മണാലിയിൽ നിന്നും സ്പിറ്റി വാലിയിലെക്കുള്ള യാത്രാമധ്യേ ചെന്ന് പെട്ട ഒരു സ്ഥലമാണിത്. വീണിടം വിഷ്ണുലോകം എന്ന് ചിന്തിക്കുന്നവർക്ക് രാപ്പാർക്കാൻ പറ്റിയ സ്ഥലം. അതായതു മണാലിയിൽ നിന്നും “ലെ” റൂട്ട് പിടിച്ചു റോഹ്തങ് പാസ് കേറി ഇറങ്ങി khoksar ചെക്പോസ്റ്റിനു കൃത്യം ആറു കിലോമിറ്റർ മുൻപാണ് ഗ്രാംഫു.
വഴി തെറ്റി khoksar ചെക്പോസ്റ്റ് വരെ പോയി തിരിച്ചു വന്നതിനാൽ ഇനി ആ വഴി ഒരിക്കലും മറക്കില്ല. ഗ്രാംഫുവിൽ നിന്നും വലത്തേക്കുള്ള വഴി ആണ് lahaul & Spiti എന്ന സ്വർഗത്തിലേക്കുള്ള പ്രവേശന കവാടം. മണ്ണ് റോഡ് ഒന്നും കണ്ടു തെറ്റിദ്ധരിക്കണ്ട, സംഭവം ഹൈവേ ആണ്. ഇവിടെയൊക്കെ വഴി ഉള്ളത് തന്നെ വല്യ കാര്യം, അതിനാൽ റോഡ് മോശമല്ലേ എന്ന ചോദ്യത്തിന് സ്കോപ്പില്ല.
ഗ്രാംഫുവിൽ നിന്നും വലത്തേക്ക് തിരിഞ്ഞാൽ പിന്നെ നല്ല മനോഹരമായ റോഡാണ്, പിന്നെ ഇടക്ക് ചെറിയ പുഴ ഒക്കെ റോഡ് വഴി കുറച്ചു ദൂരം ഒക്കെ ഒഴുകും, ബൈക്കുകാർ ഒക്കെ നോക്കിയും കണ്ടും പോയാൽ കൊള്ളാം. അല്ലാത്തവർക്ക് പോകാൻ ഹിമാചൽ സർക്കാർ ബസ് ഓടിക്കുന്നുണ്ട്. ഗ്രാംഫു കഴിഞ്ഞാൽ പിന്നെ അടുത്ത ഗ്രാമം ചത്രൂ ആണ്, ഗ്രാമം എന്ന് പറയുമ്പോൾ വല്യ സെറ്റപ്പ് ഒന്നും പ്രതീക്ഷിക്കണ്ട, ചെറിയ ചായക്കട പോലെ സീസൺ സമയത്തു ഒന്നോ രണ്ടോ ധാബകൾ ഉണ്ടാകും.
ഏതായാലും ഞങ്ങൾ ആറു വണ്ടിയിൽ എട്ടു പേര് മണാലിയിൽ നിന്നും വണ്ടിക്കുള്ള പെർമിറ്റ് ഒക്കെ സംഘടിപ്പിച്ചു റോഹ്തങ് കേറി ഇറങ്ങിയപ്പോഴേക്കും വൈകുന്നേരമായി. പിന്നെ വഴിയിൽ കണ്ട ചന്ദ്ര നദിക്കരയിൽ ടെന്റ് അടിക്കാൻ തീരുമാനിച്ചു. അല്ലാതെ ഈ റൂട്ടിൽ റൂം ഒന്നും കിട്ടില്ല. മണാലിയിൽ നിന്നും പുറപ്പെടുമ്പോഴേ ഈ വഴി ടെന്റ് അടിക്കാൻ പറ്റിയ സ്ഥലങ്ങൾ കുറെ ഉണ്ട് എന്ന് ബാബുക്ക പറഞ്ഞിരുന്നു. രാത്രി ഇത്തരം വഴികളിലൂടെയുള്ള യാത്ര അത്ര സുരക്ഷിതമല്ല. കൂടാതെ നല്ല തണുപ്പും. അങ്ങനെ എല്ലാവരും കൂടി ടെന്റ് അടിച്ചു ക്യാമ്പ് ഫയർ ഒക്കെ ആയി അവിടെ അങ്ങ് കൂടി. രാത്രി ഭക്ഷണം വാങ്ങാൻ ചത്രൂ വരെ പോകേണ്ടി വന്നു, അവിടെ ഉണ്ടായിരുന്നത് ഒരു ധാബ മാത്രം.
അപ്പൊ പറഞ്ഞതു വരുന്നത് സ്പിറ്റി ഒക്കെ പോകുന്നവർക്ക് ക്യാമ്പ് ചെയ്യാൻ താല്പര്യം ഉണ്ടേൽ അതിനു പറ്റിയ സ്ഥലമാണ് ഇത്. പിന്നെ പുഴക്കരയായതിനാൽ നല്ല തണുപ്പുണ്ടാകും. അതിനാൽ സ്ലീപ്പിങ് ബാഗ്, തെർമൽസ്, കയ്യുറ, മങ്കി ക്യാപ് എന്നിവയൊക്കെ കരുതുക. മണലിൽ നിന്നും 65 കിലോമീറ്റര് അകലെയാണ് ഗ്രാംഫു. അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞു കുറച്ചു ദൂരം മുൻപോട്ടു പോകുമ്പോൾ റോഡിൻറെ ഇടത് വശത്തു ക്യാമ്പിങ്ങിനു പറ്റിയ ധാരാളം സ്ഥലങ്ങൾ കാണാം.
വിവരണവും ചിത്രങ്ങളും – എബി ജോണ് (സഞ്ചാരി).