ബൈക്ക് ഓടിക്കുവാൻ അറിയാത്തവർ നമ്മുടെ നാട്ടിൽ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് യുവതലമുറയിലുള്ളവർ. മിക്കയാളുകൾക്കും ചെറുപ്പം മുതൽക്കേ തന്നെ ബൈക്കുകളോട് വലിയ ഇഷ്ടമായിരിക്കും. പഠിക്കുന്ന കാലത്ത് സ്വന്തമായി ഒരു ബൈക്ക് എന്നത് എല്ലാവരുടെയും സ്വപ്നങ്ങളിലെ ഹിറ്റ്ലിസ്റ്റ് ആയിരിക്കും. പഠനമൊക്കെ കഴിഞ്ഞു ജോലി നേടിയ ശേഷം പലരും ആദ്യമായി വാങ്ങുന്നത് ബൈക്ക് തന്നെയായിരിക്കും.
സാധാരണയായി പൾസർ, ബുള്ളറ്റ്, കെ.ടി.എം ഡ്യൂക്ക് എന്നിങ്ങനെയുള്ള മോഡലുകളോട് ആയിരിക്കും മിക്കവർക്കും പ്രേമം. എന്നാൽ ബൈക്കുകളുടെ രാജാവ് എന്നറിയപ്പെടുന്നത് ഹാർലി ഡേവിഡ്സൺ എന്ന വിദേശിയായ മോഡലാണ്. ബൈക്ക് പ്രേമികളുടെ സ്വപ്നങ്ങളിൽ മാത്രം ഒതുങ്ങുന്ന ഹാർലിയെ ചിലരൊക്കെ നമ്മുടെ നാട്ടിൽ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ സാധാരണക്കാരായവർക്ക് ഹാർലി ഒരു സ്വപ്നം മാത്രമായി ഒതുങ്ങാറാണ് പതിവ്.
ഇപ്പോഴിതാ അവർക്കെല്ലാം ഒരു പ്രചോദനമായിക്കൊണ്ട് ഹാർലി സ്വന്തമാക്കിയിരിക്കുകയാണ് സാധാരണക്കാരനായ ഒരു ചെറുപ്പക്കാരൻ. സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്നു പഠിച്ച് നല്ല ജോലി നേടിയപ്പോൾ തൻ്റെ ചെറുപ്പം മുതലേയുള്ള സ്വപ്ന വാഹനമായ ഹാർലി ഡേവിഡ്സൺ ബൈക്ക് സ്വന്തമാക്കിയ കഥയാണ് തൃശ്ശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായ ജിതിന് പറയാനുള്ളത്.
വയനാട്ടിലെ മാനന്തവാടി ഗവ എഞ്ചിനീയറിംഗ് കോളേജിൽ (2008 -12) പഠനത്തിനു ശേഷം ജോലി നേടിയപ്പോൾ 2014 ൽ ജിതിൻ ആദ്യമായി സ്വന്തമാക്കിയ ടൂവീലർ യമഹയുടെ ഫേസർ ആയിരുന്നു. അപ്പോഴും വാഹനക്കമ്പക്കാരനും സഞ്ചാരപ്രിയനുമായ ജിതിന്റെയുള്ളിൽ ‘ഹാർലി’ എന്ന ബൈക്ക് രാജാവിനോടുള്ള പ്രണയം തീവ്രമായി നിലകൊള്ളുന്നുണ്ടായിരുന്നു. എങ്ങനെയെങ്കിലും ശമ്പളമെല്ലാം കൂട്ടിവെച്ച് ഹാർലി സ്വന്തമാക്കുവാനായി പിന്നെ ജിതിന്റെ പരിശ്രമം.
അതിനിടയിൽ ഇടയ്ക്കിടയ്ക്ക് കൊച്ചിയിൽ വന്ന് ദിവസം 4000 രൂപ വാടക കൊടുത്ത് ഹാർലി ബൈക്ക് എടുത്ത് ഓടിച്ച് ആഗ്രഹം തീർക്കുമായിരുന്നു ജിതിൻ. പലതവണ ഇതുപോലെ 4000 രൂപ മുടക്കിയപ്പോൾ ജിതിന് തോന്നി ഇങ്ങനെ വാടക കൊടുക്കുന്ന പണമെല്ലാം കൂട്ടിവെച്ചാൽ എന്തുകൊണ്ട് തൻ്റെ സ്വപ്നമായ ഹാർലി ഡേവിഡ്സൺ സ്വന്തമാക്കിക്കൂടാ?
അങ്ങനെ പരിചയക്കാരോടെല്ലാം ജിതിൻ ഇതിനെക്കുറിച്ച് അന്വേഷിക്കുവാൻ തുടങ്ങി. ഏകദേശം 14 ലക്ഷം രൂപ വരും ബൈക്ക് റോഡിൽ ഇറക്കുവാൻ. സംഭവം വീട്ടിൽ അവതരിപ്പിച്ചപ്പോൾ മാതാപിതാക്കളടക്കം എല്ലാവർക്കും ചെറിയ എതിർപ്പുകൾ ഉണ്ടായിരുന്നു. ഇത്രയും പണം മുടക്കിയാൽ കാർ എടുത്തുകൂടെ എന്ന് എല്ലാവരും ചോദിച്ചു. പക്ഷേ “എത്ര വലിയ കാർ ആയാലും എൻ്റെ ഹാർലിയുടെ അത്രയും വരില്ലല്ലോ” എന്നായിരുന്നു ജിതിന്റെ മറുപടി. ആരും പിന്തുണയ്ക്കാതിരുന്ന ആ സമയത്ത് ഭാര്യ മഞ്ജുവായിരുന്നു ജിതിന് സപ്പോർട്ട് നൽകിയത്.
’14 ലക്ഷം’ – ഇത്രയും തുക ഒന്നിച്ചെടുക്കുവാൻ ബുദ്ധിമുട്ടായതിനാൽ സാധാരണക്കാരുടെ വാഹനസ്വപ്നങ്ങൾക്ക് നിറം പകർന്ന അതേ മാർഗ്ഗത്തിലൂടെ ജിതിനും സഞ്ചരിച്ചു – ലോൺ. അങ്ങനെ എല്ലാം പെട്ടെന്നു ശരിയായി. ഹാർലി ഡേവിഡ്സണിന്റെ മേക്ക് ഇൻ ഇന്ത്യ മോഡൽ ഇറങ്ങുന്നുണ്ടെങ്കിലും ജിതിനു താല്പര്യം അമേരിക്കൻ നിർമ്മിതിയോട് ആയിരുന്നു. അങ്ങനെയാണ് ‘ഹാർലി ഡേവിഡ്സൺ – 48’ എന്ന മോഡൽ ജിതിൻ തിരഞ്ഞെടുക്കുന്നത്.
സംഗതി ഇത്രയുമായപ്പോഴേക്കും വീട്ടുകാരും ജിതിനോടൊപ്പമായി. അങ്ങനെ 2019 ജനുവരി ഒന്നാം തീയതി പുതുവത്സരസമ്മാനമായി ജിതിൻ്റെ കയ്യിൽ തൻ്റെ എക്കാലത്തെയും സ്വപ്നമായിരുന്ന ഹാർലി വന്നെത്തി. വീട്ടുകാരോടൊത്തായിരുന്നു കൊച്ചി കുണ്ടന്നൂരിലെ ഹാർലി ഡേവിഡ്സൺ ഷോറൂമിൽ വണ്ടി ഡെലിവറി എടുക്കുവാനായി ജിതിൻ എത്തിയത്. ഒപ്പം 90 ദിവസം മാത്രം പ്രായമായ മകളും ഉണ്ടായിരുന്നു. ഷോറൂമിലെ ഫോട്ടോഷൂട്ടിനും കേക്ക് മുറിക്കലിനും ശേഷം ഭാര്യയെയും പിന്നിലിരുത്തി ഹൈവേയിലൂടെ ചാലക്കുടിയിലേക്ക് ജിതിന്റെ ഹാർലിയുമായുള്ള ആദ്യയാത്ര. വണ്ടിപ്രാന്തന്മാർ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ജിതിൻ ഇതിനെക്കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഹാര്ലിയുടെ മെയ്ക്ക് ഇൻ ഇന്ത്യ മോഡൽ നിർമ്മിച്ചിരിക്കുന്നത് ഇന്ത്യൻ റോഡുകളിൽ കൂടി ഓടിക്കുവാൻ പാകപ്പെടുത്തിയാണ്. എന്നാൽ ‘ഹാർലി ഡേവിഡ്സൺ – 48’ അമേരിക്കൻ മോഡൽ ആയതിനാൽ നമ്മുടെ റോഡുകളിലൂടെ മുഴുവൻ പെർഫോമൻസും ആസ്വദിക്കുവാൻ കഴിയില്ല എന്നൊരു വിഷമം ജിതിനുണ്ട്. എങ്കിലും സംഭവം ഉഷാറാണ്.
എറണാകുളം കാക്കനാട് DDOZ എന്ന കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനീയർ ആയി ജോലി ചെയ്യുകയാണ് ജിതിൻ. ഫോട്ടോഗ്രാഫിയും വാഹനഭ്രമവും കൂടെക്കൊണ്ടു നടക്കുന്ന ജിതിൻ ഒരു സഞ്ചാരപ്രേമി കൂടിയാണ്. ഭാര്യയുമായി ഹാർലിയിൽ ഒരു ലോംഗ് ട്രിപ്പിനു തയ്യാറെടുക്കുകയാണ് ഇപ്പോൾ ജിതിൻ. തൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച സന്തോഷത്തോടെ ഹാർലിയുടെ “ബ്രൂം…” ശബ്ദവുമായി ഒരു കിടിലൻ ട്രിപ്പ്..