വിമാനങ്ങൾ പണ്ടുമുതലേ നമ്മളിൽ ഭൂരിഭാഗം ആളുകളുടെയും ഇഷ്ടവാഹനമാണ്. മിക്കവരും ചെറുപ്പത്തിൽ ആകാശത്തുകൂടി വിമാനം പറക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടും ഉണ്ടാകാം. എങ്ങനെയെങ്കിലും വിമാനത്തിൽ ഒന്നു യാത്ര ചെയ്യുക എന്നത് ഒരു സ്വപ്നമായി കൊണ്ടു നടന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ന് വിമാനയാത്രകൾ സർവ്വസാധാരണമായിരിക്കുകയാണ്.
പണ്ടുകാലത്ത് വിമാനത്തെ ആശ്ചര്യത്തോടെ കണ്ടിരുന്ന ഇന്നത്തെ തലമുറ അവയുടെ വിശദമായ വിവരങ്ങൾ (മോഡൽ, റൂട്ട്, എയർലൈനുകൾ) തപ്പി കണ്ടെത്തി അറിയുന്നു. അപ്പോൾ ഇനി കാര്യത്തിലേക്ക് കടക്കാം. നമ്മളിൽ പലരുടെയും വീടിനു മുകളിലൂടെ വിമാനം പറന്നുപോകുന്ന ശബ്ദം കേൾക്കാം. ചിലപ്പോൾ മേഘങ്ങൾ കാരണം വിമാനത്തെ കാണുവാൻ പോലും സാധിക്കില്ല. ഇങ്ങനെ പറന്നുപോകുന്ന വിമാനത്തിന്റെ വിവരങ്ങളും പോകുന്ന ദിശയുമെല്ലാം താഴെ നിന്നുകൊണ്ട് നമ്മുടെ ഫോണിൽ കാണുവാൻ കഴിഞ്ഞാലോ?
ശാസ്ത്രം വളർന്നപ്പോൾ ടെക്നോളജിയും ഒപ്പംതന്നെ വളർന്നു. മുകളിലൂടെ പറക്കുന്ന വിമാനങ്ങളുടെ വിവരങ്ങൾ താഴെ നിന്നുകൊണ്ട് അറിയുവാൻ ഒരു കിടിലൻ മൊബൈൽ ആപ്പ് വഴി സാധിക്കും. ‘Flightradar 24’ എന്നാണു ആ ആപ്പിന്റെ പേര്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഫ്രീയായി ഈ ആപ്പ് നമുക്ക് ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.
ഇനി ഈ ആപ്പ് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയെന്നു നോക്കാം. നേരത്തെ പറഞ്ഞതുപോലെ വിമാനങ്ങളുടെ എല്ലാ വിവരങ്ങളും ലഭിക്കും എന്നത് തന്നെയാണ് ഈ ആപ്പ് കൊണ്ടുള്ള പ്രധാന പ്രയോജനം. വിമാനങ്ങളുടെ എന്നു പറയുമ്പോൾ നമ്മുടെ തലയ്ക്ക് മുകളിലൂടെ പോകുന്നവയുടെ മാത്രമല്ല, ലോകത്തെവിടെയുമുള്ള വിമാനങ്ങളുടെ തത്സമയ സ്റ്റാറ്റസ് (Live) അറിയുവാൻ ഈ ആപ്പ് മൂലം സാധിക്കുന്നു. ഉദാഹരണത്തിന് കൊച്ചിയിൽ നിന്നുകൊണ്ട് നമുക്ക് ന്യൂയോർക്ക്, ദുബായ്, സിംഗപ്പൂർ തുടങ്ങി ലോകത്തെവിടെയുമുള്ള വിമാനങ്ങളുടെ വിവരങ്ങൾ കാണുവാൻ കഴിയും.
എങ്ങനെയുള്ള വിവരങ്ങളാണ് ഈ ആപ്പ് മുഖേന നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത്? പറക്കുന്ന വിമാനങ്ങളുടെ പേരും മോഡലും, ഒപ്പംതന്നെ അത് എവിടെ നിന്നും വരുന്നു, എങ്ങോട്ടു പോകുന്നു തുടങ്ങിയ വിവരങ്ങളും നമുക്ക് ഇതിലൂടെ മനസ്സിലാക്കാം. എത്രയടി ഉയരത്തിലാണ് വിമാനം പറക്കുന്നത്, എപ്പോൾ ലാൻഡ് ചെയ്യും തുടങ്ങിയവയും ഈ ആപ്പിലൂടെ നമുക്ക് അറിയുവാൻ സാധിക്കും. അതോടൊപ്പം തന്നെ എയർപോർട്ടുകളിൽ നിന്നും എപ്പോഴൊക്കെയാണ് വിമാനം പൊങ്ങുന്നതും ലാൻഡ് ചെയ്യുന്നതുമെന്നുമൊക്കെയുള്ള വിവരങ്ങളും ഇതിലൂടെ നമുക്ക് അറിയാം.
വിമാനങ്ങളോട് കമ്പമുള്ളവർക്കും സ്ഥിരമായി വിമാനയാത്രകൾ ചെയ്യുന്നവർക്കും വളരെ ഉപകാരപ്രദമാണ് ഈ ആപ്പ്. അതുപോലെ തന്നെ സാധാരണക്കാർക്ക് ഇത്തരം കാര്യങ്ങൾ അറിയണം എന്നാഗ്രഹമുണ്ടെങ്കിൽ ഫോണിൽ സൗജന്യമായി ഈ ആപ്പ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കുവാൻ സാധിക്കും. പിന്നെ മറ്റൊരു കാര്യം കൂടിയുണ്ട്. വിദേശത്തു നിന്നും നിങ്ങളുടെ ബന്ധുക്കളോ മറ്റോ നാട്ടിലേക്ക് വരുന്നുണ്ടെങ്കിൽ അവരുടെ വിമാനത്തിന്റെ സമയവിവരങ്ങളും പറക്കുന്ന ദിശയുമെല്ലാം തത്സമയം ഇതിലൂടെ കാണുവാൻ സാധിക്കും.
ചുരുക്കിപ്പറഞ്ഞാൽ ഒരു നേരമ്പോക്കിനായും ഇതുപോലുള്ള വിവരങ്ങൾ അറിയുന്നതിനായും ഈ ആപ്പ് ഉപയോഗിക്കാം എന്നർത്ഥം. എന്തായാലും സംഭവം കിടിലനാണ് കെട്ടോ.
കവർ ചിത്രം – Sriram hariharan.