കടപ്പാട് – പൊന്മൻ പുഴക്കടവിൽ, Parasuram AC Air BUS FB Page, ചിത്രങ്ങൾ : Basim Sidan, Albin Manjalil, Vinayak Pixz, Clince babu.
ക്രിസ്തു വർഷം 1975ലെ ഒരു ശുഭദിനം, നമ്മുടെ വയനാട് ജില്ലയിലെ ബത്തേരിക്കാരൻ ആയ കേശവൻ ചെട്ടി എന്ന ഒരു പാവം മനുഷ്യൻ അന്ന് തന്റെ ബസ് സർവീസ് ആരംഭിച്ചു. പേര് ഹാപ്പി ട്രാൻസ്പോർട്ട്..!! വയനാടിന്റെ തെക്കു കിഴക്കു ഭാഗമായ മേപ്പാടിയിൽ നിന്ന് മാനന്തവാടിയിലേക്ക് ആയിരുന്നു ബസിന്റെ യാത്ര. KLZ 4608 എന്ന നമ്പറിൽ ഉള്ള ഒരു ടാറ്റ ബസ് ആയിരുന്നു അത്. അന്ന് കേശവൻ ചെട്ടിയും ഹാപ്പി ട്രാൻസ്പോർട്ടും തുടങ്ങിയ ഓട്ടം മാനന്തവാടിക്ക് മാത്രം ആയിരുന്നില്ല. ഇന്ത്യൻ ബസ് വ്യവസായത്തിന്റെ ചരിത്രത്തിലേക്കുള്ള ഓട്ടത്തിനാണ് അന്ന് ഡബിൾബെല്ലടിച്ചുകൊണ്ട് ഹാപ്പി ട്രാൻസ്പോർട്ട് തുടക്കം കുറിച്ചത്. അതേ.. ഇന്ത്യൻ ബസ് ഇൻഡസ്ട്രിയിൽ ഒരു വിസ്മയം ആയി മാറിയ പരശുറാം എസി എയർ ബസിനെ നിരത്തിൽ എത്തിച്ച ജയന്തിജനത ഗ്രൂപ്പിന്റെ തുടക്കം ഹാപ്പി ട്രാൻസ്പോർട്ടിലൂടെ ആയിരുന്നു.
KLZ 4608 കോഴിക്കോട് ബോഡി ചെയ്ത ഒരു ടാറ്റ ബസ് ആയിരുന്നു. കുറച്ചു കാലങ്ങൾക്കു ശേഷം മേപ്പാടി – മാനന്തവാടി റൂട്ടിൽ ഒരു ബസ് കൂടി ഹാപ്പി ട്രാൻസ്പോർട്ട് സ്വന്തമാക്കി. കാളികാദേവി എന്നായിരുന്നു ആ വണ്ടിയുടെ പേര്. അതും ഒരു ടാറ്റ ബസ് ആയിരുന്നു. അതിന് ശേഷം ചാസ്സിസ് വാങ്ങി തമിഴ്നാട് പൊള്ളാച്ചിയിലെ AE കോച്ചിൽ ബോഡി കെട്ടി ഒരു പുത്തൻ വണ്ടി ഇറക്കി. KLZ 5865. 43 സീറ്റ് ടാറ്റാ. ഇളംപച്ചയും നീലയും കളർ. പേര് #നീലമല (Blue Hill). മേപ്പാടി – മാനന്തവാടി റൂട്ടിൽ ഒരു പുതിയ പെർമിറ്റ് എടുക്കാൻ വേണ്ടി ഇറക്കിയതാരുന്നു. ആക്കാലത് പെർമിറ്റ് കിട്ടാൻ കാലതാമസം ഉണ്ടായിരുന്നു. അതുകൊണ്ട് പുത്തൻ വണ്ടി ഒരു കൊല്ലത്തോളം വെറുതെ വീട്ടിൽ നിർത്തിയിടേണ്ടി വന്നു. അതിനു ശേഷം കുറച്ചുകാലം ചീരാൽ -ബത്തേരി – മുത്തങ്ങ റൂട്ടിലും ബത്തേരി – തലശ്ശേരി റൂട്ടിലും നീലമല ഓടി.
അങ്ങനെയിരിക്കെ 1980 ഇൽ കെഎസ്ആർടിസിക്ക് വേണ്ടി വയനാട്ടിൽ റൂട്ട് ദേശസാൽക്കരണം നടപ്പിലാക്കി, അതോടെ ഹാപ്പി ട്രാൻസ്പോർട്ടിന്റെ വണ്ടികളുടെ പെർമിറ്റും പോയി. വയനാട്ടിൽ ബസ് സർവീസ് നടത്തുക സാധ്യം അല്ലാതെ വന്നപ്പോൾ ഹാപ്പി ട്രാൻസ്പോർട്ട് താമരശ്ശേരി ചുരം ഇറങ്ങി കോഴിക്കോട് വന്നു സർവീസ് നടത്തി. മൊകവൂർ – കോഴിക്കോട് , കുറ്റിച്ചിറ – കോഴിക്കോട് റൂട്ടുകളിൽ ആയിരുന്നു അത്. അതിനൊപ്പം പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ നിന്നും കോഴിക്കോടിന് സർവീസ് നടത്തിയ ബസിന്റെ പെർമിറ്റ് വാങ്ങി നീലമല ബസ് ആ പെർമിറ്റിൽ ഇട്ടു കാഞ്ഞിരപ്പുഴ – കോഴിക്കോട് OS ആയി ഓടി. വയനാട്ടിൽ നിന്ന് കോഴിക്കോട് വന്നു ബസുകൾ നോക്കി നടത്തുന്നത് ബുദ്ധിമുട്ട് ആയപ്പോൾ 1984 ലിൽ ഹാപ്പി ട്രാൻസ്പോർട്ട് ബസുകൾ എല്ലാം വിറ്റു സർവീസ് അവസാനിപ്പിച്ചു.
ആനവണ്ടിയുടെ ജനസേവനം കൂടിപ്പോയത് കൊണ്ട് വയനാട്ടിൽ ജനങ്ങൾ സമരം തുടങ്ങി. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വണ്ടി തടയലും പ്രശ്നങ്ങളും കൂടിയതോടെ സർക്കാർ ഇടപെട്ടു. 1987-ൽ ഓവർലാപ്പിങ് അനുവദിച്ചു പ്രൈവറ്റ് ബസുകൾക്ക് പെർമിറ്റ് കൊടുക്കാൻ ഉത്തരവിറങ്ങി. അങ്ങനെ 3 വർഷത്തെ ഇടവേളക്ക് ശേഷം ഹാപ്പി ട്രാൻസ്പോർട്ട് വീണ്ടും പുനരാരംഭിച്ചു. “ഗായത്രി” എന്ന പേരിൽ ഒരു പുതിയ പെർമിറ്റ് ആയിട്ടായിരുന്നു രണ്ടാം വരവ്. നമ്പ്യാർകുന്ന് – സുൽത്താൻബത്തേരി – താളൂർ റൂട്ടിൽ ആയിരുന്നു ഗായത്രി ഓടിയിരുന്നത്.
1989 ൽ വയനാട്ടിൽ ഒരു സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരു ടൂറിസ്റ്റ് ബസ് 225 ആളുകൾ ഷെയർ ഇട്ടു വാങ്ങി. അശോക് ലൈലാൻഡ് ബസ് ആയിരുന്നു. KL 12 360 , പേര് മേഘദൂദ്. കേശവൻ ചെട്ടിക്കായിരുന്നു നടത്തിപ്പ് ചുമതല. 1990 ൽ വടുവഞ്ചാൽ – മേപ്പാടി – കൽപ്പറ്റ റൂട്ടിൽ ഓടിയിരുന്ന കാവേരി ബസും വാങ്ങി. KLW 2750 , അശോക് ലൈലാൻഡ്. കുറച്ചു കാലം കഴിഞ്ഞു കാവേരി കൽപ്പറ്റ – ബത്തേരി റൂട്ടിലേക്ക് മാറ്റി. ഒരു ടാറ്റ 709 ബസും ഈ കാലയളവിൽ കൽപ്പറ്റ – ബത്തേരി റൂട്ടിൽ ഓടിച്ചു. 1993 ഇൽ സൊസൈറ്റിയുടെ കയ്യിൽ നിന്ന് മേഘദൂദ് ടൂറിസ്റ്റ് ബസ് കേശവൻ ചെട്ടി വാങ്ങി സ്റ്റേജ് കരിയർ ആക്കി മാറ്റി.
1994 ഇൽ മേഘദൂദ് വെച്ച് സുൽത്താൻ ബത്തേരി – കൊടുങ്ങല്ലൂർ റൂട്ടിൽ ഒരു ഫാസ്റ്റ് പാസഞ്ചർ പെർമിറ്റ് ഉണ്ടാക്കി.. അതായിരുന്നു പിൻക്കാലത് ചരിത്രമായ പരശുറാം ബസിന്റെ പെർമിറ്റ്. പിന്നങ്ങോട്ട് ജയന്തിജനത ഗ്രൂപ്പിന്റെ വസന്തകാലം ആയിരുന്നു. വയനാട്ടിലെ അച്ചായന്മാർ കോഴിക്കോട് വന്നു കുരുമുളക് വിറ്റു, ജീപ്പും വാങ്ങി തിരിച്ചു ചുരം കയറിയിരുന്ന കാലം. വയനാടൻ കുരുമുളകിന്റെ വില പോലെ വയനാട് ലോക്കൽ റൂട്ടുകളിൽ ജയന്തിജനതയുടെ വണ്ടികൾ കൂടിക്കൂടി വന്നു.
1995 ൽ കബനിഗിരി – കാഞ്ഞിരപ്പള്ളി സർവീസ് തുടങ്ങി വീണ്ടും ഒരു വിപ്ലവം സൃഷ്ടിച്ചു. കബനിഗി – പുൽപള്ളി – ബത്തേരി – താമരശ്ശേരി – കോഴിക്കോട് – ഗുരുവായൂർ – കൊടുങ്ങല്ലൂർ – എറണാകുളം – തലയോലപ്പറമ്പ് – കോട്ടയം – കാഞ്ഞിരപ്പള്ളി ആയിരുന്നു റൂട്ട്. ബസിന്റെ പേര് ജയന്തിജനത.. KL 12 5004 അശോക് ലൈലാൻഡ് ആയിരുന്നു വണ്ടി. അന്ന് മുതൽ ആണ് ‘ജയന്തിജനത’ എന്ന പേര് ഹാപ്പി ട്രാൻസ്പോർട്ട് സ്വീകരിക്കുന്നതും തങ്ങളുടെ ബസുകൾക്ക് ട്രെയിനുകളുടെ പേര് ഇടാൻ തുടങ്ങിയതും.
കുറച്ചു കാലം ഓടിയതിനു ശേഷം കബനിഗിരി – കാഞ്ഞിരപ്പള്ളി പെർമിറ്റ് കോഴിക്കോട് – കാഞ്ഞിരപ്പള്ളി റൂട്ട് കട്ട് ചെയ്തു കബനിഗിരി – കോഴിക്കോട് മാത്രം ആയി മോഡിഫിക്കേഷൻ നടത്തി. അതിനിടയിൽ കബനിഗിരി -കോഴിക്കോട് – തൃശൂർ റൂട്ടിൽ ഓടിയ “രമണ” ബസും ജയന്തിജനത വാങ്ങി. കാലങ്ങൾക്ക് ശേഷം കബനിഗിരി – തൃശ്ശൂരും മോഡിഫിക്കേഷന് വിധേയമായി. മരക്കടവ് – പെരിക്കല്ലൂർ – സുൽത്താൻബത്തേരി – കോഴിക്കോട് ഫാസ്റ്റ് ആയി മാറി. ഇതാണ് ഇപ്പോഴത്തെ കോഴിക്കോട് ജയന്തിജനത.
പരശുറാം : കേരളത്തിലെ ബസ് വ്യവസായത്തിൽ ചലനം സൃഷ്ടിച്ച ബസ് ആയിരുന്നു പരശുറാം. സുൽത്താൻബത്തേരി – എടവനക്കാട് ആയിരുന്നു പരശുറാമിന്റെ പെർമിറ്റ്. 1994 ൽ സ്റ്റേജ് കരിയേജ് ആക്കി മാറ്റിയ ഒരു ടൂറിസ്റ്റ് ബസ് ഉപയോഗിച്ചാണ് പരശുറാമിന്റെ പെർമിറ്റ് ഉണ്ടാക്കിയത് KL 12 360. മേഘദൂദ് എന്നായിരുന്നു ആദ്യം പേര്. സുൽത്താൻബത്തേരി – കൊടുങ്ങല്ലൂർ ആയിരുന്നു പെർമിറ്റ്. അതിനുശേഷം KLW 3060 ടാറ്റ ബസ് വെച്ച് റീപ്ലേസ് ചെയ്തു. പിന്നെ വണ്ടി തൃശൂർ ഉള്ള ഓപ്പറേറ്റർക്ക് വിറ്റു. അവർ അശോക എന്ന പേരിൽ സർവീസ് നടത്തി. 2005 ഇൽ KL 08 AF 606 ബസ് ഇട്ടു റീപ്ലേസ് ചെയ്തു. അതിനുശേഷം ജയന്തി ജനത ഗ്രൂപ്പ് വണ്ടി തിരിച്ചെടുത്തു..
2009 ൽ KL 12 D 6699 ബസ് വെച്ച് റീപ്ലേസ് ചെയ്തു. ബത്തേരി – കൊടുങ്ങല്ലൂർ പെർമിറ്റ് സുൽത്താൻ ബത്തേരി – എടവനക്കാട് ആയി നീട്ടി സൂപ്പർഫാസ്റ്റ് പെർമിറ്റ് ആക്കി മാറ്റി. ആദ്യ AC ബസ് ആയിരുന്നു D 6699, അശോക് ലൈലാൻഡ് BS3 12 മീറ്റർ വൈക്കിംഗ് 177 BHP എയർ സസ്പെൻഷൻ ചാസിസ് ആയിരുന്നു. തൃശൂർ പട്ടിക്കാടുള്ള ഷില്ലിബീർ കോച്ചസ് ആയിരുന്നു ബോഡി ചെയ്തത്. ബസിനുള്ളിൽ പ്ലാറ്റ്ഫോമിൽ നിന്ന് റൂഫിലേക്ക് ഉള്ള പില്ലറുകൾ ഇല്ലാത്ത ബോഡി ആയിരുന്നു. 53 സീറ്റുകൾ ഉണ്ടായിരുന്നു.
2011 ഇൽ പുതിയ ബസ് വന്നപ്പോൾ D 6699 ജയന്തി ജനതയുടെ പെർമിറ്റിൽ ഓടി. 2011 ഇൽ KL 12 F 6699 വന്നു. അശോക് ലൈലാൻഡ് 12 മീറ്റർ 225 BHP CRS ചാസിസ് ആയിരുന്നു. എയർ സസ്പെൻഷൻ , ഇലെക്ട്രോമാഗ്നെറ്റിക് റിട്ടാർഡർ ബ്രേക്കിംഗ് , AC , LED ഡിസ്പ്ലേ, LED ടീവി , അലോയ് വീൽസ്, കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത ടയറുകൾ , GPS ട്രാക്കിങ് സിസ്റ്റം, മുതലായവ ആയിരുന്നു പ്രത്യേകതകൾ, തൃശൂർ ഷില്ലിബീർ കോച്ചിലെ രാജേഷ് നമ്പൂതിരിയുടെ നേതൃത്വത്തിൽ പണിത ഒരു അഡാർ ഐറ്റം തന്നെ ആയിരുന്നു. സ്ഥിരം യാത്രക്കാരും ആരാധകരുമായി പരശുറാം തകർത്തു ഓടിയിരുന്ന കാലം ആയിരുന്നു അത്.
പുലർച്ചെ 04.30 ന് നോർത്ത് പറവൂർ നിന്ന് ആരംഭിച്ചു ഉച്ചക്ക് 12.00 മണിക്ക് സുൽത്താൻബത്തേരി എത്തി 01.20 ന് ബത്തേരിയിൽനിന്നു തിരിച്ചു രാത്രി 09.30 ന് പറവൂർ എത്തിച്ചരുന്ന രീതിയിൽ ആയിരുന്നു സമയക്രമം. ഇതിനിടയിൽ എടവനക്കാട് നിന്ന് പെർമിറ്റ് എറണാകുളത്തേക്ക് നീട്ടി സുൽത്താൻ ബത്തേരി – എറണാകുളം ആക്കി മാറ്റാൻ പ്ലാൻ ചെയ്തിരുന്നു. പക്ഷെ അധികം വൈകാതെ KSRTC ടേക്ക് ഓവർ വന്നതിനാൽ പരശുറാമിന്റെ പെർമിറ്റ് നഷ്ടപ്പെട്ടു. പകരം കെഎസ്ആർടിസി LSFP ഓടിച്ചു. ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് ലഭിച്ചപ്പോൾ പരശുറാം തിരികെ വന്നു എങ്കിലും അധികനാൾ പിടിച്ചുനിൽക്കാൻ ആയില്ല.അങ്ങനെ ഒരു സംഭവബഹുലമായ യാത്രക്ക് ശേഷം ആ പോരാളി ഇപ്പോൾ നമ്പ്യാർകുന്നിന്റെ മണ്ണിൽ വിശ്രമം കൊള്ളുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ ഇനി ഒരു മടങ്ങിവരവിന് സാധ്യത ഇല്ല എന്നതാണ് സത്യം.
നിലവിൽ 12 ബസുകൾ ആണ് ജയന്തി ജനത ഗ്രൂപ്പിന് ഉള്ളത്. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ജയന്തി ജനത ഗ്രൂപ്പിന്.അവരുടെ ബസുകളുടെ പേരുകളെല്ലാം ഇന്ത്യൻ റെയിൽവേയിലെ ട്രെയിനുകളുടെ പേരുകളാണ്. കോഴിക്കോട് റൂട്ടിൽ ഒരു ബസും, കൽപറ്റ – സുൽത്താൻബത്തേരി, നമ്പ്യാർകുന്ന് തുടങ്ങിയ ലോക്കൽ റൂട്ടിൽ 11 ബസുകളുമാണ് ഉള്ളത്. ജയന്തിജനത, പരശുറാം, നേത്രാവതി, ശതാബ്ദി, സുവർണ്ണ ജയന്തി, കാളിന്ദി , ഗീതാഞ്ജലി , അമരാവതി , രാജധാനി , ഗംഗോത്രി , ശബരി, വൃന്ദാവൻ മുതലായവ ആണ് ജയന്തിജനത ഗ്രൂപ്പിന്റെ ബസുകളുടെ പേരുകൾ.
രാജശേഖരൻ, ജയൻ എന്നീ വ്യക്തികളാണ് ഇന്ന് ജയന്തിജനത ഗ്രൂപ്പിന്റെ സാരഥികൾ. ബസ് സർവീസിൽ എന്നും പുതുമകൾ കൊണ്ടുവരുന്നത് ജയന്തിജനത ഗ്രൂപ്പിന്റെ സാരഥികളുടെ സവിശേഷത ആണ്. കേരളത്തിലെ ആദ്യത്തെ പവർ സ്റ്റിയറിംഗ് ഉള്ള ടാറ്റ കുമ്മിൻസ് ബസ് ഇറക്കിയത് ജയന്തിജനത ഗ്രൂപ്പ് ആണ് (KL-12-9099). വയനാട്ടിലെ ആദ്യത്തെ അശോക് ലൈലാൻഡ് ഹിനോ എൻജിൻ ബസും ഇറക്കിയത് ജയന്തിജനത ആണ്.
കേരളത്തിൽ ആദ്യമായി ബസുകൾക്ക് ട്യൂബ് ലെസ്സ് ലെസ്സ് ടയർ, ആദ്യത്തെ എയർ കണ്ടിഷൻ ബസ്, ഇലെക്ട്രോമാഗ്നെറ്റിക് റിട്ടാർഡർ ബ്രേക് സിസ്റ്റം, LED ഡിസ്പ്ലേ ബോർഡ്, LED ടീവി, ബസിന്റെ നിലവിലെ സ്ഥാനവും അടുത്ത സ്റ്റോപ്പും യാത്രക്കാരെ അറിയിക്കുന്ന GPS സിസ്റ്റം മുതലായവ സ്റ്റേജ് കരിയേജ് ബസുകളിൽ അവതരിപ്പിച്ചത് ജയന്തിജനത ഗ്രൂപ്പ് ആണ്. അടുത്തകാലത്തായി വലിയ ബസുകൾക്ക് പകരം അശോക് ലൈലാൻഡിന്റെ സ്റ്റാഗ് എന്ന ചെറുബസ് ഇറക്കിയും ജയന്തിജനത വീണ്ടും വിപ്ലവം സൃഷ്ടിച്ചു. ജയന്തിയുടെ സ്റ്റാഗ് വന്നതിൽപ്പിന്നെ വയനാട്ടിലെ ഏതാണ്ട് എല്ലാബസും സ്റ്റാഗ് ആയി മാറി എന്നത് ശ്രദ്ധേയം ആണ്. നിലവിൽ അശോക് ലെയ്ലാന്റിന്റെ വയനാട്ടിലെ അംഗീകൃത സർവീസ് സെന്റർ നടത്തുന്നത് ജയന്തിജനത ഗ്രൂപ്പ് ആണ്.
കെഎസ്ആർടിസിയുടെ (KURTC) വോൾവോ ലോഫ്ളോർ ബസ്സുകൾക്കു പുറമെ കേരളത്തിൽ ആദ്യമായി ലോഫ്ളോർ സർവ്വീസ് ആരംഭിച്ച പ്രൈവറ്റ് ഓപ്പറേറ്റർ എന്ന പെരുമയും ജയന്തി ജനത ഇന്ന് സ്വന്തമാക്കിയിരിക്കുകയാണ്. അശോക് ലെയ്ലാൻഡിൻ്റെ ചെറിയ മോഡൽ ബസ്സായ Lynx ആണ് ലോഫ്ളോർ ആയി ബോഡി ചെയ്തിരിക്കുന്നത്. ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി യാത്രക്കാരെ പൊതുഗതാഗതത്തിൽ പിടിച്ചു നിർത്താൻ പാലക്കാട് SAT കോച്ചിൽ നിന്നുമാണ് ബോഡി കോഡ് പ്രകാരം ലോഫ്ളോർ ബസ് പണിതിറക്കിയിരിക്കുന്നത്. മാനാഞ്ചിറ – വെള്ളിമാടുകുന്ന് – മൂഴിക്കൽ റൂട്ടിലാണ് ഈ ലോഫ്ളോർ ജയന്തി ജനത ഓടുന്നത്.
എന്തായാലും കേരളത്തിലെ പ്രൈവറ്റ് ബസ് സർവീസുകളിൽ വ്യത്യസ്തത കൊണ്ട് വരാൻ ജയന്തി ജനതയുടെ പരീക്ഷണങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. തുടർന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ. നല്ല ഒരു നഗരഗതാഗതത്തിന് തുടക്കം കുറിക്കുന്നതാവട്ടെ ജയന്തി ജനതയുടെ പുതിയ സംരംഭവും എന്ന് ആശംസിക്കുന്നു.