ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു ലോറിയിൽ യാത്ര ചെയ്യുന്നത്, ആദ്യമായിട്ടാണ് ഹിമാചലിൽ, നോർത്ത് ഇന്ത്യയിൽ യാത്ര ചെയ്യുന്നത്. ഒരു പെൺകുട്ടി എന്ന നിലയിൽ ആദ്യമായിട്ടാണ് ഇങ്ങനെ യാത്ര ചെയ്യുന്നതും അനുഭവങ്ങൾ പങ്കു വെയ്ക്കുന്നതും.
പ്രത്യേകിച്ച് ഒരു പ്ലാനും ഇല്ലാണ്ടാണ് യാത്രയ്ക്കിറങ്ങിയത്. നാട്ടിൽ നിന്നും യാത്രയ്ക്ക് വന്നിട്ട് ഇന്നേക്ക് 13 ദിവസമായി. മണാലിയിലെ തണുപ്പിൽ ചുരുണ്ടു കൂടി മടി പിടിച്ചിരിക്കാൻ തുടങ്ങിയിട്ട് തന്നെ 2 ദിവസമായി. ഉച്ച ഭക്ഷണത്തിനു ശേഷം പഴയ മണാലിയിലെ താമസ സ്ഥലത്ത് നിന്നും ചുമ്മാ നടക്കാൻ ഇറങ്ങിയതാണ്. അങ്ങ് താഴെ ബിയാസ് നദി ഒഴുകുന്നു, എന്നാൽ അങ്ങോട്ടേക്ക് പോകാം എന്ന് കരുതി മലയിറങ്ങുവാൻ തുടങ്ങി. ആപ്പിൾ തോട്ടത്തിന്റെ ഇടയിലൂടെ കണ്ട ഒരു നാട്ടുവഴിയിലൂടെ താഴേക്കു വെച്ചടിച്ചു, ആപ്പിളിന്റെ സീസൺ കഴിഞ്ഞതിനാൽ അവിടെയും ഇവിടെയും ഒക്കെ കുറച്ച് ആപ്പിൾ, ബോണസായി കിടപ്പുണ്ട്, അതും കട്ട് പറിച്ച് തിന്നുകൊണ്ടാണ് യാത്ര.
ഇത് ശരിക്കുള്ള വഴിയാണോ എന്ന് പോലും അറിയാതെയാണ് നടപ്പ്, കുത്തനെയുള്ള ഇറക്കമാണ്, 2 വട്ടം കാലു തെറ്റി വീണു. വഴിയിൽ കണ്ട ഒരു ചേട്ടനോട് ഈ വഴി ശരിയല്ലേ എന്ന് ഉറപ്പു വരുത്തി താഴേക്കു നടന്നു. മണാലി- ലേഹ് റൂട്ടിലെ ഒരു പെട്രോൾ പമ്പിന്റെ പുറകിലാണ് ആ വഴി എത്തിച്ചെർന്നത്. കുറച്ച് നേരം ബിയാസ് നദി ഒഴുകുന്നത് നോക്കി നിന്നു. സഹയാത്രികരായ വീണ,റിജോ,റിയാസ് എന്നിവർ ബിയാസ് നദിയുടെ ചരിത്രവും പ്രാധാന്യവും ഒക്കെ പറയുവാൻ തുടങ്ങിയിരുന്നു. ഇവർ ഇങ്ങനെയാണ്, ഏതു സ്ഥലത്ത് പോയാലും അവിടുത്തെ സകല കാര്യങ്ങളും അലക്കി-ചവച്ചരച്ച് പഠിച്ചിരിക്കും, പിന്നെ ചർച്ചകളായിരിക്കും ഞങ്ങളുടെ കോട്ടയം ഭാഷയിൽ പറഞ്ഞാൽ നല്ല കിടിലം ചർച്ചകൾ.അത് കൊണ്ട് തന്നെ ഹിസ്റ്ററിയിലും ജോഗ്രഫിയിലും വല്യ പിടി ഇല്ലാത്ത എനിക്ക് ഇതൊക്കെ വല്യ ഉപകാരമായി എന്ന് പറയാം.
അവിടുന്നാണ് സോളാങ് വാലി 10 കിലോമീറ്റർ എന്നെഴുതിയ ഒരു മയിൽ കുറ്റി കണ്ടത്, എന്നാൽ അങ്ങോട്ടേക്ക് നടക്കാം എന്നായി പ്ലാൻ. 10 കി.മി ഒക്കെ നടക്കാനോ എന്ന് ഓർത്തു ആദ്യം ഒന്ന് കിളി പോയെങ്കിലും തോൽക്കാൻ മനസ്സില്ലായിരുന്നു. നല്ല ഉഗ്രൻ ഊരു തെണ്ടികളാണ് കുടെയുള്ളതെങ്കിലും എനിക്കിതൊക്കെ ആദ്യത്തെ അനുഭവങ്ങളാണ്. അങ്ങനെ നടക്കുവാൻ ആരംഭിച്ചു. രണ്ട്-മൂന്ന് കിലോമീറ്റർ നടന്നപ്പോഴേക്കും ആസ്ഥാന യാത്രികൻ റാവുത്തർ സുല്ലിട്ടു ഇരിക്കാൻ തുടങ്ങി, ആ സമയം ബാക്കിയുള്ളവരും ഇരുന്നു, പിന്നെ വഴിയേ പോകുന്ന വണ്ടിക്കെല്ലാം കൈ കാണിക്കലായി, അങ്ങനെ ഒരു കരാറുകാരൻ ചേട്ടൻ വണ്ടി നിർത്തി ഞങ്ങളെയും കയറ്റി യാത്രയായി.
മലകൾ താണ്ടി മഞ്ഞിന്റെ താഴ്വരയായ സോളാങ് വാലിയുടെ കുറച്ച് താഴെയായി ഞങ്ങളിറങ്ങി, പിന്നീട് ഏകദേശം ഒരു കിലോമിറ്ററോളം ഞങ്ങൾ നടന്നു എന്ന് പറയാം, യാക്കിന്റെ പുറത്ത് കയറി മലകൾ കയറാം, യാത്ര പോകാം എന്നും പറഞ്ഞു ഒരാൾ പുറകെ കൂടിയിരുന്നു, അങ്ങേരെ ഒഴിവാക്കുവാൻ തന്നെ കുറെ സമയമെടുത്തു.സോളാങ് വാലിയിൽ മഞ്ഞു ഉണ്ടാകും എന്നൊക്കെ വീര ഘോരമായ ചർച്ചകൾ വണ്ടിയിൽ ഇരുന്നു നടത്തിയ മഹാന്മാരെയാണ് ഞാൻ ആദ്യം നോക്കിയത്.
മഞ്ഞു പോയിട്ട് മഞ്ഞിന്റെ ഒരു കണിക പോലുമില്ലാതെ ഉണങ്ങിയ പുല്ലു മാത്രം നിൽക്കുന്ന സോളാങ് വാലി. എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും.. അങ്ങനെ പവനായി ശവമായി എന്ന് പറഞ്ഞത് പോലെയായി സോളാങ് വാലി, എന്നാൽ പിന്നെ റോപ്വേ കയറാം എന്ന് കരുതി അങ്ങോട്ട് നടക്കുമ്പോഴാണ് മലയാളി ആയ ഒരു BRO ഓഫീസറെ കാണുന്നതും പരിചയപ്പെടുന്നതും , കൊല്ലം കാരനായ പ്രദീപൻ സാർ, ഇവിടെ രോഹ്താങ് പാസ്സിലാണ് സാറിന്റെ ഡ്യുട്ടി, റോപ്വേയിൽ കയറി കാശു കളയണ്ട എന്ന വിലപ്പെട്ട ഉപദേശം സാറിൽ നിന്നും കിട്ടി, അത് ഞങ്ങൾക്കും ഇഷ്ടമായി, (മഞ്ഞുണ്ടെങ്കിൽ റോപ്വേ യാത്ര രാസകരമായേനെ)
അവിടെ കുറച്ച് നേരം കറങ്ങി നടന്നു തിരിച്ചു നടക്കാം എന്ന് പ്ലാൻ ചെയ്തു മലയിറങ്ങുവാൻ തുടങ്ങി, മെയിൻ റോഡ് ഒഴിവാക്കി വലിയ കാട്ടിലൂടെ ദേവദാരു മരങ്ങളുടെ ഇടയിലൂടെയുള്ള നടത്തം തന്നെ പുതിയ ഒരനുഭവമായി. അങ്ങനെ വീണ്ടും റോഡിൽ എത്തിച്ചെർന്നു. അന്നേരമാണ് വീണ്ടും വണ്ടിക്കു കൈ കാണിക്കുന്ന കലാ പരുപാടികൾ തുടങ്ങിയത്. ആദ്യം കൈ കാണിച്ച പിക് അപ് വണ്ടി തന്നെ നിർത്തി തന്നു, ചാടിക്കയറി യാത്ര ആരംഭിച്ചു, റോഹ്തതാങ് പാസിന് പകരമായി പണിയുന്ന വലിയ ടണലിന്റെ പണിക്കായി പോകുന്ന വണ്ടികളാണിതൊക്കെ.
പിന്നെ അതായി ചർച്ച, കൂടെയുള്ളവരുടെ വൻ തള്ളു കേട്ടിട്ടാണോ എന്നറിയില്ല ആ ചേട്ടൻ കുറച്ച് കഴിഞ്ഞപ്പോൾ വണ്ടി നിർത്തി ഇവിടെ വരെയേ ഉള്ളു എന്ന് പറഞ്ഞു, അവിടെ ഇറങ്ങി വീണ്ടും നടത്താം ആരംഭിച്ചു. അപ്പോഴാണ് മലയ്ക്ക് മുകളിലിയായിട്ട് ഒരു അമ്പലം റിയാസ് കാണിച്ച് തരുന്നത്. ബിയാസ് നദി കുറുകെ കടന്നു അങ്ങോട്ടേക്ക് മല കയറ്റം ആരംഭിച്ചു. അങ്ങനെ അവിടമെല്ലാം നടന്നു കണ്ടു മലയിറങ്ങിയതിന്റെ ശേഷം വീണ്ടും റോഡിലൂടെ നടത്തം ആരംഭിച്ചു. വഴിയിൽ ഒരു വീടിന്റെ മുൻപിൽ നിറയെ ആപ്പിൾ കായ്ച്ചു കിടക്കുന്നതു കണ്ടു, ഒരുളുപ്പും ഇല്ലാണ്ട് നേരെ ആ വീട്ടിലെ അമ്മച്ചിയോട് അറിയാവുന്ന ഹിന്ദിയിൽ റിയാസും റിജോയും കാര്യം അവതരിപ്പിച്ചു. അമ്മച്ചിയുടെ ഗ്രിൻ സിഗ്നൽ കിട്ടിയതും ആപ്പിൾ മരം കാലിയായതും വളരെ പെട്ടെന്നായിരുന്നു.
എന്നിട്ടും മതിയാകാത്ത ഞങ്ങൾക്ക് അവിടെ ഉണ്ടായിരുന്ന കുറച്ചാപ്പിൾ കൂടി അവർ തന്നു, അതും തീർത്തു കൊടുത്തു ഞങ്ങൾ വീണ്ടും നടത്തം ആരംഭിച്ചു. അങ്ങനെ ആപ്പിളും തിന്നു കൊണ്ട് നടു -റോഡിലൂടെ നടന്നു പോകുമ്പോളാണ് ഒരു ലോറിയ്ക്ക് റിയാസ് കൈ കാണിക്കുന്നത്. അങ്ങേരു വണ്ടി നിർത്തിയതും ലോറിയിക്കുള്ളിൽ കയറാൻ പെടാപാട് പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ.
ആദ്യമായിട്ടാണ് ഞാനും വീണയും ഒരു ലോറിയിൽ കയറുന്നത്, ആദ്യമായിട്ടാണ് ഒരു ലോറിയിൽ യാത്ര ചെയ്യുന്നത്. ഞങ്ങടെ ഈ ട്രിപ്പിന്റെ ഏറ്റവും രസകരമായ യാത്ര ഈ ലോറി യാത്ര ആയിരുന്നു. പല വർണ്ണങ്ങളിൽ നിരവധി കൊത്ത് പണികളാൽ അലങ്കരിച്ച് മനോഹരമാക്കിയ അകത്തളം , കടുവയുടെയും ഭഗത് സിംഗിന്റെയും ചിത്രങ്ങൾ , നിരവധി ലൈറ്റുകൾ , കുറച്ച് ദൈവങ്ങളുടെ ചിത്രങ്ങൾ, എന്നിങ്ങനെ പോകുന്നു ലോറിയുടെ അകത്തളം. കൂട്ടിനു ഏതോ ഭാഷയിൽ ഉള്ള നല്ല പാട്ടും,നല്ല ഉച്ചത്തിലാണ് പാട്ടു വെച്ചിരുന്നത്,അത് കൊണ്ട് തന്നെ റിജോയും റിയാസും ലോറി ഡ്രൈവറുമായി സംസാരിക്കുന്നത് ഒന്നും കേൾക്കുവാനായില്ല. രാജു എന്നാണു പേരെന്നും ഹിമാചലിലെ ഏതോ ഒരു സ്ഥലം (പേര് മറന്നു) അവിടെയാണ് വീടെന്നും പിന്നീട് മനസ്സിലായി.
ഞാൻ ആനപ്പുറത്ത് കയറിയിട്ടില്ലെങ്കിലും ഈ ലോറി യാത്രയും ഒരാനപ്പുറത്ത് കയറിയത് പോലെയായിരുന്നു. വിവരിക്കുവാനാകാത്ത ഒരു തരം യാത്ര. നല്ല കമ്പിളികൾ ഒക്കെ ഇട്ടു കിടക്ക പോലെയാണ് സീറ്റു സെറ്റ് ചെയ്തേക്കുന്നത്. അതായത് ഇരിക്കുന്ന ഒരു സീറ്റായിട്ട് ഡ്രൈവരുടെ ഇരിപ്പിടം മാത്രം, ബാക്കി മുഴുവൻ ഒരു വലിയ കട്ടിൽ പോലെ വിശാലമായി സെറ്റ് ചെയ്തേക്കുന്നു. അത് കൊണ്ട് തന്നെ ഇരിക്കുവാൻ കുറച്ച് ബുദ്ധിമുട്ടുണ്ടായി, എന്തായാലും ഞങ്ങളുമായിട്ട് രാജു ഭായി നല്ല കമ്പനി ആയി, അത് കൊണ്ട് മണാലിയിൽ ഇറങ്ങാതെ ഞങ്ങൾ വീണ്ടും ലോറിയിൽ കുറച്ച് ദുരം കൂടി യാത്ര ചെയ്യുകയുണ്ടായി.ഇടയ്ക്കു രാജു ഭായി വണ്ടി നിർത്തി തന്നു , ഒരുമിച്ച് സെൽഫിയും എടുത്തു. ലോറി ജീവിതത്തിന്റെ കഥകൾ റിജോയും റിയാസും കൂടി ചോദിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
ഒരു വണ്ടിക്കു മാത്രം കഷ്ടിച്ച് പോകാൻ കഴിയുന്ന പാലത്തിലൂടെ ഈ ലോറി പോകുന്നത് ഒക്കെ വളരെ അതിശയകരമായ തോന്നി, വലിയ വളവുകൾ തിരിഞ്ഞു ലോറി താഴേക്കു ഇറങ്ങുമ്പോൾ ശരിക്കും പേടിയാകും. ചില സ്ഥലങ്ങളിൽ ഒരു വണ്ടിക്കു മാത്രം പോകുവാൻ തക്ക വീതിയെ റോഡിനുള്ളൂ. താഴെ വലിയ ചെങ്കുത്തായ ചരിവുകളും, പിന്നെ ഹിമാലയത്തിലെ മനോഹരമായ കാഴ്ചകളും , വലതു വശത്ത് ഒഴുകുന്ന ബിയാസ് നദിയും, അങ്ങ് ദുരെ മഞ്ഞിൽ പുതച്ച് നിൽക്കുന്ന മല നിരകളും ഒക്കെ കാഴ്ച്ചകൾക്കു മിഴിവേകി.
അങ്ങനെ മണാലിയിൽ നിന്നും 14 കി.മീറ്ററോളം ഞങ്ങൾ ഈ ലോറിയിൽ യാത്ര ചെയ്തു. ജഗത് സൂക്ക് എന്ന സ്ഥലത്ത് ഞങ്ങൾ ഇറങ്ങി. പണം കൊടുത്തെങ്കിലും അത് മേടിക്കുവാൻ രാജു ഭായി തയ്യാറായില്ല. ഞങ്ങളോട് ദേക്ഷ്യപ്പെടുകയും ചെയ്തു. ഇനി ഒരിക്കലും ഈ മനുഷ്യനെ കണ്ടെന്നു വരില്ല. ഞങ്ങൾക്ക് ടാറ്റയും പറഞ്ഞു കണ്ണിൽ നിന്നും ആ ലോറി മറയുന്നത് വരെ ഞങ്ങൾ അത് നോക്കി നിന്നു, അവശ്യ സാധനങ്ങളുമായി നമ്മുടെ രാജ്യം മുഴുവൻ യാത്ര ചെയ്യുന്ന ഒരു ലോറി ജീവിതം കുറച്ചെങ്കിലും അറിയുവാനായി. യാത്രകളുടെ പുതിയ അനുഭവങ്ങൾ. അല്ലെങ്കിലും യാത്രകൾ സമ്മാനിക്കുന്നത് പുതിയ അനുഭവങ്ങൾ തന്നെയാണല്ലോ, ഒരിക്കലും മറക്കാത്ത ഒരു ലോറി യാത്ര, അതും ദേവ ഭൂമി ഹിമാചലിലിൽ നിന്നും.
അവിടെ നിന്നും ഒരു അമ്മച്ചിയുടെ കടയിൽ കയറി ചായയും പലഹാരങ്ങളും കണ്ണിൽ കണ്ടതൊക്കെയും വലിച്ച് കേറ്റി, ഭക്ഷണം കഴിക്കാൻ ഭാഷ വേണ്ട എന്ന സത്യം അവിടെ നിന്നും മനസ്സിലാക്കി. തണുപ്പാണേൽ സഹിക്കാനും വയ്യ. സമയം 6 മണി കഴിഞ്ഞിരിക്കുന്നു. ഇനി വരുന്നത് മണാലിയിലേക്കുള്ള അവസാനത്തെ ബസ്സാണ്, ആ ബസ്സിന്റെ മുകളിൽ ഒക്കെ ആൾക്കാർ ഇരിക്കുന്നത് കണ്ടപ്പോളേ ഒരു ഞെട്ടലുണ്ടായി, ഇത്രയും അപകടം പിടിച്ച റൂട്ടിൽ ഈ അസഹനീയമായ തണുപ്പിൽ ബസ്സിന്റെ മുകളിൽ എങ്ങാനും യാത്ര ചെയ്യേണ്ട അവസ്ഥ വന്നാൽ എന്ത് ചെയ്യും എന്നാലോചിച്ചപ്പോഴേക്കും ബസ്സ് സ്റ്റോപ്പിൽ വന്നു. കുറെ ആൾക്കാർ അവിടെ ഇറങ്ങിയത് കൊണ്ട് വണ്ടിയിൽ അകത്ത് കയറി യാത്ര ചെയ്യാൻ പറ്റി . ഓർത്തിരിക്കാൻ മനോഹരമായ ഒരു യാത്രയുടെ ഓർമ്മകളുമായി ഞങ്ങള് മടങ്ങി…
വരികളും ചിത്രങ്ങളും – സിബിന റിയാസ് റഷീദ്