പിതാവിനോട് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു എന്ന അറിവ് ഈ അഭ്യൂഹത്തിന് ശക്തി കൂട്ടി (Sheaffer 2013; “Valentich” 2013) . മാത്രവുമല്ല കിംഗ് ദ്വീപിലേയ്ക്ക് പോകുവാനായി ഫ്രെഡി പറഞ്ഞ കാരണങ്ങൾ കള്ളമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു . തന്നെയുമല്ല ദ്വീപിലെ എയർ ട്രാഫിക്കിൽ ഫ്രെഡി വിവരം അറിയിച്ചിരുന്നുമില്ല (“Disappearance” 2013). പക്ഷെ ഫ്രെഡി മരിച്ചു എന്ന് തന്നെ എല്ലാവരും കരുതുന്നു .
Graveyard spiral : മരണ ചുഴി എന്നറിയപ്പെടുന്ന ഈ പ്രതിഭാസം പരിശീലന കുറവുള്ള വൈമാനികർക്ക് അനുഭവപ്പെടുവാൻ സാധ്യത ഉള്ള ഒരു കാര്യമാണ് . സൂര്യാസ്തമയത്തിനു തൊട്ടു ശേഷം ആണ് ഇത് അനുഭവപ്പെടുക . പൊടുന്നനെ ചക്രവാളം ഇല്ലാതാകുന്ന ആകാശം പൈലറ്റുകൾക്ക് തങ്ങളുടെ സ്ഥാനത്തെ കുറിച്ച് തെറ്റായ തോന്നൽ ഉളവാക്കും . റെഫറൻസിനു മറ്റു വസ്തുക്കൾ ആകാശത്ത് ഇല്ലാത്തതാണ് കാരണം . ഇത് അണ്ടർ വാട്ടർ ഡൈവർ മാര്ക്കും അനുഭവപ്പെടാറുണ്ട് . ഇത് വൈമാനികന് ചെറിയ മാനസിക വിഭ്രാന്തി ഉണ്ടാക്കുകയും വിമാനം ഒരേ സ്ഥലത്ത് തന്നെ ദിശയറിയാതെ ചുറ്റി തിരിയാൻ ഇടയാക്കുകയും അവസാനം ചുറ്റിത്തിരിഞ്ഞു ക്രാഷ് ലാൻഡ് ചെയ്യുകയും ചെയ്യും . സൂര്യൻ അസ്തമിച്ചതിനു ശേഷം ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ചൊവ്വ , ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളോ അല്ലെങ്കിൽ സിറിയസ് നക്ഷത്രമോ ആവാം മരണ ചുഴിയിൽ പെട്ട ഫ്രെഡി കണ്ട പ്രകാശങ്ങൾ എന്നാണ് വിദഗ്ദർ കരുതുന്നത് . എന്തായാലും ഫ്രെഡി ഇപ്പോഴും ഒരു പ്രഹേളികയായി അവശേഷിക്കുന്നു .