വിവരണം – Thwaha Mis’ab.
കൊറേ കാലമായി കേൾക്കുന്നു “ഗോകർണ”.. നസീബിനെ വിളിച്ചു വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്താൻ പറഞ്ഞു. ഞാൻ ക്ലാസും കഴിഞ്ഞു വീട്ടിൽ പോകാതെ നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പോയി. അങ്ങനെ 6.40 ന്റെ നേത്രാവദിക്ക് കേറി പുലർച്ചെ 3.15 ന് കുംത സ്റ്റോപ്പിൽ ഇറങ്ങി. കൂടെ ലഹരിയാണ് ജീവിതംന്ന് പറഞ്ഞു വന്ന ഒരു ഉടുപ്പികാരനെയും കിട്ടി. അത് കൊണ്ട് ആശാന്റെ വക രാവിലെ ഫ്രീ ചായ… !
ഒരു വിധം നേരം വെളുപ്പിക്കാൻ വേണ്ടി ഒന്നു നടക്കാൻ പോയപ്പോ ഗോകർണക്കുള്ള ആദ്യത്തെ ബസ് പോയി. ഏതായാലും 6.45 ന് അടുത്ത ബസ് കിട്ടി. കുന്നും മലയും കവുങ്ങിൻ തോട്ടങ്ങളും ഒക്കെ കണ്ടു എട്ട് മണിയോടെ ഗോകർണ എത്തി. ആദ്യം അവിടെ അങ്ങാടി ഒക്കെ ചുറ്റി കണ്ടു. അധികവും ബ്രാഹ്മണൻമാരാണ്. എല്ലാവരും രാവിലെ അമ്പലത്തിലേക്ക് പോകുന്നു..വരുന്നു… ഇവിടെ ബാഹുബലിയിൽ ഉള്ള പോലത്ത വലിയ രണ്ട് രഥങ്ങൾ ഉണ്ട്.
ആദ്യം ഗോകർണ ബീച്ചിൽ എത്തിയപ്പോ അവിടെ മുഴുവൻ ഇന്ത്യക്കാരുടെ ആഘോഷം ആണ്. കുറച്ചങ്ങോട്ട് നടന്നപ്പോ യോഗയും മറ്റുമായി ധാരാളം വിദേശികൾ. അവിടെ വെച്ച് ബെൽജിയംകാരായ രണ്ടു ഹിപ്പികളെ പരിചയപ്പെട്ടു. ഇവിടെ നീല നിറത്തിലുള്ള ആകാശവും കടലും മുട്ടി നിൽക്കുന്നു. കുറച്ചു നേരത്തിന് ശേഷം അടുത്ത ബീച്ചായ കുട്ലി ബീച്ചിലേക്ക് നടന്നു. ഇഷ്ടം പോലെ സ്റ്റെപ്പുകൾ കേറി ഒരു വ്യൂ പോയിന്റിൽ എത്തി.
അവിടുന്ന് കുറച്ചും കൂടി നടന്നു കുട്ലി ബീച്ചിൽ എത്തി. കുന്ന് കയറാൻ മടിയുള്ളത് കൊണ്ടാകും ഇന്ത്യക്കാർ കുറവാണ്. ഏകദേശം ഒന്നര മണിക്കൂറോളം അവിടെ ചിലവഴിചിട്ട് അടുത്ത ബീച്ചിലേക്ക് നടന്നു. ഇത് അൽപ്പം ട്രെക്ക് ചെയ്യാനുണ്ട്. ‘ഓം’ ആകൃതിയിൽ ഉള്ളതിനാൽ ഇതിന്റെ പേര് ഓം ബീച് എന്നാണ്. ഇവിടുത്തെ അന്തരീക്ഷം തന്നെ ഒരു മനസ്സുഖം തരുന്നതായിരുന്നു. അത് കൊണ്ട് തന്നെ അവിടേം ഒരു രണ്ട് മണിക്കൂറോളം ചിലവഴിചിട്ട് അടുത്ത ബീച്ചായ half moon ബീച്ചിലേക്ക് ട്രെക്ക് ചെയ്തു.
ഇത് അത്യാവശ്യം നല്ല ട്രെക്കിങ്ങ് ആയിരുന്നു. ട്രെക്ക് ചെയ്യുന്ന വഴി തന്നെ വ്യത്യസ്തമായൊരു അനുഭവമായിരുന്നു. ഇവിടേം മുകളിൽ ഒരു വ്യൂ പോയിന്റ് ഉണ്ട്. ട്രെക്ക് ചെയ്തു അവിടെ എത്തുമ്പോ തന്നെ ക്ഷീണം ഒക്കെ പോകും. ബീച്ചിലെ അന്തരീക്ഷം തന്നെ പറയാൻ കഴിയാത്ത എന്തോ ഒരു പ്രത്യേകത ഉള്ള പോലെ തോന്നി. ട്രെക്കിങ്ങ് കാരണമാകും ആളുകൾ തീരെ ഇല്ലായിരുന്നു. കുറച്ചു ഹിപ്പികളും വിദേശികളും മാത്രം. അവിടുത്തെ തദ്ദേശീയരുടെ ഓലമേഞ്ഞ വീടുകളും കൃഷിയും ഒരു വളപ്പിനകത്ത് ഉണ്ട്.. കടലിന്റെ ഇപ്പുറത്ത് തന്നെ നെൽകൃഷിയും പച്ചക്കറിയും ആട് വളർത്തലും ഒക്കെ ആയി ജീവിക്കുന്നവർ. സ്നേഹം ഉള്ളവരാണ്.. ഞാൻ വാങ്ങിയ ഒരു കരിക്കിൽ വെള്ളം കുറവാണെന്നു പറഞ്ഞപ്പോ വേറെ ഒന്നു വെട്ടി തന്നു.
ഇവിടെയും ഒന്നര മണിക്കൂറോളം ചിലവഴിച്ച ശേഷം അവസാന ബീച്ചായ പാരഡൈസിലേക്ക്. ഇത് കുറച്ചു അപകടം പിടിച്ച വഴിയാണ്. ഫോട്ടോ എടുക്കാൻ സാഹസം കാണിച്ചാൽ ചിലപ്പോ പണി കിട്ടും. പാറകളിലൂടെ ഒക്കെ കേറി ഒരു വ്യൂ പോയിന്റും ഉണ്ട്. ഈ ബീച്ചിൽ പഴയ കുറച്ചു ഹോട്ടലുകൾ ഒക്കെ പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ ഉണ്ട്.. പ്രധാനമായി വിദേശികൾ ടെന്റ് അടിക്കുന്നത് ഇവിടെയാണ്. ഇവിടെ നിന്ന് ഒരു കോഴിക്കോട്കാരനെ പരിചയപ്പെട്ടു. Phone പോലും ഇല്ലാതെ കുറച്ചു കാലമായി അവിടെ കഴിയുന്നു.
ഞങ്ങളുടെ കയ്യിൽ ടെന്റ് ഇല്ലായിരുന്നു. വാടകക്ക് എടുക്കാൻ കയ്യിൽ പൈസയും ഇല്ല.. അത് കൊണ്ട് അവിടുന്ന് തിരിച്ചു. മെയിൻ റോഡിലേക്ക് പോകുന്ന വഴി കുത്തനെ ഉള്ളതാണ്. ശീലമില്ലാത്തവർ ആണെങ്കിൽ കുറച്ചു പ്രയാസപ്പെടും. കാട്ടിലൂടെ കുറച്ചു പോയി മെയിൻ റോഡിൽ എത്തി തിരിച്ചു ബസിന് ഗോകർണ ചെന്ന് കുംതയിലേക്ക്. ട്രെയിൻ ഇല്ലാത്തത് കാരണം കുറച്ചു നടന്നു. ആളുകൾ പശുവിനെ വീടിന്റെ അടുത്ത് തന്നെ തൊഴുത്ത് ഉണ്ടാക്കി പവിത്രമായി പരിപാലിക്കുന്നവരാണ്.
കുറച്ചു കഴിഞ്ഞു റെയിൽവേ സ്റ്റേഷൻ നോക്കിയപ്പോ 3km അപ്പുറത്താണ്. തിരിച്ചു പോകാൻ വരുന്ന വണ്ടിക്ക് മുഴുവൻ കൈ കാണിച്ചിട്ടും ആരും നിർത്തിയില്ല.. അവസാനം ഒരു ബാംഗ്ലൂർകാരൻ അക്ഷയ് ഞങ്ങളുടെ അവസ്ഥ കണ്ടു റയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ട് തന്നു. എവിടെ ചെന്നാലും മനുഷ്യത്വമുള്ള മനുഷ്യർ ഉണ്ടെന്ന് മനസ്സിലായി. റയിൽവേ സ്റ്റേഷനിൽ എത്തി മംഗളക്ക് ടിക്കറ്റ് എടുത്തു. അവിടെ വെച്ച്കുംതയിൽ പാലം പണിക്ക് വന്ന ഒരു കൊച്ചിക്കാരനെ കിട്ടി. ആശാൻ ഇടക്ക് ഒന്ന് മിനുങ്ങാൻ വേണ്ടി കോള വാങ്ങി പകുതി ഞങ്ങൾക്ക് തന്നിട്ട് ബാക്കി മിക്സ് ചെയ്യും.
11.15 ന് ട്രെയിൻ വന്നു ഭാഗ്യത്തിന് തിക്കും തിരക്കും ഇല്ലായിരുന്നു. രാവിലെ 6 മണിക്ക് കോഴിക്കോട് ഇറങ്ങി bike എടുത്തു വീട്ടിലേക്ക്. ഇന്ത്യക്കാരെക്കാൾ കൂടുതൽ വിദേശികൾ വരുന്ന സ്ഥലം. വ്യത്യസ്ത സംസ്കാരങ്ങൾ, ആളുകൾ, ഭക്ഷണം, ലഹരികൾ..കാടും കടലും… സമാധാനപരമായ അന്തരീക്ഷം… എന്ത് കൊണ്ടും വ്യത്യസ്തമായ ഒരിടം… കയ്യിൽ ടെന്റ് ഇല്ലാത്തത് കൊണ്ടും പൈസ ഇല്ലാത്തത് കൊണ്ടും രാത്രി അവിടെ നിൽക്കാൻ കഴിഞ്ഞില്ല. പിന്നെ അമ്പലത്തിലെ ഭക്ഷണവും കിട്ടിയില്ല.
ഇപ്പോൾ നമ്മുടെ നാട്ടിൽ വല്യ ഫേയ്മസ് അല്ലാത്തത് കൊണ്ട് വല്യ കുഴപ്പം ഒന്നുല്ല… ഒരു മൂന്നാല് കൊല്ലം കൊണ്ട് കുളം തോണ്ടാൻ സാധ്യത ഉണ്ട്. പോകുന്നവർ പ്ലാസ്റ്റിക്കിന്റെ കാര്യം ശ്രദ്ധിക്കുക. കപട സദാചാരക്കാരും മറ്റുളളവരെ ഉൾകൊള്ളാൻ കഴിയാത്തവരും പോകാതിരിക്കുന്നതാണ് നല്ലത്. ആകെ ചിലവ് ഒരാൾക്ക് 460 രൂപ രണ്ട് കുപ്പി വെള്ളം വീട്ടിൽ നിന്ന് എടുത്തു 30 രൂപക്ക് ബിസ്കറ്റും വാങ്ങിയാൽ പിന്നെ Train ticket 150+165 Kumta – Gokarna bus- 28+28 കരിക്ക് 1- 40 ചായ 1- 10 Paradise beach- Gokarna bus -10.