മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ് എന്ന മുന്നറിയിപ്പോടെ തുടങ്ങാം. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ബാറുകള്‍ അത്യാധുനിക സൗകര്യങ്ങളൊരുക്കി ഉപഭോക്താക്കളെ സ്വീകരിക്കുമ്പോള്‍ ഒട്ടും വിട്ടു കൊടുക്കാന്‍ തയ്യാറല്ല തൃശൂര്‍ വേലൂരിലെ ചന്ദ്രന് എന്ന കള്ളുഷാപ്പ് ഉടമ. നാടന്‍ കള്ളിന്റെ രുചിയറിയാനെത്തുന്നവര്‍ക്കായി സ്റ്റാര്‍ ഹോട്ടലുകളിലേതിന് സമാനമായ സൗകര്യങ്ങളാണ് വേലുരിലെ ഈ ഷാപ്പില് ഒരുക്കിയിട്ടുള്ളത്. ഹട്ടുകളായി തിരിച്ച് എ.സിയും ഫ്രീ വൈഫെയും അടക്കം ഇവിടെയുണ്ട്.
നാടനെന്ന പേരില്‍ മായം ചേര്‍ത്ത കള്ള് വില്‍ക്കുന്ന ഷാപ്പുകളുണ്ടെങ്കിലും ഇവിടെ കാര്യങ്ങള്‍ അങ്ങനെയല്ല. പ്രാദേശികമായി ചെത്തിയെത്തിക്കുന്ന കള്ള് മാത്രമെ ചന്ദ്രന്റെ ഷാപ്പിലെത്തുന്നവരുടെ മുമ്പിലെത്തു. കള്ള് മാത്രമല്ല മുപ്പത്തിയഞ്ചിലധികം തനിനാടന്‍ കറികളും ഇവിടെ കിട്ടും. മുളകരച്ച് കുടമ്പുളിയിട്ടു വെച്ച ചൂരക്കറിയാണ് ഇവിടുത്തെ സ്പെഷ്യല്‍ ഐറ്റം.

മീന്‍ തലക്കറി തിളച്ചു വറ്റിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കറിച്ചട്ടി കാലിയാകും. ഞണ്ടും കൊഞ്ചും പൊടിമീന്‍ പീരയും തയ്യാറാക്കാന്‍ പാരമ്പര്യം കൈമുതലാക്കിയ പാചകക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇറച്ചിയുടെ കാര്യമാണെങ്കില്‍ കോട്ടയം സ്റ്റൈല്‍ പോത്തുലര്‍ത്തും, അങ്കമാലി പോര്‍ക്കും, നാടന്‍ കോഴിക്കറിയും മാത്രമല്ല, മുയലിറച്ചുയും സ്പെഷ്യല്‍ മട്ടന്‍ കറിയും ചൂടോടെ മുമ്പിലെത്തും.
കള്ള് മോന്തിയാല്‍ അല്പം ഉറക്കെ സംസാരിച്ചതിന്റെ പേരില്‍ കഴുത്തില്‍ പിടിച്ചു തള്ളുന്നവരല്ല ഹൈടെക് ഷാപ്പിലെ ജീവനക്കാര്‍. സ്വന്തം വീട്ടിലെന്ന പോലെ സ്വാതന്ത്ര്യത്തോടെ അടുക്കളയിലും ചെന്നു കയറാം ഇവിടെ. ഷാപ്പിലെത്തുന്നവര്‍ മുടങ്ങാതെ അനുഷ്ഠിച്ചു വരുന്ന ഒരാചാരമുണ്ട്. കള്ളും കറികളും കഴിച്ച് മടങ്ങും മുമ്പ് ചന്ദ്രേട്ടനെ വിളിച്ചു പുറത്തിറക്കി ഓപ്പമൊരു സെല്‍ഫി.

പ്രതിമാസം 5000 രൂപ വരെ വൈഫൈ കണക്ഷനായി അടയ്ക്കണം. മണിക്കൂറുകളോളം ഷാപ്പിനുള്ളിൽ ചെലവഴിക്കുന്നവരുടെ ‘ഇവിടെ ഇന്റർനൈറ്റ് കിട്ടുന്നില്ലല്ലോ’ എന്ന സ്ഥിരം പരാതി പരിഹരിക്കാനാണു വൈഫൈ സംവിധാനം ഏർപ്പെടുത്തിയതെന്നും ഉടമ പറഞ്ഞു. നാട്ടിൽ അയൽ സംസ്ഥാന തൊഴിലാളികൾ പെരുകിയതോടെ ഇവർക്കു ഷാപ്പ് തിരിച്ചറിയാൻ ഷാപ്പിന്റെ മുൻവശത്തെ ബോർഡിൽ ഹിന്ദിയിലും ഇംഗ്ലിഷിലും കള്ളെന്നെഴുതി വച്ചുള്ള ‘വിപണനതന്ത്രവും’ ഉപയോഗിച്ചിട്ടുണ്ട്.
ബെഞ്ചുകൾക്കും ഡസ്കുകൾക്കും പകരം ഫൈബർ കസേരകളും ഹോട്ടലുകളിലെപ്പോലെ കിടിലൻ ഗ്ളാസ് മേശകളും നിരത്തിയ എസി റൂമിൽ എൽ.ഇ.ഡി. ടിവിയുമുണ്ട്. വൈഫൈ തീർത്തും സൗജന്യമാണെങ്കിലും എസി റൂമിലെ സേവനത്തിനു പ്രത്യേകം ചാർജ്ജ് നൽകണം. വരവ് കള്ളിനെക്കാൾ കൂടുതലായും നാടൻ ചെത്തുകള്ള് ലഭിക്കുന്നതും ഇവിടത്തെ ഒരു പ്ലസ് പോയിന്റാണ്.
ഒരു ബാറിലും കിട്ടാത്ത പരിഗണനയും ഏറ്റുവാങ്ങി മടങ്ങുമ്പോള്‍ വീണ്ടും വരുമെന്ന ദൃഢനിശ്ചയത്തോടെയാണ് ഓരോ ഉപഭോക്താവും മടങ്ങാറുള്ളത്. ഷാപ്പുടമ ചന്ദ്രേട്ടന് എല്ലാ മലയാളികളോടുമായി ഒന്നേ പറയാനുള്ളു. ‘തൃശൂരെത്തുമ്പൊ ഇങ്കട് പോന്നോട്ടാ ഗഡ്യേ…’
Source – http://www.kairalinewsonline.com/2017/09/03/129905.html
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog